UPDATES

സയന്‍സ്/ടെക്നോളജി

പാപ്പരായ ഒരു ടെക്ക് കമ്പനിയുടെ വമ്പന്‍ മടങ്ങിവരവിന്റെ കഥ

Avatar

ആഭ ഭട്ടാറായ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇന്നത് വിശ്വസിക്കാന്‍ പോലും പാടാണ്. പക്ഷേ 15 കൊല്ലം മുമ്പ് റെഗ്ഗീ കെ അഗര്‍വാള്‍ പാപ്പരാകുന്നതിന്റെ വക്കിലായിരുന്നു. മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കയ്യില്‍ കുറച്ചു ഡോളറും ഒരു പഴയ ജീപ്പും. പിന്നെ അന്ത്യശ്വാസം വലിക്കുന്ന ഒരു കമ്പനിയും.

പുത്തന്‍ ഡോട് കോം പരീക്ഷണങ്ങളുടെ പ്രതാപകാലത്ത് അയാള്‍ സ്ഥാപിച്ച പരിപാടി നടത്തിപ്പ് സോഫ്ട് വെയര്‍ കമ്പനി Cvent ഉയര്‍ച്ചയിലെ വേഗം പോലെ താഴോട്ടും പോന്നു.

ഇവിടെവെച്ചാണ് 31-കാരനായ ഈ മുന്‍ അഭിഭാഷകന്‍ കാര്യങ്ങള്‍ വീണ്ടും തിരിച്ചുപിടിക്കാന്‍ തുടങ്ങുന്നത്. കമ്പനി അതിന്റെ വലിയ നിക്ഷേപകരില്‍ നിന്നും സമാഹരിച്ച 17 ദശലക്ഷം ഡോളറില്‍ 16.6 ദശലക്ഷം ഡോളറും എരിച്ചു തീര്‍ത്തിരുന്നു. അതിനിടെ 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണവും. ഇന്‍റര്‍നെറ്റ് കുമിളകള്‍ അതിവേഗം പൊട്ടാന്‍ തുടങ്ങി.

2001-ല്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായി. അഗര്‍വാള്‍ ഏതാണ്ട് നിസ്വനായി.

അയാളുടെ കൂടെ കമ്പനി സ്ഥാപിക്കാന്‍ ഉണ്ടായിരുന്ന ചാള്‍സ് വി ഘൂറാ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. ആറുമാസത്തിനുള്ളില്‍ ജീവനക്കാര്‍ 125-ല്‍ നിന്നും 25 ആയി.

“അത് കടുത്ത നാണക്കേടിന്റെ ദിവസങ്ങളായിരുന്നു,” ഘൂറ പറഞ്ഞു. “കണ്ണാടിയില്‍ നോക്കി സ്വയം ചോദിക്കും ‘ഞാനെന്താണീ മനുഷ്യരോടു ചെയ്തത്?”

സാവധാനത്തില്‍ അഗര്‍വാളും മറ്റ് രണ്ടു സഹസ്ഥാപകരും കൂടി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന കമ്പനിയെ ഏപ്രില്‍ മദ്ധ്യത്തോടെ 1.65 ബില്ല്യണ്‍ ഡോളറിനാണ് Vista Equity Partners എന്ന സ്വകാര്യ ഓഹരി  സ്ഥാപനത്തിന് വിറ്റത്.

“ഒരു നല്ല കമ്പനി കെട്ടിപ്പൊക്കാന്‍ 15-20 വര്‍ഷമെടുക്കും,” അഗര്‍വാള്‍ പറഞ്ഞു. “ഞങ്ങളുടേത് പോലുള്ള അനുഭവത്തില്‍ നിന്നും മിക്ക കമ്പനികളും രക്ഷപ്പെടില്ല.”

പക്ഷേ Cvent അത് ചെയ്തു. അയാള്‍ നിക്ഷേപകരെ ഓടിപ്പിടിക്കുന്നത് നിര്‍ത്തി. പകരം ഉപഭോക്താക്കളെയും വരുമാനവും ലക്ഷ്യമിട്ടു.

“എനിക്കാരോടും സംസാരിക്കണമെന്നുണ്ടായിരുന്നില്ല. കെട്ടിടത്തില്‍ ഞങ്ങളുടെ പേരുപോലും വെച്ചില്ല.”

കമ്പനി 2011-ല്‍ വീണ്ടും ഉയര്‍ന്നുവന്നപ്പോള്‍ അതിനു ഓഹരി നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും 137 ദശലക്ഷം ഡോളര്‍ ലഭിച്ചിരുന്നു. ഏതാണ്ട് 12 വര്‍ഷം കാത്തിരുന്ന തന്റെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ഈ പണം അഗര്‍വാള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത അത്ഭുതമായിരുന്നു. “Cvent-നെക്കുറിച്ച് നമ്മള്‍ ഇതിന് മുമ്പ് എഴുതിയില്ല എന്നത് അല്പം അമ്പരപ്പുണ്ടാക്കുന്നു,” എന്നു Tech Crunch എന്ന വെബ്സൈറ്റ് എഴുതി.

ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായി കമ്പനി വാഴ്ത്തപ്പെട്ടു.

പക്ഷേ നല്ലകാലത്തിന്റെ വാഴ്ത്തുകള്‍ മുമ്പും കണ്ട അഗര്‍വാള്‍ ജാഗ്രതയോടെ മാത്രമേ അതിനെ കണ്ടുള്ളൂ.

“ഞങ്ങള്‍ തുറന്നുപറഞ്ഞാല്‍ അടികൊണ്ട നായയെ പോലെയാണ്. എപ്പോഴും ലോകവുമായി പൊരുതിനില്‍ക്കുന്ന പോലെയാണ്.”

തുടര്‍ന്നുള്ള അഞ്ചു വര്‍ഷം ലോകത്തിന്റെ പലഭാഗത്തുമായി 9 കാര്യാലയങ്ങളുള്ള 2000 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമായി അതുമാറി. 2013-ല്‍ ഓഹരികള്‍ വില്‍പ്പനക്ക് വെച്ച കമ്പനി 117.6 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം Cvent വാര്‍ഷിക വരുമാനം 187.7 ദശലക്ഷം ഡോളറായി.

ഈ വളര്‍ച്ചയാണ് ഓസ്റ്റിന്‍ ആസ്ഥാനമായ Vista-യെ Cvent-ലേക്ക് ആകര്‍ഷിച്ചത്. കമ്പനിയുടെ ഒരു ഓഹരിക്ക് അവര്‍ 36 ഡോളര്‍ നല്കി. അന്നേ ദിവസത്തെ വിപണി വിലയുടെ 69% കൂടുതല്‍.

ധാരണയുടെ ഫലമായി Cvent മേധാവികള്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി. ഈ വില്പന പ്രഖ്യാപിക്കുന്നതിന് കേവലം 12 ദിവസം മുമ്പ് കമ്പനി അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ആയിരക്കണക്കിന് ഓഹരികള്‍ നല്കിയിരുന്നു.

ഏതാണ്ട് 2 ദശലക്ഷം ഓഹരികള്‍ സ്വന്തമായുള്ള അഗര്‍വാള്‍ ഈ വര്‍ഷം അവസാനം ധാരണ പൂര്‍ത്തിയാകുന്നതോടെ 75 ദശലക്ഷം ഡോളറിലേറെ സ്വന്തമാക്കും.

Cvent സ്ഥാപിക്കുന്നതിന് മുമ്പ് അഗര്‍വാള്‍ Indian CEO Council ആരംഭിച്ചിരുന്നു. പ്രാദേശിക എക്സിക്യൂട്ടീവുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനായിരുന്നു അന്ന് യുവ അഭിഭാഷകനായ അയാള്‍ ശ്രമിച്ചത്. 

മാനദണ്ഡം കൃത്യമായിരുന്നു: അംഗങ്ങള്‍ ഇന്ത്യന്‍ വംശജരായ ചീഫ് എക്സിക്യൂട്ടിവുകള്‍ ആയിരിക്കണം. 75 ജീവനക്കാരിലേറെയും, 10 ദശലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുള്ളതോ അല്ലെങ്കില്‍ ഓഹരി മൂലധനമായി 10 ദശലക്ഷം ഡോളര്‍ സമാഹരിച്ചതോ ആയ കമ്പനിയെ നയിച്ചിരിക്കണം. അന്ന് അഗര്‍വാള്‍ പോലും സ്വന്തം സ്ഥാപനത്തില്‍ അംഗമാകാന്‍ യോഗ്യനായിരുന്നില്ല.

“അത് വളരെ കുറച്ചുപേര്‍ക്കുള്ള സംഘമായിരുന്നു,” അഗര്‍വാള്‍ പറയുന്നു. “പക്ഷേ ക്രമേണ 20-ല്‍ നിന്നും അത് നൂറിലേക്കെത്തി.”

പിന്നീടത് ആയിരങ്ങളായി. പിന്നീടി ധനകാര്യ മാനേജര്‍മാരെയും മുഖ്യ നിക്ഷേപക മാനേജര്‍മാരെയും ഇന്ത്യക്കാരല്ലാത്തവരെയും അഗര്‍വാള്‍ വിളിക്കാന്‍ തുടങ്ങി.

അത്താഴ ചര്‍ച്ചകള്‍ പോലുള്ള പല പരിപാടികളും നടത്തി. വൈകുന്നേരങ്ങളിലും ഒഴിവുദിവസങ്ങളിലും അയാള്‍ എക്സിക്യൂട്ടീവുകള്‍ക്ക് ഇ-മെയില്‍ അയച്ചുകൊണ്ടിരുന്നു.

“അത് വലിയ കഷ്ടപ്പാടായിരുന്നു. Outlook, Excel ഇതൊക്കെവെച്ചാണ് ചെയ്തിരുന്നത്. ആയിരക്കണക്കിന് മെയിലുകള്‍ ഇതുവഴി അയക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ഓരോന്നായി ചെയ്യും. ലോക ബാങ്കിന്റെ CEO ക്കു അയക്കുമ്പോള്‍ ഇങ്ങനെ കൂട്ടത്തിലൊന്നായി അയക്കാനും പറ്റില്ല. കുറച്ചുകൂടി നല്ലൊരു വഴി കണ്ടെത്തണമെന്ന് എനിക്കറിയാമായിരുന്നു.”

ഇ-മെയിലുകള്‍ ഒറ്റയടിക്ക് അയക്കാനും മറുപടികള്‍ നോക്കാനും കഴിയുന്ന ഒരു സോഫ്ട് വെയര്‍ സംവിധാനം എന്ന ആശയാം അദ്ദേഹം മുന്നോട്ടുവെച്ചു. തുടര്‍ന്ന് തന്റെ ജോലി ഉപേക്ഷിച്ചു ഏതാണ്ട് 1,00,000 ഡോളര്‍ വരുന്ന തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് അഗര്‍വാള്‍ Cvent തുടങ്ങി. സര്ക്കാര്‍ എഞ്ചിനീയര്‍മാരായ അയാളുടെ മാതാപിതാക്കാള്‍ 75,000 ഡോളര്‍ നല്കി സഹായിച്ചു.

വീട്ടിലെ താഴെനിലയിലാണ് അഗര്‍വാളും ഡേവിഡ് ക്വാട്രോനും ഘൂറായും സ്ഥാപനം തുടങ്ങിയത്. കോര്‍പ്പറേഷനുകള്‍ക്ക് ക്ഷണം അയക്കുന്നതില്‍ നിന്നും പരിപാടികള്‍ക്കുള്ള സ്ഥലം കണ്ടെത്തുന്നതു മുതലുള്ള എല്ലാം നടത്തുന്ന ഒന്നായി Cvent മാറി.

ഇതിനിടെ ഉപഭോക്താക്കളെ വിളിക്കുന്നതില്‍ നിന്നും ആളുകളെ നിയമിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന രീതിയിലേക്ക് അഗര്‍വാളിന്റെ പങ്ക് മാറി.

“ഉപഭോക്താക്കളോട് സംസാരിച്ചുകൊണ്ടു നിങ്ങള്ക്ക് കച്ചവടം വളര്‍ത്താനാകില്ല,” അഗര്‍വാള്‍ പറഞ്ഞു. “ഒരു നല്ല ജോലിക്കാരനെ കണ്ടെത്തിയാല്‍ അയാള്‍ നിങ്ങള്‍ക്ക് 5, 10 കൊല്ലത്തിനുള്ളില്‍  നൂറുകണക്കിന് ഉപഭോക്താക്കളെ കണ്ടെത്തിതരാനാകും. അതാണ് ശരിയായ രീതി.”

കോളേജുകളില്‍ നിന്നും നേരിട്ടെടുക്കുന്ന ജീവനക്കാര്‍ക്ക് 8 ആഴ്ച്ചത്തെ പരിശീലനം നല്കുന്നു. ഒരു വര്‍ഷത്തില്‍ പല തവണ അഗര്‍വാള്‍ വിദ്യാര്‍ത്ഥികളെത്തേടി കോളേജുകളില്‍ പോകുന്നു. “അവിടെയുത്തുമ്പോഴാണ് മേരി ഹൈസ്കൂളില്‍ ഒരു ടീം ക്യാപ്റ്റന്‍ ആയിരുന്നെന്നും രണ്ടുകൊല്ലം ക്ലാസ് വൈസ് പ്രസിഡണ്ട് ആയിരുന്നെന്നും നമ്മള്‍ അറിയുന്നത്. ഇയര്‍ബുക്കിന്റെ എഡിറ്ററുമായിരുന്നു മേരി. അതൊരു വലിയ കാര്യമാണ്. നിങ്ങളൊരു കഠിനാദ്ധ്വാനിയാണെന്നും രാത്രി വൈകുവോളം ജോലിചെയ്യുന്നു എന്നുമാണ് അത് കാണിക്കുന്നത്. അതായത് ചെറുപ്പം മുതലേ നിങ്ങള്‍ക്ക് നല്ലൊരു ഡി‌എന്‍‌എ ഉണ്ടെന്നാണ്.”

തന്നെപ്പോലെ വിദ്യാര്‍ത്ഥി യൂണിയനില്‍ സജീവമായിരുന്നവരോടു തനിക്കൊരു പക്ഷപാതം ഉണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. അഗര്‍വാള്‍ ക്ലാസ് പ്രസിഡണ്ടായിരുന്നു. രണ്ടു മണിക്കൂര്‍ സംസാരത്തില്‍ നാലു തവണ അത് പറയുകയും ചെയ്തു. സഹസ്ഥാപകന്‍ ഘൂറ ഡ്യൂക് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്നു.

ഇന്ത്യയില്‍ 800 ജീവനക്കാരുള്ള കാര്യാലയം Cvent-നുണ്ട്. “ഇന്ത്യയിലെ കാര്യാലയം എന്റെ രഹസ്യായുധമാണ്. രാത്രി 8 മണിക്ക് ശേഷം ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു അമേരിക്കക്കാരനെ കിട്ടില്ല,” കന്‍സാസില്‍ താമസമാക്കിയ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായ അഗര്‍വാള്‍ പറഞ്ഞു.

അപ്രതീക്ഷിതമായാണ് കമ്പനി വാങ്ങാനുള്ള ആവശ്യക്കാര്‍ വന്നു തുടങ്ങിയത്. 

“ഞങ്ങള്‍ കമ്പനി വില്‍ക്കാന്‍ നോക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഇതുപോലൊരു അവസരം വന്നാല്‍ ഓഹരി ഉടമകള്‍ക്ക് ഗുണം വരുന്നതെ നിങ്ങള്‍ ചെയ്യൂ.”

എന്തൊക്കെയായാലും അവിചാരിതമായാണെങ്കിലും കമ്പനി വടക്കന്‍ വെര്‍ജീനിയയില്‍ ആയതുകൊണ്ടാണ് അതിജീവിച്ചതെന്നും അഗര്‍വാള്‍ കരുതുന്നുണ്ട്.

“സിലിക്കോണ്‍ വാലിയില്‍ Cvent രക്ഷപ്പെടുമായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല എന്നാണുത്തരം. അവിടെ കരുത്തര്‍ അതിജീവിക്കുന്ന സ്ഥലമാണ്. അവിടെ എന്റെ സംഘം ഒരുമിച്ചു നിലനില്ക്കും എന്നു കരുതാമോ? ഇല്ല, അവര്‍ക്ക് മറ്റ് വാഗ്ദാനങ്ങള്‍ ലഭിക്കും. അവര്‍ പോകും. കമ്പനി പാപ്പരാകും.”

“ചെറിയ കുലത്തിലെ വലിയ മത്സ്യമാകുന്നത് വലിയ കാര്യമാണ്,” അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍