UPDATES

പ്രതിഷേധങ്ങള്‍ക്കിടയില്‍ മോദി ബ്രിട്ടനിലെത്തി

അഴിമുഖം പ്രതിനിധി

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിട്ടനിലെത്തി. ബ്രിട്ടീഷ് മന്ത്രിമാരായ ഹ്യൂഗോ സ്വൈറും പ്രീതി പട്ടേലുമാണ് ഹീത്രൂ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ വരവേറ്റത്. അദ്ദേഹം  ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. വാണിജ്യം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെയ്ക്കുകയും തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാന്‍ ഇരുരാജ്യങ്ങളും തീരുമാനമെടുക്കുയും ചെയ്യും.

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നു സത്ക്കാരത്തില്‍ പങ്കെടുക്കുന്ന മോഡി വെംബല്‍ സ്‌റ്റേഡിയത്തില്‍ ബ്രിട്ടനിലെ ഇന്ത്യക്കാരോടു സംവദിക്കും. സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്രമോഡി.

അതേസമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. മോദിയെ സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറുമായി ഉപമിച്ചു കൊണ്ട് ബ്രിട്ടനിലെ പാര്‍ലമെന്റ് പരിസരത്ത് പതിച്ച പോസ്റ്ററുകളും മോദിക്ക് സ്വാഗതമില്ലെന്നുമുള്ള പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ബ്രിട്ടനില്‍ സ്ഥിര താമസക്കാരായ ഇന്ത്യക്കാരുടെ സംഘടനയായ ആവാസ് നെറ്റ്‌വര്‍ക്കാണ് മോദിയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയത്.

ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വഭാരത് തുടങ്ങിയ ആശയങ്ങളുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്ന മോദിയുടെ യഥാര്‍ത്ഥ ലക്ഷ്യം, രാജ്യത്തിന്റെ ജനാധിപത്യവും മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്നതാണെന്ന് ആവാസ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും അവയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുമുള്ള നിവേദനവും അവര്‍ ബ്രട്ടീഷ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്. ഇന്ത്യയില്‍ നിന്നും നിരവധി എഴുത്തുകാരും ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍