UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതേ, നമ്മള്‍ ഇപ്പോഴും പഴയ റാന്‍ മൂളികള്‍ തന്നെ

ടീം അഴിമുഖം

വളരെ പണ്ട്, 1980-ല്‍, ആ നഗരം ബോംബേ എന്നറിയപ്പെട്ടിരുന്ന കാലത്ത്, പ്രേം രോഗ് എന്നൊക്കെ അര്‍ത്ഥവത്തായി പേരിട്ട ചലച്ചിത്രങ്ങളില്‍ അഭിനയിച്ച നടി പദ്മിനി കോലാപുരി , ചാള്‍സ് രാജകുമാരന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് 15 മിനിറ്റ് നേരത്തെ ആഗോളപ്രശസ്തി നേടി. ലേഡി ഡയാന സ്പെന്‍സറുമായി കാറ്റും കോളും നിറഞ്ഞ ദാമ്പത്യജീവിതം അതിനും ഒരു കൊല്ലത്തിന് ശേഷമാണ് ചാള്‍സ് തുടങ്ങിയത്.

അതിനുശേഷം 35 കൊല്ലം കഴിഞ്ഞിട്ടും ബ്രിട്ടനിലെ രാജകുടുംബത്തോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശത്തിന് ഒരു കുറവും വന്നിട്ടില്ല. നമ്മള്‍ 1947-ല്‍ സ്വാതന്ത്ര്യം നേടുകയും അതൊന്നു തെളിയിക്കാന്‍ നമ്മുടെ നഗരങ്ങളുടെ പേര് മാറ്റുകയും ചെയ്തില്ലേ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം.

പക്ഷേ വാസ്തവമതല്ല. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത ഇവയൊന്നും പഴയ മദ്രാസ്, ബോംബെ, കല്‍ക്കട്ട എന്നിവയിലെ മനോഭാവത്തില്‍ നിന്നും ഒട്ടും മാറിയിട്ടില്ല.

ഒരു വശത്ത് നഗരങ്ങളുടെ പേര് മാറ്റുന്നതില്‍ ദേശാഭിമാനം തുടിച്ചുനില്‍ക്കുന്നു, പക്ഷേ യഥാര്‍ത്ഥത്തില്‍ ധനികരും പ്രശസ്തരുമായ ഇന്ത്യക്കാര്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ ആരാധനയും ആദരവും നിറഞ്ഞ കണ്ണുകളോടെയാണ് കാണുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ മിക്ക രാജപദവികളും നിര്‍ത്തലാക്കി. ഒരു അലിഖിത ഭരണഘടനയുള്ള ബ്രിട്ടനെ ഒരു പടി പിന്നിലാക്കി എഴുതിനിശ്ചയിച്ച ഒരു ഭരണഘടനയുമായി 1950-ല്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി-അഥവാ അനുഗ്രഹിക്കപ്പെട്ട ഒരു ബ്രിട്ടീഷ് രൂപരേഖ.

1971-ല്‍ ഇന്ദിരാഗാന്ധി പഴയ രാജാക്കന്‍മാര്‍ക്ക് പൊതുഖജനാവില്‍ നിന്നും ചെലവിന് നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കി. ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ അമേരിക്കയുടെ 7-ആം കപ്പല്‍പ്പടയുടെ ഭീഷണി നേരിട്ടും വാഷിംഗ്ടന്റെ പിന്തുണയുള്ള പാകിസ്ഥാനുമേല്‍ വിജയം നേടിയ സംഭവബഹുലമായ വര്‍ഷം.

ദരിദ്രമെങ്കിലും അഭിമാനമുള്ളൊരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രകടനങ്ങളായിരുന്നു അത്.

ലോകത്തെങ്ങുമുള്ള രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര മര്യാദ ചട്ടങ്ങള്‍ പാലിക്കാറുണ്ട്. നേതാക്കളും ഉദ്യോഗസ്ഥരുമൊക്കെ തുല്യതയും ആത്മാഭിമാനവും എല്ലാം കണക്കാക്കിയുള്ള ഈ നടപടിക്രമങ്ങള്‍ പിന്തുടരാറുമുണ്ട്.

എന്നാല്‍ അതൊന്നും തന്നെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വിനീതവിധേയരായി നില്‍ക്കാനുള്ള നമ്മുടെ ചലചിത്ര താരങ്ങളുടെയും ക്രിക്കറ്റ് കളിക്കാരുടെയും മറ്റ് പ്രമുഖരുടെയും ത്വരയെ അടക്കുന്നില്ല- മാധ്യമങ്ങളാകട്ടെ അതിനെയൊക്കെ ഉന്മാദം ബാധിച്ചപ്പോലെ കൊണ്ടാടുകയും ചെയ്യുന്നു. പണ്ട് ഇന്ത്യ വിട്ടുപോയ, ഇപ്പൊഴും രാജ്യം കൊതിക്കുന്ന, വൈസ്രോയിയുടെയും മദാമ്മയുടെയും പ്രതിരൂപങ്ങളല്ലോ നിങ്ങള്‍ എന്ന രീതിയിലാണ് ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളെ സ്വീകരിക്കുന്നത്.

ഏത് കാലത്തും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു വികസിത പടിഞ്ഞാറന്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശിക മാധ്യമങ്ങള്‍ അതൊന്നും വലിയ വാര്‍ത്തയെ ആക്കാറില്ല. കച്ചവടത്തിലും തന്ത്രപര പങ്കാളിത്തത്തിലും വലിയ നേട്ടങ്ങളുണ്ടായി എന്നൊക്കെ അവകാശപ്പെടുമെങ്കില്‍ക്കൂടി. പക്ഷേ ബ്രിട്ടനില്‍ നിന്നുള്ള അലങ്കാരപദവികള്‍ മാത്രമുള്ള രാജകുടുംബാഗങ്ങള്‍ ഇന്ത്യയില്‍ വന്നാല്‍ ഇന്ത്യക്കാര്‍ ധന്യരും പുളകിതരുമായി.

കൊളോണിയല്‍ ആകര്‍ഷണീയതയുടെ ചരിത്രനാട്യങ്ങള്‍ക്ക് മുന്നില്‍ നയതന്ത്ര മര്യാദ ചട്ടങ്ങളും രാഷ്ട്രീയ പരമാധികാരവും ദുര്‍ബ്ബലമാകുന്നു. നിങ്ങള്‍ക്ക് ബോംബെയേ മുംബൈ ആക്കാം, പക്ഷേ നമ്മുടെ താരങ്ങളെ അങ്ങനെ തോന്നിപ്പിക്കാന്‍ വലിയ പാടാണ്.

ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിന് ‘വില്ലും കാറ്റും’ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പുപരവതാനിയില്‍ ചവിട്ടി ഇന്ത്യയിലെത്തിയപ്പോള്‍ ഊഴംവെച്ച് സലാം പറയാന്‍ കാത്തുനിന്നവരില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറും, ബോളിവുഡിലെ രാജാവു ഷാരൂഖ് ഖാനും, മുത്തച്ഛന്‍ സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന വ്യവസായി രാഹുല്‍ ബജാജും ഉണ്ടായിരുന്നു.

കേംബ്രിഡ്ജിലെ പ്രഭുവും പ്രഭ്വിയുമെന്ന് വിളിക്കപ്പെടുന്ന രാജകുടുംബാംഗങ്ങള്‍ കാണാന്‍ കൊള്ളാമെന്നതിലോ ആകര്‍ഷകത്വം ഉള്ളവരെന്നതിലോ തര്‍ക്കമില്ല. പക്ഷേ അവര്‍ക്കും ചുറ്റും തീര്‍ക്കുന്ന ആ രാജകീയതയില്‍, കൊളോണിയല്‍ പരിവേഷത്തിലാണ് കാര്യം.

കൊളോണിയല്‍ അവശിഷ്ടങ്ങളെക്കുറിച്ച് ചിലതുണ്ട്: അത്  വലിയ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ പോലും ഒരു തരം അപര്യാപ്തത ബോധം സൃഷ്ടിക്കുന്നു. പഴയകാല രീതിയിലെ Mills & Boon പ്രണയ നോവലുകളിലെ നായികമാര്‍ ആണ്‍നോട്ടങ്ങളിലെ  അംഗീകാരത്തിനായി കാത്തിരുന്ന പോലെ, ക്രിക്കറ്റ് കളിക്കാരും വ്യവസായ പ്രമുഖരുമൊക്കെ കൊളോണിയല്‍ അനുഗ്രഹത്തിനായി തല കുനിക്കുകയാണ്.

ക്രിക്കറ്റിന്റെ ജന്‍മഭൂമിയില്‍ ആദ്യതവണയടക്കം രണ്ടുതവണ നാം ആ കളിയില്‍ ലോകജേതാക്കളായി. ടാറ്റ സ്റ്റീല്‍ യു.കെയില്‍ നിന്നും പിന്‍വാങ്ങുന്നത് പ്രാദേശിക തൊഴിലുകളെ ബാധിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭയക്കുന്നു. ആപ്പിള്‍ ഫോണുകള്‍ ചൈനയില്‍ ഉണ്ടാക്കുകയും ബോയിങ് വിമാനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിച്ച സോഫ്ട്വെയര്‍ ഉപയോഗിച്ച് പറക്കുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. പക്ഷേ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കാര്യം വന്നാല്‍ നമ്മളിപ്പോഴും തോര്‍ത്തെടുത്ത് അരയില്‍ കെട്ടി റാന്‍ മൂളും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍