UPDATES

പ്രവാസം

അമേരിക്കയില്‍ പോകുന്നവര്‍ കരുതിയിരിക്കുക

‘യാത്ര ചെയ്യാന്‍ ഭയം തോന്നുന്ന ഒരു രാജ്യമായി യുഎസിനെ ഒരിക്കലും കണ്ടിരുന്നില്ല. പക്ഷെ ഈ സംഭവങ്ങള്‍ക്ക് ശേഷം ഞാന്‍ രണ്ടു തവണ ആലോചിക്കും”

കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടന്ന മൂന്ന് പ്രധാന ആക്രമണങ്ങള്‍ക്ക് ശേഷം, ആ രാജ്യത്തേക്കുള്ള യാത്രയും അവിടെയുള്ള തങ്ങളുടെ ബന്ധുക്കളുടെ സുരക്ഷയെ കുറിച്ചുള്ള ഭീതിയും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ രണ്ട് സംഭവങ്ങള്‍ വിദ്വേഷ ആക്രമണങ്ങളായാണ് അന്വേഷിക്കുന്നത്.

‘നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോകൂ!’ എന്ന് ആക്രോശിച്ചുകൊണ്ട് സിയാറ്റില്‍ പ്രദേശത്ത് ഒരാള്‍ ഒരു സിഖുകാരനെ തന്റെ വീടിന്റെ പുറത്തുവച്ച് വെള്ളിയാഴ്ച കൈയില്‍ വെടിവെച്ചതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ് ഏറ്റവും ഒടുവില്‍ നടന്ന ആക്രമണം. ദീപ് റായി എന്ന ആളുടെ പരിക്ക് ഗുരുതരമല്ല; വിദ്വേഷ കുറ്റകൃത്യം എന്ന സംശയത്തിന്റെ പേരിലാണ് അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.

ഫെബ്രുരി 22ന് രണ്ട് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരായ ശ്രീനിവാസ് കുച്ചിബോട്ട്‌ലയും അലോക് മദസ്സാനിയും കാന്‍സാസിലെ ഒരു ബാറില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിയാറ്റില്‍ പ്രദേശത്തെ സംഭവം നടക്കുന്നത്. അന്നത്തെ സംഭവത്തില്‍ ശ്രീനിവാസ് മരിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം വിദ്വേഷ പ്രേരിതമായ സംഭവം എന്ന് പ്രസിഡന്റ് ട്രംപ് ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച സൗത്ത് കരോലിനയില്‍ വച്ച് ഒരു കടയുടമ ഗുരുതരമായി ആക്രമിക്കപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിദ്വേഷ കുറ്റകൃത്യമാണെന്നതിന് ഒരു തെളിവുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് സന്ദര്‍ശിക്കാനോ പഠിക്കാനോ അല്ലെങ്കില്‍ ജോലി ചെയ്യാനോ പോകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരിപാടി റദ്ദാക്കാനോ മാറ്റാനോ ആക്രമണങ്ങള്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

പ്രതിവര്‍ഷം ഒരു ദശലക്ഷം ഇന്ത്യക്കാരാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ട്രാവല്‍ അസോസിയേഷന്‍ കണക്കാക്കിയിരുന്നു.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെതിരെ യാത്രാ മുന്നറിയിപ്പ് നല്‍കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സാമൂഹിക മാധ്യമങ്ങളിലൂടെ ചില ഇന്ത്യക്കാര്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.

‘യുഎസില്‍ ഇന്ത്യക്കാര്‍ വെടിവെക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത് ഒരു യഥാര്‍ത്ഥ ഭീഷണിയാണ്. യാത്രാ മുന്നറിയിപ്പുകള്‍ നല്‍കുന്നത് ഒരു നല്ല ആശയമാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

‘യാത്ര ചെയ്യാന്‍ ഭയം തോന്നുന്ന ഒരു രാജ്യമായി യുഎസിനെ ഒരിക്കലും കണ്ടിരുന്നില്ല. പക്ഷെ ഈ സംഭവങ്ങള്‍ക്ക് ശേഷം ഞാന്‍ രണ്ടു തവണ ആലോചിക്കും,’ എന്ന് 21 കാരനായ മാധ്യമ വിദ്യാര്‍ത്ഥി മുംബെയില്‍ പറഞ്ഞു.

‘ആക്രമണങ്ങള്‍ക്ക് ശേഷം ശാരീരികമായി ഭീഷണി ഉയരുന്ന സാഹചര്യത്തില്‍, എനിക്കെതിരെ വിവേചനം കാണിക്കുമെന്ന് മാത്രമല്ല, ഞാന്‍ കൊല്ലപ്പെടുമെന്നും വിചാരിക്കുന്നു,’ എന്ന് അദ്ദേഹം പറയുന്നു.

വരുന്ന ജൂണില്‍, ഫെയര്‍ഫാക്‌സ് കൗണ്ടിയില്‍ താമസിക്കുന്ന സഹോദരിയെ സന്ദര്‍ശിക്കുന്നതിനൊപ്പം ലാസ് വേഗാസിലും ഫിനിക്‌സിലും പോകാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ 22 കാരന്‍ പവന്‍ ശുക്‌ള പറഞ്ഞു. എന്നാല്‍ അരിസോണ പ്രദേശത്തേക്കുള്ള യാത്രപദ്ധതി റദ്ദാക്കിയതായി ശുക്‌ള വെളിപ്പെടുത്തി.

‘എട്ട് വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന സഹോദരിയുടെ സുരക്ഷയില്‍ ആശങ്കയുണ്ട്,’ എന്ന് അദ്ദേഹം പറയുന്നു. ‘ഏതൊക്കെ പ്രദേശങ്ങളാണ് സന്ദര്‍ശിക്കാന്‍ സുരക്ഷിതമെന്നും ഏതൊക്കെ പ്രദേശങ്ങളാണ് അല്ലാത്തതെന്നും ഞാന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.’

മാതാപിതാക്കളും ആശങ്കയിലാണ്. അമേരിക്കയിലേക്ക് മടങ്ങിപ്പോകേണ്ടെന്ന് തന്റെ മകനോട് അപേക്ഷിച്ചിരുന്നതായി ചൊവ്വാഴ്ച ഹൈദരാബാദില്‍ നടന്ന കുച്ചിബോട്ട്‌ലയുടെ ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹത്തിന്റെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. തങ്ങളുടെ കുട്ടികളെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് മദസ്സാനിയുടെ പിതാവും രക്ഷകര്‍ത്താക്കളോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യ സര്‍ക്കാര്‍ യാത്ര മുന്നറിയിപ്പ് നല്‍കുകയാണെങ്കില്‍ അത് കീഴ്വഴക്കങ്ങള്‍ ഇല്ലാത്ത നടപടിയായിരിക്കും. തോക്ക് ഉപയോഗിച്ചുള്ള ആക്രമണം, പോലീസ് വെടിവെപ്പ്, മുസ്ലീം വിരുദ്ധ പെരുമാറ്റങ്ങള്‍ എന്നിവയ്‌ക്കെതിരെ യുഎസ് സന്ദര്‍ശിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് ഫ്രാന്‍സ്, ജര്‍മ്മനി, യുഎഇ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സമീപമാസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍