UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാളിന്റെ മണ്ണില്‍ ആശ്വാസമായി ഇന്ത്യന്‍ വ്യോമസേന; ചിത്രങ്ങളിലൂടെ

Avatar

അഴിമുഖം പ്രതിനിധി

ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ലോകത്തിന് മാതൃകയാകുന്നു. ഭൂകമ്പം തച്ചുടച്ച നേപ്പാളില്‍ ജീവന്‍രക്ഷാ ദൗത്യവുമായി പറന്നിറങ്ങുന്ന ഇന്ത്യന്‍ വ്യോമസേന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയെ സംബന്ധിച്ച് അവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ കാരുണ്യപ്രവര്‍ത്തനമാണ്. അഞ്ച് ടണ്ണോളം പാല്‍, ചെറു വാഹനങ്ങള്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ബ്ലാങ്കറ്റുകള്‍, ടെന്റ് നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍, പതിനാല് ടണ്‍ ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇതിനകം നേപ്പാളിലെത്തിച്ചു കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍, രണ്ട് ഫീല്‍ഡ് ഹോസ്പിറ്റല്‍ സംഘങ്ങള്‍, എയര്‍ഫോഴ്‌സിന്റെ വാര്‍ത്താവിനിമയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടു വാഹനങ്ങള്‍ എന്നിവയും നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

നാല് C-17 Globemaster III, മൂന്ന്‍ C-130J Super Hercules, മൂന്ന്‍ IL-76 , രണ്ട് AN-32 എയര്‍ക്രാഫ്റ്റുകള്‍ രാപ്പകല്‍ ആവശ്യമായ സാധനങ്ങളുമായി നേപ്പാളിലേക്ക് പറക്കുകയാണ്. സേനയുടെ ഹെലികോപ്റ്ററുകളും എന്തിനും തയ്യാറായി കൂടെയുണ്ട്. 87 ഓളം പേരെ സുരക്ഷിതമായ പ്രദേശത്തേക്ക് എത്തിക്കാന്‍ ഈ ഹെലികോപ്റ്ററുകളുടെ സഹായം ലഭിച്ചു. 3.5 ടണ്‍ അവശ്യസാധനങ്ങള്‍ അവിടെ എത്തിക്കാനും ഇവയുടെ സഹായം ലഭ്യമായി.

2305 ദുരന്തബാധിരരെ ഇതുവരെ കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സാധിച്ചിട്ടുണ്ട്. കാലാവസഥ അനുകൂലമായാല്‍ ഭൂകമ്പബാധിതമായ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നു ചെന്ന് ഇന്ത്യന്‍ ആര്‍മിയുടെ കൂടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്താനാണ് വ്യോമസേന ഉദ്ദേശിക്കുന്നത്. അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും ആവശ്യമായ ജീവന്‍രക്ഷാ ഉപാധികള്‍ വിതരണം ചെയ്യാനും സേന തയ്യാറെടുക്കുകയാണ്.

മറ്റൊരു രാജ്യത്തെ ജനങ്ങളെ സ്വന്തം സഹോദരങ്ങളായി കണ്ടുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം ഒരു കുറവും ഇല്ലാതെ ചെയ്യുന്ന ഇന്ത്യന്‍ സേനയെ ഇപ്പോള്‍ ലോകം ഒന്നടങ്കം ആദരിക്കുകയാണ്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നടത്തുന്ന രക്ഷാദൗത്യങ്ങളുടെ ചിത്രങ്ങള്‍ താഴെ


നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശത്തു നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി കൊണ്ടുവന്ന സ്ത്രീയെ എയര്‍ഫോഴ്‌സ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ ടീം വിമാനത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു. ഡല്‍ഹിയിലെ പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യം.

 നേപ്പാളില്‍ നിന്ന് എയര്‍ഫോഴ്‌സ് മടക്കി കൊണ്ടുവന്നവര്‍ പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ വന്നിറങ്ങിയ എയര്‍ക്രാഫ്റ്റില്‍ നിന്ന് പുറത്തേക്ക് വരുന്നു.



ഭൂകമ്പത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ കാഠ്മണ്ഡു വിമാനത്തവളത്തില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ വിമാനത്തിലേക്ക് കയറ്റുന്നു.


ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ ടീം(RAMT) കാഠ്മണ്ഡു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍.


ഭൂകമ്പത്തില്‍ പരിക്കേറ്റയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന സൈനികര്‍.


ഭൂകമ്പത്തിന്റെ ഇരകളായവര്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുമ്പായി കാഠ്മണ്ഡു വിമാനത്തവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തിലേക്ക് കയറുന്നു.


ഭൂകമ്പത്തിന്റെ ഇരകളെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തിലേക്ക് കയറാന്‍ സഹായിക്കുന്ന സൈനികര്‍.


ദേശീയ ദുരന്തനിവാരണ(NDRF) സംഘവും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സൈനികരും അവശ്യസാധനങ്ങളുമായി നേപ്പാളിലേക്കുള്ള യാത്രയില്‍.


നേപ്പാള്‍ ഭൂകമ്പത്തിന്റെ ഇരകളായവര്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍, എയര്‍ഫോഴ്‌സ് വിമാനത്തില്‍ നിന്നുള്ള ദൃശ്യം.


ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ ടീം(RAMT) നേപ്പാളിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിനുള്ളിലേക്ക് കയറുന്നു.


ഭൂകമ്പബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലേക്ക് കയറ്റുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍