UPDATES

വിദേശം

അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതിയെ മകളുടെ മുന്‍കാമുകന്‍ വെടിവച്ചു; അക്രമിയെ പൊലീസ് കൊലപ്പെടുത്തി

അമേരിക്കയിലെ സാന്‍ ജോസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതിയെ ആക്രമിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. ജുനിപെര്‍ നെറ്റ്വര്‍ക്‌സ് വൈസ് പ്രസിഡന്റ് നരേന്‍ പ്രഭു, ഭാര്യ എന്നിവരെയാണു മിര്‍സ ടാറ്റ്‌ലിക് എന്ന 24 കാരന്‍ ആക്രമിച്ചത്. പ്രതിയെ കീഴടക്കാനുള്ള ഉദ്യമം പരാജയപ്പെട്ടതോടെയാണു പൊലീസ് ഇയാളെ വെടിവച്ചത്. ബുധനാഴ്ച രാത്രിയില്‍ സെന്റ്. ജയിംസ് ആംഗ്ലിക്കന്‍ പള്ളിക്കു സമീപമുള്ള ലോറ വില്ല ലെയ്‌നിലുള്ള നരേന്റെ വീട്ടിലായിരുന്നു സംഭവം.

നരേന്റെ 20 കാരനായ മകനാണ് തന്റെ മാതാപിതാക്കള്‍ക്കു വെടിയേറ്റ വിവരം സാന്‍ ജോസ് പൊലീസിനെ വിളിച്ചറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്.
നരേന്റെ 20 കാരനായ മകനാണ് അപകടവിവരം വിളിച്ച് അറിയിക്കുന്നത്. ഞങ്ങള്‍ എത്തുമ്പോള്‍ വീടിന്റെ ഉള്ളില്‍ ഒരാള്‍ വെടിയേറ്റ് കിടപ്പുണ്ടായിരുന്നു. അത് നരേന്‍ പ്രഭുവായിരുന്നു. അയാളുടെ ഭാര്യക്കും വെടിയേറ്റതായാണു മകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവരെ കണ്ടെത്താനായില്ല. വീടിനുള്ളില്‍ അക്രമി ടാറ്റ്‌ലിക് നരേന്റെ 13 കാരനായ ഇളയകുട്ടിയെ ബന്ധിയാക്കിവച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ അയാളെ പലതരത്തില്‍ കീഴടങ്ങാന്‍ പ്രലോഭിപ്പിച്ചു. പക്ഷേ അയാള്‍ വഴങ്ങിയില്ല. ഇതിനിടയില്‍ ബന്ധിയാക്കിയ കുട്ടിയുടെ കൈയിലുണ്ടായിരുന്ന സെല്‍ഫോണ്‍ ഉപയോഗിച്ച് ടാറ്റ്‌ലിക് തന്റെ മുന്‍ കാമുകിയും നരേന്റെ മൂത്തമകളുമായ റേച്ചല്‍ പ്രഭുവിനെ വിളിച്ചു. അവര്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണു താമസിക്കുന്നത്. കീഴടങ്ങാനുള്ള എല്ലാ നിര്‍ദേശങ്ങളും പ്രതി നിരസിച്ചതോടെ ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. ആ കൊച്ചുകുട്ടിയേയും അയാള്‍ ഉപദ്രവിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. ഞങ്ങളുടെ ടീം വീടിനു പുറത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. തുറന്നിട്ട ഒരു ജനാലയിലൂടെ പ്രതിയെ ഞങ്ങള്‍ക്ക് ഗണ്‍പോയിന്റില്‍ കിട്ടി. ഒരു റൗണ്ട് വെടിയുതിര്‍ത്തു. ഇതിനുശേഷം വീടിനകത്തേക്കു കടന്നു. ഈ സമയം പ്രതി കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ രണ്ടുപേരെയും ഞങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.

റേച്ചലും ടാറ്റ്‌ലിക്കും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. പക്ഷേ ഈ ബന്ധം കഴിഞ്ഞവര്‍ഷം അവസാനിച്ചു. ജോലിയൊന്നും ഇല്ലാതെ നടക്കുന്ന ചെറുപ്പക്കാരനായിരുന്നു ടാറ്റിലിക്. റേച്ചലുമായുള്ള ബന്ധം അവസാനിച്ചതിനുശേഷം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അയാള്‍ പ്രണയത്തകര്‍ച്ചുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. മാനസികനില തകരാറില്‍ ആയിരുന്നതായും സംശയിക്കുന്നു; സാന്‍ ജോസ് പൊലീസ് മേധാവി എഡ്ഡി ഗ്രാഷ്യ മാധ്യമങ്ങളോടു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍