UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറത്തു കാണിക്കുന്നതും അകത്ത് ഒളിപ്പിച്ചിരിക്കുന്നതും

‘നുണകള്‍ മൂന്ന് തരത്തിലുണ്ട്: നുണകള്‍, കൊടും നുണകള്‍ പിന്നെ കണക്കുകളും’ എന്ന പ്രസിദ്ധമായ ഉദ്ധരി അമേരിക്കാന്‍ സാഹിത്യകാരന്‍ മാര്‍ക് ട്വയിനാണ് 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബഞ്ചമിന്‍ ഡിസറേലിക്ക് മേല്‍ ചാര്‍ത്തിക്കൊടുത്തത്. ഡിസറേലിയുടെ പുസ്തകങ്ങളിലോ മറ്റ് എഴുത്തുകളിലോ ഒന്നും അത്തരം ഒരു പരാമര്‍ശം കണ്ടെടുക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ലെങ്കിലും, തങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വളരെ ദുര്‍ബലമാണെങ്കില്‍ പോലും ഒരു രാഷ്ട്രീയ നിലപാടിനെ ന്യായീകരിക്കാനോ ഒരു വാദഗതിയെ നിരസിക്കാനോ ആയി അക്കങ്ങളുടെ ‘പ്രേരണാത്മകമായ ശക്തി’ എങ്ങനെ സാമ്പത്തിക ശാസ്ത്രകാരന്മാരും മറ്റ് അക്ക ആരാധകരും എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നതിനായി ഈ വാചകം ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടു. 

ജനുവരി 30ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നടപ്പാക്കാല്‍ മന്ത്രാലയം ‘ദേശീയ വരുമാനം, ഉപഭോഗച്ചിലവ്, നിക്ഷേപങ്ങളും മൂലധനരൂപീകരണവും സംബന്ധിച്ച കണക്കുകളുടെ പുതിയ പരമ്പര (അടിസ്ഥാന വര്‍ഷം 2011-12) പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ കുറിച്ച് ബോധമുള്ള നിരീക്ഷകര്‍ ഞെട്ടിത്തരിച്ചുപോയി. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന (ജിഡിപി) ത്തിന്റെ വളര്‍ച്ച നിരക്ക് കണക്കാക്കപ്പെട്ടത് 4.7 ശതമാനത്തില്‍ നിന്നും 5.1 ശതമാനത്തിന്റെ വര്‍ദ്ധനയായിരുന്നെങ്കില്‍ അതിന് ശേഷമുള്ള 2013-14ലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍ വളര്‍ച്ചാ നിരക്കിലുള്ള വര്‍ദ്ധന കണക്കാക്കപ്പെട്ടത് അഞ്ച് ശതമാനത്തില്‍ നിന്നും 6.9 ശതമാനത്തിലേക്ക് അതായത് രണ്ട് ശതമാനം പോയിന്റിന്റെ വര്‍ദ്ധനയായിരുന്നു. 

ഇവ ചെറിയ മാറ്റങ്ങള്‍ ആയിരുന്നില്ല. ഒരു രാജ്യത്ത് ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും സാമ്പത്തിക മൂല്യത്തെയാണ് ആ രാജ്യത്തിന്റെ ദേശീയ വരുമാനം അഥവ മൊത്തം ആഭ്യന്തര ഉല്‍പാദനം എന്ന് വിളിക്കപ്പെടുന്നത്. ഈ കണക്കില്‍ എല്ലാ സ്വകാര്യ, പൊതു സാധന, സേവന ഉപഭോഗവും സര്‍ക്കാരിന്റെ സാമ്പത്തിക ചിലവുകള്‍, നിക്ഷേപങ്ങള്‍ എന്നിവയും അറ്റ വിദേശ വ്യാപാരവും (കയറ്റുമതി ന്യൂനം ഇറക്കുമതി) ഉള്‍പ്പെടുന്നു. ജിഡിപി കണക്കാക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും – ഒന്നുകില്‍ മൊത്തം ഉല്‍പാദന ഉപാധികളുടെ ചിലവ് കണക്കാക്കുക അല്ലെങ്കില്‍ ‘കൂട്ടിച്ചേര്‍ക്കപ്പെട്ട മൊത്തം മൂല്യം’ കണക്കാക്കുക- സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം വാക്കുകള്‍ വെറും വാചാടോപങ്ങള്‍ മാത്രമാണ്. എന്നിരുന്നാലും ജിഡിപി കണക്കുകള്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സൂചകമാണെന്ന് ചിലരെങ്കിലും കരുതുന്നു. എന്നാല്‍ ചിലര്‍ ഇതിനോട് ശക്തമായി വിയോജിക്കുന്നു. അതിന് കുറിച്ച് വിശദമായി പിന്നീട്. സിഎസ്ഒയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇപ്പോള്‍ അവസാനിച്ച 2014-15 വര്‍ഷ കാലയളവിലെ ഇന്ത്യയുടെ ജിഡിപി 1,26,53,762 കോടി രൂപയാണ്. 

പുതിയ ജിഡിപി കണക്കുകള്‍ പുറത്ത് വന്നതിന് ശേഷം തങ്ങള്‍ പൂര്‍ണമായും അമ്പരന്നുപോയി എന്ന് പറഞ്ഞവരൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായ ധാരണയുള്ളവരാണെന്നതാണ് സര്‍ക്കാരിനെ കൂടുതല്‍ ലജ്ജിപ്പിച്ചത്. അവരില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഭാരത സര്‍ക്കാരിന്റെ ധനകാര്യ മന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും ഉള്‍പ്പെടുന്നു. സ്വാഭാവികമായും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന് (സിഎസ്ഒ) നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. 

രണ്ട് മാസത്തിന് ശേഷവും ആശയക്കുഴപ്പം ഇനിയും ഒഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും ഇടിവുണ്ടാവുകയും കയറ്റുമതി (ഇത് സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്) കുത്തനെ ഇടിയുകയും ചെയ്തത് മൂലം 2012-13ലെയും 2013-14ലെയും ജിഡിപി കണക്കുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം അതായത് ഫെബ്രുവരി 27ന് ധനമന്ത്രാലയം പുറത്തുവിട്ട സാമ്പത്തിക സര്‍വെ രേഖകളില്‍ പറയുന്നത്. തീര്‍ച്ചയായും അതൊരു ഒഴിഞ്ഞുമാറല്‍ പ്രസ്തവനയാണ്. ആരെങ്കിലും എവിടെയെങ്കിലും കാര്യങ്ങള്‍ വ്യക്തമാക്കിയേ പറ്റു. 

വര്‍ഷങ്ങളായി വിദഗ്ധര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. സ്വന്തം വിശ്വാസ്യത നിലനിറുത്തുക എന്ന ഉദ്ദേശത്തോടെയെങ്കിലും, കോര്‍പ്പറേറ്റ് കാര്യമന്ത്രാലയവുമായി (എംസിഎ) ചേര്‍ന്ന് സിഎസ്ഒ തങ്ങളുടെ കൈയിലുള്ള എല്ലാ കമ്പനികളുടെയും മുഴുവന്‍ വിവരങ്ങളും പരസ്യപ്പെടുത്തുന്ന പക്ഷം അത് സ്വതന്ത്ര ഗവേഷകര്‍ക്ക് പരിശോധിക്കാനും അങ്ങനെ ഏത് തരത്തിലുള്ള ആശയക്കുഴപ്പവും പരിഹരിക്കാനും സാധിക്കും. 

സിഎസ്ഒയുടെ രണ്ട് ഉപകമ്മിറ്റികള്‍ പുറത്തുവിട്ട രണ്ട് സെറ്റ് വിവരങ്ങളില്‍ വന്ന ഗൗരതരമായ വ്യത്യാസങ്ങളാണ് ജിഡിപി കണക്കാക്കുകലുകളില്‍ വന്ന മാറ്റങ്ങള്‍ക്ക് കാരണമായതെന്ന യാഥാര്‍ത്ഥ്യമാണ് സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ പുറത്തുവിടണം എന്ന ആവശ്യം ശക്തമായതിന് പിന്നില്‍. 2012-13ല്‍ കോര്‍പ്പറേറ്റ് മേഖല ‘ഉല്‍പാദനത്തില്‍ മൊത്തം കൂട്ടിച്ചേര്‍ത്തിരിക്കുന്ന മൂല്യം’ (gross value added in manufacturing) ഇരട്ടിയിലധികമായതായി കണക്കാക്കുമ്പോള്‍ തന്നെ, ‘ധനകാര്യേതര സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയിലെ സമ്പാദ്യം’ രണ്ടര ഇരട്ടിയിലധികമായതായി പറയുന്നതാണ് പ്രധാന വ്യതിയാനം. 

മുംബെയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ചിലെ പ്രൊഫസറും സിഇഒയുടെ ആദ്യ ഉപസമിതിയിലെ ‘സ്വതന്ത്ര’, അനൗദ്ധ്യോഗിക അംഗവുമായ ആര്‍ നാഗരാജന്‍, ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ (28 മാര്‍ച്ച്) എഴുതിയ ഒരു ലേഖനത്തിലാണ് ഈ വ്യത്യാസം ചൂണ്ടിക്കാട്ടിയത്. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെയാണ് ജിഡിപി കണക്കുകളില്‍ ഉ്ള്‍പ്പെടുത്തുക എന്നതിനെ കുറിച്ച് പഠിച്ച ആദ്യ സമിതി, 2014 സപ്തംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ സിഎസ്ഒ പിന്നീട് നിയോഗിച്ച രണ്ടാമത്തെ കമ്മിറ്റി കണക്കുകൂട്ടലിന്റെ രീതിശാസ്ത്രം മാറ്റിമറിച്ചു. 

വിവിധ തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചതില്‍ രീതിയില്‍ നിന്നാണ് ഈ കണക്കുകളുടെ രണ്ട് പട്ടികകളില്‍ വ്യത്യാസം ഉടലെടുത്തതെന്ന സാങ്കേതിക വിവരങ്ങളുടെ തലനാരിഴ കീറാതെ പറയാന്‍ സാധിക്കും. ആദ്യ ഔദ്ധ്യോഗിക ഉപസമിതി 5,20,000 കമ്പനികളുടെ വിവരങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ രണ്ടാമത്തെ സമിതിയാവട്ടെ പിന്നീട് കണ്ടുപിടിക്കപ്പെട്ടതുള്‍പ്പെടെ ‘സജീവമായ’ 9,00,000 കമ്പനികളില്‍ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിച്ചത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ള കുറഞ്ഞപക്ഷം ഒരു തവണയെങ്കിലും വാര്‍ഷിക കണക്കുകള്‍ (ബാലന്‍സ് ഷീറ്റും ലാഭ, നഷ്ട കണക്കുകളും) സമര്‍പ്പിച്ച കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയാണ് സജീവമായ കമ്പനികളുടെ നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നത്.
 

സിഎസ്ഒയും എംസിഎയും എല്ലാ വിവരങ്ങളും പുറത്തുവിടുന്നത് പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കമ്പനികള്‍ ഉണ്ടെങ്കിലും അവയില്‍ പലതും ഏറ്റവും ഋജുവായ മാനദണ്ഡങ്ങള്‍ വച്ച് നോക്കിയാല്‍ പോലും ‘സജീവമല്ല’. ഇവയില്‍ പലതും പുറംതോട് കമ്പനികളാണെന്നും ഇത്തരം ഡമ്മി കമ്പനികളെ ഉപയോഗിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനും മറ്റ് നിഗൂഢ പ്രവര്‍ത്തികള്‍ക്കും വേണ്ടിയാണെന്നതും ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. ഗവേഷകര്‍ക്ക് വിശ്വസനീയമായ കണക്കുകള്‍ ലഭിക്കാതിരിക്കുന്നിടത്തോളം കാലം, ജിഡിപി വളര്‍ച്ചയെ കുറിച്ചുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. ആളുകളുടെ കണ്ണടയ്ക്കുന്നതിനെക്കാള്‍ കൂടുതലായി പുതിയ കണക്കുകള്‍ക്ക് പറയാനുണ്ടെന്ന് മാത്രമല്ല അടിസ്ഥാന വര്‍ഷം 2004-04ല്‍ നിന്നും 2011-12ലേക്ക് മാറ്റിയത് ഒരു നിസാരമാറ്റത്തിനപ്പുറം എന്തൊക്കെയോ ആണ്. 

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ചൈനയെക്കാള്‍ അധിമാകുന്നത് എങ്ങനെ എന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്നുണ്ട്. ഈ പോരാട്ടത്തിന്റെ കഥ സാമ്പത്തിക സര്‍വെയുടെ മുഖച്ചിത്രമായി വരച്ച് കാണിച്ചിട്ടുമുണ്ട്. പക്ഷെ മൊത്തം ആഭ്യന്തര ഉല്‍പാദന കണക്കുക അസമത്വം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളെ മറച്ചുവയ്ക്കുന്നു. ഒരു സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ സൂചകമാണ് ജിഡിപി എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവര്‍, ഈ കണക്കുകളില്‍ കുട്ടികളുടെ സംരക്ഷണവും വൃദ്ധരുടെ സംരക്ഷണവും ഉള്‍പ്പെടെ സ്ത്രീകള്‍ ചെയ്യുന്ന ജോലികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും (മയക്കുമരുന്ന്, മനുഷ്യക്കടത്ത് പോലുള്ളവ) ഉള്‍പ്പെടുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു.

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി അശോക് മിത്ര സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ ‘കാര്യങ്ങള്‍ മറച്ചുപിടിക്കുന്നവര്‍’ എന്ന് വിശേഷിപ്പിക്കുകയും ജനങ്ങള്‍ക്കും രാജാക്കാന്മാര്‍ക്കും ഇടത്തട്ടുകാരായി പ്രവര്‍ത്തിക്കുന്ന പഴയ ബ്രാഹ്മണന്മാരുമായി അവരെ താരതമ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ബിക്കിനിയുമായി കണക്കുകളെ താര്യതമ്യം ചെയ്യുന്ന ഒരു പഴയ ലൈംഗിക ചുവയുള്ള തമാശയുണ്ട്: പുറത്ത് കാണുന്നത് ചില സൂചകങ്ങള്‍ ആയിരിക്കാം പക്ഷെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാണ് നിര്‍ണായകം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍