UPDATES

പ്രവാസം

വിസയില്ലാതെ മെക്സിക്കന്‍ അതിര്‍ത്തി വഴി യുഎസില്‍ എത്തിയ ഇന്ത്യന്‍ ടാക്സി ഡ്രൈവറെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്താക്കുന്നു

അമേരിക്കയില്‍ എത്തിയ ശേഷം അവിടെ പൗരത്വമുള്ള ബല്‍വീന്ദര്‍ കൗറിനെ വിവാഹം ചെയ്ത ഗുര്‍മുഖിന് അമേരിക്കന്‍ പൗരത്വമുള്ള രണ്ട് പുത്രിമാരുണ്ട്.

ഇന്ത്യയില്‍ മതപീഢനത്തില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ എത്തിയ ഗുര്‍മുഖ് സിംഗിനെ നാടുകടത്തല്‍ ഉത്തരവിലെ അപ്പീല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയില്‍ ടാക്‌സി ഡ്രൈവറായ ഗുര്‍മുഖിനെ തിങ്കളാഴ്ചയാണ് തടവിലാക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അമേരിക്കയില്‍ എത്തിയ ശേഷം അവിടെ പൗരത്വമുള്ള ബല്‍വീന്ദര്‍ കൗറിനെ വിവാഹം ചെയ്ത ഗുര്‍മുഖിന് അമേരിക്കന്‍ പൗരത്വമുള്ള രണ്ട് പുത്രിമാരുണ്ട്.

മതപീഢനത്തില്‍ നിന്നും രക്ഷപ്പെട്ട ഗുര്‍മുഖ് 1998ലാണ് മെക്‌സിക്കോ വഴി വിസയില്ലാതെ യുഎസില്‍ എത്തിയത്. മതപീഢനം ചൂണ്ടിക്കാട്ടി അദ്ദേഹം അഭയത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ കേസ് കൃത്യമായി നടത്താതിരുന്നതാണ് ഗുര്‍മുഖിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. 2010ല്‍ ഗുര്‍മുഖ് യുഎസ് പൗരത്വമുള്ള ബല്‍വീന്ദറിനെ വിവാഹം ചെയ്‌തെങ്കിലും 2012ല്‍ റസിഡന്‍സി വിസയ്ക്ക് അപേക്ഷിച്ചതോടെ നാടുകടത്തല്‍ കേസ് വീണ്ടും പൊങ്ങിവരികയായിരുന്നു.

തുടര്‍ന്ന് ഗുര്‍മുഖ് അഞ്ച് മാസം തടവ് ശിക്ഷ അനുഭവിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കേസ് ഏറ്റെടുക്കുകയും ഗുര്‍മുഖിന് ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ കേസില്‍ അപ്പീല്‍ പ്രക്രിയ തുടരുകയായിരുന്നു. കേസിന്റെ അവസ്ഥ അറിയുന്നതിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുര്‍മുഖ് ഇമിഗ്രേഷന്‍ ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

തങ്ങള്‍ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണെന്ന് ഗുര്‍മുഖിന്റെ 18കാരിയായ പുത്രി മന്‍പ്രീത് പറഞ്ഞു. തന്റെ പിതാവിനെതിരെ ഒരു ക്രിമിനല്‍ കേസുപോലും നിലവില്‍ ഇല്ലെന്നും കൃത്യമായി നികുതി അടയ്ക്കുന്ന ആളാണെന്നും കുടുംബം പുലര്‍ത്തുന്ന സാധാരണ മനുഷ്യനാണെന്നും മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ തകര്‍ന്ന അവസ്ഥയില്‍ കാണേണ്ടി വരുന്നത് ഹൃദയഭേദകമാണെന്ന് ആ പുത്രി പറയുന്നു. തങ്ങള്‍ക്ക് എന്താണ് സംഭവിക്കുക എന്ന ആശങ്കയിലാണ് ഗുര്‍മുഖിന്റെ കുടുംബം.

ദേശീയ നിയമ സംവിധാനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നടന്ന കൂലംങ്കഷമായ പരിശോധനകള്‍ക്ക് ശേഷമാണ് ഗുര്‍മുഖിനെ തടവിലാക്കാന്‍ തീരുമാനിച്ചതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വക്താവ് ലോറി ഹാലെ പറഞ്ഞു. പൊതുസുരക്ഷയ്ക്ക് അപകടകാരികളായ ക്രിമിനല്‍ അഭയാര്‍ത്ഥികള്‍ക്കാണ് ഫെഡറല്‍ അധികാരികള്‍ മുന്‍ഗണന നല്‍കുന്നതെങ്കിലും ഗുര്‍മുഖിനെ പോലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ തെറ്റിക്കുന്നവരെ വെറുതെ വിടാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ദേശീയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ തെറ്റിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ജയിലില്‍ പാര്‍പ്പിക്കാനും അവരുടെ അപ്പീല്‍ അനുവദിക്കപ്പെടാത്ത പക്ഷം രാജ്യത്ത് നിന്നും പുറത്താക്കാനുമാണ് നിയമം അനുശാസിക്കുന്നതെന്ന് ഹാലെ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍