UPDATES

55 മണിക്കൂര്‍ മുഖ്യമന്ത്രി; വിശ്വാസ വോട്ട് തേടാതെ യെദിയൂരപ്പ രാജി വച്ച് തടിയൂരി

രാജിക്കത്ത് കൈമാറാന്‍ യെദിയൂരപ്പ രാജ് ഭവനിലേയ്ക്ക് നീങ്ങി.

വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ രാജി വച്ചു. രാജ് ഭവനില്‍ ഗവര്‍ണര്‍ വാജുബായ് വാലയെ കണ്ട് യെദിയൂരപ്പ രാജിക്കത്ത് കൈമാറി. യെദിയൂരപ്പയുടെ രാജിയോടെ 15ന് ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ തുടങ്ങിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തല്‍ക്കാലം അന്ത്യം കുറിച്ചിരിക്കുകയാണ്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവാണ് നിര്‍ണായകമായത്.

13 പേജുള്ള പ്രസംഗത്തിന് ശേഷമാണ് യെദിയൂരപ്പ നിയമസഭയില്‍ രാജി പ്രഖ്യാപിച്ചത്. സഭയില്‍ നാടകീയ വികാര പ്രകടനവും കണ്ണീരുമായാണ് യെദിയൂരപ്പ സംസാരിച്ചത്. ആറരക്കോടി ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസിനും ജനത ദളിനും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും യെദിയൂരപ്പ അഭിപ്രായപ്പെട്ടു. സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കൊണ്ടാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റിലും ബിജെപി ജയിക്കും. കര്‍ഷകര്‍ക്ക് വേണ്ടി പോരാടുമെന്ന് യെദിയൂരപ്പ പറഞ്ഞു.

104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഫലം പുറത്തുവന്ന ഉടന്‍ 78 സീറ്റുള്ള കോണ്‍ഗ്രസ് സമര്‍ത്ഥമായ നീക്കത്തിലൂടെ 37 സീറ്റ് നേടിയ ജനത ദള്‍ എസുമായി സഖ്യമുണ്ടാക്കുകയും ജെഡിഎസിന്‍റെ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ സന്നദ്ധത അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ജെഡിഎസിന്‍റെയും കോണ്‍ഗ്രസിന്‍റെയും അവകാശവാദത്തെ അംഗീകരിച്ചില്ല. പകരം ബിഎസ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചു. ഇത് വലിയ വിവാദമായി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയണം എന്ന് ആവശ്യപ്പെട്ടും ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തും കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചു. അര്‍ദ്ധരാത്രിക്ക് ശേഷം പുലര്‍ച്ചെ വരെ നീണ്ട അപൂര്‍വമായ വാദത്തിനൊടുവില്‍ സത്യപ്രതിജ്ഞ തടയാനോ ഗവര്‍ണറുടെ നടപടി റദ്ടാക്കാണോ തയ്യാറായില്ലെങ്കിലും ബിജെപിയുടെ ഭൂരിപക്ഷ കണക്കില്‍ കോടതി സംശയം പ്രകടിപ്പിച്ചു. അടുത്ത ദിവസം വാദം തുടരുമെന്ന് വ്യക്തമാക്കി.

18ന് രാവിലെ സുപ്രീം കോടതി കേസ് പരിഗണിച്ചു. 19ന് വൈകീട്ട് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് ഉത്തരവിട്ടു. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നീട്ടണം എന്ന ബിജെപിയുടെ ആവശ്യം തള്ളി. രഹസ്യ ബാലറ്റ് എന്ന ആവശ്യവും തള്ളി. ഇങ്ങനെ ബിജെപി കനത്ത തിരിച്ചടി നേരിട്ട് നില്‍ക്കുമ്പോളാണ് മുമ്പ് യെദിയൂരപ്പയെ വഴി വിട്ട് സഹായിച്ചിട്ടുള്ള ബൊപ്പയ്യയെ പ്രോടേം സ്പീക്കര്‍ ആക്കി ബിജെപി വീണ്ടും എതിര്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് വ്യക്തമായതോടെ വിശ്വാസ വോട്ടിലെ തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാന്‍ രാജി വച്ച് തടിയൂരിയിരിക്കുകയാണ് ബിഎസ് യെദിയൂരപ്പയും ബിജെപിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍