UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോഗ്യനയം വേണ്ടത് തന്നെ സാര്‍; പക്ഷേ ആരുടെ ആരോഗ്യം എന്നതാണ് പ്രശ്നം

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നാം പുതിയൊരു ആരോഗ്യനയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ നയപ്രഖ്യാപന വേളയും ഏറെ പ്രതീക്ഷകള്‍ നല്‍കാറുമുണ്ട്. എന്നാല്‍ ആ നയങ്ങള്‍ നടപ്പിലാകുമ്പോഴേക്ക് ചങ്കരന്‍ പിന്നെയും തെങ്ങുമ്മേല്‍ തന്നെ എന്ന അവസ്ഥയും. ഇത്തവണയും കഥ മറ്റൊന്നാകാന്‍ തരമില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇറങ്ങുന്ന നയപ്രഖ്യാപനത്തില്‍ നല്ല തൃശ്ശൂര് ഭാഷേല്‍ പറഞ്ഞാല്‍ ന്തൂട്ട് തേങ്ങ്യാ ഇള്ളേന്നു നോക്കണ്ടേ? എന്തായാലും 58 പേജ്‌ വരുന്ന കരട് രേഖ മുഴുവന്‍ വിശകലനം ചെയ്യാന്‍ ഞാന്‍ മുതിരുന്നില്ല. ഈ നയരേഖയില്‍ സര്‍ക്കാരിന്റെ ചില അവകാശവാദങ്ങളെ ഒന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

 

ആരോഗ്യം എന്ന വിഷയത്തെ സമീപിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നതുതന്നെയാണ് പ്രധാനം. ആരോഗ്യം  ജനങ്ങളുടെ അവകാശമാണ് എന്ന് തിരിച്ചറിയുന്നതിന്റെ ആരംഭത്തിലാണോ സര്‍ക്കാര്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നയം രൂപകല്പന ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് 2015-ലെ ആരോഗ്യനയം മുന്നോട്ടു വയ്കുന്ന മുദ്രാവാക്യം.

 

 

മില്ലെനിയം ഡവലപ്മെന്‍റ്  ഗോള്‍സ് (എം ഡി ജി ) നേടാന്‍ ഇന്ത്യക്ക് ഇനിയും സാധിച്ചിട്ടില്ല എന്ന വസ്തുത നാം ഇവിടെ കണക്കിലെടുക്കണം. എം ഡി ജി പ്രകാരം നമ്മുടെ മാതൃ മരണനിരക്ക് (ഗര്‍ഭകാലം മുതല്‍ പ്രസവം കഴിഞ്ഞ് 42 ദിവസത്തിനകം മരണം നടക്കുന്ന അവസ്ഥ) 140 ആയിരിക്കണം എന്നാണ്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം  തന്നെ നമ്മുടെ മാതൃ മരണനിരക്ക് 178 ആണ്. ഈ 178 എന്നതും തെറ്റാണ് എന്നതാണ് സത്യം. ശരിയായി കണക്കെടുത്താല്‍ ഇതിലും എത്രയോ ഭീകരമായ ഒരു സംഖ്യയാണ് ലഭിക്കുക. 2013-ല്‍ ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ ഒരു ബ്ലോക്കില്‍ മാത്രം നടന്നത് 68-ഓളം മാതൃമരണങ്ങള്‍ ആണ്. കണക്കില്‍പ്പെടാത്ത മരണങ്ങള്‍ ഇതിലും  എത്രയോ അധികം വരും. പലപ്പോഴും മാതൃമരണനിരക്ക് കുറയുന്നു എന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ ഇന്ത്യയിലെ ഓരോ  ഗ്രാമത്തിലും ചെന്ന് നാം കണക്കെടുക്കേണ്ടി വരും. ഇത് തന്നെ ആണ് അഞ്ചു വയസ്സിനു മുന്‍പേ മരിക്കുന്ന ശിശുക്കളുടെ എണ്ണത്തിന്റെ കാര്യത്തിലും. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇന്ത്യയിലെ ശിശുമരണ നിരക്ക്  വെറും 52 മാത്രം. എന്നാല്‍ നമ്മുടെ അട്ടപ്പാടിയില്‍ മാത്രം ഒരു മാസത്തിനുള്ളില്‍ മരിച്ചത് 12 കുഞ്ഞുങ്ങളാണ്. “പുരോഗമന” കേരളത്തിലെ കണക്കാണിതെന്ന്‍ ആലോചിക്കുമ്പോഴാണ് നമ്മുടെ ആരോഗ്യരംഗത്തിന്റെ ചിത്രം എത്രമാത്രം ദയനീയമാണെന്ന് തിരിച്ചറിയുന്നത്‌.

 

സര്‍ക്കാര്‍ പുറത്തുവിട്ട ചില  കണക്കുകള്‍ പരിശോധിക്കുക.

Indicator

 

States with Good Performance

States with greater challenges

IMR (2010)

Kerala(12), Tamil Nadu(21), Delhi(24), Maharashtra(24)

Madhya Pradesh (54), Assam (54), Orissa (51), Rajasthan (47)

MMR(2010-12)

Kerala (66), Maharashtra (87), Tamil Nadu (90), Andhra Pradesh (110)

Assam (328), Uttar Pradesh /Uttarakhand (292), Rajasthan (255), Odisha (235)

 

ആരോഗ്യനയത്തില്‍ അടുത്ത പ്രധാന ചര്‍ച്ച വിഷയം ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവങ്ങങ്ങളുടെ ഗുണതയെ കുറിച്ചാണ്. ഒരു സേവനം എത്രമാത്രം നന്നായി ലഭിക്കുന്നുവോ അതാണ് ആ സേവനത്തിന്റെ ഫലത്തെ നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 90% -ത്തിനു മുകളില്‍ ഗര്‍ഭിണികള്‍  ആശുപത്രികളിലോ ഹെല്‍ത്ത്‌ സെന്ററിലോ ചെന്ന് വൈദ്യ പരിശോധന നടത്താറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും എന്തെങ്കിലും അടിയന്തരഘട്ടം വന്നാല്‍ മാത്രമേ ആശുപത്രിയിലേക്ക് പോകുന്നതിനെ കുറിച്ച് ജനങ്ങള്‍  ചിന്തിക്കാറുള്ളൂ എന്നാണ് ഇന്ത്യന്‍  ഗ്രാമങ്ങളില്‍ നടത്തിയ പല പഠനങ്ങളും, പ്രതേകിച്ച് ആദിവാസി, ഗോത്രസമുദായങ്ങള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. രാജ്യത്തെ ഒന്നോ രണ്ടോ വികസിത സംസ്ഥാനങ്ങളുടെ കണക്കെടുത്ത് രാജ്യത്തെ മുഴുവന്‍ വികസനമായി ഉയര്‍ത്തിക്കാട്ടുന്ന പതിവ് പ്രവണത തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

 

നമ്മുടെ രാജ്യത്തെ ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ വിളര്‍ച്ച അഥവാ അനീമിയ പ്രബലമായി നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുതയാണ് . ഇതുമൂലമാണ് 80 ശതമാനം മരണങ്ങളും, പ്രതേകിച്ച് പ്രസവസമയത്ത് ചോരവാര്‍ന്നു മരിക്കാന്‍ ഇടയാക്കുന്നതെന്നും പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നിട്ടും ഈ ആരോഗ്യ നയത്തില്‍ സ്ത്രീയുടെ പോഷകക്കുറവ് എങ്ങിനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് പുതുതായൊന്നും നിര്‍ദേശിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. സ്ത്രീ പോഷകം = അയണ്‍ ഗുളിക എന്ന സമവാക്യത്തിലാണ് ഇപ്പോഴും സര്‍ക്കാര്‍. “ഭൂരിഭാഗം സ്ത്രീകള്‍ക്കും അയണ്‍ അല്ലെങ്കില്‍ ഫോളിക് ആസിഡ് ഗുളികകള്‍ ലഭ്യമാക്കാന്‍ നമുക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം 31%  ഗര്‍ഭിണികള്‍ 100-ല്‍ കൂടുതല്‍ ഐ എഫ് എ ഗുളികകള്‍ കഴിച്ചിട്ടുണ്ട്”- സര്‍ക്കാരിന്റെ അവകാശവാദമാണ്.

 

എന്നാല്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായപ്രകാരം ആവശ്യത്തിനുള്ള മാംസ്യങ്ങള്‍ അഥവാ പ്രോട്ടീനുകള്‍ ശരീരത്തില്‍  ഇല്ലെങ്കില്‍ അയണ്‍  ഗുളികകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കില്ല; പ്രോട്ടീന്‍റെ സഹായത്തോടെയാണ് ശരീരത്തില്‍ അയണ്‍ അഥവാ ഇരുമ്പ് എന്ന ഘടകം നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍ അന്നജം മാത്രം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്ന അല്ലെങ്കില്‍ അങ്ങനെ നിര്‍ബന്ധിതമാകുന്ന ജനവിഭാഗങ്ങളില്‍ അയണ്‍ ഗുളികകള്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അങ്ങനെ സര്‍ക്കാര്‍ അഭിമാനത്തോടെ വിതരണം ചെയുന്ന മരുന്നുകള്‍ തന്നെ ജീവഹാനിക്ക് കാരണമായേക്കാം.

 

 

2014 സെപ്റ്റംബറില്‍ ഗോഡയില്‍ നടന്ന ഒരു ചര്‍ച്ചക്കിടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞു. “സ്ത്രീകള്‍ പലപ്പോഴുംഅയണ്‍ ഗുളികകള്‍ വലിച്ചെറിയുകയാണ്‌ പതിവ്. ആദിവാസി സ്ത്രീകള്‍ ആണ് ഇതില്‍ കൂടുതല്‍. അവരുടെ തനതായ ഭക്ഷണസംസ്കാരത്തെ പാടേ മറന്ന്‍ ഇത്തരം ഗുളികകള്‍ നല്കുന്നത്തില്‍  വലിയ അര്‍ഥമൊന്നും ഇല്ല” – അദ്ദേഹം പറഞ്ഞു നിര്‍ത്തുന്നു.

 

അംഗന്‍വാടികള്‍ വഴി വിതരണം ചെയ്ത ഭക്ഷണം  കഴിച്ചു കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷ്യവിഷബാധ ഉണ്ടായ കഥയും അത്ര പഴയതല്ല. സ്ത്രീകളുടെ പോഷകാരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമുള്ള  ഭക്ഷണം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരികുകയാണ് വേണ്ടത്. മരുന്നുകൊണ്ട് ഭക്ഷണത്തിന്റെ പോരായ്മ നികത്താന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. എന്നാല്‍ ഈ ആരോഗ്യനയത്തിലും ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതിനെ കുറിച്ച് മൌനം പാലിക്കുകയാണ് സര്‍ക്കാര്‍.  ഭക്ഷ്യസുരക്ഷാ ബില്ലിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു എന്നാണ് പുതിയ വിവരങ്ങള്‍.

 

പുതിയ ആരോഗ്യനയപ്രകാരം ഇന്ത്യയിലെ  ഒഴിഞ്ഞു കിടക്കുന്ന ഡോക്ടര്‍ / നേഴ്സ് തസ്തികകള്‍ മുഴുവന്‍ നിറയ്ക്കും എന്നാണ് വാഗ്ദാനം. പുതിയ ഉപകരങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ലഭ്യമാക്കും എന്നും പറയുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്നത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്താണ് എന്ന് നോക്കാം. 

 

ഒരു ആശുപത്രിയില്‍ ആവശ്യമുള്ള ഡോക്ടര്‍മാരുടെ എണ്ണം 11; നിലവില്‍ ഉള്ളത് മൂന്ന്‍. അതില്‍ ഒരാള്‍ക്കേ സര്‍ജറി വശമുള്ളൂ. മറ്റു രണ്ടുപേര്‍ക്കും കത്തിവയ്കാന്‍ പേടിയാണ്. ഒരേ ഒരു ഡോക്ടറെ വച്ച് വേണം ആ ആശുപത്രിയിലെ മുഴുവന്‍ ശസ്ത്രക്രിയകളും ചെയ്യാന്‍. മനുഷ്യസാധ്യമായ ഒന്നല്ല അതെന്ന്‍ ആര്‍ക്കും മനസിലാകും. കൃത്യമായ പരിശീലനമോ പ്രവര്‍ത്തിപരിചയമോ  ഇല്ലാത്ത ആളുകളെ ഒരു മുഴുവന്‍ ആശുപത്രിയുടെയും ചുമതല നല്‍കുക എന്നത് ഒരിക്കലും ശരിയായ ഒന്നല്ല. “ഇവിടെ വരുന്ന ഡോക്ടര്‍മാര്‍ ഇതിനെ ഒരു ശിക്ഷയായിട്ടാണ് കാണുന്നത്. അവര്‍ക്ക് യാതൊരു വിധ സൌകര്യവും ഇവിടെ ലഭിക്കുന്നില്ല. അതോടൊപ്പം എടുത്താല്‍ പൊന്താത്ത അത്ര ജോലി ഭാരവും. അതു കൊണ്ട് തന്നെ ഇവിടേയ്ക്ക് നിയമനം കിട്ടിയാലും ആരും ജോലിക്കായി വരാറില്ല”. സുന്ദര്‍പഹരി പ്രദേശത്തെ ജില്ലാ ശുപത്രി സൂപ്രണ്ടിന്റെ വാക്കുകളാണിത്.  

 

ഇനി ഒരു “കഥ” കേള്‍ക്കൂ. ഒരു യുവതിയെ പ്രസവത്തിനായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കറന്റ്‌ ഇല്ലാതിരിക്കുന്നത് ഒരു പുതിയ സംഭവമല്ല. ജനറേറ്റര്‍ എന്നത് ആണ്ടിനും സംക്രാന്തിക്കും മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നും. തൊട്ടടുത്ത ഒരു എന്‍ ജി ഓവില്‍ ചെന്ന് ഒരു കൂട് മെഴുകുതിരി കടം വാങ്ങിയാണ് അന്ന് ആ യുവതി ഒരു പുതുജീവനെ ഭൂമിയിലേക്ക് എത്തിച്ചത്. ഇതാണ് തിളങ്ങുന്ന ഇന്ത്യ.  

 

ഇനിയും ഉണ്ട് കഥകള്‍. മറ്റൊന്ന് കൂടി: ദളിത്‌ യുവതി ആയതിനാല്‍ പ്രസവശേഷം അവരെ വൃത്തിയാക്കാനോ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കാനോ ആശുപത്രിക്കാര്‍ തയ്യാറായില്ല. ചോര പുരണ്ട വസ്ത്രങ്ങളും മുറിച്ചുമാറ്റാത്ത പൊക്കിള്‍ക്കൊടിയും അതിന്റെ അറ്റത്ത്‌ സ്വന്തം കുഞ്ഞുമായി ആ യുവതി സഞ്ചരിച്ചത് 135 കിലോമീറ്ററുകള്‍. ഗ്രാമത്തിലെത്തിയപ്പോഴേക്കും ഇന്‍ഫെക്ഷന്‍ മൂലം കുഞ്ഞും അമ്മയും മരിച്ചു. കഥകള്‍ പറഞ്ഞുതുടങ്ങിയാല്‍ ആയിരത്തൊന്നു രാവുകള്‍ മതിയാവില്ല.

 

ഇതാണ് ഇന്നത്തെ ഇന്ത്യയിലെ ആരോഗ്യ പരിരക്ഷ. ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടാണ് ഇന്ത്യ സ്വപ്നം കാണുന്നത്. ലൈഫ് ബോയ്‌ എന്ന സോപ്പ് കമ്പനിയുടെ പരസ്യത്തില്‍ കാണുന്നത് പോലെ സ്വന്തം കുഞ്ഞ് അഞ്ചു വയസ്സ് കഴിഞ്ഞുകിട്ടാന്‍ ഏതെല്ലാം ദൈവങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരും ഈ ദരിദ്രര്‍? സ്വന്തം പേരു തുന്നിയ 10 ലക്ഷം രൂപയുടെ ഡിസൈനര്‍ കോട്ടിനുള്ളില്‍ പതുങ്ങിയിരിക്കുന്ന എന്‍റെ  നമോ എങ്ങിനെയാണ്‌ നിങ്ങള്‍ ഇവരുടെ ആവശ്യങ്ങളെ കണ്ടറിയുക? തൃപ്തിപ്പെടുത്തുക?

 

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍