UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്കു കീഴില്‍ അരക്ഷിതരായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍

Avatar

കാറ്റി ഡെയ്ഗിള്‍, അന്ന മാത്യൂസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഭിന്നാഭിപ്രായങ്ങളോട് ഇന്ത്യ കൂടുതല്‍ അസഹിഷ്ണുത കാണിക്കുന്നുവോ എന്നതു സംബന്ധിച്ച ഒരു ടിവി ചര്‍ച്ച. പങ്കെടുത്തവരിലൊരാള്‍ ഹിന്ദു ദൈവമായ ദുര്‍ഗയെ ലൈംഗികത്തൊഴിലാളിയെന്നു പരാമര്‍ശിക്കുന്ന ഒരു ലഘുലേഖ പുറത്തെടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. അവതാരക ഇതേപ്പറ്റി പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും അവര്‍ ദേവിയെ അപമാനിച്ചതായി ആരോപണമുയര്‍ന്നു. തുടര്‍ന്ന് 2,500ലധികം ഭീഷണി ഫോണ്‍ കോളുകള്‍.

‘എന്റെമേല്‍ ആസിഡ് ഒഴിക്കുമെന്നായിരുന്നു ചിലരുടെ ഭീഷണി,’ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകയായ സിന്ധു സൂര്യകുമാര്‍ പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് രാജ്യത്തെ ഭരണകക്ഷിയുമായി ബന്ധമുള്ള ഹിന്ദു തീവ്രവാദ സംഘടനയിലെ ആറുപേരെ അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെപ്പറ്റിയോ അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യെപ്പറ്റിയോ ചോദ്യങ്ങളോ വിമര്‍ശനമോ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണിയുടെ അവസാന ഇരകളിലൊരാളാണ് സിന്ധു. രാജ്യമെമ്പാടും ഇന്ത്യന്‍ ദേശീയതയെപ്പറ്റി നടക്കുന്ന സംവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഭീഷണി നേരിടുന്നത്. ഇന്ത്യന്‍ ദേശീയത ഹിന്ദു എന്ന നിലയ്ക്കാണോ, വിവിധ സംസ്‌കാരങ്ങള്‍ എന്ന നിലയ്ക്കാണോ, ഭക്തരെന്ന നിലയ്ക്കാണോ, അതോ മതേതരമായാണോ നിര്‍വചിക്കപ്പെടേണ്ടത് എന്നതാണ് സംവാദം.

മോദി സര്‍ക്കാരിലെ അംഗങ്ങള്‍ വിഷയത്തില്‍ കടുത്ത നിലപാടാണ് എടുക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നാല്‍ രാജ്യത്തെ വിമര്‍ശിക്കുക എന്നതാണ് അവരുടെ നിലപാട്. മാനവശേഷി മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ മാസം പറഞ്ഞത് ‘ രാജ്യം മദര്‍ ഇന്ത്യയോടുള്ള അപമാനം സഹിക്കില്ല’ എന്നാണ്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ട്വീറ്റ് ചെയ്തതാകട്ടെ ‘ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ആരെയും വിടില്ല’ എന്നും.

കഴിഞ്ഞയാഴ്ച അജ്ഞാതരില്‍ നിന്നു വധഭീഷണി ലഭിച്ചതായി കാണിച്ച് ഇന്ത്യയിലെ പ്രമുഖ ടിവി അവതാരക ബര്‍ഖ ദത്ത് പൊലീസില്‍ പരാതി നല്‍കി. ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ കനയ്യ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തലസ്ഥാനത്തെ മറ്റ് മാധ്യമങ്ങള്‍ക്കൊപ്പം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ബര്‍ഖ ദത്ത്. 

‘മാനഭംഗം, ലൈംഗികപീഡനം, വെടിവച്ചുകൊല്ലല്‍’ ഭീഷണികളാണ്‌ലഭിച്ചതെന്ന് ബര്‍ഖ പിന്നീട് ഒരു വനിതാ സമ്മേളനത്തില്‍ പറഞ്ഞു.

ഇതേ വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ റിപ്പോര്‍ട്ടര്‍മാരെ മര്‍ദിക്കുകയും ക്യാമറകള്‍ കേടുവരുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ അറസ്റ്റിനോടനുബന്ധിച്ച പൊതുജനപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.നിരവധി ടിവി, പത്ര, വയര്‍ സര്‍വീസ് ജേണലിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടു. അസോസിയേറ്റഡ് പ്രസ് ഫൊട്ടോഗ്രഫറുടെ കൈക്ക് പരുക്കേല്‍ക്കുകയും ക്യാമറ ലെന്‍സ് തകരുകയും ചെയ്തു.

ആക്രമണങ്ങള്‍ ‘ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നു’വെന്ന് ഇന്റര്‍നാഷനല്‍ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അക്രമത്തെ അപലപിക്കുന്ന ആദ്യത്തെ ആളായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  ‘സംഭവിച്ചത് ഭീകരമായ ഒരു അപവാദമായിരുന്നു. പൊതുസ്ഥലത്ത് മാധ്യമങ്ങളെ സുഹൃത്തായാണ് ജനങ്ങള്‍ കാണുക. അവയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുക എന്നത് ഒരിടത്തും അനുവദിക്കാവുന്നതല്ല.’

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരത്തെയും അത്രയൊന്നും സുരക്ഷിതരായിരുന്നില്ല. സിപിജെയുടെ കണക്കനുസരിച്ച് 2010ല്‍ 11പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ മിക്കവരും ചെറിയ പട്ടണങ്ങളില്‍ ചെറുകിട അഴിമതിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് കൊല്ലപ്പെട്ടത്.

ഡല്‍ഹി പോലെ പ്രധാനനഗരങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നത് താരതമ്യേന പുതുമയാണ്. രാജ്യത്തെ വിദ്യാഭ്യാസമുള്ള, നഗരപ്രമുഖര്‍ക്കിടയില്‍ വര്‍ഷങ്ങളോളം ഭയമില്ലാതെ ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായിരുന്നു. വിദേശ മാധ്യമങ്ങളുടെ സാന്നിദ്ധ്യവും നഗരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു സുരക്ഷാകവചമായി.

‘മാധ്യമപ്രവര്‍ത്തകര്‍ സ്വയം വാര്‍ത്തയാകേണ്ടവരല്ല,’ അച്ചടി, ടിവി മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദി പറഞ്ഞു. ദിവസം നാനൂറോളം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വാതി കഴിഞ്ഞ വര്‍ഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ‘ഈ ദിവസങ്ങളിലൊന്നില്‍ ഇത്തരം ഒരു സംഭവം കലാപമുണ്ടാക്കുമെന്ന് ഞാന്‍ ഭയക്കുന്നു.’

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകരില്‍ മാറ്റമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകുന്നത് വാര്‍ത്തയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് രാഹുല്‍ ജലാലി പറയുന്നു.

‘മധ്യപാത രാഷ്ട്രീയത്തില്‍പ്പോലും അപ്രത്യക്ഷമാകുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും ഇതു ബാധകമാണെന്നതാണ് സ്ഥിതി. ഇന്ന് പക്ഷം പിടിച്ചേ തീരൂ. വളരെയധികം സ്വയം പ്രഖ്യാപിത സെന്‍സര്‍ഷിപ്പ് നടക്കുന്നുണ്ട്.’

‘മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഈ സ്ഥിതി വസ്തുതാപരമായ റിപ്പോര്‍ട്ടിങ് ഇല്ലാതാക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഇത് താല്‍ക്കാലികമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 1975 – 1977ല്‍ ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഇന്ത്യയിലെ മാധ്യമങ്ങള്‍ നേരത്തെയും പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടെന്ന് രാഹുല്‍  ചൂണ്ടിക്കാട്ടുന്നു.

സിന്ധു സൂര്യകുമാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹിന്ദു തീവ്രവാദ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍എസ്എസ്) – ആശയപരമായി ഭരണകക്ഷിയായ ബിജെപിയുടെ പിതൃസംഘടന – ആറ് അംഗങ്ങളെ അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ ഫോണ്‍ നമ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യമാക്കിയതുള്‍പ്പെടെയുള്ള ശല്യപ്പെടുത്തലിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

‘എന്നെ ഫോണില്‍ വിളിച്ച് ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ എന്റെ സേവനം ആവശ്യപ്പെടാന്‍ ഇവര്‍ അവരുടെ അംഗങ്ങളോട് ആവശ്യപ്പെട്ടു,’ സിന്ധു പറയുന്നു.

അറസ്റ്റിലായ ആറുപേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഒരു സംഘം ആര്‍എസ്എസുകാര്‍ അവരെ മാലയിട്ടു സ്വീകരിച്ചു. കേരളത്തിലെ ബിജെപി പ്രസിഡന്റും ആര്‍ എസ് എസ് അംഗവുമായ കുമ്മനം രാജശേഖരന്‍ സംഭവത്തിന് ആര്‍എസ്എസുമായുള്ള ബന്ധം നിഷേധിച്ചു. ആരെങ്കിലും സിന്ധുവിനെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ ആണെന്നും കുമ്മനം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യം സാധ്യമാകണമെങ്കില്‍ സമൂഹം അവര്‍ക്കൊപ്പം നില്‍ക്കണമെന്ന അവസ്ഥയിലെത്തുംവിധം പ്രശ്‌നം ഗുരുതരമാകുകയാണെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് പ്രസിഡന്റ് സി. റഹിം പറഞ്ഞു.

‘സിന്ധു സൂര്യകുമാര്‍ സംഭവം ഒറ്റപ്പെട്ടതോ ആദ്യത്തേതോ അല്ല. മുന്‍പ് രാഷ്ട്രീയ കക്ഷികള്‍ ഇത്തരം സംഭവങ്ങളെ ഒറ്റക്കെട്ടായി അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാര്‍ക്ക് സംഘടനയുടെ പിന്‍ബലമുണ്ട്.’

അന്തരീക്ഷം അരക്ഷിതമാകുന്നതായി നേരത്തെതന്നെ തോന്നലുണ്ടായിരുന്നുവെന്ന് മനോരമ ന്യൂസ് ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍ ആശാ ജാവേദ് പറഞ്ഞു. ‘അസഹിഷ്ണുതയെപ്പറ്റി കുറച്ചുനാളായി ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ അത് സ്വയം അനുഭവിച്ചറിയുന്നു.’

ഇത്തരം അന്തരീക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കാനും കുറ്റം വിധിക്കപ്പെട്ട ഭീകരരോട് അനുകമ്പ പ്രകടിപ്പിക്കാനും ബീഫ് കഴിക്കാനും ഹിന്ദു ദൈവങ്ങളെ കളിയാക്കാനും ജനങ്ങള്‍ക്ക് അനുവാദമുണ്ടോ എന്നതിനെപ്പറ്റി രാജ്യത്തുനടക്കുന്ന ചൂടുപിടിച്ച സംവാദങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിഘാതമാകുന്നു. ഇന്ത്യന്‍ നിയമമനുസരിച്ച് സമുദായ സംഘര്‍ഷം ഉണ്ടാക്കുന്നതും അക്രമത്തിനു പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. പ്രോസിക്യൂട്ടര്‍മാര്‍ ഈ നിയമം അവര്‍ക്ക് ഇന്ത്യാവിരുദ്ധമെന്നു തോന്നുന്ന എന്തിലും പ്രയോഗിക്കുകയാണ്. ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ അതിന് ഇരകളായിട്ടില്ലെങ്കിലും.

ശല്യപ്പെടുത്തലുകളുടെ വര്‍ദ്ധന കാലത്തിന്റെ സൂചനയുമാകാം. ഇന്ത്യയിലെ 1.25 ബില്യണ്‍ വരുന്ന ജനസംഖ്യ ഇന്റര്‍നെറ്റിനും സ്മാര്‍ട്ട് ഫോണിനും വളക്കൂറുള്ള മണ്ണാണ്. ഒറ്റപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആശയവിനിമയം പുതുമയുള്ളതും ആവേശമുണ്ടാക്കുന്നതുമാണ്.

സ്വാതിയുടെ അഭിപ്രായത്തില്‍ ‘ മോദിക്കെതിരെ ഒന്നും പറയാനാകില്ല’ എന്നതാണ് ഇപ്പോഴത്തെ അന്തരീക്ഷം. ‘ഒരു വാര്‍ത്ത ഇഷ്ടപ്പെട്ടില്ലെങ്കില്‍ അക്രമത്തിനു തുനിയുന്നവരാണ് ഇക്കൂട്ടര്‍. അത് ക്രമാനുഗതമായ ഒരുതരം ശല്യപ്പെടുത്തലാണ്. തിരിച്ച് പൊരുതിനില്‍ക്കാന്‍ കഴിവില്ലാത്ത ഒരുപാടുപേരെ കാലക്രമേണ ഈ പീഡനം നിശബ്ദരാക്കും.’

തന്റെ തൊഴിലിനെപ്പറ്റി ജലാലിക്കുള്ള ഏറ്റവും വലിയ ഭയവും അതാണ്.

‘ ഇന്ത്യയില്‍ ഗ്രാമകേന്ദ്രങ്ങളില്‍ പത്രം ഉറക്കെ വായിക്കപ്പെടുന്നു. എല്ലാവരും കൂടിയിരുന്നു കേള്‍ക്കുന്നു. അച്ചടിമാധ്യമങ്ങളില്‍ വരുന്നത് വിശുദ്ധമാണെന്ന് ഇപ്പോഴും പലരും കരുതുന്നു. എന്നാല്‍ വാര്‍ത്ത പക്ഷപാതപരമാണെന്നും ചിലപ്പോഴൊക്കെ അത് കള്ളമാണെന്നും തിരിച്ചറിഞ്ഞു കഴിയുമ്പോള്‍ അത് ജനാധിപത്യ വ്യവസ്ഥിതിയെത്തന്നെ ബാധിക്കും. മാധ്യമങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍. അവര്‍ക്കു തന്നെ അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് ഉറപ്പുനല്‍കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും?’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍