UPDATES

മോന്‍സി മാത്യു

കാഴ്ചപ്പാട്

Ozland Diary

മോന്‍സി മാത്യു

ട്രെന്‍ഡിങ്ങ്

അതെ; ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ് (അതു മാത്രമാണ്)

ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. മാനം നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും. അത് ചെയ്യുന്നവനും കുറ്റവാളി അല്ല. അതെന്റെ വസ്ത്രത്തിന്റെ തെറ്റാവാം; ഞാന്‍ ആ സമയത്ത് അവിടെ പോയത് കൊണ്ടാവാം. അതെന്റെ തെറ്റല്ലേ…!

ഇപ്പോള്‍ ചൊവ്വയില്‍പ്പോക്കിന്റെ കാലമാണെല്ലോ; ഇനി അവിടെ പോയി മടങ്ങി വന്നാലും ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ ചാരുകസേരയില്‍ കാലു നീട്ടിയിരിക്കുന്ന ഭര്‍ത്താവിനു ചായ എടുത്തു കൊടുക്കാനായി അടുക്കളയിലേക്കു ഓടും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീയാണ്.

സ്ത്രീശാക്തീകരണത്തെ പറ്റി എഴുതുകയും വായിക്കുകയും  സംസാരിക്കുകയും ചെയ്തിട്ട് ഞാന്‍ എന്‍റെ മകളോട് പറയും; ‘അടങ്ങി ഒതുങ്ങി നടക്ക്, നീ ഒരു പെണ്‍കുട്ടി അല്ലേ’. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

സ്ത്രീധനത്തിനെതിരെ ഞാന്‍ ഘോര ഘോരം  സംസാരിക്കും. എന്റെ സഹോദരന്‍ കല്യാണം കഴിച്ചപ്പോള്‍ അവനോ അച്ഛനോ സ്ത്രീധനം വാങ്ങിയില്ല എന്ന് എല്ലാവരോടും അഭിമാനത്തോടെ പറയും. പക്ഷെ എന്റെ പ്രതിശ്രുതവരന്റെ അച്ഛന്‍ ചോദിച്ച സ്ത്രീധനം ഉണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ഛനെ നോക്കി  ഞാന്‍ മൌനം പാലിക്കും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

അടുക്കള എന്നത് വെറുപ്പുള്ള  ഒരു സ്ഥലം  ആയിരുന്നെങ്കിലും, അമ്മ എത്ര വിളിച്ചാലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു എങ്കിലും, കല്യാണത്തിന്റെ  പിറ്റേന്ന് മുതല്‍ ഞാന്‍ ഞാന്‍ സമയം ചെലവഴിക്കുന്നതത്രയും അടുക്കളയില്‍ ആവും. ഭക്ഷണമുണ്ടാക്കാന്‍ അറിയാത്തതില്‍ എനിക്ക് കുറ്റബോധം തോന്നും. അത് പഠിക്കാന്‍ വേണ്ടി ഞാന്‍ പെടാപ്പാടു പെടും. ഒപ്പമുള്ള ഭര്‍ത്താവിനും അതറിയില്ല എന്നത് അയാളുടെ  കുറവായി ഞാന്‍ കാണില്ല. പക്ഷെ എനിക്കതറിയാത്തത് എന്റെ കുറവാണെന്ന് അയാള്‍ക്കും അയാളുടെ വീട്ടുകാര്‍ക്കും തോന്നും, അത്എന്റെ കുറവാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കും. ആ കുറവ് നികത്താന്‍ പെടാപ്പാടു പെടും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

കൂട്ടുകാരി ഒരു കളിവാക്കില്‍ പോലും എന്‍റെ മാതാപിതാക്കളെ കുറ്റപ്പെടുത്തിയാല്‍ ഞാന്‍ തീവ്രമായി പ്രതികരിക്കും, അതെനിക്ക് സഹിക്കില്ലെന്ന് പറയും. പക്ഷേ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്നെയും എന്റെ വീട്ടുകാരെയും അധിക്ഷേപിച്ചാല്‍ ഞാന്‍ മൌനം പാലിക്കും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് അതവരുടെ അവകാശം ആണെന്ന്.

എവിടെ എങ്കിലും ഒരു ഒളിക്യാമറയില്‍ കുടുങ്ങി എന്റെ ശരീരഭാഗങ്ങളുടെ ചിത്രം പുറത്തായാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. പോവുന്നത് എന്റെ മാനമാണ്. അത് ചെയ്യുന്നവന്‍ കുറ്റവാളി ആവുന്നതെങ്ങനെ? അതെന്റെ  അശ്രദ്ധയല്ലേ….

എന്നെ ആരെങ്കിലും ബലാത്സംഗം ചെയ്താലും ഞാന്‍ ആത്മഹത്യ ചെയ്യും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. മാനം നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും. അത് ചെയ്യുന്നവനും കുറ്റവാളി അല്ല. അതെന്റെ വസ്ത്രത്തിന്റെ തെറ്റാവാം; ഞാന്‍ ആ സമയത്ത് അവിടെ പോയത് കൊണ്ടാവാം. അതെന്റെ തെറ്റല്ലേ…

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും സാമൂഹികബോധം കുറവായ അവനും   കൂട്ടുകാരും രാഷ്ട്രീയം പറയുമ്പോള്‍ ഞാന്‍ അവിടെ ശബ്ദിക്കാറില്ല. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എനിക്ക് സാരിയെപ്പറ്റിയും സ്വര്‍ണത്തെപ്പറ്റിയും പാചകത്തെപ്പറ്റിയും മാത്രമേ അഭിപ്രായം ഉണ്ടാവാന്‍ പാടുള്ളൂ.

അവന്‍ മതങ്ങളെ എതിര്‍ക്കുന്നു. അതില്‍  വിശ്വസിക്കുന്നില്ല, ആരാധനാലയങ്ങളില്‍ പോവാറില്ല  എന്ന് പറയുമ്പോള്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. എത്ര  പുരോഗമന ആശയങ്ങളാണ് അവന്റെ എന്ന് പറയുന്നു.  ഞാന്‍ ആരാധനാലയങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് പറയുമ്പോള്‍ അവര്‍ എന്നെ ആക്രമിക്കുന്നു. കാരണം  ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എന്റെ പുരുഷന്റെ  പിന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച് അവന്റെ വിജയം ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്.

ഉറച്ച ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും ഞാന്‍ അതൊന്നും പുറത്തു പറയില്ല. കണ്ണ് മിഴിച്ചു നിഷ്കളങ്കതയോടെ ഞാന്‍ പറയും; “അയ്യോ, എനിക്കതൊന്നുമറിയില്ല”. ചുറ്റുമുള്ള പുരുഷന്മാര്‍ “പൊട്ടിപ്പെണ്ണ്” എന്ന് പറഞ്ഞു എന്നെ  സ്നേഹത്തോടെ നോക്കും. മറ്റു സ്ത്രീകളും നല്ല കുട്ടി  എന്നെന്നെ സ്നേഹിക്കും. അറിയാതെ എങ്ങാനും  അഭിപ്രായം പറഞ്ഞു പോയാല്‍ ഞാന്‍ അഹങ്കാരിയാവും, താന്തോന്നി ആവും, എന്തിനു വെറുതെ ചീത്തപ്പേരു കേള്‍പ്പിക്കണം. പൊട്ടിപ്പെണ്ണായി ജീവിക്കാന്‍ എന്തെളുപ്പം! ആരെന്തു  പറഞ്ഞാലും  മനോഹരമായി ചിരിക്കുക, തലയാട്ടുക, പരാതിയില്ലാതെ പണികള്‍ ചെയ്യുക. അതാണെന്റെ ധര്‍മം അത്രേ! എന്റെ  കണ്ണിലെ ബുദ്ധിയുടെ തിളക്കം അടുക്കള ഷെല്‍ഫുകളില്‍ ഒളിച്ചു വെച്ച് ഞാന്‍ പുഞ്ചിരിക്കും. പൊട്ടിപ്പെണ്ണായി, അപ്പോള്‍ എല്ലാവരും എന്നെ സ്നേഹിക്കും. അല്ലെങ്കില്‍ ഞാനൊരു ഒറ്റപ്പെട്ട ജീവിയായി മാറും. ഞാനൊരു ഇന്ത്യന്‍ സ്ത്രീയല്ലേ, എനിക്കത് പറ്റില്ലല്ലോ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോന്‍സി മാത്യു

മോന്‍സി മാത്യു

ഫെമിനിസ്റ്റ്, ഓസ്‌ട്രേലിയയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍