UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് അമേരിക്കയില്‍ പോയത്, അല്ലാതെ അവിടെ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനല്ല – മോദിയോട് കോണ്‍ഗ്രസ്

മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് അടക്കമുള്ള ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഇത് എന്ന് ആനന്ദ് ശര്‍മ്മ ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിവാദമായിരിക്കുകയാണ്. ഹൗഡി മോദി പരിപാടിക്കിടെ ഇരു നേതാക്കളും പരസ്പരം പുകഴ്ത്തിയിരുന്നു. ആദ്യം സംസാരിച്ച മോദി അമേരിക്കയിലെ ഇന്ത്യന്‍ വംശജരോട് ആവശ്യപ്പെട്ടത് ഇത്തവണയും ട്രംപ് ഗവണ്‍മെന്റിനെ കൊണ്ടുവരാനാണ്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യമായ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്നതിനെ അനുകരിച്ച് ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന് മോദി പറഞ്ഞു. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തെ നേതാവിന് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നത്.

മോദിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ രംഗത്തെത്തി. താങ്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ് അവിടെ പോയിരിക്കുന്നത്, അല്ലാതെ യുഎസ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനല്ല എന്ന് ഓര്‍മ്മിപ്പിച്ചു. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് അടക്കമുള്ള ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഇത് എന്ന് ആനന്ദ് ശര്‍മ്മ ചൂണ്ടിക്കാട്ടി.

മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടില്ല എന്ന ഇന്ത്യന്‍ വിദേശനയം ഇതുവരെ പിന്തുടര്‍ന്നുപോന്ന തത്വം താങ്കള്‍ ലംഘിച്ചു. യുഎസിലെ രണ്ട് പ്രധാന കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും ഡെമോക്രാറ്റിക് പാര്‍ട്ടിയേയും ഒരു പോലെ കാണുന്നതാണ് ഇന്ത്യയുടെ നയം. നിങ്ങള്‍ ട്രംപിന് വേണ്ടി പ്രചാരണം നടക്കുന്നത്. പരമാധികാര ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും യുഎസും പരസ്പരം നല്‍കുന്ന അംഗീകാരത്തിന് വിരുദ്ധമാണ്.

പ്രസിഡന്റ് ആകുന്നതിന് മുമ്പ് തന്നെ ട്രംപ് പ്രശസ്തനായിരുന്നു എന്ന് മോദി പറഞ്ഞിരുന്നു. സിഇഒയില്‍ നിന്ന് കമാന്‍ഡര്‍ ഇന്‍ ചീഫിലേയ്ക്ക്. ബോര്‍ഡ് റൂമുകളില്‍ നിന്ന് ഓവല്‍ ഓഫീസിലേയ്ക്ക് സ്റ്റുഡിയോകളില്‍ നിന്ന് ഗ്ലോബല്‍ സ്‌റ്റേജിലേയ്ക്ക് – അപാരമായ നേതൃപാടവവമാണ് ട്രംപിനുള്ളത് എന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ട്രംപ് എല്ലാ അമേരിക്കക്കാരേയും പരിഗണിക്കുന്നു. അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കാന്‍ ശ്രമിക്കുന്നു (Make America Great Again) എന്നും മോദി പറഞ്ഞിരുന്നു.

അമേരിക്കയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും എക്കാലവും ഡെമോക്രാറ്റുകളോട് ചായ്‌വ് പ്രകടിപ്പിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വോട്ട് ബാങ്കിനെ ആകര്‍ഷിക്കുക എന്ന, റിപ്പബ്ലിക്കനായ ട്രംപിന്റെ ലക്ഷ്യം വ്യക്തമാണ്. ഇന്ത്യന്‍ അമേരിക്കക്കാര്‍ യുഎസ് ജനസംഖ്യയുടെ 30 ശതമാനത്തോളം വരും. എന്നാല്‍ ഇതിന്റെ ഭാഗമായി മോദി വോട്ട് ചോദിച്ചത് അനുചിതമാണ് എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍