UPDATES

യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി; അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിയില്‍ അസാധാരണ വാദം കേള്‍ക്കല്‍

കോണ്‍ഗ്രസ്സിന് തിരിച്ചടി; യെദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്തുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു; വാദം വെള്ളിയാഴ്ച തുടരും

കര്‍ണ്ണാടകയില്‍ ബി എസ് യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ വജുഭായ് വാലയുടെ തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സുപ്രീം കോടതിയില്‍ പുലര്‍ച്ചെ നടന്ന അസാധാരണ വാദം കേള്‍ക്കലിലാണ് കോണ്‍ഗ്രസിന്റെ നീക്കത്തിന് തിരിച്ചടി ഏറ്റിരിക്കുന്നത്. ഗവര്‍ണറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യെദിയൂരപ്പയ്ക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാം എന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചില്‍ എസ് എ ബോബ്ഡെ, അശോക് ഭൂഷന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഏകദേശം മൂന്നര മണിക്കൂറോളം വാദം കേള്‍ക്കല്‍ നീണ്ടുനിന്നു.

വാദം വെള്ളിയാഴ്ച രാവിലെ 10.30നു വാദം തുടരുമെന്ന് കോടതി പറഞ്ഞു. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്തുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

നേരത്തെ ഗവര്‍ണറുടെ തീരുമാനത്തെ ഭരണഘടനയോടുള്ള ഏറ്റുമുട്ടല്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ്സ് കുതിരകച്ചവടം നടത്താതെ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വാദിച്ചു.

“ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെ നിഷേധിക്കാന്‍ സാധിക്കില്ല. മറുപക്ഷത്തിന് 104 എം എല്‍ എ മാരും തന്റെ കക്ഷിയുടെ പക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയും ഉണ്ട്. സംഖ്യകളെ കുറിച്ചുള്ള അടിസ്ഥാന സാമാന്യ ബോധം മാത്രം മതി ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍.” കോണ്‍ഗ്രസ്സിന് വേണ്ടി അഭിഷേക് സിംഖ്വി വാദിച്ചു. സർക്കാരിയ കമ്മിഷൻ ശുപാർശ പ്രകാരം, സർക്കാരുണ്ടാക്കാൻ മൂന്നാമത്തെ പരിഗണന നൽകേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴി‍ഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും സിംഖ്വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാർട്ടി, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യങ്ങളിൽ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകള്‍.

ബിജെപി ക്കു ഭൂരിപക്ഷമില്ല എന്നു നിങ്ങള്‍ക്ക് എങ്ങനെ അറിയാം എന്നാണ് ബിജെപിക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ചോദിച്ചത്. പാതിരാത്രിയിൽ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ എന്നും റോഹ്തഗി ചോദിച്ചു.

വിഷയത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ചു പുലര്‍ച്ചെ ഒരു മണിക്ക് സുപ്രീം കോടതി തുറക്കാന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉഥ്ത്രാവിടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി അര്‍ദ്ധരാത്രിയില്‍ വാദം കേള്‍ക്കുന്നത്. മുംബൈ സ്ഫോടന കേസില്‍ യാകൂബ് മേമന്റെ വധ ശിക്ഷ സംബന്ധിച്ച കേസില്‍ അവസാന മിനുറ്റ് ഹര്‍ജി പരിഗണിക്കാന്‍ 2015 ജൂലൈയിലാണ് ഇത് പോലെ വാദം കേട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍