UPDATES

ട്രെന്‍ഡിങ്ങ്

കർണാടക: ഭൂരിപക്ഷം തെളിയിക്കുന്നതിൽ യെദ്യൂരപ്പയ്ക്ക് 100% ഉറപ്പ്; ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നു

ഇന്ന് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സ്പീക്കറുടെ ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പികൾ കിട്ടാൻ കാത്തിരിക്കുകയാണ്.

കർണാടക നിയമസഭയിൽ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. 17 വിമത എംഎൽഎമാർക്കും അയോഗ്യത കല്‍പ്പിച്ച സ്പീക്കർ കെആർ രമേഷ് കുമാറിന്റെ നടപടിക്കു പിന്നാലെയാണ് യെദ്യൂരപ്പയുടെ ഈ പ്രസ്താവന.

ഇതിനിടെ ബിഎസ് യെദ്യൂരപ്പ ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർത്തു. നാളെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക.

ഇന്ന് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സ്പീക്കറുടെ ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പികൾ കിട്ടാൻ കാത്തിരിക്കുകയാണ്. കിട്ടിയാലുടനെ സുപ്രീംകോടതിയെ സമീപിക്കും. മൊത്തം 17 പേരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഇനി സുപ്രീം കോടതി അസാധുാവാക്കിയാല്‍ മാത്രമാണ് ഈ നിയമസഭാ കാലത്ത് അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളത്.

മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസ വോട്ട് തേടുന്നതിന് ഒരു ദിവസം മുമ്പാണ് സ്പീക്കര്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ക്ക് ഇനി നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യതയുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രമാണ് മത്സരിക്കാന്‍ കഴിയുക. സര്‍ക്കാരിനെ മറിച്ചിട്ടുവെന്നല്ലാതെ അതിന്റെ ഗുണം മന്ത്രിസ്ഥാനമായും മറ്റും അനുഭവിക്കാനുള്ള യോഗം ഈ വിമത എംഎല്‍എമാര്‍ക്കുണ്ടാകില്ല. നാളെ വിശ്വാസ വോട്ട് നേടുകയാണെങ്കില്‍ ബിഎസ് യെദിയൂരപ്പയ്ക്ക് ഇത് ഒരു കണക്കിന് ആശാസമാകും. കാരണം ഈ വിമതരില്‍ ആരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തലപുകയ്‌ക്കേണ്ട കാര്യമില്ല. തന്നെ പിന്തുണയക്കുന്ന സ്വതന്ത്രരെ ഉള്‍പ്പെടുത്തി ഭരണം തുടരാന്‍ യെദിയൂരപ്പയ്ക്ക് സാധിക്കേണ്ടതാണ്. മറ്റ് അത്ഭുതങ്ങളും കൂറുമാറ്റവും നടക്കുന്നതുവരെ.

സ്പീക്കർ അടക്കം നിലവിൽ ജെഡിഎസ്സിനും കോൺഗ്രസ്സിനും 100 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. എംഎൽഎമാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുകയാണെങ്കിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പുകൾ നടക്കണം. ഇതിൽ എട്ട് സീറ്റുകൾ നേടാൻ‌ ബിജെപിക്ക് സാധിച്ചാൽ കേവലഭൂരിപക്ഷത്തിലേക്ക് കടക്കാൻ പാർട്ടിക്കാകും. നിലവിൽ 105 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 113 പേരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായത്. നിലവിലെ സാഹചര്യത്തിൽ ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയും ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുള്ള കക്ഷിയും. ഇത്തവണ സർക്കാർ രൂപീകരിക്കുന്നതിൽ യെദ്യൂരപ്പയ്ക്ക് യാതൊന്നും ഭീഷണിയാവുകയില്ല.

കോൺഗ്രസ്സിനും ജെഡിഎസ്സിനും സ്പീക്കറുടെ നടപടി മൂലം ലഭിക്കുന്ന ഏക ആശ്വാസം വിമതർക്ക് തങ്ങൾ താൽപ്പര്യപ്പെട്ടതു പോലെ മന്ത്രിസ്ഥാനത്തും മറ്റും എത്തിച്ചേരുക ദുഷ്കരമായിരിക്കും എന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍