UPDATES

ട്രെന്‍ഡിങ്ങ്

ബ്ലഡി ഇന്‍ഡ്യന്‍, നീ ഇത് അര്‍ഹിക്കുന്നു; ഓസ്‌ട്രേലിയയില്‍ വീണ്ടും വംശീയാക്രമണം

25 കാരനായ ടാക്‌സി ഡ്രൈവറാണ് ഓസ്‌ട്രേലിയന്‍ ദമ്പതിയുടെ മര്‍ദ്ദനത്തിന് ഇരയായത്

ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ ഓസ്‌ട്രേലിയയില്‍ തുടരുന്നു. വെള്ളിയാഴ്ച ടാസ്മാനിയയിലെ സാന്‍ഡി ബേ പ്രവിശ്യയില്‍ ഒരു ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഓസ്‌ട്രേലിയന്‍ ദമ്പതി വംശീയ ആക്രമണം നടത്തിയതാണ് ഒടുവിലത്തെ സംഭവം. താന്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ടതായി എഎന്‍ഐയോട് ഇദ്ദേഹം പറഞ്ഞു. എന്നാല്‍ പേര് വെളിപ്പെടുതരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് അന്വേഷണേ ഉദ്ധ്യോഗസ്ഥര്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഒരു ഭക്ഷണശാലയില്‍ നിന്നും ദമ്പതി ഇദ്ദേഹത്തിന്റെ ടാക്‌സിയില്‍ കയറിയത്. കൈയിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചെറിയുന്നതിന് വനിത ഇടയ്ക്കിടയ്ക്ക് കാറിന്റെ വാതില്‍ തുറന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അങ്ങനെ ചെയ്യരുതെന്ന് ഡ്രൈവര്‍ അവരോട് അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന ആവര്‍ത്തിച്ചതില്‍ കുപിതാരായ ദമ്പതി ഇദ്ദേഹത്തെ തെറി വിളിക്കാനും വംശീയമായി അധിക്ഷേപിക്കാനും ആരംഭിച്ചു.

ടാക്‌സിയില്‍ നിന്നും ഇറങ്ങിയ ഇരുവരും കാറിന് നാശം വരുത്താന്‍ തുടങ്ങി. ‘ബ്ലഡി ഇന്‍ഡ്യന്‍സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്ത്രീ തന്റെ അവഹേളനം തുടര്‍ന്നു. ഇതിനിടയില്‍ പുറത്തിറങ്ങിയ ഡ്രൈവറെ പുരുഷന്‍ പിന്നില്‍ നിന്നും ഇടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. നിലത്തുവീണ ഇദ്ദേഹത്തെ പുരുഷന്‍ അവിടെ ഇട്ട് തൊഴിക്കുകയും ‘സഭ്യമല്ലാത്ത വാക്കോടെ ഇന്ത്യക്കാരാ, നീ ഇത് അര്‍ഹിക്കുന്നു,’ എന്ന് ആക്രോശിക്കുകയും ചെയ്തു.

മര്‍ദ്ദനം തുടരുന്നതിനിടയില്‍ എത്തിയ ചിലരാണ് 25 കാരനായ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ടാക്‌സി ഡ്രൈവറെ ആക്രമിച്ച ദമ്പതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചതായി ഓസ്‌ട്രേലിയന്‍ വാര്‍ത്തപോര്‍ട്ടലായ ദി മെര്‍ക്കുറി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നടന്നത് വംശീയാക്രമണം അല്ലെന്നും അധിക കൂലി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നുവെന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം ഒരു പാര്‍ക്ക് ബഞ്ചില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു ഇന്ത്യന്‍ യുവാവിനെതിരേയും തദ്ദേശിയരായ ദമ്പതിയില്‍ നിന്നും വംശീയധിക്ഷേപവും മര്‍ദ്ദന ശ്രമവും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍