UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമ്പന്നരേ ഇതിലേ ഇതിലേ; ഈ ബാങ്കുകള്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് ശരിയായ രീതിയില്‍ സമഗ്രമായ ഒരു പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. കൈക്കൂലി ഇല്ലാതെ അതിന് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കാനാവുമോ? ഇതിന്റെ ഉത്തരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കൈക്കൂലി ഇല്ലാതായാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം മുന്നോട്ട് നീങ്ങാനാവാതെ അറച്ച് നില്‍ക്കുമെന്ന് തുറന്ന് പറയാന്‍ ആരും തയ്യാറാവുന്നില്ല.

കൈക്കൂലിയില്‍ മുങ്ങിയ സാമ്പത്തികരംഗം ഇപ്പോള്‍ നമ്മളെ തിരിഞ്ഞുകടിക്കുന്നു. ആഗോള തലത്തില്‍ നമ്മളെ നാണംകെടുത്തുകയും ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയ്ക്കും ലക്ഷങ്ങളുടെ ക്ഷേമത്തിനും നമ്മുടെ വലിയ സാമ്പത്തികരംഗത്തിന്റെ മൊത്തത്തിലുള്ള നിലനില്‍പ്പിനും ഭീഷണിയാവുകയും ചെയ്യുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍.

പൊതു വാണിജ്യ കമ്പനിയായ ഭൂഷന്‍ സ്റ്റീല്‍ ലിമിറ്റഡിന്റെ മനേജിംഗ് ഡയറക്ടര്‍ നീരജ് സിംഗാളിനെ സിബിഐ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന് കൈക്കൂലി നല്‍കിയതിന് നടന്ന അറസ്റ്റ് എങ്ങനെയാണ് നമ്മുടെ സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്.

മുതിര്‍ന്ന പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കുടംബ-നിയന്ത്രിത കമ്പനിയായ ഭൂഷന്‍ സ്റ്റീല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊതുമേഖലയില്‍ നിന്നും 40,000 കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചിരുന്നു. കമ്പനിയുടെ മൊത്തം ഇക്വിറ്റി കമ്പോള മൂല്യം വെറും 5000 കോടി രൂപ മാത്രമായിരിക്കുമ്പോഴാണ് ഇത്. കമ്പനിയുടെ മൊത്തം കമ്പോള മൂല്യത്തെക്കാള്‍ എട്ടിരട്ടി അധികം വായ്പകള്‍!

 

ഈ കമ്പനിക്ക് ഇത്രയധികം പണം നല്‍കുന്നത് അസ്വാഭാവികതയായി നമ്മുടെ ബഹുമാനപ്പെട്ട പൊതുമേഖല ബാങ്കുകള്‍ക്കൊന്നും തോന്നിയില്ല. ഭൂഷന്‍ സ്റ്റീലിന് വായ്പയുടെ കാലാവധി നീട്ടിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ സിന്റിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍ സുധീര്‍ കുമാര്‍ ജയിന്‍ അറസ്റ്റിലായതോടെയാണ് ഭൂഷന്‍ സ്റ്റീലിന് ലഭിക്കുന്ന വായ്പകളുടെ സത്യാവസ്ഥ ലോകത്തിന് ബോധ്യപ്പെട്ടത്.

ദൗര്‍ഭാഗ്യവശാല്‍ ഭൂഷന്‍ സ്റ്റീല്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ സ്വകാര്യമേഖലയിലെ മിക്ക കമ്പനികളും പ്രവര്‍ത്തിക്കുന്നത് സമാനമായാണ്. മിക്കപ്പോഴും അവര്‍ പിടിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ആഗോള വേദികളില്‍ അവര്‍ ഇന്ത്യയുടെ വളര്‍ന്നു വരുന്ന സ്വകാര്യ നക്ഷത്രങ്ങളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു.

 

സമീപകാലത്ത് ഇങ്ങനെ സ്വകാര്യ കമ്പനികള്‍ക്ക് മതിയായ അന്വേഷണങ്ങള്‍ നടത്താതെ പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ നമ്മുടെ വിലപ്പെട്ട പണം സമയത്ത് തിരികെ അടയ്ക്കാനാവാത്ത അവസ്ഥയിലാണ് മിക്ക കമ്പനികളും.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തികള്‍ കൈവശം വച്ചിരിക്കുന്നതിന്റെ പേരില്‍ മോശം പ്രതിച്ഛായയുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 7000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാനാവാതെ അവസ്ഥയിലാണുള്ളത്. കമ്പനി മുങ്ങിക്കൊണ്ടിരിക്കുകയും ആസ്തി പ്രതികൂലമായിരിക്കയും ചെയ്യുന്ന അവസ്ഥയിലും എയര്‍ലൈന്‍സിന് മറ്റൊരു 950 കോടിയുടെ വായ്പ നല്‍കുകയാണ് ഐഡിബിഐ ബാങ്ക് ചെയ്തത്. നിവിലുള്ള വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ പരാജയപ്പെട്ട ശേഷവും ഏതെങ്കിലും ബാങ്കുകള്‍ നിങ്ങള്‍ക്ക് വായ്പ വാഗ്ദാനം നല്‍കിയിട്ടുണ്ടോ? പക്ഷെ ഈ നിയമം ഇന്ത്യയിലെ സമ്പന്നര്‍ക്ക് മാത്രം ബാധകമാണ്.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രവര്‍ത്തക്ഷമമല്ലാത്ത ആസ്തികള്‍ വിന്‍സം ഡൈമണ്‍ഡ്‌സ് ആന്റ് ജ്വല്ലറി എന്ന കമ്പനിക്കാണ്. പല പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 6000 കോടിയുടെ വായ്പ സംഘടിപ്പിച്ച ശേഷം ഇതിന്റെ ഉടമ മുങ്ങി. ഇതിന്റെ ഉടമയെ ഇപ്പോള്‍ ഇന്ത്യയില്‍ കാണാനില്ലെന്ന് മാത്രമല്ല അതിന്റെ ഈടുകള്‍ക്ക് യാതൊരു മൂല്യവുമില്ലാത്ത അവസ്ഥയിലുമാണ്. മാത്രമല്ല പണത്തിന്റെ നല്ലൊരു ഭാഗവും അവര്‍ രാജ്യത്തുനിന്നും കടത്തിയതായും കരുതുന്നു. യാതൊരു പരിശോധനയും നടത്താതെയാണ് നമ്മുടെ വന്‍കിട ബാങ്കുകള്‍ ഈ കമ്പനിക്ക് വായ്പ നല്‍കിയതെന്ന് സാരം.

നൂറ് കണക്കിന് മറ്റ് സ്വകാര്യ കമ്പനികളെയും ധനികരായ വ്യക്തികളെ സംബന്ധിച്ചിടത്തോളവും കഥയില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല. യാതൊരു പരിശോധനങ്ങളുമില്ലാതെ അവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കുകയും ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിക്കപ്പെടാതിരിക്കുകയും രാജാവിനുള്ളത് പോലെയുള്ള പരിഗണന അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. അതേ സമയം ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് പോലും സാധാരണക്കാരന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ അപമാനിക്കപ്പെടുന്നു.

 

2013 ഡിസംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം വായ്പ മുടക്കിയ 50 പേരില്‍ നിന്നും 53,000 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ ആയിരം കോടിയില്‍ കൂടുതല്‍ കുടിശികയുള്ള 19 കമ്പനികളെങ്കിലും ഉണ്ട്. എന്നിട്ടും നമ്മുടെ ബഹുമാന്യരായ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചും വേവലാതിപ്പെടുന്നു!

സ്റ്റേറ്റ് ബാങ്കുകളിലെ അഴിമതി വലിയ ഒരു ‘പൊതുനയ ബാധ്യത’യാണെന്ന് വിലയിരുത്തിയ ആര്‍ബിഐ സമിതി, ഇത്തരം ബാങ്കുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരികള്‍ 50 ശതമാനത്തില്‍ താഴെയായി കുറച്ചു കൊണ്ട് വരണമെന്ന് മേയില്‍ ശുപാര്‍ശ ചെയ്തു.

 

സ്ഥിതിഗതികള്‍ ഇതിലും ഭയാനകമാണ്. അഴിമതി നിറഞ്ഞതും കാര്യക്ഷമത ഇല്ലാത്തതുമായ ഈ ബാങ്കിംഗ് മേഖലയും സ്വകാര്യ മേഖലയുമായുള്ള അവരുടെ അവിശുദ്ധ ബന്ധവും നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഒന്നാണ്. നിങ്ങളുടെ നഗരത്തിലെ അപ്പാര്‍ട്ടുമെന്റുകളുടെ വില വാണം പോലെ കുതിച്ചുയരുന്നെങ്കില്‍ അതിന് കാരണം 2012-13 ല്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ക്ക് നല്‍കുന്ന വായ്പ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചതാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് പണം ഒഴുകാന്‍ തുടങ്ങിയതോടെ അവര്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. അവരുടെ വര്‍ദ്ധിച്ചുവരുന്ന പലിശ ബാധ്യതകള്‍ നിര്‍മ്മാണ ചിലവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കി. ഇത്രയും എളുപ്പം ലഭിക്കുന്ന പണം ഊഹക്കച്ചവടത്തിനും മറ്റ് അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്കും വഴി വച്ചു. ഫലം: പ്രത്യേകിച്ച് യുക്തമായ ഒരു സാമ്പത്തിക കാരണവും കൂടാതെ നമ്മുടെ കെട്ടിടങ്ങളുടെ വില വര്‍ദ്ധിച്ചു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യന്‍ വളര്‍ച്ച എന്ന കെട്ടുകഥ
പ്രധാനമന്ത്രിക്ക് സ്വകാര്യ ബാങ്കുകളെ വിശ്വാസമില്ലേ?
രഘുറാം രാജന്‍ റിപ്പോര്‍ട്; ഭരണഘടന സ്ഥാപനങ്ങളുടെ ഇടയിലേക്ക് ഒരു കള്ളക്കടത്ത്
ധനികര്‍ക്ക് വേണ്ടി ധനികര്‍ ഭരിക്കുമ്പോള്‍

കള്ളപ്പണത്തിന്റെ വോട്ടെടുപ്പ് വഴികള്‍

 

സമീപകാലത്തെ ഒരു റിപ്പോര്‍ട്ടില്‍ ആര്‍ബിഐ ഇങ്ങനെ വിലയിരുത്തുന്നു, ‘കഴിഞ്ഞ കാലങ്ങളില്‍, സെന്‍സിറ്റീവ് മേഖലകളിലുള്ള (റിയല്‍ എസ്‌റ്റേറ്റ്, ഊര്‍ജ്ജം പോലുള്ളവ) വായ്പയുടെ വളര്‍ച്ച മൊത്തം വായ്പയുടെ വളര്‍ച്ചയെ പിന്‍പറ്റിയുള്ളതായിരുന്നു. എന്നാല്‍. 2012-13 കാലഘട്ടത്തില്‍ സെന്‍സിറ്റീവ് മേഖലകളിലുള്ള വായ്പയുടെ വളര്‍ച്ച ഇരട്ടിച്ചു. ഇത് പ്രധാനമായും നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വായ്പാ വളര്‍ച്ചയായിരുന്നു.’ ഈ കാലയളവില്‍, എസ് ബി ഐയുടെയും അതിന്റെ അസോസിയേറ്റ് ബാങ്കുകളുടെയും നിര്‍മ്മാണ മേഖലയിലെ വായ്പകളില്‍ 24.3 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി; പുതിയ സ്വകാര്യ ബാങ്കുകളുടെ ഈ മേഖലയിലെ വായ്പാ വളര്‍ച്ച 14.8 ശതമാനമായിരുന്നു.

അതുകൊണ്ട് സുഹൃത്തെ, അടുത്ത തവണ നിങ്ങള്‍ ബാങ്കില്‍ പോകുമ്പോള്‍ ഇന്ത്യയിലെ വന്‍ വായ്പാ കുടിശികക്കാരുടെ ഒരു ലിസ്റ്റ് കൂടി കരുതുക. നിങ്ങള്‍ അവരില്‍ ഒരാളല്ലെങ്കില്‍ ബാങ്കുകള്‍ നിങ്ങളോട് കുറച്ചുകൂടി മാന്യമായി പെരുമാറേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുകയെങ്കിലും ചെയ്യണം. മേശയ്ക്ക് അപ്പുറം ഇരിക്കുന്ന ഉദ്യോഗസ്ഥന് എന്നെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ അങ്ങനെ ഒരു പട്ടിക ഗുണം ചെയ്‌തേക്കും!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍