UPDATES

പ്രിയ കെജ്രിവാള്‍, നിങ്ങള്‍ ഒരു തലമുറയുടെ പ്രതീക്ഷകളെയാണ് കൊന്നുകളഞ്ഞത്

ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി ഇന്‍ഫോസിസ് ഉപേക്ഷിച്ച നീരജ് കുമാര്‍ എഴുതുന്ന തുറന്ന കത്ത്

തനിക്കെതിരെയുള്ള അപകീര്‍ത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം സിങ് മജീദിയയോട് അരവിന്ദ് കെജ്‍രിവാള്‍ മാപ്പ് പറഞ്ഞതോടെ ആം ആദ്മി പാര്‍ട്ടി അതിന്റെ ലഘു ചരിത്ര ഘട്ടത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ആന്തരിക സംഘര്‍ഷത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് കെജ്‍രിവാള്‍ നേരിടേണ്ടി വരുന്നത്. മജീദിയയ്ക്ക് ശേഷം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടും കോണ്‍ഗ്രസ്സ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലിന്റെ മകന്‍ അമിത് സിബലിനോടും കെജ്രിവാള്‍ മാപ്പപേക്ഷ നടത്തി. മുപ്പതോളം അപകീര്‍ത്തി കേസുകളാണ് കെജ്‍രിവാളിനെതിരെ ഉള്ളത്. ഈ പശ്ചാത്തലത്തില്‍ ഇന്‍ഫോസിസില്‍ നിന്നും ജോലി ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന നീരജ് കുമാര്‍, അരവിന്ദ് കെജ്‍രിവാളിന് എഴുതിയ തുറന്ന കത്ത്.

പ്രിയപ്പെട്ട അരവിന്ദ്,

നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല, പക്ഷേ രാഷ്ട്രീയ ആത്മഹത്യ ചെയ്യാനുള്ള പല ശ്രമങ്ങളും നിങ്ങള്‍ നടത്തിയിരിക്കുന്നു. അതില്‍ ഏറ്റവും പുതിയതാണ് ബിക്രം സിങ് മജീദിയയോടുള്ള നിങ്ങളുടെ മാപ്പപേക്ഷ. പല നേതാക്കളുടെയും ഉയര്‍ച്ചയും താഴ്ചയും ഇന്ത്യ കണ്ടിട്ടുണ്ട്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിങ്ങളുടെ മരണം അത്ര വലിയ കാര്യവുമല്ല, പക്ഷേ നിങ്ങള്‍ ചെയ്ത പാപങ്ങള്‍ നിങ്ങള്‍ക്ക് സങ്കല്പിക്കാവുന്നതിലും വലുതാണ്. ഒരു തലമുറയുടെ പ്രതീക്ഷകളെയാണ് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ കൊന്നുകളഞ്ഞത്. ഏറ്റവും മോശമായതില്‍വെച്ച് ഏറ്റവും മെച്ചമേതെന്ന് തെരഞ്ഞെടുക്കാന്‍ ഞങ്ങളുടെ തലമുറയിലെ വിപ്ലവകാരികളെ നിങ്ങള്‍ നിര്‍ബന്ധിതരാക്കി. ഒരു തലമുറയുടെ പ്രതീക്ഷയുടെ കൊലപാതകിയാണ് നിങ്ങള്‍, അരവിന്ദ്, അത് നിങ്ങളുടെ കടുത്ത ആരാധകരില്‍ പലര്‍ക്കും കഠിനമായ വേദനയുളവാക്കുന്നു. നിങ്ങളാല്‍ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞിട്ടും എന്നെങ്കിലും നിങ്ങള്‍ പഴയ അരവിന്ദ് കെജ്‍രിവാള്‍ ആകുമെന്നും നിങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാമെന്നും കരുതുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ആദ്യ ആകര്‍ഷണമായിരുന്നു നിങ്ങള്‍.

നിങ്ങളുടെ രാഷ്ട്രീയ ആത്മഹത്യയിലേക്കുള്ള അവസാന ചുവട് നിങ്ങള്‍ വെച്ചുകഴിഞ്ഞു. നിങ്ങളുടെ ആത്മഹത്യാചുവടുകള്‍ മൂലം, ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഡല്‍ഹിയിലെ വെറുമൊരു പ്രാദേശിക പാര്‍ട്ടിയാണ്. ഞാന്‍ എഴുതി ഒപ്പിട്ടുതരാം, ഡല്‍ഹിയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ നിങ്ങള്‍ അപ്രസക്തമാകുമെന്ന്. എല്ലാ പരമ്പരാഗത സമ്പ്രദായങ്ങളെയും ഇന്ത്യക്കു പുറത്തേക്ക് വലിച്ചെറിയാന്‍ സന്നദ്ധമായിരുന്ന പാര്‍ട്ടി, ഒരു പ്രാദേശിക പാര്‍ട്ടിയായി പാര്‍ശ്വവത്കരിക്കപ്പെട്ടു. അധികം താമസിയാതെ അത് അപ്രത്യക്ഷമാവുകയും ചെയ്യും.

നിങ്ങള്‍ ഇതു വായിക്കുമെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശോചനീയമായ മരണം വരിക്കും മുമ്പ് രാജ്യത്തിനു വേണ്ടി നല്ലതെന്തെങ്കിലും ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എങ്ങനെയാണ് നിങ്ങള്‍ നിങ്ങളെയും പ്രസ്ഥാനത്തെയും മരണത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചതെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. നിങ്ങളുടെ ആത്മഹത്യാശ്രമങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:

1) മജീദിയയോടുള്ള നിങ്ങളുടെ വിനീതമായ കീഴടങ്ങല്‍

മജീദിയയോട് നിങ്ങള്‍ മാപ്പപേക്ഷിച്ചപ്പോള്‍, ഒരിക്കല്‍ നിങ്ങളുടെ ആരാധകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതി, “അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍… മജീദിയയോടുള്ള പ്രത്യേകഗുണങ്ങളൊന്നുമില്ലാത്ത മാപ്പപേക്ഷയോടെ, രാഷ്ട്രീയത്തിലെ ‘കെജ്‍രിവാള്‍’ ബ്രാന്‍ഡ് മാറിപ്പോയിരിക്കുന്നു ”. ഈ തീരുമാനത്തോടെ നിങ്ങള്‍ക്ക് കടുത്ത ആരാധകരെ നഷ്ടമായിരിക്കുന്നു.

രാഷ്ട്രീയം പൊള്ളയായ വാചകമടിയാകരുത്; ഇത് കേജ്രിവാളിന്റെ കീഴടങ്ങല്‍

പാര്‍ട്ടിക്കും അതിന്റെ സന്നദ്ധസേവകര്‍ക്കും/അംഗങ്ങള്‍ക്കും എന്തു നാശനഷ്ടമാണ് നിങ്ങള്‍ വരുത്തിയതെന്ന് തിരിച്ചറിയുന്നെങ്കിലും ഉണ്ടോ? ആപ് എംഎല്‍എമാര്‍ക്ക്, മജീദിയയെപ്പോലുള്ളവരെ എതിര്‍ക്കുമെന്ന് പറഞ്ഞ് വോട്ട് അപേക്ഷിച്ച, അവരുടെ ജനങ്ങളുടെ മുമ്പില്‍ എന്തു മുഖമാണുണ്ടാവുക എന്ന് തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ ഈ നടപടി പഞ്ചാബ് യൂണിറ്റിനെ വിഘടിപ്പിക്കുകയും പഞ്ചാബിലെ ജനങ്ങള്‍ക്കു മുമ്പില്‍ മുഖം നഷ്ടപ്പെട്ടവരായി തീര്‍ക്കുകയും ചെയ്തു.

യഥാര്‍ത്ഥ ജനാധിപത്യത്തില്‍ നിങ്ങള്‍ ഒരു ശതമാനമെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, ഇത്തരം ഒരു തീരുമാനം എടുക്കും മുമ്പ്, പഞ്ചാബ് യൂണിറ്റിനോടെങ്കിലും കൂടിയാലോചിക്കണമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? ധൈര്യം, ത്യാഗം, സ്ഥൈര്യം തുടങ്ങിയ വാക്കുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? നിങ്ങള്‍ ഒരു ധീരനായ നേതാവാണെന്ന് കരുതിയതില്‍ ‍ജനങ്ങള്‍ ലജ്ജിക്കുകയാണ്. ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ ദിനങ്ങള്‍ക്കു ശേഷം എത്രയോ സന്നദ്ധസേവകര്‍ പോലീസ് കേസുകള്‍ നേരിടുകയാണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ അവരുടെ കേസുകള്‍ ധീരമായി നേരിടുകയാണ്, പക്ഷേ നിങ്ങള്‍ ഒരു ഭീരുവിനെപ്പോലെ മാപ്പപേക്ഷിച്ചു.

ആപ്പിന് അതിന്റെ രാഷ്ട്രീയം തിരിച്ചുപിടിക്കാനാകുമോ?

2) നിങ്ങളുടെ പ്രശസ്തമായ 2ജി കുംഭകോണം

ഡല്‍ഹിയില്‍ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ അയയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു. രാജ്യസഭയില്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്ന, ഏതെങ്കിലും യഥാര്‍ത്ഥ ആപ് അംഗങ്ങളെ നിങ്ങള്‍ക്ക് അയയ്ക്കാമായിരുന്നു. തെരഞ്ഞെടുക്കാമായിരുന്ന ചിലരുടെ പട്ടിക ഞാന്‍ തരാം;

അശുതോഷ്, അതിഷി, ദിലീപ് പാണ്ഡേ, രാഘവ് ഛദ്ദ, കുമാര്‍ വിശ്വാസ്, ആഷിഷ് ഖേതന്‍, മീര സന്യാല്‍…

ഇനിയും കുറേപേരുണ്ടെന്ന് നിങ്ങള്‍ക്കറിയാം. കുമാര്‍ വിശ്വാസിനെ നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പോലും, അദ്ദേഹം വളരെ നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിയുന്ന ആളാണെന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല. രാജ്യസഭയിലെ പ്രഭാഷണങ്ങളിലൂടെ നല്ല പ്രസിദ്ധി ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു, അത് ആപ്പിന് സഹായകരമായേനെ. കുമാറുമായുള്ള നിങ്ങളുടെ പ്രശ്നങ്ങള്‍ അത്ര വലുതാണെന്നും അതിനാലാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാത്തതെന്നും സമ്മതിച്ചാല്‍പോലും, നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഇനിയും ധാരാളം നല്ല ആള്‍ക്കാരുണ്ടായിരുന്നു.

പക്ഷേ നിങ്ങള്‍ 2ജികളെ തെരഞ്ഞെടുത്തു. ഇതൊരു വ്യക്തമായ ഇടപാടാണെന്നത് ഏത് കൊച്ചു കുട്ടിക്കു പോലും മനസ്സിലാവും. കോണ്‍ഗ്രസ്സില്‍നിന്ന് ദിവസങ്ങള്‍ക്കു മുമ്പു മാത്രം നിങ്ങളുടെ കൂടെ ചേര്‍ന്ന ഒരാള്‍ക്ക് ടിക്കറ്റ് നല്‍കുമ്പോള്‍, എന്തോ ഒരു തരം കച്ചവടം നടന്നിട്ടുണ്ടെന്ന് സ്പഷ്ടമാണ്. ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വേണ്ടി ധനസമാഹരണം നടത്തുമ്പോള്‍, നമ്മുടെ കയ്യില്‍ പണമില്ലാതിരുന്ന സമയത്താണ് നമ്മള്‍ ജയിച്ചതെന്നും നമ്മള്‍ പരാജയപ്പെടുത്തിയത് ധാരാളം ധനശക്തിയുള്ള വലിയ ശക്തികളെയാണെന്നതും നിങ്ങള്‍ മറന്നു.

പണത്തിന്റെ ബലംകൊണ്ട് ഏത് തെരഞ്ഞെടുപ്പും ജയിക്കാമെന്ന് ചിന്തിക്കാന്‍ പാകത്തിന് വിഡ്ഢിയാവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? ധനശക്തിയാല്‍ തെരഞ്ഞെടുപ്പു ജയിക്കുന്നത് പരമ്പരാഗത പാര്‍ട്ടികളുടെ വൈദഗ്ദ്ധ്യമാണ്, നിങ്ങള്‍ക്കവരെ അവരുടെ തട്ടകത്തില്‍ ജയിക്കാനാവില്ല. നിങ്ങളുടെ USP സത്യസന്ധതയും ദൃഢവിശ്വാസവും ഞങ്ങളെപ്പോലുള്ള ഭ്രാന്തന്‍ സന്നദ്ധസേവകരുടെ ധൈര്യവുമാണ്. പക്ഷേ 2ജികളുടെ പ്രീതിക്കുവേണ്ടി നിങ്ങള്‍ നിങ്ങളുടെ USP വിറ്റു. നിങ്ങള്‍ക്കനുകൂലമായി കാറ്റുവീശുമ്പോഴും ധാരാളം പൈസകൊടുത്ത് തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്നതിന് പഞ്ചാബ് ഒരു ഉദാഹരണമായിരുന്നു.

ഈ നീല കാര്‍ ഒരു തൊണ്ടിമുതല്‍ മാത്രമല്ല

3) മഹാരാഷ്ട്ര യൂണിറ്റിനെ പിരിച്ചുവിട്ടത്

ഞാന്‍ പറയട്ടെ അരവിന്ദ്, ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ആപ്പിന്റെ നന്നായി പ്രവര്‍ത്തിക്കുന്ന യൂണിറ്റ് മഹാരാഷ്ട്രയിലേതായിരുന്നു. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, പ്രൊഫസര്‍ ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുവാനായി നിങ്ങള്‍ നടത്തിയ ഗൂഢാലോചനയും നിങ്ങളുടെ കാപട്യവും മയങ്ക് ഗാന്ധി തുറന്നുകാട്ടിയ ശേഷം, നിങ്ങള്‍ നിസ്സാരമായി മഹാരാഷ്ട്ര കമ്മിറ്റികള്‍ പിരിച്ചുവിട്ടതായ ഉത്തരവ് പുറപ്പെടുവിച്ചു. മഹാരാഷ്ട്രയിലെ ആപ്പിനെ നിങ്ങള്‍ ക്രൂരമായി കൊല ചെയ്തു.

ഡല്‍ഹിയിലെ വിജയത്തിനു ശേഷം, ദേശീയതലത്തില്‍ ആപ്പിന് വലിയ അഭിവൃദ്ധിയുണ്ടായി. നമ്മുടെ കഠിനപ്രയത്നത്തിന്റെ ഫലം കൊയ്യുന്നതിന് മഹാരാഷ്ട്ര നല്ല സ്ഥിതിയിലുമായിരുന്നു. പക്ഷേ, അതിനു സാധിക്കുംമുമ്പ്, നിങ്ങളുടെ അരക്ഷിതത്വം കാരണം, ആദ്യം പ്രശാന്ത് ഭൂഷണെയും പിന്നീട് യോഗേന്ദ്ര യാദവിനെയും അതിനുശേഷം നിങ്ങളുടെ തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവരെയും നീക്കം ചെയ്തു.

മഹാരാഷ്ട്ര ഒരു ഉദാഹരണം മാത്രമാണ്; രാജ്യത്തെ മിക്കവാറും എല്ലാ ഭാഗങ്ങളിലും സംഘടന മരിച്ചുകഴിഞ്ഞിരിക്കുന്നു.

അരവിന്ദ്, ഓര്‍ക്കുക, “മുകളിലുള്ളയാള്‍ എല്ലാം കാണുന്നുണ്ട്”. ഓരോ സ്വാര്‍ത്ഥ തീരുമാനത്തിനുശേഷവും നിങ്ങള്‍ എത്ര പ്രവര്‍ത്തകരോട് സംസാരിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ എന്റെ അനുഭവം പറയാം. 2015 ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സന്നദ്ധസേവകരുടെ നേതൃത്വം കൈകാര്യം ചെയ്തതു മുതല്‍, രാജ്യമെമ്പാടുമുള്ള പ്രവര്‍ത്തകരുടെ കയ്യില്‍ എന്റെ നമ്പറുണ്ട്. സംഘടനയെ നിങ്ങള്‍ കൊല ചെയ്യുമ്പോള്‍, കുറഞ്ഞത് 15 പേരെങ്കിലും ഫോണിലൂടെ കരയുകയും എങ്ങനെയെങ്കിലും പാര്‍ട്ടിയെ രക്ഷിക്കണമെന്ന് യാചിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരെപ്പോലെത്തന്നെ ഞാനും നിസ്സഹായനായിരുന്നു. നിങ്ങള്‍ “ദൈവം”, “ഈശ്വരന്‍”, “മുകളിലുള്ളയാള്‍” എന്നൊക്കെ പ്രസംഗത്തില്‍ പറയുമ്പോള്‍, എന്നെ വിശ്വസിക്കൂ അരവിന്ദ്, യഥാര്‍ത്ഥത്തില്‍ “മുകളിലൊരാള്‍” ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വളരെ വലിയ ശിക്ഷ ഉറപ്പാണ്.

പ്രത്യയശാസ്ത്രമില്ലാത്ത ഈ പാര്‍ട്ടി മാപ്പ് ചോദിക്കുന്നത് ആരോടാണ്?

4) പ്രശാന്ത് ഭൂഷന്‍ (PB), യോഗേന്ദ്ര യാദവ് (YY), അമിത് ഝാ (AJ), ആനന്ദ് ജി എന്നിവരെ പുറത്താക്കിയത്

നിങ്ങളുടെ മൂന്ന് C കള്‍ ഓര്‍മ്മയുണ്ടോ? കുറ്റകൃത്യം (crime), അഴിമതി (corruption), വ്യക്തിത്വം (character)? പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, പ്രൊ‍ഫ. ആനന്ദ് കുമാര്‍, അമിത് ഝാ എന്നിവരില്‍ ആരാണ് കുറ്റവാളി, ആരാണ് അഴിമതിക്കാരന്‍, ആര്‍ക്കാണ് മോശം വ്യക്തിത്വമുള്ളത് എന്ന് ഒന്ന് പറഞ്ഞുതരാമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവര്‍ ആരുമല്ല എന്നതാണെങ്കില്‍, അവരെ എന്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്ന് രാജ്യത്തോട് ദയവായി വിശദീകരിക്കാമോ? ഈ ആള്‍ക്കാര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണോ അതോ ഹാനികരമാണോ എന്നതിന്മേല്‍ ആപ്പിന്റെ ഉന്നതതലത്തില്‍ ഒരു വോട്ടെടുപ്പ് നടത്തിയോ?

നിങ്ങളുടെ ഒരൊറ്റ നീക്കം പ്രസ്ഥാനത്തെ രണ്ടായി പകുത്തു. നിങ്ങളുടെ അരക്ഷിതത്വവും സ്വാര്‍ത്ഥതയുമല്ലാതെ ഇത്തരം ഒരു ചുവടുവെക്കാന്‍ എന്തെങ്കിലും കാരണം നിങ്ങള്‍ക്കു പറയാനുണ്ടോ? അന്ന് കരഞ്ഞ പ്രവര്‍ത്തകരെ ഇന്നും എനിക്കോര്‍മ്മയുണ്ട്. ലോകം മുഴുവനുമുള്ള പ്രവര്‍ത്തകര്‍ ആശങ്കയിലായിരുന്നു, പക്ഷേ എല്ലാവരുടെയും വികാരങ്ങളുടെ കൊലപാതകിയായ നിങ്ങള്‍ നിങ്ങളുടെ വിലകുറഞ്ഞ ഗൂഢാലോചനകളുടെ തിരക്കിലായിരുന്നു. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കാന്‍ പറഞ്ഞുകൊണ്ട് ബാംഗ്ലൂരില്‍ ഇരുന്ന് നിങ്ങള്‍ ആള്‍ക്കാരോട് നിര്‍ദ്ദേശിച്ച ഫോണ്‍കോള്‍ എന്റെ മുന്നില്‍ വെച്ചാണ് വന്നത്, പക്ഷേ നിങ്ങളുടെ കളിപ്പാവകള്‍ മാധ്യമങ്ങളോട് പറയാറുള്ളത് ബാംഗ്ലൂരില്‍ നിങ്ങള്‍ക്ക് ഫോണ്‍ എടുക്കാന്‍ പോലും പറ്റില്ല എന്നാണ്.

ബൌണ്‍സേഴ്സിനെ (പ്രശ്നക്കാരെ നിയന്ത്രിക്കാന്‍ ഒരു സ്ഥാപനം എര്‍പ്പെടുത്തുന്ന ജോലിക്കാര്‍) വാടകയ്ക്കെടുക്കാനുള്ള അത്ര ഗൌരവമല്ലാത്ത ചര്‍ച്ച നടന്നത് എന്റെ മുന്നില്‍വെച്ചാണ്. പിന്നീട് നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങിനു ശേഷം, മീറ്റിങ്ങില്‍ ബൌണ്‍സേഴ്സിനെ വിന്യസിച്ചിരുന്നു എന്ന് കേട്ടപ്പോള്‍, ഇത്രനാളും ഒരു കോമാളിയെയാണോ പിന്തുണച്ചതെന്ന് തോന്നിപ്പോയി. ഇപ്പോള്‍ നിങ്ങളുടെ കളിപ്പാവകള്‍ ഓരോരുത്തരായി നിങ്ങള്‍ക്കെതിരായി തിരിയുകയാണ്. അവര്‍ വെറും കളിപ്പാട്ടങ്ങളായിരുന്നു; വ്യവസ്ഥയ്ക്കകത്തുണ്ടായിരുന്ന ഏതൊരാള്‍ക്കും അറിയാം മുഴുവന്‍ നാടകത്തിന്റെയും സംവിധായകന്‍ നിങ്ങളാണെന്ന്. PB-YYയെ മാധ്യമങ്ങളില്‍ അപമാനിക്കുകയും സമൂഹമാധ്യമങ്ങളില്‍ അവര്‍ക്കെതിരെയുള്ള നിന്ദ്യമായ പ്രചരണം നടത്തുകയും ചെയ്തവര്‍ നിങ്ങളുടെ വെറും കളിപ്പാട്ടങ്ങളായിരുന്നു, അരവിന്ദ്. അവര്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിക്കുകമാത്രമായിരുന്നു.

ഇപ്പോള്‍, AAPയുടെ ഏറ്റവും വിശ്വാസ്യയോഗ്യരായ നേതാക്കളെ പുറത്താക്കിയിട്ട് നിങ്ങള്‍ എന്തു നേടിയെന്നും എന്തു നഷ്ടപ്പെടുത്തി എന്നും ഒന്ന് തിരിഞ്ഞു നോക്കിയിട്ട് തിരിച്ചറിയാന്‍ ശ്രമിക്കൂ. PBയെപ്പോലുള്ള ആള്‍ക്കാരോട് മാപ്പപേക്ഷിച്ചിരുന്നെങ്കില്‍, മജീദിയയെപ്പോലുള്ളവരോട് മാപ്പു ചോദിക്കേണ്ടി വരില്ലായിരുന്നു.

കെജ്രിവാള്‍, താങ്കള്‍ ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ സമയമായിരിക്കുന്നു

5) കളങ്കിതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് 2015ലെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് കൊടുത്തത്

2015ലെ തെരഞ്ഞെടുപ്പില്‍, ആപ്പിന്റെ ഒരു അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥി പോലും ജയിക്കാവുന്ന അത്ര വലിയ തരംഗം നിങ്ങളുടെ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ഉണ്ടാക്കിയിരുന്നു. പ്രബലരും ‘ഉയര്‍ന്ന ആസ്തി’യുള്ളവരും ആയവര്‍ക്കു മാത്രമേ നിങ്ങളെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനാവൂ എന്ന് നിങ്ങള്‍ ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് ദൈവത്തിനു മാത്രമേ അറിയാവൂ.

ആദ്യമൊക്കെ ഞാന്‍ കരുതിയത്, ടിക്കറ്റ് വിതരണം ചെയ്യുന്ന ഇടനിലക്കാര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കളങ്കിതരായവര്‍ക്ക് ടിക്കറ്റ് കൊടുപ്പിക്കുകയും ചെയ്തു എന്നാണ്. പക്ഷേ, ‘ഇരമ്പല്‍ പ്രചരണം’, ‘പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ കൈകാര്യം ചെയ്യല്‍’ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചക്കായി ഫബീമിന്റെ കൂടെ നിങ്ങളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ദിലീപുമായുള്ള സംഭാഷണം ഞാന്‍ കേട്ടു. അതിനുശേഷം എനിക്കു മനസ്സിലായി ഇടനിലക്കാരല്ല നിങ്ങള്‍ തന്നെയാണ് കളങ്കിതരായാലും പ്രബലരായ സ്ഥാനാര്‍ത്ഥികള്‍ വേണം എന്നാഗ്രഹിക്കുന്നത് എന്ന്.

ടിക്കറ്റ് വിതരണത്തെച്ചൊല്ലി പല പ്രവര്‍ത്തകരും അസ്വസ്ഥരായിരുന്നു. ചില കേസുകളില്‍ 2013 ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ എതിര്‍ത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് കൊടുത്തിരിക്കുന്നു, അപ്പോള്‍ രണ്ടു കൊല്ലം മുമ്പ് എതിരാളികളായിരുന്നവര്‍ക്കുവേണ്ടി 2015ല്‍ പ്രചാരണത്തിനിറങ്ങണം. ഒരു പ്രവര്‍ത്തകന്‍ പറ‍ഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, “അഞ്ചു കൊല്ലം കൂടി കഠിനമായി അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ അധികാരത്തിനു വേണ്ടി ഇത്തരം സ്ഥാനാര്‍ത്ഥികളുമായി ഒരു ഒത്തുതീര്‍പ്പിന് നമ്മള്‍ വഴങ്ങിക്കൂട.”

കളങ്കിതരായ സ്ഥാനാര്‍ത്ഥികളെച്ചൊല്ലി പ്രശാന്ത് ജി കോപാകുലനായിരുന്നു. പരാതി പരിഹാര സംഘത്തിന്റെ ഭാഗമെന്ന നിലയില്‍ ഞാന്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പശ്ചാത്തലം പരിശോധിക്കാന്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, 28 സ്ഥാനാര്‍ത്ഥികള്‍ അനുയോജ്യരല്ലെന്നും അവരില്‍ 12 പേര്‍ക്ക് ഒരിക്കലും ടിക്കറ്റ് കിട്ടരുതെന്നും കണ്ടെത്തി. പ്രശാന്ത് ജിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്, ലോക്പാല്‍ നടപ്പിലാക്കുകയും രണ്ടു ടിക്കറ്റ് റദ്ദാക്കുകയും ചെയ്തു. അവരില്‍ ഒരാള്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ബിജെപിയിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവും അവര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അര്‍ഹതയുണ്ടായിരുന്നുവോ എന്ന്. ചിലപ്പോള്‍ നിങ്ങള്‍ അന്ധനായതിനാല്‍ അത് തിരിച്ചറിയുന്നുമുണ്ടാവില്ല. നിങ്ങള്‍ക്കിപ്പോള്‍ നിങ്ങളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാനാവില്ല.

കെജ്രിവാളിനോട് ചെയ്യുന്നതും കെജ്രിവാള്‍ ചെയ്യുന്നതും- എന്‍.പി ആഷ്‌ലി എഴുതുന്നു

6) 2014ലെ ലോകസഭാ തോല്‍വിക്കു ശേഷം കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പിന്‍വാതിലിലൂടെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചത്

ദേശീയ സമിതിയിലേയോ പാര്‍ലമെന്‍ററി സമിതിയിലേയോ ഭൂരിപക്ഷം അംഗങ്ങളോടും ആലോചിക്കാതെ 49 ദിവസത്തിനു ശേഷം രാജിവെക്കാന്‍ തീരുമാനിച്ചപ്പോള്‍, പലരും ആ തീരുമാനത്തെ എതിര്‍ത്തു. പക്ഷേ, അരവിന്ദ് രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുന്നത് നിര്‍ത്തുമായിരുന്നു എന്നു പറഞ്ഞവരില്‍ ഞാനുമുണ്ടായിരുന്നു, കാരണം ലോക്പാല്‍ ബില്‍ അസംബ്ലിയില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാല്‍, രാജി വെക്കാനുള്ള നിങ്ങളുടെ തീരുമാനം ശരിയാണെന്ന് ഞാന്‍ കരുതി.

രാജിക്കു ശേഷം, ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മള്‍ തീരുമാനിച്ചു. രാജിയെ പ്രതിയുള്ള ‘ഭീരുത്വ’ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രവര്‍ത്തകരെല്ലാം കഷ്ടപ്പെട്ടെങ്കിലും എല്ലാവരും പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിച്ചു. അവര്‍ അവരുടെ എല്ലാം ലോക്സഭാതെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ചു. രാവും പകലും നരേന്ദ്ര മോദിയുടെ പ്രഭാവത്തിനെതിരായി പോരാടുന്നതിന് നമ്മള്‍ എല്ലാവരും വാരണാസിയില്‍ പ്രചാരണം നടത്തുകയായിരുന്നു. നമ്മള്‍ തോറ്റെങ്കിലും ആ തെരഞ്ഞെടുപ്പിനെ നേരിട്ട രീതിയില്‍ നമ്മളുടേത് വലിയ വിജയമായിരുന്നു എന്ന് ഞങ്ങള്‍ കരുതുന്നു.

ലോകസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നുവെങ്കിലും നമുക്കറിയാമായിരുന്നു നമ്മള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നില്ല എന്ന്. നമ്മള്‍ തോല്‍ക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. വാരണാസിയില്‍ പരാജയപ്പെടുമെന്നും നമുക്കറിയാമായിരുന്നു. പക്ഷേ തോല്‍വിക്കു ശേഷം, ഡല്‍ഹിയില്‍ സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കാനായില്ലെങ്കില്‍ നമ്മുടെ കഥ കഴിഞ്ഞെന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ പേടിച്ചത്? നിങ്ങള്‍ പിന്‍വാതിലിലൂടെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരോട് സംസാരിക്കാന്‍ തുടങ്ങി, അതാണ് പാര്‍ട്ടിയിലെ പ്രധാന പിളര്‍പ്പിന് വഴിയൊരുക്കിയതും. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്ന് നാഷണല്‍ എക്സിക്യൂട്ടീവിലെ ഭൂരിപക്ഷവും പറഞ്ഞിട്ടും, നിങ്ങള്‍ പിന്‍വാതിലിലൂടെ അവരെ സമീപിക്കുന്നത് തുടര്‍ന്നു. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് നിങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കില്‍, 2015ല്‍ത്തന്നെ നിങ്ങളുടെ കഥ കഴിയുമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?

കെജ്രിവാള്‍ ഏകാധിപതിയാണ്; പഞ്ചാബിന് മുന്നറിയിപ്പുമായി മാര്‍ക്കണ്ഡേയ കട്ജു

നിങ്ങള്‍ക്കായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍

ദയവായി മരണത്തിനുമുമ്പ് രാജ്യത്തിനു വേണ്ടി നല്ലതെന്തങ്കിലും ചെയ്യുക.

നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനത്തോട് അടുക്കുകയാണെന്നത് തീര്‍ച്ചയാണ്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ആപ് സര്‍ക്കാര്‍ രൂപീകരിക്കില്ല. നിങ്ങള്‍ സര്‍ക്കാരില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ രാഷ്ട്രീയത്തില്‍ തുടരുകയുമില്ല. ഡല്‍ഹിക്കു പുറത്ത് നിങ്ങളുടെ സ്ഥിതിയെന്താണെന്ന് നിങ്ങള്‍ക്കറിയാം.

ഈ തലമുറയ്ക്ക് നിങ്ങള്‍ വരുത്തിവെച്ച കോട്ടം പരിഹരിക്കാനാവുന്നതല്ല. പക്ഷേ നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കും മുമ്പ്, ദയവായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക, കുറഞ്ഞ പക്ഷം ഭാവിയെക്കുറിച്ച് പ്രതീക്ഷയെങ്കിലും ബാക്കിയുണ്ടാവും.

നിങ്ങളുടെ പിഴവുകള്‍ പരസ്യമായി സമ്മതിക്കുക, സ്വന്തം ആള്‍ക്കാര്‍ക്കെതിരായി എങ്ങനെ ഗൂഢാലോചന നടത്തി എന്നത് ജനങ്ങളോട് പറയുക, അങ്ങനെ നിങ്ങളുടെ തെറ്റുകളെ ആള്‍ക്കാര്‍ക്ക് അറിയാന്‍ അവസരം ഉണ്ടാക്കുക. മാപ്പു പറയാന്‍ നിങ്ങള്‍ മിടുക്കനായതിനാല്‍ ഇതു നിങ്ങള്‍ക്ക് ചെയ്യാനാവും. രാജ്യത്തിനുവേണ്ടി ഇത് ചെയ്യുക.

പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ്, പ്രൊഫ. ആനന്ദ് കുമാര്‍, മയങ്ക് ഗാന്ധി, അഡ്മിറല്‍ രാംദാസ് തുടങ്ങിയവരോടും അതിലും പ്രധാനമായി ലോകമെമ്പാടുമുള്ള പ്രവര്‍ത്തകരോടും മാപ്പു ചോദിക്കുക. ഈ മാപ്പപേക്ഷ പരസ്യമായി ചെയ്യുക.

ആം ആദ്മി പാര്‍ടി മറ്റേതൊരു ഇന്ത്യന്‍ രാഷ്ട്രീയകക്ഷിയെ പോലെ പിന്തിരിപ്പനാണ്

ന്യായപ്രകാരമുള്ള ആള്‍ക്കാര്‍ക്ക് ആപ് കൈമാറുക. നിയന്ത്രണം കൈമാറും മുമ്പ്, നിങ്ങളുടെ പുസ്തകമായ ‘സ്വരാജ്’ വായിച്ച്, ആന്തരിക ജനാധിപത്യവും സുതാര്യതയും വിശ്വാസ്യതയും ഉള്ള ശരിയായ വ്യവസ്ഥ ഉണ്ടാക്കുക. എന്തൊക്കെ സംഭവിച്ചാലും പഴയതും പുതിയതുമായ ആപ് അംഗങ്ങളില്‍ വെച്ച് ഏറ്റവും നല്ല ഭരണാധികാരി നിങ്ങളാണെന്നതില്‍ സംശയമില്ല, അതിനാല്‍ നിങ്ങള്‍ക്കേ അത്തരം വ്യവസ്ഥ ഉണ്ടാക്കാനാവൂ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിന് എനിക്ക് സഹായിക്കാനാവും.

പ്രവര്‍ത്തകരുടെ ആഗോളസംഗമം വിളിച്ചുകൂട്ടുക. രാംലീല മൈതാനത്തോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലത്തോ സമ്മേളനത്തിന് എത്തിച്ചേരാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുക. നിങ്ങള്‍ക്ക് തെറ്റു പറ്റി എന്നും നിങ്ങള്‍ സ്വാര്‍ത്ഥനായെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും അവിടെ വെച്ച് അവരോട് സമ്മതിക്കുക.

അടുത്ത അഞ്ചുകൊല്ലം, ജനാധിപത്യരീതിയില്‍ ഉയര്‍ന്നുവന്ന മറ്റൊരു നേതാവിന്റെ കീഴില്‍ ആപ് അംഗമായി പ്രവര്‍ത്തിക്കുമെന്നും അടുത്ത അഞ്ചുകൊല്ലത്തേക്ക് പാര്‍ട്ടിയിലോ സര്‍ക്കാരിലോ ഒരു പദവിയും ഏറ്റെടുക്കില്ലെന്നും പ്രതിജ്ഞചെയ്യുക.

അരവിന്ദ്, ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, ഒരുപക്ഷേ പ്രസ്ഥാനത്തിന് പുതിയ ഉണര്‍വ്വുണ്ടായേക്കും, അഴിമതി തുടച്ചുനീക്കുകയെന്ന അതിന്റെ ലക്ഷ്യത്തിലേക്ക് അത് എത്തുകയും ചെയ്യും. നിങ്ങളുടെ രാഷ്ട്രീയ ആത്മഹത്യാശ്രമങ്ങളാല്‍ നിങ്ങള്‍ മരിക്കും മുമ്പ്, രാജ്യത്തിനു വേണ്ടി ദയവായി നല്ലതെന്തെങ്കിലും ചെയ്യുക. അല്ലെങ്കില്‍ അധികാരക്കൊതിയാല്‍ ഒരു തലമുറയുടെ പ്രതീക്ഷകളെ കൊലചെയ്ത വഞ്ചകനെന്നായിരിക്കും ചരിത്രം നിങ്ങളെ ഓര്‍ക്കുക.

അതുകൊണ്ട് കെജ്രിവാള്‍ ഒരു നരേന്ദ്ര മോദി ആകരുത്

2105ലെ തെരഞ്ഞെടുപ്പിനു മുമ്പ് അതിഷി ഒരു മീറ്റിങ്ങില്‍വെച്ച് എനിക്കു തന്ന ഉദാഹരണത്തോടെ അവസാനിപ്പിക്കാം. പ്രശാന്ത് ഭൂഷന്റെ വസതിയില്‍വെച്ച്, കളങ്കിതരായ സ്ഥാനാര്‍ത്ഥികളെപ്പറ്റി ചര്‍ച്ച ചെയ്യവേ, അവര്‍ “തിളക്കുന്ന വെള്ളവും ചാവുന്ന തവളയും” എന്ന ഒരു ഉദാഹരണം ഉദ്ധരിച്ചു – ഒരു തവളയെ തിളച്ച വെള്ളത്തില്‍ ഇട്ടാല്‍ അത് പുറത്തു ചാടും. പക്ഷേ, തവളയെ തണുത്ത വെള്ളത്തില്‍ ഇടുകയും വെള്ളം ചൂടാക്കാന്‍ തുടങ്ങുകയും ചെയ്താല്‍, തവളക്ക് വെള്ളം ചൂടാവുന്നത് തിരിച്ചറിയാന്‍ കഴിയില്ല, അത് ചാവുകയും ചെയ്യും. അവര്‍ പറ‍ഞ്ഞു – നമ്മള്‍ ഒരു വിട്ടുവീഴ്ച ചെയ്തു, അത് ആവശ്യമാണെന്നും ഇത്രയുമൊക്കെ സാരമില്ലെന്നും നമ്മള്‍ കരുതും, അതിനു ശേഷം മറ്റൊരു വിട്ടുവീഴ്ച, അത് തുടരുന്നു, അപ്പോള്‍ നമ്മള്‍ തിളക്കുന്ന വെള്ളത്തില്‍നിന്ന് പുറത്തു ചാടാനാവാത്ത അവസ്ഥയിലാവും, നമ്മള്‍ മരിക്കും. ഈ ഉദാഹരണത്തോടെ, എനിക്ക് പറയാനുള്ളത്, അരവിന്ദ്, നിങ്ങള്‍ ഇലാസ്തികതയുടെ പരിധി എപ്പോഴോ പിന്നിട്ടിരിക്കുന്നു, അതിനി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നാണ്. എന്തായാലും, നിങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നത് കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. കുമാര്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ദുഷ്യന്ത് കുമാറിന്റെ വാക്കുകള്‍ പോലെ. ആകാശത്തില്‍ എങ്ങനെയാണ് ദ്വാരം ഇല്ലാതിരിക്കുക, ഒരു കല്ലെങ്കിലും ആരോഗ്യത്തോടെ എറിഞ്ഞുനോക്കൂ സുഹൃത്തുക്കളേ.

(നീരജ് കുമാര്‍ 2013 മുതല്‍ 2015 വരെ ആപ്പിന് വേണ്ടി പ്രവര്‍ത്തിച്ചു. സ്വരാജ് അഭിയാന്റെ സ്ഥാപക അംഗമാണ് ഇപ്പോള്‍ അദ്ദേഹം. ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ആപ്പില്‍ ചേര്‍ന്നത്. അതിനുശേഷം പാര്‍ട്ടിയിലെ വിവിധ സംഘങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു.)

അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ?

ആപ് പേടിയില്‍ കിടുങ്ങിയവര്‍, സി ബി ഐയെ നാണം കെടുത്തിയ ജോഗീന്ദര്‍ സിങ്, പിന്നെ അറിയപ്പെടാത്ത ഡല്‍ഹിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍