UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സുരക്ഷാസംവിധാനം അഴിച്ചുപണിയണം

Avatar

ടീം അഴിമുഖം

ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പൊതുവായി കാണാവുന്നതെന്താണ്?

ഉത്തരം ലളിതമാണ്: വാസ്തവമായ ഒരു രഹസ്യവിവരം എപ്പോള്‍ കിട്ടിയാലും അത് അവഗണിച്ചിരിക്കും; അധികാരത്തിലിരിക്കുന്നവരുടെ യുക്തിരഹിതമായ തോന്നലുകളെ ആശ്രയിച്ചിരിക്കുന്നു തുടര്‍ന്നുള്ള സുരക്ഷാ നടപടികള്‍; മിക്കപ്പോഴും ആനുപാതികമല്ലാതാവിധത്തില്‍ ഉയര്‍ന്ന ആള്‍നാശമാണ് ഫലം. 

2008 ലെ മുംബൈ ഭീകരാക്രമണം എടുത്തു നോക്കൂ. ഭീകരവാദികള്‍ വന്ന ബോട്ട് മുംബൈ തീരത്ത് അടുക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ മുംബൈക്ക് നീങ്ങുന്ന ഭീകരവാദികള്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചിരുന്ന കൃത്യം പ്രദേശത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോക്ക് വിശദാംശങ്ങള്‍ അറിയാമായിരുന്നു. 

164 പേര്‍ കൊല്ലപ്പെട്ടു, നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റ്, ഇന്ത്യയെ ദിവസങ്ങളോളം ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി, 10 ഭീകരവാദികള്‍ ആഗോളതലത്തില്‍ ഇന്ത്യയെ നാണം കെടുത്തി; എന്നിട്ടും ആരും ഉത്തരവാദികളായില്ല. ഭീകരാക്രമണ ജാഗ്രത നിര്‍ദേശങ്ങളില്‍ നടപടിയെടുക്കേണ്ടവര്‍, കടല്‍ത്തീരം കാക്കേണ്ടവര്‍, മുംബൈ നഗരത്തെ സംരക്ഷിക്കേണ്ടവര്‍, എല്ലാവരും അവരവരുടെ ജോലികളില്‍ സുഖമായി തുടര്‍ന്നു. 

പത്താന്‍കോട്ടില്‍ കാര്യങ്ങള്‍ കുറെക്കൂടി മോശമാണ്. പത്താന്‍കോട് ആക്രമിക്കാന്‍ അരഡസനോളം ഭീകരവാദികള്‍ തയ്യാറെടുക്കുന്നതായി ക്രിസ്മസിനോടടുത്ത് യു.എസ് ഏജന്‍സികള്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നു. ജനുവരി ഒന്നിനു രാവിലെ ഭീകരവാദികളുമായി തനിക്കുണ്ടായ അനുഭവം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

ഒരു നിശ്ചിത സ്ഥലത്തു ഭീകരവാദികളെ കുരുക്കാന്‍ വേണ്ടത്ര സമയം ലഭിച്ചിട്ടും, പത്താന്‍കോടില്‍ പരിശീലനം സിദ്ധിച്ച നിരവധി സൈനികസംഘങ്ങള്‍ ലഭ്യമായിരുന്നിട്ടും ഏറെ സമയം പാഴാക്കി ഡല്‍ഹിയില്‍ നിന്നും ദേശീയ സുരക്ഷാ ഭടന്മാരെ (എന്‍ എസ് ജി) പത്താന്‍കോടില്‍ എത്തിക്കാനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അയാളുടെ ഉപദേശകരും തീരുമാനിച്ചത്. ഭീകര വിരുദ്ധ ദൗത്യം മുഴുവന്‍ കെടുകാര്യസ്ഥതയോടെ കൈകാര്യം ചെയ്തിട്ടും സംഭവത്തില്‍ ആരും അതിന് ഉത്തരവാദികളല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ എത്തിയ നിഗമനം. 

ആഭ്യന്തര സായുധകലാപങ്ങളെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യ എല്ലാക്കാലത്തും വളരെ പിറകിലാണ്. വിശാലമായ കണക്കനുസരിച്ച് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സായുധ സംഘര്‍ഷങ്ങളുടെ ശരാശരി ആയുസ്സ് നാല് വര്‍ഷത്തോളമാണ്. 89 സായുധ മുന്നേറ്റങ്ങളെ വിലയിരുത്തിയപ്പോള്‍ അവയുടെ ആയുസ് ഏതാണ്ട് 10 വര്‍ഷമായിരുന്നു. സായുധ മുന്നേറ്റത്തിന് പ്രായമാകുന്തോറും ആഭ്യന്തര യുദ്ധത്തില്‍ വിജയിക്കാനുള്ള സര്‍ക്കാരിന്റെ സാധ്യത കൂടുന്നു എന്നാണ്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല. 

നാഗ കലാപത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. വടക്കുകിഴക്കുള്ള പല മുന്നേറ്റങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാശ്മീര്‍ തീവ്രവാദം 1980കളുടെ ഒടുവിലാണ് ആരംഭിച്ചത്. 

ഒരു വാദത്തിനുവേണ്ടി ഈ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകിസ്താനും ചൈനയും പോലുള്ള അയല്‍രാഷ്ട്രങ്ങളെ കുറ്റപ്പെടുത്താം. അതിര്‍ത്തിക്കപ്പുറം കുഴപ്പമുണ്ടാക്കാന്‍ രാഷ്ട്രേതരസംഘങ്ങളെ ഉപയോഗിക്കുന്നത് പ്രായോഗിക രാഷ്ട്രതന്ത്രത്തില്‍ പുതുമയുമല്ല. ബംഗ്ലാദേശില്‍ 1971ല്‍ ഇന്ത്യ ആയുധം നല്‍കി പരിശീലിപ്പിച്ച മുക്തി ബാഹിനി മുതല്‍ ഇപ്പോള്‍ സിറിയയില്‍ യു.എസും സഖ്യകക്ഷികളും സഹായിക്കുന്ന സംഘങ്ങള്‍ വരെ ഇതുതന്നെയാണ് നടക്കുന്നത്. 

എന്നാല്‍, ഭീകരവാദം/കലാപത്തിന്റെ കാര്യത്തില്‍ മെച്ചമായി കൈകാര്യം ചെയ്യാവുന്ന രണ്ടാമതൊരു വശമുണ്ട്. രാജ്യത്തിന്റെ പ്രതികരണത്തിന്റെ കേന്ദ്രം എന്നത് വേണ്ടത്ര ആലോചിച്ചുറപ്പിച്ച ഒരു സുരക്ഷാ നയവും തന്ത്രവുമായിരിക്കണം. അതാകട്ടെ നിയമത്തിന്നു മുന്നിലെ തുല്യതയിലൂന്നിയ ഭരണഘടന തത്വങ്ങളില്‍ ഉറച്ചതുമായിരിക്കണം. വിവിധ സംഘങ്ങളുടെ പരാതിയെ ഒരേതരം നിയമതുല്യതയോടെ അഭിസംബോധന ചെയ്യുന്നത് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്. തുടര്‍ച്ചയായി വന്ന നമ്മുടെ സര്‍ക്കാരുകള്‍ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. നിലവിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനം പരിതാപകരമാം വിധം മോശമാണ്. ഭരണഘടനാപരമായ ചുമതലകള്‍ക്ക് മേലെ രാഷ്ട്രീയ അവസരവാദം കയറിവരുമ്പോള്‍ രാജ്യത്തിന് ഭീകരവാദത്തെ പരാജയപ്പെടുത്താനാകും എന്നു കരുതാനാകില്ല. 

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, മലേഗാവിലെ ഭീകരവാദ കേസുകള്‍, സംഝൗത എക്‌സപ്രസ് സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം ഇവയിലെല്ലാം ഭരണകൂടം ശ്രമിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടുത്താനാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ ചട്ടുകങ്ങളാണ് സി ബി ഐ, എന്‍ ഐ എ എന്നീ അന്വേഷണ ഏജന്‍സികള്‍. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുതിയ പ്രയോഗരീതികള്‍ നല്‍കുന്നതിന് പകരം, പഴയ കോണ്‍ഗ്രസ്, സഖ്യകക്ഷി സര്‍ക്കാരുകളുടെ കുതന്ത്രങ്ങളും ദുരുപയോഗരീതികളും പകര്‍ത്താനാണ് മോദി സര്‍ക്കാരും ശ്രമിക്കുന്നത്. ഭീകരവാദത്തെ നേരിടുന്നതില്‍ ഗൗരവമായ പ്രക്രിയയായിട്ടാണ് കാണുന്നതെങ്കില്‍ ഈ രീതി അവസാനിക്കണം. സര്‍ക്കാര്‍ ഏജന്‍സികളുടെ രാഷ്ട്രീയ ദുരുപയോഗവും, അവയുടെ പ്രവര്‍ത്തനങ്ങളിലെ തികഞ്ഞ സുതാര്യതയില്ലായ്മയും ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ യജമാനന്‍മാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി വാസ്തവങ്ങളെ വളച്ചൊടിക്കുന്ന, പൂഴ്ത്തിവെക്കുന്ന നിഗൂഢ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ഉത്തരവാദിത്തമില്ലായ്മയുടെ സൗകര്യം മൂലം അവരുടെ ദൗത്യങ്ങള്‍ മിക്കതും വ്യാജ കേന്ദ്രങ്ങളില്‍ നിന്നും പെരുപ്പിച്ച അവകാശവാദങ്ങളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരുതരം പൊറാട്ട് നാടകങ്ങളാണ്. ഇതിന്റെയെല്ലാം അടിസ്ഥാനം പണവും മറ്റ് പലവിധ സൗകര്യങ്ങളുമാണ്. യഥാര്‍ത്ഥ രഹസ്യവിവര നിര്‍ദേശങ്ങള്‍ പോലും അവഗണിക്കപ്പെടുക എന്നതാണു ഇതിന്റെയെല്ലാം അന്തിമഫലം. ഇന്ത്യന്‍ ഏജന്‍സികളുടെ മിക്ക രഹസ്യ വിവരങ്ങളും ഒരു കെട്ടുകഥപോലെ കേള്‍ക്കാവുന്നവയാണ്. മിക്കപ്പോഴും അവ അതുമാത്രമാണു താനും. 

സുരക്ഷാ സംവിധാനത്തില്‍ വ്യാപകമായ അഴിച്ചുപണി നടത്തേണ്ട സമയമായിരിക്കുന്നു. ഇത് മൂന്നു തലങ്ങളിലായി നടത്താം പാര്‍ലമെന്ററി ചുമതല, കൃത്യമായി നിര്‍വചിച്ച ഒരു സുരക്ഷാ നയം, അത് നടപ്പാക്കാനുള്ള ഒരു ദേശീയ സുരക്ഷാ തന്ത്രം, സുരക്ഷാ വിഷയങ്ങളില്‍ ചുമതലയുള്ള ഒരു ഫെഡറല്‍ കമ്മിഷന്‍. രാജ്യസുരക്ഷയ്ക്കുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഫെഡറല്‍ ഏജന്‍സികളുടെയും ഉത്തരവാദിത്തം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങളില്‍ പലരുടേയും ചരിത്രം ഒട്ടും ആശാസ്യമല്ലാത്തതിനാല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടം അവരെ ഏല്‍പ്പിക്കുന്നത് പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുക എന്നു പല വിദഗ്ദ്ധരും ആശങ്കപ്പെടുന്നുണ്ട് . എങ്കിലും അതിലും മെച്ചമായ ചുമതല സംവിധാനം ഇപ്പോഴില്ല. പാര്‍ലമെന്റിലെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ഈ സംവിധാനത്തെ ദുരുപയോഗിക്കുന്നതിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വൈവിധ്യം തടയിടും. 

സുരക്ഷാ വിഷയങ്ങളില്‍ ഉത്തരവാദിത്തമുള്ള വിശ്വസനീയതയുള്ള, സ്ഥിരമായ ഒരു ഫെഡറല്‍ കമ്മിഷനെ ഇന്ത്യ നിയമിക്കേണ്ടിയിരിക്കുന്നു. സുരക്ഷാ സംവിധാനത്തില്‍ ഉത്തരവാദിത്തം വരുത്താന്‍ മാത്രമല്ല, കലാപങ്ങളും ഭീകരവാദ വെല്ലുവിളികളും രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങള്‍ക്ക് സകല അതിക്രമവും കാട്ടാനുള്ള അവസരമായി മാറാതിരിക്കുന്നതിനും ഇതാവശ്യമാണ്. ഭീകരവാദത്തിന്റെ രാഷ്ട്രീയ ഉറവിടമായി മാറുന്ന തരത്തില്‍ കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന നിരന്തരം ആവര്‍ത്തിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളിലും ഇത്തരമൊരു കമ്മിഷന് നടപടികളെടുക്കാനാകും. 

ഭീകരവാദ ഭീഷണികളെ നേരിടാനും, ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ ദേശീയാസ്തികള്‍ സൂക്ഷിക്കാനും ഏതാനും ജ്ഞാനികളെ മാത്രം ആശ്രയിക്കുന്ന പതിവ് ഇനിയും തുടര്‍ന്നുകൂട. ആദ്യം ചെയ്യേണ്ടത്, ഒരു ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കൃത്യമായി എഴുതിവെക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ അവരെ കാത്തിരിക്കുന്ന ദേശീയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നും. അധികാരം ഒരു വിശേഷാവകാശം മാത്രമല്ല, അതൊരു കടുത്ത ചുമതല കൂടിയാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍