UPDATES

പട്ടേലിനെ പിന്നിലാക്കാന്‍ രാമന്‍; യോഗി സര്‍ക്കാര്‍ അയോധ്യയില്‍ 221 മീറ്റര്‍ ഉയരത്തില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുന്നു

രാമക്ഷേത്ര നിര്‍മാണം വീണ്ടും സജീവമായിരിക്കുന്നതിനിടയിലാണ് രാമന്റെ പ്രതിമസ്ഥാപിക്കാന്‍ യു പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും ഉയര കൂടിയ പ്രതിമ എന്ന നേട്ടത്തോടുകൂടി അയോധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കാന്‍ ഉത്തരവ് ഇറക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 221 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമയാണ് സ്ഥാപിക്കുക. ഇത് യഥാര്‍ത്ഥ്യമായാല്‍ നിലവില്‍ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഗുജറാത്തില്‍ അടുത്തിടെ ഉത്ഘാടനം ചെയ്ത സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റ്യാച്ചു ഓഫ് യൂണിറ്റി രാമന്റെ പിന്നിലാകും. പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്.

ശനിയാഴ്ച രാത്രി വൈകി ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച അഞ്ച് പ്രതിമകളില്‍ നിന്നും അയോധ്യയില്‍ സ്ഥാപിക്കുന്ന രാമന്റെ പ്രതിമ യോഗി ആദ്യനാഥ് തെരഞ്ഞെടുക്കകയും ഉണ്ടായി. ഇതിന്റെ ചിത്രം പുറത്തുവിടുകയും ചെയ്തു. 20 മീറ്റര്‍ തലപ്പൊക്കത്തോടുകൂടി 150 മീറ്ററായിരിക്കും പ്രതിമയുടെ ഉയരം. 50 മീറ്റര്‍ ഉയരത്തില്‍ അടിത്തറയും ഉണ്ടാകും. ഇതെല്ലാം കൂട്ടിയാണ് പ്രതിമയ്ക്ക് 221 മീറ്റര്‍ ഉയരം വരുന്നത്. അമേരിക്കയിലെ സ്റ്റ്യാചു ഓഫ് ലിബര്‍ട്ടിയും ഇന്ത്യയുടെ സ്റ്റ്യാചു ഓഫ് യൂണിറ്റിയും പിന്നിലാക്കുന്ന ഉയരമാകും അതോടെ രാമന്റെ പ്രതിമയ്ക്ക്.

ദിപാവലി ആഘോഷത്തിനടിയില്‍ പ്രതിമയുടെ നിര്‍മാണോത്ഘാടനം അയോധ്യയില്‍ നടത്തുമെന്നാണ് യുപി സര്‍ക്കാരില്‍ നിന്നും കിട്ടുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലിബര്‍ട്ടി ഓഫ് സ്റ്റ്യാചു പോലെ രാമന്റെ പ്രതിമയോട് ചേര്‍ന്നും ചരിത്രം, സംസ്‌കാരം രാമനുമായി ബന്ധപ്പെട്ട പുരാണം എന്നിവ രേഖപ്പെടുത്തുന്ന ഒരു മ്യൂസിയം നിര്‍മിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് രഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും മുറുകി വരുന്നതിനിടയിലാണ് യോഗി സര്‍ക്കാരിന്റെ പുതിയ നീക്കം. സംഘപരിവാര്‍ രാമക്ഷേത്ര നിര്‍മാണ ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അതേസമയം ബിജെപി രാമക്ഷേത്രത്തിന്റെ പേരില്‍ നാടകം കളിക്കുകയാണെന്ന ആക്ഷേപവുമായി ശിവ്‌സേന രംഗത്തു വന്നിട്ടുണ്ട്. ശനിയാഴ്ച്ച അയോധ്യയില്‍ എത്തിയ സേന തലവന്‍ ഉദ്ദവ് താക്കറെ, രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്ന ദിവസം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം നിങ്ങള്‍ എന്ന് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് പറയു, ബാക്കി നമുക്ക് പിന്നീട് സംസാരിക്കാമെന്നാണ് ഉദ്ദവ് മോദിയോടുള്ള പരാമര്‍ശമായി ഇന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഭാര്യയ്ക്കും മകനും ഒപ്പം എത്തിയ ഉദ്ദവ് താക്കറയുടെ വരവിനു പിന്നാലെ ആയിരക്കണക്കിന് ശിവ് സേന പ്രവര്‍ത്തകരും രാം ലല്ല ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ എത്തിയിരുന്നു. ഞായറാഴ്ച്ച വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകരും അയോധ്യയില്‍ സംഘം ചേരുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകള്‍ വലിയ കൂട്ടത്തോടെ എത്തിച്ചേരാന്‍ തുടങ്ങിയതോടെ അയോധ്യയില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങള്‍ അധികമുള്ള പ്രദേശമെന്ന നിലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി നിര്‍ത്താനാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. രാമന്റ പ്രതിമ സ്ഥാപനത്തിന് യു പി സര്‍ക്കാര്‍ മുന്നോട്ടു വരിക കൂടി ചെയ്തതോടെ അയോധ്യയില്‍ കാര്യങ്ങള്‍ കൈവടുമെന്ന ഭീതിയും എല്ലാവരിലും ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍