UPDATES

വിപണി/സാമ്പത്തികം

“അച്ഛേ ദിന്‍ കോടിപതി”: മോദി സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയത്‌ 3,16,500,000,0000 രൂപ

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയ്ക്കുള്ള ബജറ്റ് ചിലവിന്റെ (1.38 ലക്ഷം കോടി രൂപ) ഇരട്ടി തുകയിലധികമാണ് കിട്ടാക്കടമായി എഴുതി തള്ളിയ തുകയെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ (2014 ഏപ്രില്‍ മുതല്‍ 2018 ഏപ്രില്‍ വരെ) രാജ്യത്തെ 21 പൊതുമേഖല ബാങ്കുകള്‍ എഴുതിതള്ളിയത് 3,16,500 കോടിയുടെ വായ്പകള്‍. തിരിച്ചുപിടിച്ച വായ്പാതുക 44,900 കോടി മാത്രം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയ്ക്കുള്ള ബജറ്റ് ചിലവിന്റെ (1.38 ലക്ഷം കോടി രൂപ) ഇരട്ടി തുകയിലധികമാണ് കിട്ടാക്കടമായി എഴുതി തള്ളിയ തുകയെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ ആര്‍ബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ബാങ്കുകളുടെ റിക്കവറി റേറ്റ് 14.2 ശതമാനമാണ്. അതേസമയം സ്വകാര്യ ബാങ്കുകളെക്കാള്‍ ഇക്കാര്യത്തില്‍ മെച്ചമാണ് പൊതുമേഖല ബാങ്കുകള്‍. സ്വകാര്യ ബാങ്കുകളുടെ റിക്കവറി റേറ്റ് അഞ്ച് ശതമാനമാണ്.

മൊത്തം ബാങ്ക് ആസ്തികളുടെ 70 ശതമാനവും പൊതുമേഖല ബാങ്കുകളിലാണുള്ളത്. മൊത്തം നിഷ്‌ക്രിയ ആസ്തികളില്‍ 86 ശതമാനവും പൊതുമേഖല ബാങ്കുകളുടെ സംഭാവന. ഈക്വിറ്റി കാപ്പിറ്റല്‍ ഇന്‍ഫ്യൂഷന്‍ അടക്കമുള്ളവയിലൂടെ ബാങ്കുകളെ രക്ഷിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം 2011 മുതല്‍ നിഷ്‌ക്രിയ ആസ്തി വലിയ തോതില്‍ കുമിഞ്ഞുകൂടുന്നതിന് ഇടയാക്കിയിരുന്നു. 2015-16 കാലത്ത് നിഷ്‌ക്രിയ ആസ്തികളില്‍ വലിയ വര്‍ദ്ധനയുണ്ടായി. 2014ല്‍ ആര്‍ബിഐ നടത്തിയ അസറ്റ് ക്വാളിറ്റി റിവ്യു പല വായ്പകളേയും നിഷ്‌ക്രിയ ആസ്തികളാക്കി മാറ്റിയിരുന്നു. അതുവരേയും ചിരിച്ചുപിടിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് അസറ്റ്‌സ് ആയി ബാങ്കുകള്‍ കണക്കാക്കിയിരുന്നവയാണ് ഇവ. 2004 മുതല്‍ 2014 വരെ പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.9 ലക്ഷം കോടി രൂപയ്ക്കടുത്തുള്ള വായ്പകളാണ്. ഇതിന്റെ പകുതിയിലധികം വായ്പകള്‍ 2013നും 2015നുമിടയ്ക്ക് എഴുതിത്തള്ളി.

2017ല്‍ ആര്‍ബിഐ ആഭ്യന്തര ഉപദേശക സമിതിയെ നിയോഗിച്ചു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്സി കോഡിന് കീഴില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്നതിനായാണ് ഇത്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായുള്ള സംവിധാനമായിരുന്നു ഇത്. മൊത്തം നിഷ്‌ക്രിയ ആസ്തികളില്‍ 12 അക്കൗണ്ടുകള്‍ ഏതാണ്ട് 1.75 ലക്ഷം കോടി രൂപയുടേതാണ്. ഇത് 2017 ജൂണില്‍ എന്‍സിഎല്‍ടിയുടെ പരിഗണനയ്ക്ക് (നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍) വിട്ടു. രണ്ടാം റൗണ്ടില്‍ 28-29 അക്കൗണ്ടുകളിലേയ്ക്ക് ഇത് നീട്ടി – 90000 കോടി രൂപ.

ബാലന്‍സ് ഷീറ്റുകള്‍ ക്ലിയറാക്കാനുള്ള ബിസിനസ് തീരുമാനമാണ് ഈ വായ്പ എഴുതിത്തള്ളലുകളെന്ന് ബാങ്കിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി ഘടകങ്ങള്‍ ബാങ്കുകള്‍ പരിഗണിക്കുന്നു – എന്‍പിഎകള്‍ സ്റ്റാന്‍ഡേര്‍ഡ് അസറ്റുകളാക്കി മാറ്റാനുള്ള സാധ്യതകള്‍, ഇത്തരം അസറ്റുകളില്‍ നിന്നുള്ള റിക്കവറി സാധ്യതകള്‍, വിപണി സാഹചര്യങ്ങള്‍, സെക്യൂരിറ്റിയുടെ ലഭ്യത, അതിന്റെ മൂല്യനിര്‍ണയം ഇതെല്ലാം കണക്കിലെടുക്കുന്നു. സാങ്കേതികമായി ലോണുകള്‍ എഴുതിത്തള്ളി എന്നതുകൊണ്ട് റിക്കവറി നടപടികള്‍ അവസാനിക്കുന്നില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍