UPDATES

കൊള്ളക്കാരും നെറികെട്ടവരും ഇന്ത്യ ഭരിക്കും; ഭരണഘടന ആമുഖം മാറ്റിയെഴുതി മാര്‍ഖണ്ഡേയ ഖട്ജു

1950 ല്‍ എഴുതപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ കാലഹരണപ്പെട്ടിരിക്കുന്നു

മാറിയ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന (അതിന്റെ ആമുഖമെങ്കിലും) മാറ്റിയെഴുതണമെന്ന് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി മാര്‍ഖണ്ഡേയ ഖട്ജു. 1950 ല്‍ എഴുതപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ കാലഹരണപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം dailyo.inല്‍ എഴുതിയ ആക്ഷേപഹാസ്യ ലേഖനത്തില്‍ പറയുന്നു. അതിനാല്‍ ഇന്ത്യയിലെ പ്രമുഖ നിയമജ്ഞര്‍ ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത് ജനങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.

ഭൂരിപക്ഷവും ജാതി, മതചിന്തയുള്ളവരും മന്ദബുദ്ധികളും ഈ ഗുണങ്ങളോട് സഹിഷ്ണുതയുള്ളവരും ആയതിനാല്‍, നമ്മുടെ രാജ്യത്തെ മറ്റ് രാജ്യങ്ങളുടെ നവകോളനി ആക്കിമാറ്റാമെന്നും നമ്മുടെ രാജ്യത്തെ ദരിദ്രവും പിന്നോക്കവും സുരക്ഷിതവുമായി കാത്തുസൂക്ഷിക്കാമെന്നും ഇന്ത്യയിലെ പൗരന്മാര്‍ ഭരണഘടനയുടെ നാമത്തില്‍ സഗൗരവം പ്രതിജ്ഞ ചെയ്തു കൊള്ളുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഖട്ജുവിന്റെ ഭേദഗതിയുടെ ആമുഖം ആരംഭിക്കുന്നത്. എല്ലാ പൗരന്മാര്‍ക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അനീതി നേടിക്കൊടുക്കുമെന്നും, ജാതി, മത, അന്തവിശ്വാസങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുമെന്നും പദവിയിലും അവസരങ്ങളിലും അസമത്വം പാലിക്കുമെന്നും നമ്മുടെ പൗരന്മാരുടെ ജാതി, മത, വംശീയ, ഭാഷ വിദ്വേഷങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അസഹിഷ്ണുത, മുന്‍വിധി, വിവേചനം, മതഭ്രാന്ത് എന്നിവയെയും പ്രോത്സാഹിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നതായും ആമുഖത്തില്‍ പറയുന്നുണ്ട്.

ഒന്നാം വകുപ്പ്: വിഡ്ഢികളുടെ ഒരു സംഭരണിയായ ഇന്ത്യ അഥവാ ഭാരതം, വഞ്ചകര്‍, കൊള്ളക്കാര്‍, തട്ടിപ്പുകാര്‍, നെറികെട്ടവര്‍, പിടിച്ചുപറിക്കാര്‍ എന്നിവരാല്‍ ഭരിക്കപ്പെടും.

രണ്ടാം വകുപ്പ്: തട്ടിപ്പുകാര്‍, കൊള്ളക്കാര്‍ തുടങ്ങിയവരാല്‍ നിയന്ത്രിക്കപ്പെടാനും വിഡ്ഢികളാക്കപ്പെടാനും ആഗ്രഹിക്കുന്ന ആര്‍ക്കും ഇന്ത്യന്‍ പൗരന്മാരാകാം. വഞ്ചകര്‍, കൊള്ളക്കാര്‍ തുടങ്ങിയവര്‍ ശ്രേഷ്ഠ പൗരന്മാരും മോഷ്ടിക്കാന്‍ അവകാശമുള്ളവരും സാധാരണ പൗരന്മാരെ ജാതിയുടെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തില്‍ വിഭജിക്കാനും കബളിപ്പിക്കാനും അവകാശമുള്ളവരും ആയിരിക്കും.

മൂന്നാം വകുപ്പ്: മൗലീകാവകാശങ്ങള്‍: മോഷ്ടിക്കപ്പെടാനും കബളിപ്പിക്കപ്പെടാനും വിവേചിക്കപ്പെടാനും ചൂഷണം ചെയ്യപ്പെടാനും ശ്രേഷ്ഠ പൗരന്മാരാല്‍ ഭരിക്കാപ്പെടാനുമുള്ള അവകാശങ്ങള്‍ മാത്രമായിരിക്കും സാധാരണ പൗരന്മാര്‍ക്ക് മൗലീകമായി ഉണ്ടായിരിക്കുക. അഭിപ്രായ സ്വാതന്ത്ര്യം, സ്വാതന്ത്യം, സമത്വം മുതലായവയെല്ലാം തട്ടിപ്പുകളായതിനാല്‍ അവയെല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

നാലാം വകുപ്പ്: സര്‍ക്കാര്‍ നയത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍: താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കും.

(a) സാധാരണ പൗരന്മാരുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍ നശിപ്പിക്കുകയും ആരോഗ്യശിശ്രൂഷയും നല്ല വിദ്യാഭ്യാസവുമില്ലതെ അവരെ പട്ടിണിയിലും തൊഴിലില്ലായ്മയിലും നിലനിറുത്തുകയും ചെയ്യുകയും;
(b) രാജ്യത്തെ ഭൗതീക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാരുടെ കൈകളില്‍ നിലനിറുത്തുകയും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും;
(c) ജനങ്ങളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കും;
(d) ജാതിയതയും വര്‍ഗ്ഗീയതയും ന്യൂപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരായ വിവേചനവും വര്‍ദ്ധിപ്പിക്കും;
(e) ലഹരി പദാര്‍ത്ഥങ്ങള്‍ കൊണ്ടുമാത്രമല്ല, മറിച്ച് ബോളിവുഡ്, ക്രിക്കറ്റ്, മാധ്യമങ്ങള്‍, സെക്‌സ്, വഞ്ചനാപരവും അല്പത്തപൂര്‍ണവുമായ രാഷ്ട്രീയം മുതലായവ കൊണ്ടും ജനങ്ങളെ മയക്കുകയും അങ്ങനെ അവരെ നിരക്ഷരരായി തുടരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും;
(f) ന്യായപൂര്‍ണമായും വേഗത്തിലും ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന് ഉറപ്പാക്കും;
(g) ഇന്ത്യന്‍ സമ്പത്ത്ഘടന വിദേശികള്‍ക്ക് കൈമാറും.
അഞ്ചാം വകുപ്പ്: മൗലീക ചുമതലകള്‍: താഴെ പറയുന്നവ സര്‍ക്കാരിന്റെയും സാധാരണ പൗരന്മാരുടെയും ചുമതലകള്‍ ആയിരിക്കും;
(h) ജാതിപരവും, സാമുദായികവും, വംശീയവും, ഭാഷപരവും, പ്രാദേശികവുമായ വിദ്വേഷങ്ങള്‍ പ്രോത്സാഹിപ്പിക്കുക;
(i) ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരായ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുക;
(j) അന്തവിശ്വാസം, ജന്മിത്വ മാനസികാവസ്ഥയും ചിന്തകളും വികസിപ്പിക്കുക, ഉദാഹരണത്തിന് ആള്‍ദൈവങ്ങള്‍, ജ്യോതിഷം മുതലായവില്‍ വിശ്വസിക്കുക;
(h) സാമൂദായികവും ജാതീയവുമായ കലാപങ്ങളും കൊലപാതകങ്ങളും ആളിക്കത്തിക്കുക.

ആറാം വകുപ്പ്: ഈ ഭരണഘടനയുടെ മറ്റെല്ലാ വകുപ്പുകളും ശ്രേഷ്ഠപൗരന്മാര്‍ നിഗൂഢമായ രീതിയില്‍ (സുപ്രീം കോടതി കൊളീജിയം പ്രവര്‍ത്തിക്കുന്നത് പോലെ) തീരുമാനിക്കും. സാധാരണ പൗരന്മാര്‍ക്ക് അതില്‍ ഒരഭിപ്രായവും പ്രകടിപ്പിക്കാന്‍ അവകാശമുണ്ടായിരിക്കില്ല.

ഏഴാം വകുപ്പ്: ഭേദഗതികള്‍: ഈ ഭരണഘടനയില്‍ ഒരു ഭേദഗതിയും അനുവദിക്കുന്നതല്ല.
ഈ ഭരണഘടന ഇന്ത്യയിലെ മഹത്തായ ജനങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖട്ജു തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍