UPDATES

സയന്‍സ്/ടെക്നോളജി

വാഴ നാരുകൊണ്ട് ഇനി സാനിറ്ററി പാഡും; വില രണ്ടു രൂപ

Avatar

അഴിമുഖം പ്രതിനിധി

പലപ്പോഴും നാം പാഴാക്കിക്കളയുന്ന വാഴനാരുകൊണ്ട് ഇനി സാനിട്ടറി പാടും. ഇന്ത്യയിലെ 70% ത്തോളം വരുന്ന നിര്‍ധനരായ സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമായ വിപ്ലവകരമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് എം ഐ ടി ബിരുദധാരിയായ അമൃത സൈഗാളും സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കഗെട്‌സുമാണ്. ‘സാഥി’ എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലൂടെയാണ് ഇവര്‍ പദ്ധതി നടപ്പിലാക്കുക. എം ഐ ടിയിലെ സഹപാഠികളായ ഗ്രേസ് കെയിന്‍, അശുതോഷ് കുമാറും സാക്കറി റോസും സ്റ്റാര്‍ട്ടപ്പിന് പിന്തുണയുമായി കൂടെയുണ്ട്. ഹാര്‍വാര്‍ഡില്‍ നിന്നും എം ബി എ പൂര്‍ത്തിയാക്കിയ ആളാണ് അമൃത.

രാജ്യത്തെ 70 ശതമാനം സ്ത്രീകളും ഹൈജീനിക് ആയ ബ്രാന്‍ഡഡ് സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവരാണ്. 88 ശതമാനത്തിലധികം സ്ത്രീകളും ആര്‍ത്തവകാലത്ത് വൃത്തിയില്ലാത്ത തുണികളാണ് ഉപയോഗിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവം ആരംഭിക്കുന്നതോടെ കൗമാരക്കാരായ 23 ശതമാനം പെണ്‍കുട്ടികളും സ്‌കൂള്‍ പഠനം അവസാനിക്കുന്നതായും സര്‍വ്വേകള്‍ തെളിയിക്കുന്നു. ആര്‍ത്തവത്തെ ഒരു തടസ്സമായി കാണാതെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം തുടരണമെന്നാണ് തന്റെ അഗ്രഹമെന്ന് ക്രിസ്റ്റിന്‍ പറയുന്നു. ബ്രാന്‍ഡഡ് കമ്പനികളുടെ സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ഗ്രാമീണ സ്ത്രീകള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് തങ്ങളുടെ ലക്ഷമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഒരേസമയം നാല് പാഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന മെഷീന്‍ 500 യുഎസ് ഡോളറിന് (ഏതാണ്ട് 34,000 രൂപ) കുടില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനി നല്‍കും. സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള വാഴ നാരുകള്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളും കമ്പനി നല്‍കും. 30,000 പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെറ്റീരിയലുകള്‍ക്ക് 650 ഡോളറാണ് വില. 1.35 രൂപയാണ് രു പാഡ് ഉണ്ടാക്കാനുള്ള ആകെ ചെലവ്. രണ്ട് രൂപയ്ക്കാണ് പാഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

അമൃത പി ആന്റ് ജി എന്ന കമ്പനി ജീവനക്കാരിയായിരുന്നു. 2012 മുതല്‍ പുതിയ സാനിറ്ററി പാഡിന്റെ പണിപ്പുരയില്‍ ആയിരുന്ന അവര്‍ പല തവണ പരാജയപ്പെട്ടതിനു ശേഷമാണ് ലക്ഷ്യത്തിലെത്തിയത്. ഒടുവില്‍ തങ്ങളുടെ ഉദ്യമം വിജയം കണ്ട ആഹ്ളാദത്തിലാണ് അമൃതയും ക്രിസ്റ്റിനും. ‘സാതി’ യുടെ പാഡുകള്‍ 100 ശതമാനവും പരിസ്ഥിതി സൗഹൃദമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. മാത്രമല്ല അഹമ്മദാബാദിലെ വാഴ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കാന്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പിലൂടെ സാധിച്ചതിന്റെ സന്തോഷവും അവര്‍ പങ്കുവെക്കുന്നു.

ഇന്ത്യയിലെ ദാരിദ്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമൃതയുടെയും ക്രിസ്ടിന്റെയും കണ്ടു പിടുത്തം ഏറെ പ്രയോജനപ്രദമായ ഒന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍