അഴിമുഖം പ്രതിനിധി
ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലേക്കു പോകുന്നതിനിടെ കാണാതായ വ്യോമസേനാ വിമാനം എ എന്‍ 32-നായുള്ള തെരച്ചിലിനായി ഐ എസ്ആ ര്‍ ഒ യുടെ റിസാറ്റും. ഐ എസ്ആ ര്‍ ഒയുടെ സഹായം പ്രതിരോധ മന്ത്രാലയം തേടിയതിനെത്തുടര്‍ന്നാണ് ഇത്. രാത്രിയും പകലുമെന്നില്ലാതെയും മേഘങ്ങള്‍ മൂടിയാലും ചിത്രങ്ങള്‍ എടുക്കാന്‍ റിസാറ്റിനു (റഡാര്‍ ഇമേജ് സാറ്റലൈറ്റ്) കഴിയും. അതിനാലാണ് സാറ്റലൈറ്റ് തെരച്ചിലിനായി ഉപയോഗിക്കുന്നത്.
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരുണ്ടായിരുന്ന വ്യോമസേനാ വിമാനം എഎന്‍ 32 വെള്ളിയാഴ്ച രാവിലെ കാണാതാവുകയായിരുന്നു. കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശി വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു എന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന തിരച്ചിലില്‍ 12 വിമാനങ്ങളും 13 കപ്പലുകളും പങ്കെടുക്കുന്നുണ്ട്.