UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വികസനമാണ് മോദി മന്ത്രമെങ്കില്‍ ഭിന്നാഭിപ്രായങ്ങളോടുള്ള ഈ അസഹിഷ്ണുത ഉപേക്ഷിക്കുക തന്നെ വേണം

Avatar

എഡിറ്റോറിയല്‍/ ടീം അഴിമുഖം

ഇന്ത്യയുടെ മതന്യൂനപക്ഷങ്ങളെക്കുറിച്ച് ഗൗരവതരമായ ആശങ്ക പ്രകടിപ്പിക്കുന്ന യുഎസ് സര്‍ക്കാര്‍ പാനലിന്റെ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ വ്യാഴാഴ്ച തിടുക്കപ്പെട്ട് നിഷേധിച്ചു. ഇനി അങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അമേരിക്കയുടെ അവകാശത്തെക്കുറിച്ചും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചും അവസാനിക്കാത്ത ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും നമ്മുടെ ആഭ്യന്തരകാര്യങ്ങളില്‍ ബലംപ്രയോഗിച്ച് ഇടപെടാനുള്ള ലോക പോലീസുകാരന്റെ ശ്രമങ്ങളെ അപലപിക്കുകയും ചെയ്യാം. 

പക്ഷെ അത് അത്ര ആശാസ്യമായ നീക്കം ആയിരിക്കുകയില്ല.

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളോടുള്ള ബഹുമാനത്തെക്കുറിച്ചും ആഗോള തലത്തില്‍ വളര്‍ന്നു വരുന്ന ആശങ്കകളുടെ അവസാനത്തെ പ്രതിഫലനമായിരുന്നു അമേരിക്കയുടെ റിപ്പോര്‍ട്ട്. തന്റെ സര്‍ക്കാരിന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുന്ന നരേന്ദ്ര മോദി ഒരു കാര്യം മനസിലാക്കുന്നത് നന്ന്. ലോകം ഗുജറാത്ത് അല്ലെന്നും തനിക്ക് ആഗോളതലത്തില്‍ നിന്നും വലിയ പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം എത്രയും പെട്ടെന്ന് മനസിലാക്കുന്നത് അദ്ദേഹത്തിന്റെ നന്മയ്ക്ക് ഉതകും. 

അല്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഒറ്റ വഴിയെ ഉണ്ടാകൂ. അത് കീഴോട്ടുള്ള യാത്രയായിരിക്കും. 

കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍, ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ ‘അവഹേളനപരമായ’ പരാമര്‍ശങ്ങള്‍ക്കും അതുപോലെ തന്നെ ‘വിഎച്ച്പിയുടെയും ആര്‍എസ്എസിന്റെയും മൃഗീയമായ ആക്രമണങ്ങള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കും’ ഇരയാകുന്നതായി അമേരിക്കന്‍ പ്രസിഡന്റിനും കോണ്‍ഗ്രസിനും നയപരമായ ഉപദേശങ്ങള്‍ നല്‍കുന്ന ഫെഡറല്‍ സര്‍ക്കാര്‍ പാനലായ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള യുഎസ് കമ്മീഷന്‍ വ്യാഴാഴ്ച യുഎസ് പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

‘ഘര്‍വാപസി’ പ്രചാരണത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, ‘ഹിന്ദു ദേശീയവാദികള്‍’ ഹിന്ദുമതത്തിലേക്ക് മാറുന്നതിനായി ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അവര്‍ ‘നിര്‍ബന്ധിത’ മതംമാറ്റത്തിന് ആളുകളെ പ്രേരപ്പിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. 

‘ഗുജറാത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ആ സംസ്ഥാനത്ത് 2002 ല്‍ നടന്ന മുസ്ലീം വിരുദ്ധ കലാപങ്ങളെ നിയമവിരുദ്ധമായി പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം ദീര്‍ഘകാലമായി നേരിടുന്ന വ്യക്തി എന്ന നിലയില്‍’ ഇക്കാര്യത്തില്‍ മോദിയുടെ ഉറപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പാനല്‍ പറയുന്നു. ‘കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തിന്റെ പേരില്‍’ മോദിയുടെ വിനോദസഞ്ചാര വിസ യുഎസ് പുനഃപരിശോധിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും യുഎസ്‌ സിഐആര്‍എഫ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ‘ഈ വകുപ്പിന്റെ അടിസ്ഥാനത്തില്‍ വിസ നിഷേധിക്കപ്പെട്ട ഒരേ ഒരാള്‍’ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന കാര്യം റിപ്പോര്‍ട്ട് അടിവരയിടുന്നു. 

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെയും ന്യൂനപക്ഷ മതനേതാക്കളുടെയും അഭിപ്രായങ്ങള്‍ അധികരിച്ചുള്ള 2015ലെ യുഎസ്‌ സിഐആര്‍എഫ് റിപ്പോര്‍ട്ട് മൂലം ഇന്ത്യയെ തുടര്‍ച്ചയായ ഏഴാം വര്‍ഷവും ടയര്‍ 2 പട്ടികയിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

‘തുടര്‍ച്ചയായ മൂന്നാം വര്‍ഷവും’ ‘മതപ്രേരിതവും സാമുദായികവുമായ സംഘര്‍ഷങ്ങള്‍’ വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ‘ഘര്‍വാപസി’ പ്രചാരണത്തെ ശക്തമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും മതം മാറ്റാന്‍ വേണ്ടി പണം വാഗ്ദാനം ചെയ്യുന്നു എന്ന് മാത്രമല്ല മറ്റുള്ളവരെ മതം മാറ്റുന്ന ഹിന്ദുക്കള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായും ചൂണ്ടിക്കാണിക്കുന്നു.

‘2014 ഡിസംബറില്‍, യുപിയില്‍ ഒരു ക്രിസ്തുമസ് ദിനത്തില്‍, 4000 ക്രിസ്ത്യന്‍ കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഒരു പരിപാടി ഹിന്ദു ദേശീയവാദികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വേണ്ടി പണം കണ്ടെത്താന്‍ ഹിന്ദു സംഘടനകള്‍ ശ്രമിച്ചു. ഒരു ക്രിസ്ത്യന്‍ കുടുംബത്തെ മതംമാറ്റുന്നതിന് ഏകദേശം രണ്ട് ലക്ഷം രൂപ (ഏകദേശം 3200 ഡോളര്‍) ആകുമെന്നും മുസ്ലീം കുടുംബത്തിന് അത് അഞ്ച് ലക്ഷം രൂപ വരെ (ഏകദേശം 8000 ഡോളര്‍) ആകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്,’ എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ വിമര്‍ശനങ്ങള്‍ മൂലം പരിപാടി നീട്ടിവയ്ക്കാന്‍ ‘ആര്‍എസ്എസ് നേതാവായ മോഹന്‍ ഭഗവത്’ നിര്‍ബന്ധിതനായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ മുസ്ലീങ്ങളെ നിര്‍ബന്ധിതമായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി സംഘടിപ്പിക്കപ്പെട്ട ചടങ്ങിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

ഇന്ത്യയിലെ ആറില്‍പ്പരം സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അത് ‘ഏകപക്ഷീയവും ഹിന്ദുമതത്തില്‍ നിന്നുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് മാത്രം ആകുലപ്പെടുന്നതും മറിച്ചുള്ളതിനെ പ്രോത്സാഹിപ്പിക്കുന്നതും’ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

‘മുസ്ലീങ്ങള്‍ തീവ്രവാദികളാണെന്ന വ്യാപക പ്രചാരണം നടത്തിയും, പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുവെന്ന് ആക്ഷേപിച്ചും ബലംപ്രയോഗിച്ച് ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും മതപരിവര്‍ത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുകയാണെന്ന് പ്രചരിപ്പിച്ചും പശുവിനെ കശാപ്പ് ചെയ്തുകൊണ്ട് ഹിന്ദുക്കളെ അപമാനിക്കുകയാണെന്ന് പ്രഖ്യാപിച്ചും,’ ഹിന്ദു ദേശീയവാദികള്‍ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുകയാണെന്നും ചൂണ്ടിക്കാട്ടി യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ രൂക്ഷവിമര്‍ശനത്തിന് പാത്രമാക്കുന്നുണ്ട്. 

സാമുദായിക കുറ്റകൃത്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ നടക്കുന്ന നിയമ നടപടികള്‍ വളരെ സാവധാനത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ‘2013ല്‍ യുപിയിലും 2002ല്‍ ഗുജറാത്തിലും നടന്ന രൂക്ഷമായ ഹിന്ദു-മുസ്ലീം കലാപത്തിന്റെ വിചാരണകള്‍ ഇപ്പോഴും ഇന്ത്യന്‍ കോടതികളില്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നതില്‍ ന്യൂഡല്‍ഹി ജാഗ്രത പുലര്‍ത്തി. ‘ഇന്ത്യയെക്കുറിച്ചും അതിന്റെ ഭരണഘടനയെക്കുറിച്ചും ഈ സമൂഹത്തെ കുറിച്ചുമുള്ള പരിമിതമായ അറിവില്‍ നിന്നാണ് ‘ഇത്തരം ഒരു റിപ്പോര്‍ട്ട് ഉണ്ടായതെന്നും ‘റിപ്പോര്‍ട്ടിന്റെ ഗ്രഹണശേഷി കുറവിനെ’ വെളിപ്പെടുത്തുമെന്നും ന്യൂഡല്‍ഹി പ്രതികരിച്ചു. 

2002ലെ ഗുജറാത്ത് കലാപത്തിനെതിരെ ശക്തമായി രംഗത്തെത്തിയ പൗരാവകാശ സംഘടനകളോടുള്ള മോദിയുടെ വ്യക്തിപരമായ വിദ്വേഷത്തിന്റെ വ്യാപക പ്രചാരണം എന്ന നിലയില്‍ ഗ്രീന്‍പീസ്, ഫോഡ് ഫൗണ്ടേഷന്‍, മറ്റ് എന്‍ജിഒകള്‍ എന്നിവര്‍ക്കെതിരെ നടപടികളുമായി ന്യൂഡല്‍ഹി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇത്തരം സാമാന്യവല്‍ക്കണങ്ങളുടെ യുക്തിയെ കുറിച്ചുള്ള ചോദ്യങ്ങളല്ല മോദിയും ഇന്ത്യയും ആവര്‍ത്തിക്കേണ്ടത്. തീര്‍ച്ചയായും ഇതില്‍ ചില ആരോപണങ്ങള്‍ അതിശയോക്തിപരമാണ് എന്ന് മാത്രമല്ല, പലതും വാസ്തവ വിരുദ്ധവുമാണ്. പക്ഷെ അത്തരം വാദങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ മത അസഹിഷ്ണുത തിരിച്ചടിപ്പിക്കുന്ന വിധത്തില്‍ ആഗോള ആശങ്കയായി മാറിയിരിക്കുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. ഇന്ത്യയില്‍ ഇപ്പോള്‍ വികസിച്ചുവരുന്ന അന്തരീക്ഷത്തെ കുറിച്ച് ജപ്പാന്‍ മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെയുള്ളവര്‍ ആശങ്കയിലാണ്. എന്തുകൊണ്ട് അവര്‍ ഇന്ത്യയില്‍ പണം മുടക്കാന്‍ മടിക്കുന്നു എന്നറിയാന്‍ അവരുമായി ഒന്ന് സംസാരിച്ചാല്‍ മാത്രം മതി. തങ്ങളുടെ നിര്‍മ്മാണ അടിത്തറ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പറിച്ചുനടാനും ആവശ്യത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനും ജാഗരൂകരായിരുന്ന ജപ്പാന്‍കാര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. യൂറോപ്യന്‍, അമേരിക്കന്‍ നിക്ഷേപകരും ഇതേ ആശങ്ക പങ്കുവയ്ക്കുന്നു. 

ഈ ആഗോള സംരംഭകരുടെ കൈയിലുള്ള കോടാനുകോടി ഡോളറിന്റെ ബലത്തില്‍ മാത്രമേ ഇന്ത്യന്‍ സമ്പദ്ഘടന നിലനില്‍ക്കൂ. പെട്ടുന്നുള്ള ഒരു സാമ്പത്തിക വളര്‍ച്ചയിലൂടെയല്ലാതെ ദാരിദ്ര്യം, നിരക്ഷരത, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവ പോലെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളെ മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുയുമില്ല. ഇതൊന്നും മറികടക്കാനായില്ലെങ്കില്‍ അഞ്ച് വര്‍ഷം പാഴായ ഒരു ജന്മമായി നരേന്ദ്ര മോദി അവസാനിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍