UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷത്തെ ഐക്യമല്ല, മോദിക്ക് വിനയാവുക സ്വപക്ഷത്തെ വൈരുദ്ധ്യം

രാജ്യത്തെ പ്രതിപക്ഷത്തിന്റെ ദയനീയ സ്ഥിതി പരിഗണിക്കുമ്പോള്‍, ഭാരതീയ ജനതാ പാര്‍ട്ടിയെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു ചേരാനുള്ള പ്രവണതയെക്കുറിച്ച് ഒരാള്‍ ഊഹിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. വരും വര്‍ഷങ്ങളില്‍ ഈ പ്രവണണതയ്ക്ക് ആക്കം കൂടാനുള്ള സാധ്യത കൂടുതലാണെങ്കിലും പ്രധാനപ്പെട്ട ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ തമ്മിലും അവയ്ക്കുള്ളിലും നിലനില്‍ക്കുന്ന കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബിജെപിക്ക് വലിയ ആശങ്കയ്ക്ക് വകയില്ലെന്ന് വേണം വിലയിരുത്താന്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സ്ഥാനം ബിജെപി അലങ്കരിക്കുമ്പോള്‍, നേരത്തെ കോണ്‍ഗ്രസ് ആ സ്ഥാനം വഹിച്ചിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നത് പ്രയോജനപ്രദമായിരിക്കും. 1947 ഓഗസ്റ്റിനും 2014 മേയ്ക്കുമിടയില്‍ 12 വര്‍ഷമൊഴികെയുള്ള മുഴുവന്‍ കാലവും കോണ്‍ഗ്രസ് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ അവര്‍ നയിക്കുന്ന മുന്നണിയോ ആയിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. ഈ നാലു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തിനിടയില്‍ ആറ് വര്‍ഷം മാത്രമാണ് ഗാന്ധി-നെഹ്രു കുടുംബത്തിന് പുറത്തുള്ളവര്‍ പ്രധാനമന്ത്രിമാരായത് എന്നും (ബിജെപി ഇടയ്ക്കിടയ്ക്ക് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പോലെ) ഓര്‍ക്കണം. അത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പി വി നരസിംഹറാവുവും പ്രധാനമന്ത്രിമാരായിരുന്നപ്പോഴായിരുന്നു. അല്ലാത്തപ്പോള്‍ അവര്‍ ഡി ഫാക്ടോ പ്രധാനമന്ത്രിയെങ്കിലും ആയിരുന്നു. അങ്ങനെ വിശേഷിപ്പിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇഷ്ടമല്ലെങ്കിലും.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മോട് പറയുന്നത് ഇന്ത്യയുടെ പഴയ രാഷ്ട്രീയ മുത്തശ്ശിയായ കോണ്‍ഗ്രസ് മുക്ത ഭാരതം പടുത്തുയര്‍ത്തുകയാണ് തന്റെ ഉദ്ദേശം എന്നാണ്. ഇവിടെ നമ്മള്‍ അല്‍പം പുറകിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. 1967, 1977, 1989, 1996 വര്‍ഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ ഒന്ന് പരിശോധിക്കേണ്ടി വരും. 1967ലെ നാലാം പൊതു തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ വലതുപക്ഷവും ഇടതുപക്ഷവും ഒന്നിച്ചണിചേര്‍ന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കി. ഒരൊറ്റ കോണ്‍ഗ്രസ് ഭരണ പ്രവിശ്യകളും താണ്ടാതെ കൊല്‍ക്കത്ത മുതല്‍ അമൃതസര്‍ വരെ യാത്ര ചെയ്യാം എന്നൊരു ചൊല്ലും അക്കാലത്ത് പ്രചരിച്ചിരുന്നു.

 

1977ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജയപ്രകാശ് (ജെപി) നാരായണന്റെയും പിന്നീട്, 1989ല്‍ വിശ്വനാഥ് പ്രതാപ് സിംഗിന്റെയും നേതൃത്വഗുണം മൂലം, കോണ്‍ഗ്രസ് വിരുദ്ധശക്തികള്‍ തങ്ങളുടെ ശക്തമായ പ്രത്യശാസ്ത്ര വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ട് ഒന്നിച്ചണി ചേര്‍ന്നു. ഇരുവരും കോണ്‍ഗ്രസ് വിരുദ്ധശക്തികളെ അണിചേര്‍ത്ത സ്വാധീനശക്തിയുള്ള നേതാക്കളല്ലായിരുന്നെങ്കിലും, എച്ച് ഡി ദേവഗൗഡയുടെയും ഇന്ദര്‍കുമാര്‍ ഗുജറാളിന്റെയും നേതൃത്വത്തില്‍ 1996ലും കഥ ആവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വളരെ വ്യത്യസ്തമാണ്.

2009നും 2014നും ഇടയില്‍ ബിജെപിയുടെ വോട്ട് വിഹിതം 18.8 ശതമാനത്തില്‍ നിന്നും 31 ശതമാനത്തിലേക്ക് കുതിച്ച് ചാടിയപ്പോള്‍, കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 28.55 ല്‍ നിന്നും 19.31 ശതമാനത്തിലേക്ക് ഗണ്യമായി കുറഞ്ഞു. മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ ജയിക്കുന്ന (first-past-the-post voting method) വെസ്റ്റ്മിനിസ്റ്റര്‍ സംവിധാനത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിജയങ്ങളും പരാജയങ്ങളും ഒരു പോലെ പെരുപ്പിച്ച് കാണിക്കുന്ന പ്രവണത നിലനില്‍ക്കുന്നു. വെറും 44 എംപിമാര്‍ മാത്രമുള്ള കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. 12 എംപികളുമായി ഇടതുപക്ഷവും മറ്റൊരു താഴ്ചയില്‍ നിപതിച്ചിരിക്കുന്നു. നാല് എംപിമാര്‍ മാത്രമുള്ള പുതുതായി രൂപീകൃതമായ ആം ആദ്മി പാര്‍ട്ടിയുടെ അവസ്ഥയും വ്യത്യസ്തമല്ല.

ഇവിടെ നിന്നങ്ങോട്ട് എന്താണ് സംഭവിക്കാന്‍ പോകുന്നത്? 1970-കളുടെ ആവര്‍ത്തനം പോലെ, എങ്ങനെയാണ് ബിജെപി വിരുദ്ധശക്തികള്‍ക്ക് യോജിക്കാന്‍ കഴിയുന്നതെന്ന് ബിഹാര്‍ തന്നെ കാണിച്ചു തരികയാണ്. 2014 മേയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനെ, ഭൂതകാലം മറക്കാനും പരസ്പരം ക്ഷമിക്കാനും പരമ്പരാഗത വൈരികളായ ജനതാദള്‍ യുണൈറ്റഡിന്റെ നിതീഷ് കുമാറും രാഷ്ട്രീയ ജനതാദളിന്റെ ലാലു പ്രസാദ് യാദവും തീരുമാനിച്ചു. തങ്ങളുടെ സഖ്യ കക്ഷിയാവുകയും ബിജെപിയോടും രാംവിലാസ് പാസ്വാന്റെ ലോക ജനശക്തി പാര്‍ട്ടി പോലുള്ള അവരുടെ ചെറുകിട സഖ്യകക്ഷിയോടും കിടപിടിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയും ചെയ്യുക എന്ന ഒറ്റ സാധ്യത മാത്രം കോണ്‍ഗ്രസിന് നല്‍കുകയാണ് ഈ നീക്കത്തിലൂടെ അവര്‍ ചെയ്തത്. പുതിയ രാഷ്ട്രീയരൂപം നിലവില്‍ വന്നതോടെ, 2015 നവംബറില്‍ കാലാവധി അവസാനിക്കുന്ന ബിഹാര്‍ നിയമസഭയിലേക്ക് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

ജെഡി (യു) വിനെയും ആര്‍ജെഡിയെയും കൂടാതെ ജനത പരിവാരത്തിലുള്ള മറ്റ് നാല് രാഷ്ട്രീയ കക്ഷികള്‍ കൂടി ഒന്നിച്ച് നില്‍ക്കുമെന്ന് ഡിസംബര്‍ ആദ്യം പ്രഖ്യാപനം വന്നു. ഉത്തര്‍പ്രദേശില്‍ അടിത്തറയുള്ള മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവദൗഡ നയിക്കുന്ന ജനതാദള്‍ (സെക്യുലര്‍), ചൗത്താല കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ രൂപം കൊടുത്ത സമാജ് വാദി ജനത പാര്‍ട്ടി എന്നിവയാണവ. ഇതില്‍ അവസാനത്തേത് നാമമാത്രമായ പാര്‍ട്ടിയാണ്. ഇനി മുന്‍ ജനതാദളിന്റെ മറ്റൊരു വിഭാഗവും മുന്‍ വ്യോമയാന മന്ത്രി അജിത് സിംഗ് നയിക്കുന്നതുമായ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്ദളിനെ കൂടെ കൂട്ടാന്‍ മറ്റുള്ളവര്‍ക്ക് താല്‍പര്യവുമില്ല.

പഴയ ‘സോഷ്യലിസ്റ്റുകളെ’ ഒരേ കൂരയ്ക്ക് കീഴില്‍ കൊണ്ടുവരിക എന്നതാണ് മുലായം സിംഗിന് മുന്നിലുള്ള ദൗത്യം. ഇപ്പോഴത്തെ നിലയില്‍ ഇവരുടെ രാഷ്ട്രീയ ഭൂമികകള്‍ പരസ്പരം അതിക്രമിക്കാതിരിക്കുന്നിടത്തോളം ഈ ദൗത്യം അത്രകണ്ട് ശ്രമകരമല്ല. എന്നാല്‍, ഒരേ കളത്തില്‍ തന്നെ പരസ്പരം പോരാടുന്ന ബിജെപി ഇതര കക്ഷികളെ കൂട്ടത്തില്‍ ചേര്‍ക്കുക എന്നതാവും യഥാര്‍ത്ഥ വെല്ലുവിളി. കഴിഞ്ഞ ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കൂടിയും, എസ്പിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും യോജിപ്പിലെത്താനുള്ള സാധ്യത വിരളമാണ്. ഇരു പാര്‍ട്ടികളുടെയും മുഖ്യശത്രു ഒന്നാണെങ്കില്‍ തന്നെയും, 2017 മാര്‍ച്ച്-ഏപ്രിലില്‍ ഈ രണ്ട് രാഷ്ട്രീയ എതിരാളികളും തമ്മില്‍ യോജിപ്പിലെത്താന്‍ സാധ്യതയില്ല.

 

ഇതേ സാഹചര്യങ്ങള്‍ തന്നെയാണ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് ജയലളിതയും ഡിഎംകെ നേതാവ് കരുണാനിധിയും തമ്മിലും നിലനില്‍ക്കുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും പരസ്പരം കൊമ്പുകോര്‍ക്കുന്ന പശ്ചിമബംഗാളിലെ അവസ്ഥയും വ്യത്യസ്തമല്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശാരദ സാമ്പത്തിക ക്രമക്കേടുകള്‍ വേട്ടയാടുമ്പോള്‍, ജയലളിത നികുതിവെട്ടിപ്പ് പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നു. പ്രാദേശിക രാഷ്ട്രീയത്തിലെ ഈ രണ്ട് വനിത നേതാക്കള്‍ക്കെതിരെയുമുള്ള സമ്മര്‍ദം നിലനിര്‍ത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍ ബിജെപി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്നുറപ്പാണ്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന മായാവതിയുടെ അവസ്ഥയും സമാനമാണ്. നവീന്‍ പട്‌നായിക് നയിക്കുന്ന ബിജു ജനതാദളാവട്ടെ ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ത്രിശങ്കു സ്വര്‍ഗത്തിലാണ്. ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ നിലപാടെന്താണെന്ന് അവര്‍ക്ക് തന്നെ നിശ്ചയമില്ല. മാത്രമല്ല, ഒറീസയില്‍ വളര്‍ന്ന് വരുന്ന സര്‍ക്കാര്‍ വിരുദ്ധവികാരവും അദ്ദേഹത്തിന് ഭീഷണിയാവും. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഒറീസയില്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നതിനാല്‍ ഇത് അപ്രതീക്ഷിതവുമല്ല.

ഈ പ്രവണതകളെല്ലാം ബിജെപിക്ക് താരതമ്യേനെ ആശ്വാസം നല്‍കുന്നു. എന്നാല്‍ ഭരണകക്ഷിക്ക് മറ്റ് ചില തലവേദനകളാണുള്ളത്. മധ്യവര്‍ത്തികള്‍ എന്ന് വിളിക്കപ്പെടുന്നവരും കടുത്ത ഹിന്ദുത്വ ആരാധകരും തമ്മിലും സാമ്പത്തികരംഗത്ത് ഉദാരവാദികളും കടുത്ത വലതുപക്ഷ പ്രത്യശാസ്ത്രാനുകൂലികളും തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതില്‍ പ്രധാനം. ഈ അഭിപ്രായവ്യത്യാസങ്ങള്‍ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അദ്ദേഹം, ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന’ ഒന്നായി തന്റെ സര്‍ക്കാരിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍, മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വിളമ്പിക്കൊണ്ട് തന്നെ ഇളിഭ്യനാക്കാന്‍ സംഘപരിവാറിലെ തീവ്രവാദികള്‍ ശ്രമിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ബിജെപി വിരുദ്ധശക്തികള്‍ ഒന്നിക്കാനുള്ള സാധ്യതകളെ കുറിച്ച് അദ്ദേഹത്തിന് അത്രകണ്ട് ആശങ്കയുണ്ടാവാന്‍ സാധ്യതയില്ല.

 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍