UPDATES

വിദേശം

പാക് യുവാവ് വേറെ വിവാഹിതനാണെന്നറിഞ്ഞ് ഇന്ത്യന്‍ നവവധു സഹായം തേടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്

സംഭവം ആസൂത്രതമാണെന്നാണ് യുവാവിന്റെ ആരോപണം

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ വച്ച് തന്റെ ഭാര്യയെ കാണാതായെന്ന് കാണിച്ച് പാക് യുവാവ് രംഗത്തെത്തിയ സംഭവം വഴിത്തിരിവില്‍. യുവതി ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സഹായം തേടുകയായിരുന്നെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഉസ്മയെന്ന ഇന്ത്യക്കാരിയായ 20കാരിയെക്കുറിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞ വിവരങ്ങളാണ് പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താഹിറിനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെങ്കിലും അതിന് ശേഷമാണ് ഇയാള്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന് അറിഞ്ഞതെന്നും അതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കമ്മിഷനിലെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ വച്ച് ഇന്ത്യക്കാരിയായ ഭാര്യയെ കാണാനില്ലെന്ന് പാക് നവവരന്‍ രംഗത്തെത്തുകയായിരുന്നു. വിസയ്ക്ക് അപേക്ഷിക്കാന്‍ ഇസ്ലാമാബാദിലെ ഹൈക്കമ്മിഷനില്‍ ചെന്നപ്പോഴാണ് ഭാര്യ ഉസ്മയെ കാണാതായതെന്ന് താഹിര്‍ അലിയെന്ന യുവാവ് പറയുന്നു. സംഭവം ആസൂത്രതമാണെന്നാണ് യുവാവിന്റെ ആരോപണം.

എട്ട്മാസം മുമ്പ് മലേഷ്യയില്‍ വച്ചാണ് യുവാവും യുവതിയും കണ്ടുമുട്ടിയതും പ്രണയത്തിലായതും. മെയ് ഒന്നിന് വാഗ അതിര്‍ത്തിയിലൂടെ ഉസ്മ പാകിസ്ഥാനിലെത്തി. മൂന്നിന് ഇരുവരുടെയും വിവാഹവും നടന്നു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യന്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ ഇരുവരും ഹൈക്കമ്മിഷനിലെത്തി. വിവാഹശേഷം ഉസ്മ ന്യൂഡല്‍ഹിയിലുള്ള സഹോദരനെ വിളിച്ച് വിവാഹക്കാര്യം അറിയിച്ചിരുന്നു. മധുവിധുവിന് ഇരുവരെയും ഇന്ത്യയിലേക്ക് ക്ഷണിച്ചത് അദ്ദേഹമാണ്. വിസയും മറ്റും ശരിയാക്കാന്‍ ഹൈക്കമ്മിഷനില്‍ അദ്‌നാന്‍ എന്നൊരാളെ ഏര്‍പ്പാടാക്കി നല്‍കാമെന്നും സഹോദരന്‍ ഉറപ്പു നല്‍കി.

ഇന്ത്യന്‍ ഹൈക്കമ്മിഷനിലെത്തിയ ഇരുവരുടെയും ഫോണുകള്‍ സുരക്ഷയുടെ ഭാഗമായി വാങ്ങിവച്ചു. അദ്‌നാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ആറാം ഗെയ്റ്റിലൂടെ എത്തി സ്വീകരിക്കുകയും ചെയ്തു. വിസ അപേക്ഷ നല്‍കിയ ശേഷം ഉസ്മയെ മാത്രം അകത്തേക്ക് വിളിപ്പിച്ചു. എന്നാല്‍ താന്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആരും പുറത്തേക്ക് വന്നില്ലെന്ന് താഹിര്‍ പറയുന്നു. വൈകിട്ട് ഏഴ് മണിയോടെ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അകത്ത് ആരുമില്ലെന്നായിരുന്നു മറുപടി.

വാങ്ങിവച്ച മൂന്ന് ഫോണുകള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ അത് മടക്കി നല്‍കാനും അവര്‍ തയ്യാറായില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി സത്യമാണെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. വിദേശമന്ത്രാലയവുമായി മാത്രമേ സംസാരിക്കൂവെന്നാണ് അവരുടെ നിലപാട്. പരാതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിഹരിക്കാനാകുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം ഒരു ഇന്ത്യന്‍ യുവതി ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സഹായം തേടിയെത്തിയെന്നും അവര്‍ക്ക് കോണ്‍സുലേറ്റ് സഹായം നല്‍കിയിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് പറയുന്നത്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയവുമായി ഈ വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുട ഇന്ത്യയിലുള്ള കുടുംബവുമായും വിഷയം സംസാരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍