UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റയില്‍ ബജറ്റ്; ഇന്ത്യന്‍ റയില്‍വേയെക്കുറിച്ച് മനസിലാക്കേണ്ട 10 കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കും തലനാരിഴ കീറലിനും വിധേയമാക്കുന്ന കേന്ദ്ര ബജറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ റയില്‍ ബജറ്റ് ഒരു ചെറിയ സംഭവമാണ്. റയില്‍ ബജറ്റ് മനസിലാക്കാന്‍ സാധിക്കുന്ന പത്ത് പ്രധാന കാര്യങ്ങളാണ് താഴെ പ്രതിപാദിക്കുന്നത്. 

1) 2.3 കോടി- തീവണ്ടിയില്‍ ഒരു ദിവസം യാത്ര ചെയ്യുന്നവരുടെ എണ്ണം. ഓസ്‌ട്രേലിയയിലെ മുഴുവന്‍ ജനസംഖ്യയെയും ഒരു ദിവസം കൊണ്ടുപോകുന്നതിന് തുല്യമാണിത്. ഇതിനായി രാജ്യത്തെ 7172 സ്‌റ്റേഷനുകളെ ബന്ധപ്പടുത്തിക്കൊണ്ട് റയില്‍വേ ഒരു ദിവസം 12,617 യാത്ര തീവണ്ടികള്‍ ഓടിക്കുന്നു. 

2) 26,000 കോടി രൂപ- യാത്രക്കൂലി നിരക്കുകളില്‍ സബ്‌സിഡി നല്‍കുന്നത് മൂലം റയില്‍വേയ്ക്ക് പ്രതിവര്‍ഷം ഉണ്ടാവുന്ന നഷ്ടം. 

3) 67 ശതമാനം- ചരക്ക് ഗതാഗത്തിലൂടെ റയില്‍വേയ്ക്ക് ഉണ്ടാകുന്ന വരുമാനം. വിവിധ സര്‍ക്കാരുകള്‍ യാത്രക്കൂലിയെ ചരക്ക് കൂലികളുമായി ക്രോസ് സബ്‌സിഡി ചെയ്തത് മൂലം 1950-51 കാലഘട്ടത്തില്‍ മൊത്തം ചരക്ക് ഗതാഗതത്തിന്റെ 89 ശതമാനം റയില്‍വേ വഴിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 31 ശതമാനമായിട്ട് കുറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും റയില്‍വേ 2.65 മില്യണ്‍ ടണ്‍ ചരക്ക് കൈകാര്യം ചെയ്യുന്നു. 

4) 1.4 ലക്ഷം കോടി രൂപ അഥവ 23 ബില്യണ്‍ ഡോളര്‍- ഇന്ത്യന്‍ റയില്‍വേയുടെ വാര്‍ഷിക വരുമാനം. ഇത് പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെക്കാളും ഒഎന്‍ജിസിയെക്കാളും കുറവാണ്.

5) 1.82 ലക്ഷം രൂപ- പണി പൂര്‍ത്തിയാകാതെ കിടക്കുന്ന 359 പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് റയില്‍വേയ്ക്ക് ആവശ്യമുള്ള ഫണ്ട്. കഴിഞ്ഞ 30 വര്‍ഷത്തില്‍, അനുവദിക്കപ്പെട്ട 676 പദ്ധതികളില്‍ 317 എണ്ണം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. 

6) 94 ശതമാനം- റയില്‍വേയുടെ പ്രവര്‍ത്തനാനുപാതം. അതായത് പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ഓരോ രൂപയിലും വെറും ആറ് പൈസ മാത്രമാണ് റയില്‍വേയ്ക്ക് മിച്ചം ഉണ്ടാവുന്നതെന്ന് സാരം. ഇതുമൂലം വികസനത്തിന് കുറച്ച് തുക മാത്രമേ വകയിരുത്താന്‍ സാധിക്കുന്നുള്ളു. 

7) 100 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ആറ് ലക്ഷം കോടി രൂപ- വരുന്ന 3-4 വര്‍ഷങ്ങളില്‍ നിക്ഷേപങ്ങള്‍ക്കായി റയില്‍വേയ്ക്ക് ആവശ്യം വേണ്ടി വരുന്ന തുക.

8) 50,000 കോടി രൂപ- ബജറ്റ് പിന്തുണയായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും റയില്‍വേ ആവശ്യപ്പെടാന്‍ സാധ്യതയുള്ള തുക. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അര ശതമാനത്തില്‍ താഴെ വരുന്ന തുകയാണിത്. 

9) 200 കിലോമീറ്റര്‍- സ്വാതന്ത്ര്യത്തിന് ശേഷം പ്രതിവര്‍ഷം കൂടുതലായി ചേര്‍ക്കപ്പെടുന്ന ശരാശരി ദൂരം. കഴിഞ്ഞ 67 വര്‍ഷത്തിനിടയില്‍, മൊത്തം 64,460 കിലോമീറ്റര്‍ ഉള്ളഥില്‍ 13,000 കിലോമീറ്ററാണ് അധികമായി ചേര്‍ക്കപ്പെട്ടത്. മൊത്തം കിലോമീറ്ററിന്റെ കാര്യത്തില്‍ ഇന്ത്യന്‍ റയില്‍വേയ്ക്ക് ലോകത്തില്‍ നാലാം സ്ഥാനമാണ് ഉള്ളതെങ്കിലും ചൈനയുടെ ഒരു ലക്ഷം കിലോമീറ്റിനെക്കാള്‍ വളരെ താഴെയാണിത്. 

10- 13.1 ലക്ഷം- മൊത്തം റയില്‍വേ ജീവനക്കാരുടെ എണ്ണം. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് റയില്‍വേ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍