UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യയിലെ മികച്ച യുവസംരംഭകരായ മുപ്പത് പേരില്‍ ഒരു ഇന്ത്യന്‍ യുവാവും

അഴിമുഖം പ്രതിനിധി

സൌത്ത് ഏഷ്യന്‍ മേഖലയില്‍ സാമൂഹ്യ മാറ്റത്തിന് പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ മുപ്പതു വയസ്സില്‍ താഴെയുള്ള മികച്ച മുപ്പത് യുവസംരംഭകരെ കണ്ടെത്താനുള്ള ഫോബ്സ് മാസികയുടെ സര്‍വെയില്‍ സ്ഥാനം നേടി നാട്ടുകാര്‍ക്ക് അഭിമാനമായിരിക്കുകയാണ് രാജസ്ഥാനിലെ ജുംഞ്ചുനു ജില്ലയിലെ ബങ്കോത്താരി ഗ്രാമത്തില്‍ നിന്നുള്ള ഇരുപത്തിയൊന്‍പതുകാരനായ യശ്വീര്‍ സിംഗ്. ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള മുപ്പതുവയസ്സില്‍ താഴെയുള്ള മുപ്പത് യുവസംരഭകരെ കണ്ടെത്താനാണ്‌ ഫോബ്സ് മാഗസിന്‍ സര്‍വേ നടത്തിയത്. ഇരുപത് വ്യത്യസ്ഥ വിഭാഗങ്ങളിലായി ആകെ എട്ട് പേരാണ് ഇന്ത്യയില്‍ നിന്നും പട്ടികകളില്‍ ഇടം നേടിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരംഭകത്വ കൂട്ടായ്മയായ അശോക ഇന്നോവേറ്റെഴ്സിന്‍റെ യൂത്ത് വെഞ്ച്വര്‍ പ്രോഗ്രാം (സൌത്ത് ഏഷ്യ) ഡയറക്റ്ററാണ് യശ്വീര്‍ സിംഗ്.  തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് യശ്വീര്‍ എന്നാണ് ഫോബ്സ് മാസിക നടത്തിയ നിരീക്ഷണം. സാമൂഹിക ഉന്നമനത്തിനായി യശ്വീര്‍ നല്‍കിയ സംഭാവനകളും സമര്‍പ്പണവുമാണ് യശ്വീറിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പര്യാപ്തമാക്കിയത്.

2013ല്‍ എംബിഎ ഡിഗ്രി കരസ്ഥമാക്കിയ ഓക്സ്ഫോര്‍ഡില്‍ ഉണ്ടായിരുന്ന കാലത്തുതന്നെ സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള സംരഭമായ ഓക്സ്ഫോര്‍ഡ് ബിസിനസ് നെറ്റ്വര്‍ക്കിനെ(OBN) നയിച്ചിട്ടുണ്ട്. അന്നത്തെ യശ്വീറിന്‍റെ മികവ് കണ്ട് വൈസ് ചാന്‍സലര്‍ സോഷ്യല്‍ ഇംപാക്റ്റ്‌ അവാര്‍ഡ് നല്‍കിയാണ്‌ സര്‍വകലാശാല യശ്വീറിനെ അംഗീകരിച്ചത്. അന്ന് ഈ അവാര്‍ഡ് കരസ്ഥമാക്കിയ ഒരേയൊരാള്‍ യശ്വീര്‍ ആയിരുന്നു. പിന്നീട് സഹപാഠികളെല്ലാം കോര്‍പ്പറേറ്റ് മേഖലകളിലേക്ക് തിരിഞ്ഞപ്പോള്‍ സാമൂഹിക ഉന്നമനത്തിനായി ഇറങ്ങിത്തിരിക്കാനായിരുന്നു യശ്വീറിന്‍റെ തീരുമാനം.

ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനാണ് യശ്വീറിന്‍റെ അച്ഛന്‍. അതുകൊണ്ടുതന്നെ താന്‍ എന്നും ഇന്ത്യയിലെ ദരിദ്രരെപ്പറ്റിയും അവരുടെ ജീവിതാവസ്ഥകളെപ്പറ്റിയും ചിന്തിച്ചിരുന്നെന്ന് യശ്വീര്‍ പറയുന്നു. ഇതാണ് സാമൂഹിക ഉന്നമനം സംരംഭകത്വത്തിലൂടെ എന്ന ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്നും അതുതന്നെ തന്‍റെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നും യശ്വീര്‍ പറയുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍