UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോപ്പിനെ കാണാന്‍ മോദി പോകുമോ?

Avatar

അഴിമുഖം പ്രതിനിധി

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തതില്‍ കത്തോലിക്കാ സഭ ആശങ്കയില്‍. സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്നായിരുന്നു സഭയുടെ പ്രതീക്ഷ. ‘ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സംഘത്തിന്റെ നേതാവായി പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതല്ലാതെ ആരൊക്കെയാണ് സംഘത്തിലുണ്ടാകുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല,’ കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഡപ്യുട്ടി സെക്രട്ടറി ജനറല്‍ ഫാ. ജോസഫ് ചിന്നയാന്‍ പറയുന്നു.

ഇന്ത്യയുടെ പങ്കാളിത്തത്തിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും സമയമാകുമ്പോള്‍ സഭയെ അറിയിക്കുമെന്നുമാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ നിലപാട്. ഉന്നതതല പ്രതിനിധിസംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി സുഷമാ സ്വരാജായിരിക്കും സംഘത്തെ നയിക്കുകയെന്ന് ജൂലൈ 28ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണിത് എന്നും അറിയിച്ചിരുന്നു.

എന്നാല്‍ സുഷമാ സ്വരാജിനെയല്ല പ്രതീക്ഷിച്ചിരുന്നതെന്ന് സഭ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ‘ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള’ പ്രാതിനിധ്യമാണ് അത് അര്‍ഹിക്കുന്നതെന്ന് ഫാ. ചിന്നയാന്‍ പറഞ്ഞു. ‘ഏപ്രിലില്‍ ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട് പ്രതിനിധി സംഘത്തെ നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായി പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പും തന്നിരുന്നു. എന്നാല്‍ അദ്ദേഹം സുഷമാ സ്വരാജിനെ നിര്‍ദേശിക്കുകയാണുണ്ടായത്. പല ദേശങ്ങളില്‍ നിന്നും രാജ്യത്തലവന്മാര്‍ പങ്കെടുക്കുന്ന വളരെ പ്രധാനപ്പെട്ട ചടങ്ങായതിനാല്‍ പ്രധാനമന്ത്രി തന്നെ സംഘത്തെ നയിക്കുമെന്നാണ് സഭയുടെ പ്രതീക്ഷ’.

ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് മോദി സുഷമയെ ദൗത്യം ഏല്‍പിച്ചത്. അതേ സമയം യോഗി ആദിത്യനാഥ്, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് തുടങ്ങി മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തി എന്ന് ആരോപിച്ചവരുടെ വാദങ്ങളാല്‍ സര്‍ക്കാര്‍ സ്വാധീനിക്കപ്പെടില്ലെന്നാണ് സഭ പ്രതീക്ഷിക്കുന്നത്.

ചടങ്ങിലേക്ക് സ്വന്തം പ്രതിനിധി സംഘങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമെത്തുമെന്ന് സിബിസിഐ അറിയിച്ചു. ‘പ്രധാന സംഘത്തിന്റെ വിശദവിവരങ്ങള്‍ ഈയാഴ്ചയോടെ കേന്ദ്രസര്‍ക്കാര്‍ അറിയിക്കുമെന്നാണു കരുതുന്നതെന്നും’ ചിന്നയാന്‍ പറഞ്ഞു.

ഇന്ത്യന്‍ നേതാക്കളും പോപ്പുമായുള്ള കൂടിക്കാഴ്ചകള്‍ വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. 1980ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സന്ദര്‍ശിച്ചതാണ് ഇത്തരത്തില്‍ നടന്ന അവസാന കൂടിക്കാഴ്ച. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍