UPDATES

വിദേശം

മേഖലയിലെ ‘ഗൗരവമേറിയ മാറ്റങ്ങൾ’ നേരിടാൻ ഒന്നിക്കണമെന്ന് ചൈനയും ഉത്തരകൊറിയയും

മേഖലയുടെ സ്ഥിരതയ്ക്കായി ശക്തമായി നിലകൊള്ളണമെന്ന വികാരം ഇരു നേതാക്കളും പങ്കു വെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി-20 ഉച്ചകോടിയുടെ മുന്നോടിയായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷി ജിന്‍ പിങ് ഉത്തരകൊറിയയിലെത്തിയത്. 14 വർഷത്തിന് ശേഷമാണ് ഒരു ചൈനീസ് രാഷ്ട്രത്തലവൻ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. ഇരുവരും തമ്മില്‍ ഒന്നാംഘട്ട ചര്‍ച്ച നടന്നു കഴിഞ്ഞതായി ചൈനീസ് വാർത്താ ഏജൻസിയായ ക്സിന്‍ഹുവ അറിയിച്ചു.

മേഖലയുടെ സ്ഥിരതയ്ക്കായി ശക്തമായി നിലകൊള്ളണമെന്ന വികാരം ഇരു നേതാക്കളും പങ്കു വെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചൈനയുടയും കൊറിയയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സഖ്യം ചേർന്നുള്ള നീക്കങ്ങൾ അത്യാവശ്യമാണെന്നും ഇരുനേതാക്കൾ വിലയിരുത്തി. വിവിധ മേഖലകളില്‍ നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുവരും തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഗൗരവമേറിയ മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ രണ്ട് രാജ്യങ്ങളുടെയും പ്രത്യേക താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹകരണം കൂടിയേ തീരൂ എന്നു വിലയിരുത്തപ്പെട്ടു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ പതിനായിരങ്ങളാണ് ഷി ജിൻപിങ്ങിനെ സ്വീകരിക്കാനെത്തിയത്.

അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഉച്ചകോടി വിജയിക്കാതെപോയതും അമേരിക്കയും ചൈനയും വ്യാപാരവിഷയത്തില്‍ പിണങ്ങിനില്‍ക്കുന്നതുമാണ് ചൈന-നോര്‍ത്ത് കൊറിയ ചര്‍ച്ചകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപിൽ നിന്നും ഇരുരാജ്യങ്ങളും സമാനമായ ഭീഷണിയാണ് നേരിടുന്നത്. സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ചൈനയുമായുള്ള ഉത്തരകൊറിയയുടെ ശക്തമായ ബന്ധം ഉയർത്തിക്കാട്ടാന്‍ കൊറിയന്‍-ചൈനീസ് മാധ്യമങ്ങളുള്‍പ്പടെയുള്ള ദേശീയമാധ്യമങ്ങൾ അവസരം വിനിയോഗിക്കുന്നുണ്ട്.

ഉത്തരകൊറിയയുടെ ആണവപദ്ധതികളും പ്രധാന ചര്‍ച്ചാ വിഷയമുകുന്നുണ്ട് എന്നാണ് സൂചന. പതിനഞ്ചുമാസത്തിനിടെ ഇവരുടെ അഞ്ചാമത്തെ ചർച്ചയാണിത്. ഉത്തരകൊറിയയിൽ ആദ്യത്തേതും. നേരത്തെ, ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽനടന്ന ചർച്ച ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളിൽ ഉടക്കി തീരുമാനമാവാതെ പിരിഞ്ഞിരുന്നു.

ഷിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യമാണ് ഉത്തരകൊറിയ നൽകുന്നത്. ചൈന-ഉത്തര കൊറിയ ബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനമെന്നതും പ്രത്യേകതയാണ്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട് കിമ്മുമായി ഒരു കരാർ ഒപ്പിടുന്നതില്‍ ട്രംപ് അനിശ്ചിതത്വം നേരിടുംപോഴാണ് പ്രദേശത്ത് ബീജിംഗ് പിടിമുറുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാന വാണിജ്യപങ്കാളിയെന്ന നിലയിൽ ഉത്തരകൊറിയ ചൈനയെയാണ് എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ യു.എസുമായി കൊമ്പുകോർക്കുമ്പോഴും ചൈനയെ പിണക്കാതിരിക്കാൻ കിം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അതേസമയം, മേഖലയിലെ ശാന്തിക്ക് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടത് ചൈനയുടേയും ആവശ്യമാണ്. അതുകൊണ്ട് ആണവ വിഷയത്തില്‍ അമേരിക്കക്കും ഉത്തരകൊറിയക്കുമിടയില്‍ നിന്ന് ഒരു പ്രശ്ന പരിഹാരത്തിനുള്ള ശ്രമവും ഷി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018-ല്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍