UPDATES

ഇന്ത്യ

കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനി, ഷെഹ്ല റാഷിദ്, ഹാര്‍ദിക് പട്ടേല്‍: മോദിയെ നേരിടാന്‍ യുവനിര ഒരുങ്ങുന്നു

മോദിക്കും ബിജെപിക്കും നേരെ ചോദ്യങ്ങളുമായി ഇവരുണ്ടാകും എന്നത് ഉറപ്പാണ്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുന്നത് ശക്തമായ ഒരു യുവനിരയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ബിഹാറിലെ ബെഗുസാരായില്‍ നിന്ന് പ്രതിപക്ഷത്തിന്റെ പൊതു പിന്തുണയോടെ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. തന്റെ സ്വദേശം ഉള്‍പ്പെടുന്ന മണ്ഡലം കഴിഞ്ഞ തവണ ആദ്യമായി പിടിച്ചെടുത്ത ബിജെപിയില്‍ നിന്ന് ഇത്തവണ പിടിക്കാന്‍ കനയ്യയ്ക്ക് കഴിയുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ആര്‍ജെഡിയുടെ പിന്തുണയാണ് കനയ്യയ്ക്ക് പ്രധാനമായും വിജയപ്രതീക്ഷ നല്‍കുന്നത്. കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിയുമെല്ലാം ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുവായി പിന്തുണക്കാന്‍ തയ്യാറാണെങ്കില്‍ താന്‍ ബിഹാറില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് കനയ്യ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് ജമ്മു കാശ്മീര്‍ സ്വദേശിയാണ്. കാശ്മീര്‍ താഴ്‌വരയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പര്യം ഷെഹ്ല നേരത്തെ പരസ്യമാക്കിയിട്ടുണ്ട്. ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി മത്സര രംഗത്തിറങ്ങാന്‍ സാധ്യത കുറവാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകും. ഗുജറാത്തില്‍ ബിജെപിയുടെ തലവേദനയായ പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ഇത്തവണ മത്സര രംഗത്ത് വന്നേക്കും. പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ പ്രവര്‍ച്ചനങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്ന യുവനിരയെപ്പെറ്റി വിവിധ കക്ഷി നേതാക്കളുടെ പ്രതികരണങ്ങള്‍ ആഫ്റ്റര്‍നൂണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുവാക്കളുടെ ഈ മുന്നോട്ടുവരല്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവും കര്‍ഷക ലോംഗ് മാര്‍ച്ചിന്റെ പ്രധാന നേതാക്കളിലൊരാളുമായ അശോക് ധാവളെ പറയുന്നു. മോദി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളേയും അഭിനന്ദിക്കണം. അതേസമയം പോരാട്ടങ്ങള്‍ വ്യക്തിനിഷ്ടമാകരുതെന്നും കൂട്ടായ അടിസ്ഥാനത്തിലായിരിക്കണമെന്നും ധാവളെ ഓര്‍മ്മിപ്പിച്ചു. ജില്ലാ, തെഹ്‌സില്‍ തലങ്ങളില്‍ സോഷ്യല്‍മീഡിയ ടീമുകളെ ശക്തിപ്പെടുത്താനാണ് പട്ടേല്‍ സംഘടനയുടെ തീരുമാനം. അതേസമയം ഈ യുവനേതാക്കളാണ് ഇന്ത്യയുടെ ഭാവി നേതാക്കള്‍ എന്ന് പറയാറായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്തയും സിപിഎം നേതാവ് അജിത് അഭയാങ്കറും പറയുന്നത്. ഏതായാലും മോദിക്കും ബിജെപിക്കും നേരെ ചോദ്യങ്ങളുമായി ഇവരുണ്ടാകും എന്നത് ഉറപ്പാണ്.

വായനയ്ക്ക്: https://goo.gl/AiNYzp

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍