UPDATES

വിദേശം

ഒരു ഇന്ത്യന്‍ സ്വപ്നം അമേരിക്കന്‍ ദു:സ്വപ്നമായപ്പോള്‍

Avatar

ടീം അഴിമുഖം

മൈനാക് സര്‍ക്കാര്‍ ഒരു ഇന്ത്യന്‍ സ്വപ്നമായിരുന്നു. ഇപ്പോഴയാള്‍ ഒരു അമേരിക്കന്‍ ദുഃസ്വപ്നമായി മാറി. 

അയാളുടെ ഭാര്യയെന്നു കരുത്തുന്ന ആഷ്‌ലി ഹസ്റ്റി എന്ന സ്ത്രീയെ മിനിയപ്പോള്‍സിലെ അവരുടെ വീട്ടില്‍വെച്ചു വെടിവെച്ചുകൊന്നതിനുശേഷം, 3200 കിലോമീറ്റര്‍ വണ്ടിയോടിച്ച് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ എത്തി, അവിടെ ഒരു പ്രൊഫസറെ വെടിവെച്ചുകൊന്ന 38-കാരനായ സര്‍ക്കാര്‍ പിന്നീട് സ്വയം ജീവനൊടുക്കി.

പ്രസിദ്ധമായ ഈ സര്‍വകലാശാലയിലെ മറ്റൊരു പ്രൊഫസര്‍ കൂടി സര്‍ക്കാരിന്റെ ഇരകളുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അയാളെ സര്‍ക്കാരിന് കണ്ടെത്താനായില്ല എന്നു പൊലീസ് പറയുന്നു. 

ബുധനാഴ്ച്ചയാണ് താന്‍ നിരവധി വര്‍ഷങ്ങളായി പി.എച്ച്.ഡി ഗവേഷണം നടത്തുന്ന സര്‍വകലാശാലയിലെ, 39 കാരനായ പ്രൊഫസര്‍ വില്ല്യം ക്ലൂഗിന്റെ മുറിയിലേക്ക് കയറിച്ചെന്ന സര്‍ക്കാര്‍ അയാളെ വെടിവെച്ചുകൊന്നതിനുശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തിനുശേഷം സര്‍വകലാശാല അടച്ചിട്ടു.

ഒരു ഇന്ത്യന്‍ സ്വപ്നം 
സ്‌കൂള്‍ പഠനത്തിനുശേഷം സര്‍ക്കാര്‍ ഐ ഐ ടി ഖരഗ്പൂരില്‍ ബി.ടെകിനു ചേര്‍ന്നു. 2000-ത്തില്‍ പഠനം പൂര്‍ത്തിയാക്കി. കുറച്ചുകാലം ബംഗളൂരുവില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആയി ജോലി ചെയ്തതിനുശേഷം ബിരുദാനന്തര ബിരുദ പഠനത്തിനായി 2003-ല്‍ യു.എസില്‍ വന്ന സര്‍ക്കാര്‍ പിന്നീട് UCLA-യില്‍ ക്ലുഗിന്റെ കീഴില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇതിലും നല്ലൊരു വിദ്യാഭ്യാസ പാത കാണാനാകില്ല. 

എന്നാല്‍, തന്റെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളായിട്ടും സര്‍ക്കാര്‍ ബുദ്ധിമുട്ടിയതോടെ ഇതെല്ലാം തകിടംമറിഞ്ഞു. 

‘നിങ്ങള്‍ ഒരു പ്രൊഫസറെക്കുറിച്ച് സാധാരണ കരുതുന്നപ്പോലുള്ള ഒരാളല്ല വില്ല്യം ക്ലൂഗ്. അയാളൊരു രോഗിയാണ്. UCLA-യില്‍ വരുന്ന ഓരോ വിദ്യാര്‍ത്ഥിയോടും ഇയാളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെടാറുണ്ട്,’ മാര്‍ച്ച് 10നു നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞ ‘നീണ്ട ഇരുണ്ട തുരങ്കം’ എന്ന് പേരിട്ട തന്റെ ബ്ലോഗില്‍ മൈനാക് സര്‍ക്കാര്‍ എഴുതി. ‘ഞാനിയാളുടെ Ph.D വിദ്യാര്‍ത്ഥിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അയാളെന്റെ code മോഷ്ടിച്ചു മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൊടുത്തു. അയാളെന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു.’

മിനെസോട്ടയിലെ സര്‍ക്കാരിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൊല്ലാനുള്ളവരുടെ ഒരു പട്ടിക കിട്ടി എന്നാണ് ലോസ് ഏഞ്ചല്‍സ് പോലീസ് പറയുന്നത്. അവിടെ കൊല ചെയ്യപ്പെട്ടു കിടന്നിരുന്ന ഒരു സ്ത്രീയുടേയും, കൊലയില്‍ നിന്നു രക്ഷപ്പെട്ട മറ്റൊരു UCLA പ്രൊഫസറുടെയും പേരുകള്‍ അതിലുണ്ടായിരുന്നു. 

‘സര്‍ക്കാര്‍, ലോസ് ഏഞ്ചലസ് പ്രദേശത്തേക്ക് വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളൂ എന്നാണ് ഞങ്ങള്‍ കരുതുന്നത്,’ ലോസ് ഏഞ്ചല്‍സ് പൊലീസ് മേധാവി ചാര്‍ളി ബെക് പറഞ്ഞു. ‘UCLA-യിലെ രണ്ടു അദ്ധ്യാപകരെ കൊല്ലാനാണ് അയാള്‍ പോയത്. ഒരാളെ കൊല്ലാനേ കഴിഞ്ഞുള്ളൂ.’

രണ്ടു 9mm കൈത്തോക്കുമായി ചെന്ന സര്‍ക്കാര്‍ ക്ലൂഗിനെ വെടിവെച്ചയുടന്‍ ആത്മഹത്യ ചെയ്തു. 

ക്ലൂഗ് തന്റെ കമ്പ്യൂട്ടര്‍ കോഡ് മോഷ്ടിച്ചു എന്നതാകാം കൊലപാതകത്തിനു കാരണമെന്നു ബ്ലോഗില്‍ നിന്നും ഊഹിക്കുന്നതായി പൊലീസ് പറയുന്നു. മെക്കാനിക്കല്‍, എയറോസ്‌പെയ്‌സ് എഞ്ചിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു, സര്‍ക്കാരിനെക്കാള്‍ കേവലം ഒരു വയസ് പ്രായക്കൂടുതല്‍ മാത്രമുണ്ടായിരുന്ന ക്ലൂഗ്. ഇതേ വിഷയത്തിലാണ് സര്‍ക്കാര്‍ IIT യില്‍ നിന്നും ബിരുദമെടുത്തത്. 

ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ UCLAയിലുണ്ട്. എഞ്ചിനീയറിംഗ് സ്‌കൂളിന്റെ നിലവിലെ ഡീന്‍ ഇന്ത്യന്‍ വംശജയാണ്; ജയതി മൂര്‍ത്തി. മുന്‍ ഡീനും ഇന്ത്യന്‍ വംശജനായ വിജയ് ദീര്‍ ആയിരുന്നു. 

അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ അമേരിക്കന്‍ മൂല്യങ്ങളുടെ നല്ല ഉദാഹരണമായിരുന്നു ഹെന്‍ട്രി സാമുവേലി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്. ഹെന്‍ട്രി നിക്കോളാസ് എന്ന തന്റെ വിദ്യാര്‍ത്ഥിയുമായി ചേര്‍ന്ന് ബ്രോഡ്‌കോം എന്ന ചിപ് കമ്പനി സ്ഥാപിച്ച ഹെന്‍ട്രി സാമുവേലിയുടെ പേരാണ് സ്‌കൂളിന്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് 37 ബില്ല്യണ്‍ ഡോളറിന് അവാഗോ ഈ കമ്പനി വാങ്ങി. ചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടുകെട്ടില്‍ ശതകോടീശ്വരന്മാരായിട്ടാണ് ഇവര്‍ ഈയിടെ വിരമിച്ചത്. 

പക്ഷേ ക്ലൂഗ് – സര്‍ക്കാര്‍ ബന്ധം ഇതുപോലെയല്ല നീങ്ങിയത്. ആദ്യകാലത്ത് ക്ലൂഗിനെ തന്റെ സ്‌കൂള്‍ രേഖകളില്‍ പ്രശംസിച്ചെങ്കിലും തന്റെ ഗവേഷണത്തിന്റെ പത്താം കൊല്ലം ആയപ്പോഴേക്കും സര്‍ക്കാര്‍ അയാള്‍ക്കെതിരായിരുന്നു. 

‘നിങ്ങളുടെ ശത്രു നിങ്ങളുടെ ശത്രുവാണ്. പക്ഷേ നിങ്ങളുടെ സുഹൃത്തിന് ഏറെ ദ്രോഹങ്ങള്‍ ചെയ്യാനാകും. ഈ രോഗിയില്‍ നിന്നും അകന്നുനില്‍ക്കുക, ‘തന്റെ കോഡ് മോഷ്ടിച്ചു മറ്റൊരു വിദ്യാര്‍ത്ഥിക്ക് ക്ലൂഗ് നല്‍കി എന്നാരോപിച്ച് സര്‍ക്കാര്‍ തന്റെ ബ്ലോഗില്‍ എഴുതി. 

എന്നാല്‍ ഇതിനൊന്നും ഒരടിസ്ഥാനവുമില്ലെന്നും സര്‍ക്കാരിന്‍റേത് ‘മാനസിക വിഭ്രാന്തി’യാണെന്നും പറയുന്നു ക്ലുഗിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. 

‘ഒരു ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥിയായിരുന്ന ഇയാളോട് ബില്‍ വളരെയേറെ ഉദാരനായിരുന്നു,’ പേര് വെളിപ്പെടുത്താത്ത ഒരു സഹപ്രവര്‍ത്തകന്‍ ലോസ് ഏഞ്ചലസ് ടൈംസിനോട് പറഞ്ഞു. ‘വിദ്യാഭ്യാസകാര്യങ്ങളില്‍ ഇയാള്‍ക്കനുകൂലമായാണ് ബില്‍ ഇടപെട്ടത്.’

UCLA വെബ്‌സൈറ്റില്‍ ക്ലുഗിന്റെ ആറു പേരടങ്ങുന്ന ഗവേഷണ സംഘത്തിലെ അംഗം കൂടിയായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിനൊപ്പം രണ്ടുപേര്‍ കൂടി ഇന്ത്യന്‍ വംശജരാണ്. 2006-ല്‍ Ph.Dക്കു ചേര്‍ന്ന സര്‍ക്കാരായിരുന്നു ഇതില്‍ ഏറ്റവും മുതിര്‍ന്നയാള്‍. 

2013ല്‍ സമര്‍പ്പിച്ച ഡോക്ടറല്‍ പ്രബന്ധത്തില്‍ സര്‍ക്കാര്‍ ക്ലുഗിന് നന്ദി പറയുന്നു,’എന്റെ വഴികാട്ടിയായതിന് നന്ദി.’

പക്ഷേ, പിന്നീടെല്ലാം വഴിതെറ്റിപ്പോയി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍