UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭംഗിവാക്കുകള്‍ക്കപ്പുറം സമ്പദ് രംഗം മെച്ചപ്പെടാനുണ്ട്

Avatar

ടീം അഴിമുഖം

ജനങ്ങളുടെ പ്രതീക്ഷയുടെ ചിറകുകളിലേറിയാണ്  മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതില്‍ പ്രധാനം സമ്പദ് രംഗം മെച്ചപ്പെടലും, വേതനം വര്‍ധിക്കലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചമാകലും ആയിരുന്നു.

ആദ്യത്തെ രണ്ടു വര്‍ഷക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടമെന്ന് പറയുന്നത്, നയപരമായ നടപടിരാഹിത്യവും ഭീമമായ അഴിമതിയും മൂലം സ്തംഭിച്ചുനില്‍ക്കുന്ന ഒരു സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ നിന്നും ഇന്ത്യയെക്കുറിച്ചുള്ള ആഖ്യാനത്തില്‍ മാറ്റം വരുത്തി എന്നാണ്. പുതിയ സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും യു പി എയുടെ ആശയങ്ങളായിരുന്നുവെങ്കിലും യു പി എ സര്‍ക്കാര്‍ അതൊന്നും വേണ്ടത്ര പ്രതിബദ്ധതയോടെ നടപ്പാക്കാന്‍ തുനിഞ്ഞിരുന്നില്ല. അടിസ്ഥാനസൌകര്യ മേഖലയിലെ കുരുക്കുകള്‍ ഒഴിവാക്കിയെന്നതാണ് പ്രധാനം. ഉദാഹരണത്തിന് കല്‍ക്കരി, ടെലികോം സ്പെക്ട്രം ലേലം സുതാര്യമാക്കുകയും കെട്ടിക്കിടക്കുന്ന പാരിസ്ഥിതിക അനുമതികള്‍ നല്കുകയും ചെയ്തു.

ഇന്ത്യയുടെ ധനനയത്തിന്റെ ഭദ്രതയെക്കുറിച്ച്   ആഗോളവിപണികളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആത്മവിശ്വാസം പുനസ്ഥാപിച്ചതോടെ സാമ്പത്തിക നയ രൂപവത്കരണത്തില്‍ പുതിയൊരു ലക്ഷ്യബോധം ഉണ്ടായിട്ടുണ്ട്. ആദ്യവര്‍ഷം തന്നെ സാമ്പത്തിക  കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വീകരിച്ചുകൊണ്ട്, നികുതിവിഹിതത്തിന്റെ 42% സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാനും അവരുടെ മുന്‍ഗണനകള്‍ക്കും തനത് ആവശ്യങ്ങള്‍ക്കും അനുസൃതമായി ഉപയോഗിക്കാനുള്ള  ഇളവ് നല്‍ക്കാനും തീരുമാനിക്കുകവഴി ഇന്ത്യയുടെ സാമ്പത്തിക ഫെഡറലിസത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. അതേസമയം തന്നെ  നിര്‍ണ്ണായകമായ അടിസ്ഥാന സൌകര്യ മേഖലകളില്‍, റോഡ്, ദേശീയപാത, റെയില്‍വേ, വലിയ പൊതുചെലവുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. ഇതേ മാതൃക പിന്തുടര്‍ന്ന സംസ്ഥാനങ്ങളും വളര്‍ച്ചയെ സഹായിക്കാവുന്ന മൂലധന ചെലവുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു.

പച്ചപ്പിന്റെ ചില പൊടിപ്പുകള്‍ കാണാന്‍ രണ്ടു വര്‍ഷമെടുത്തു. എന്നാല്‍ അതൊന്നും ഇനിയും വേരുപിടിച്ചിട്ടില്ല. ഉപഭോഗാധിഷ്ഠിതമായ ആവശ്യത്തിന്റെ വര്‍ദ്ധനവ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയെ സഹായിച്ചേക്കും. സമ്പദ് രംഗത്തിന്റെ 55% ഉപഭോഗമാണ്. രാജ്യത്തെ ജനസംഖ്യ വെച്ചു നോക്കിയാല്‍ അതിനിയും സമ്പദ് വ്യവസ്ഥയുടെ പ്രധാന താങ്ങായി തുടരും.

ധനക്കമ്മി കുറയ്ക്കാനുള്ള പ്രതിബദ്ധത ഉള്ളതിനാല്‍ സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും സര്‍ക്കാര്‍ ചെലവുകള്‍ ഒരു പരിധിവിട്ട് കൂട്ടാനുമാകില്ല. ആഗോള സാമ്പത്തിക അന്തരീക്ഷവും അത്ര അനുകൂലമല്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് അത്ര മോശമല്ല. പക്ഷേ, സുസ്ഥിരവും അര്‍ത്ഥവത്തുമായ ഒരു പുനരുജ്ജീവനത്തിന് ഇപ്പോള്‍ മരവിച്ചുകിടക്കുന്ന സ്വകാര്യനിക്ഷേപം ഊര്‍ജിതമായേ പറ്റൂ. വ്യാപാരം സുഗമമാക്കുന്നതിനെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങളും,MUDRA, Start-Up India, Stand-Up India , Make in India പദ്ധതികളുമൊക്കെയുണ്ടെങ്കിലും അതൊന്നും സമ്പദ് രംഗത്ത് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ കീഴില്‍ വിവിധ ശേഷികള്‍ കൈവരിച്ച ദശലക്ഷക്കണക്കിന് യുവാക്കള്‍ ഓരോ വര്‍ഷവും തൊഴില്‍ സേനയിലേക്ക് കടന്നു വരുമ്പോഴും സ്വകാര്യ മേഖലയില്‍ നിക്ഷേപം ഉണ്ടാകാത്തതിനാല്‍, അവരെ ഉള്‍ക്കൊള്ളാന്‍ ആകാത്ത തരത്തില്‍ ഇന്ത്യയുടെ ഭാവി തന്നെയാണ് പ്രതിസന്ധിയിലാകുന്നത്. ആ അവസ്ഥ മാറേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍