UPDATES

ട്രെന്‍ഡിങ്ങ്

ലോകത്തിലേറ്റവുമധികം ഫോണിലൂടെയുള്ള ശല്യം സഹിക്കുന്നത് നമ്മള്‍ ഇന്ത്യക്കാരാണ്

ഇന്ത്യയിലെ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവിന് ഒരു മാസം ശരാശരി 22 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍

ആശയവിനിമയ സംവിധാനത്തിന്റെ വളര്‍ച്ച ലോകത്തിന്റെ വികസനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. മൊബൈല്‍ ഫോണും സ്മാര്‍ട്ട് ഫോണുമൊന്നും ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് പോലും ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനാകുന്നില്ല. അതേസമയം ആശയവിനിമയ സംവിധാനം വളരുന്നതിനൊപ്പം അനാവശ്യ കോളുകളുടെ(സ്പാം കോളുകള്‍) എണ്ണവും വര്‍ദ്ധിക്കുകയാണ്.

ഇരുപത് രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ വര്‍ഷം ഇതുവരെ ഏറ്റവുമധികം സ്പാം കോളുകള്‍ ലഭിച്ചിരിക്കുന്നത് ഇന്ത്യക്കാര്‍ക്കാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ട്രൂകോളറാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവിന് ഒരു മാസം ശരാശരി 22 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അതായത് ഒരു ദിവസം ഒരു കോളെങ്കിലും സ്പാം കോളാണ് നമുക്ക് ലഭിക്കുന്നത്. പ്രതിമാസം 20 കോളുകള്‍ വീതം ലഭിക്കുന്ന അമേരിക്കയും ബ്രസീലുമാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന സ്പാം കോളുകളില്‍ 54 ശതമാനവും ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നാണ് ലഭിക്കുന്നതെന്നും പഠനം തെളിയിക്കുന്നു. പ്രത്യേക ഓഫറുകളെക്കുറിച്ചും ഫ്രീ ഡാറ്റയെക്കുറിച്ചും അണ്‍ലിമിറ്റഡ് കോളുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് സ്പാം ആയി വരുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള അനാവശ്യ കോളുകളുടെ എണ്ണത്തില്‍ ഈവര്‍ഷം 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനം കോളുകള്‍ ലഭിക്കുന്നത് ടെലിമാര്‍ക്കറ്റുകളില്‍ നിന്നാണ്. സാമ്പത്തിക സേവന ദാതാക്കളില്‍ നിന്നും 9 ശതമാനവും ഇന്‍ഷുറന്‍സ് സേവന ദാതാക്കളില്‍ നിന്നും മൂന്ന് ശതമാനവും ഇത്തരം കോളുകള്‍ വരുന്നുണ്ട്. ഇന്ത്യയില്‍ അണ്‍സോളിസിറ്റഡ് കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍ റെഗുലേഷനും ഡു നോട്ട് ഡിസ്റ്റര്‍ബ്(ഡിഎന്‍ഡി) രജിസ്‌ട്രേഷന്‍ സംവിധാനവും നിലവിലുള്ളപ്പോഴാണ് സ്പാം കോളുകളില്‍ ഇത്രയേറെ വര്‍ദ്ധനവ്.

അമേരിക്കയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്പാം കോളുകള്‍ക്ക് 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ബ്രസീലിലും ടെലികോം ഓപ്പറേറ്റര്‍മാരാണ് ഏറ്റവുമധികം (33 ശതമാനം) സ്പാം കോളുകള്‍ നടത്തുന്നത്. പലിശത്തുക പരിക്കുന്നവരുടെ കോളുകളാണ് രണ്ടാം സ്ഥാനത്ത്. പണം പിരിവുകാരെന്ന് നടിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി വിളിക്കുന്ന തട്ടിപ്പുകാരും ഇക്കൂട്ടത്തിലുണ്ട്. സ്പാം കോളുകളുടെ ശല്യം അനുഭവിക്കുന്നവരില്‍ ചിലി, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നാലെയുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍