UPDATES

ട്രെന്‍ഡിങ്ങ്

എന്നാണ് പാകിസ്താനുമായി ചര്‍ച്ച നടത്തുക, ചോദ്യത്തിന് ഉത്തരമായി പാക് മാധ്യമപ്രവര്‍ത്തകന് കൈകൊടുത്ത് അക്ബറുദ്ദീന്‍, യുഎന്‍ യോഗത്തിന് ശേഷം താരമായ ഇന്ത്യന്‍ പ്രതിനിധി

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് സയ്യീദ് അക്ബറുദ്ദീന്‍

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി ചര്‍ച്ച ചെയ്തത്. ഇന്ത്യ കാശ്മീരില്‍ വരുത്തിയ നയം മാറ്റങ്ങള്‍ക്കെതിരെ പാകിസ്താനാണ് വിഷയം രക്ഷാ സമിതിയുടെ മുന്നിലെത്തിച്ചത്. ചൈനയുടെ പിന്തുണയോടെയാണ് വിഷയം രക്ഷ സമിതി ‘ക്ലോസ്ഡ് ഡോര്‍’ മീറ്റിങ്ങില്‍ പരിഗണിച്ചത്.

കാശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഗ്രഹത്തിന് വിരുദ്ധമായി രക്ഷാ സമിതിക്ക് മുന്നിലെത്തിക്കാന്‍ പറ്റിയെന്ന് പാകിസ്താനും ചൈനയും ആശ്വസിക്കുമ്പോള്‍, മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാന്‍ കഴിയാതെ പാക് നീക്കം തിരിച്ചടിയായെന്ന് ഇന്ത്യയും പറയുന്നു.

യോഗത്തിന് ശേഷം താരമായത് ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി സയ്യീദ് അക്ബറൂദ്ദീനായിരുന്നു.
യോഗം കഴിഞ്ഞതിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ച് സയ്യീദ് അക്ബറൂദ്ദീന്റെ വാര്‍ത്ത സമ്മേളനം.

ഇത്തരത്തിലൊരു വാര്‍ത്ത സമ്മേളനം ആദ്യമാായിട്ടാണ് താന്‍ നടത്തുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് രാജ്യങ്ങള്‍ അവരുടെ ദേശീയ നിലപാടുകളെ അന്താരാഷ്ട്ര അഭിപ്രായമാക്കി അവതരിപ്പിക്കാനാണ് രക്ഷ സമിതിയില്‍ ശ്രമിച്ചതെന്നും അതില്‍ അവര്‍ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയേയും പാകിസ്താനെയും കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതുകഴിഞ്ഞാണ് പാകിസ്താനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യ അയല്‍രാജ്യവുമായുള്ള ചര്‍ച്ചയ്ക്ക് എന്നാണ് തയ്യാറാവുക എന്ന് ചോദിച്ചത്. ചോദ്യം കേട്ട ഉടന്‍ അക്ബറുദ്ദീന്‍ വേദിയില്‍നിന്ന് നടന്ന് പാക് മാധ്യമപ്രവര്‍ത്തകന് കൈ നല്‍കുകയായിരുന്നു. ചര്‍ച്ച തുടങ്ങാന്‍ എപ്പോഴും തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള അക്ബറുദ്ദീന്റെ സമീപനം മാധ്യമപ്രവര്‍ത്തകരെയും അമ്പരപ്പിച്ചു.

ഇന്ത്യ എന്തുകൊണ്ടാണ് കാശ്മീരുമായി ബന്ധപ്പെട്ടുള്ള ഐക്യരാഷ്ട്ര സമിതിയുടെ പ്രമേയങ്ങള്‍ പാലിക്കാത്തതെന്നതായിരുന്നു ഒരു ചോദ്യം. അതിന് ശേഷവും ഇന്ത്യയും പാകിസ്താനുമായി സിംല കാരാറുണ്ടായിട്ടുണ്ട്. അവസാനമായി ഉണ്ടാക്കുന്ന കരാറുകളാണ് അന്തരാഷ്ട്ര തലത്തില്‍ പാലിക്കുക. ഇന്ത്യ സിംല കരാറില്‍ അടിയുറച്ച് നില്‍ക്കാന്‍ തയ്യാറാണെന്നും പാകിസ്താനും അങ്ങനെയാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു അക്ബറൂദ്ദീന്റെ മറുപടി.

കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഭീകരപ്രവര്‍ത്തനത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ബാധ്യതയാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നായിരുന്നു മറുപടി.

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്യീദ് അക്ബറൂദ്ദീന്‍ 1986 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലായിരുന്നു. പശ്ചിമേഷ്യന്‍ വിദഗ്ദനായി അറിയപ്പെടുന്ന അക്ബറുദ്ദീന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന എസ് ബഷീറുദ്ദീന്റെ മകനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍