UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരണവും, കൊറിയന്‍ വിമാന ദുരന്തവും

Avatar

1942 സെപ്തംബര്‍ 1
ഇന്ത്യന്‍ നാഷണ്‍ ആര്‍മി രൂപീകൃതമായി

വിപ്ലവകാരിയായ റാഷ് ബിഹാരി ബോസ് 1942 സെപ്തംബര്‍ ഒന്നിനായിരുന്നു ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്ക് രൂപം കൊടുത്തത്. 1915-1918 കാലയളവില്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ ചൂണ്ടയില്‍ കുരുങ്ങാതെ റാഷ് ബിഹാരി തന്റെ വ്യക്തിത്വവും താമസസ്ഥലവും മാറ്റിമാറ്റി കൊണ്ടിരുന്നു. ഒടുവില്‍ ജപ്പാനോട് റാഷ് ബിഹാരിയെ തങ്ങള്‍ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.

റാഷ് ബിഹാരി ജപ്പാന്‍കാരായ സോമ അയ്‌സോയുടെയും സോമ കുടുസ്‌കോയുടെയും മകളെയാണ് വിവാഹം കഴിച്ചത്. സോമ കുടുസ്‌കോ ടോക്കിയോവിലുള്ള നാകമുറായ റെസ്‌റ്റോറന്റിന്റെ ഉടമയായിരുന്നു. റാഷ് ബിഹാരി ജപ്പാന്‍ പൗരത്വവും സ്വന്തമാക്കി. സ്വാദിഷ്ടമായ കറികള്‍ ലഭിക്കുന്നിടം എന്ന നിലയില്‍ നാകമുറായ റസ്റ്റോറന്റ് വളരെ പ്രശ്‌സതമായി. അതുവഴി റാഷ് ബിഹാരി നാകമുറായുടെ ബോസ് എന്നപേരില്‍ അറിയപ്പെടാനും തുടങ്ങി.

ജപ്പാനിലുള്ള ഇന്ത്യക്കാരെ സംഘടിപ്പിക്കുന്നതില്‍ ബോസിന് സുപ്രധാനവേഷമായിരുന്നു. 1942 മാര്‍ച്ചില്‍ അദ്ദേഹം ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചു. സുഭാഷ് ചന്ദ്ര ബോസിനെ ഈ സംഘടനയിലേക്ക് ക്ഷണിച്ച ബോസ് അദ്ദേഹത്തോട് ലീഗിന്റെ പ്രസിഡന്റ് ആയിക്കൊണ്ട് നിയന്ത്രണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. മലയ, ബര്‍മന്‍ പോര്‍മുഖത്ത് നിന്ന് ജപ്പാന്‍ സൈന്യം പിടികൂടിയ യുദ്ധത്തടവുകാരോടും ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗില്‍ ചേരാന്‍ ബോസ് ആവശ്യപ്പെട്ടു.

 1942 സെപ്തംബര്‍ ഒന്നിന് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മിലട്ടറി വിഭാഗമായാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപം കൊള്ളുന്നത്.

1983 സെപ്തംബര്‍ 1
കൊറിയന്‍ യാത്രാവിമാനം വെടിവച്ചിട്ടു

ഈയടുത്ത് യുക്രൈനില്‍ വെടിയേറ്റ് തകര്‍ന്നു വീണ മലേഷ്യന്‍ യാത്രാവിമാനത്തിന്റെ അതേ ദുഃര്‍വിധി ഏറ്റുവാങ്ങി തകര്‍ന്നുവീണ മറ്റൊരു യാത്രാവിമാനം ഉണ്ടായിരുന്നു. 1983 സെപ്തംബര്‍ ഒന്നിന് സോവിയറ്റ് യൂണിയന്റെ ജറ്റ് ഫൈറ്റേഴ്‌സിന്റെ ആക്രമണത്തില്‍ തീഗോളമായി മാറിയ കൊറിയന്‍ എയര്‍ലൈന്‍സിനായിരുന്നു ആ ദുഃര്‍വിധി. 269 യാത്രക്കാരും വിമാനജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന സകലരും അന്ന് കൊല്ലപ്പെട്ടു.

അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ഇടയില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ ഇരയായിരുന്നു ആ കൊറിയന്‍ യാത്രാവിമാനം. ന്യുയോര്‍ക്കില്‍ നിന്ന് സോളിലേക്ക് പറന്ന ഫ്‌ളൈറ്റ് നമ്പര്‍ 007 എന്ന കൊറിയന്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.
നിശ്ചയിക്കപ്പെട്ടിരുന്ന വ്യോമപഥത്തില്‍ നിന്നു ദിശമാറി പറന്ന വിമാനം റഷ്യന്‍ അധീനതയിലുള്ള കമ്ചത്ക ഉപദ്വീപിനു മുകളിലേക്ക് പ്രവേശിക്കുകയായിരുന്നു. തങ്ങളുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്നവനെ പിടികൂടുവാന്‍ ഉടന്‍ തന്നെ രണ്ട് ജറ്റ് ഫൈറ്ററുകള്‍ പാഞ്ഞടുത്തു. ഇതേ സമയം കൊറിയന്‍ വിമാനത്തിനാകട്ടെ കൃത്യമായ ആശയവിനിമയത്തിന് കഴിയാതെ പോവുകയും ചെയ്തു. ഈ അനിശ്ചിതത്വം കൂടുതല്‍ നീട്ടിക്കൊണ്ടുപോകാന്‍ സോവിയറ്റ് ഫൈറ്റേഴ്‌സിന് താല്‍പര്യമുണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ കൊറിയന്‍ വിമാനത്തെ വീഴ്ത്തിക്കൊണ്ട് അവര്‍ മിസൈല്‍ അയച്ചു. ലോകത്തെ നടുക്കിയ സംഭവമായിരുന്നു. ഈ സംഭവത്തെ സോവിയറ്റ് യൂണിയന്‍ നടത്തിയ രക്തം മരവിപ്പിക്കുന്ന കൊലപാതകം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ ആരോപിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍