UPDATES

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കാനൊരുങ്ങി സ്‌കോട്ട്‌ലന്റ്

അഴിമുഖം പ്രതിനിധി

രാജ്യത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം വര്‍ക്കിംഗ് വിസ നല്‍കാന്‍ സ്‌കോട്ട്‌ലന്റ് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനുതകുന്ന തരത്തിലുള്ള പ്രത്യേക വിസകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് കഴിഞ്ഞ യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്‌കോട്ട്‌ലന്റില്‍ മൃഗീയ ഭൂരിപക്ഷം നേടിയ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ് പി എ) ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് എതിര്‍ക്കുന്ന പക്ഷം അത് മറികടന്ന് നയം നടപ്പാക്കാനാണ് ഇപ്പോള്‍ എസ്പിഎ ആലോചിക്കുന്നത്. 2012ല്‍ യുകെ സര്‍ക്കാര്‍ നിരോധിച്ച ടയര്‍1 (പഠനാനന്തരം തൊഴില്‍) വിസകള്‍ തിരികെ കൊണ്ടുവരുമെന്ന എസ്എന്‍പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ടയര്‍1 വിസകള്‍ നിരോധിച്ചത് മൂലം യുകെ സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അമ്പത് ശതമാനം കണ്ട് ഇടിവ് സംഭവിച്ചിരുന്നു.

സ്‌കോട്ട്‌ലന്റിന് കുടിയേറ്റം അനിവാര്യമാണെന്നും പ്രതിഭാധനരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ 19 അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലകളില്‍ പഠിക്കാനെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സ്‌കോട്ട്‌ലന്റിന്റെ അന്താരാഷ്ട്ര വികസന മന്ത്രി ഹുംസ യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു. പഠനശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കോട്ട്‌ലന്റില്‍ തുടരുകയും രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കുകയും വേണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കോട്ട്‌ലന്റ് ജനസംഖ്യ അതിവേഗം വളരുകയാണെന്നും എഞ്ചിനീയറിംഗ്, വാതക, ഇന്ധന വ്യവസായം, ശിശുചികിത്സ തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം രാജ്യത്തിന് അനിവാര്യമാകുമെന്നും ഹുംസ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോട്ടിഷ് സര്‍വലാശാലകളില്‍ പഠിക്കുന്നതിനാവും വിസ അനുവദിക്കുകയെന്നും എന്നാല്‍ അതിന് ശേഷം അവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വിസ നയം സ്‌കോട്ട്‌ലന്റിന് ഏറ്റവും ഗുണകരമായി രീതിയില്‍ എങ്ങനെ നടപ്പിലാക്കാം എന്ന് പഠിക്കുന്നതിനായി ഒരു സമിതിക്കും എസ് എന്‍ പി രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികല്‍, സ്‌കോട്ടിഷ് സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍