UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീടുകളില്‍ ടോയ്‌ലറ്റില്ലാത്തവര്‍ ലജ്ജിക്കട്ടെ

Avatar

രമാ ലക്ഷ്മി
(വാഷിങ്ടണ്‍ പോസ്റ്റ്)

ഇന്ത്യന്‍ സര്‍ക്കാര്‍ പൊതുടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്ന തിരക്കിലായിരുന്നു. ഇപ്പോള്‍ അവ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തിരക്കിലും. പരിഹാസവും ലജ്ജിപ്പിക്കലുമാണ് ഇതിനു തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗങ്ങള്‍.

ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യത്ത് ഭൂരിപക്ഷം ഗ്രാമങ്ങളിലും ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തുറന്ന സ്ഥലങ്ങളാണ്. ഇതിനു മാറ്റം വരുത്താന്‍ ഗ്രാമീണര്‍ക്കു മനസിലാകുന്ന രീതിയില്‍ത്തന്നെ ടിവി പരസ്യങ്ങളും ബില്‍ബോര്‍ഡുകളും തയാറാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യ വികസിക്കുന്നുവെന്ന വാദത്തെ പരിഹസിക്കുകയാണ് പരസ്യങ്ങള്‍ ചെയ്യുന്നത്. ‘ടോയ്‌ലറ്റ് ഉപയോഗിക്കുക എന്ന ശീലമാണ് യഥാര്‍ത്ഥ പുരോഗതി’ എന്നതാണ് സന്ദേശങ്ങളുടെ ടാഗ് ലൈന്‍. പരിഹസിക്കുന്നത് കുട്ടികളാണ്.

‘ചാച്ചാ, നിങ്ങള്‍ കഴുത്തില്‍ ടൈയും കാലില്‍ ഷൂവും ധരിക്കുന്നു. പക്ഷേ തുറന്ന സ്ഥലത്ത് ശൗചം നടത്തുന്നു. എന്തുതരം പുരോഗതിയാണിത്?’, ഒരു പരസ്യത്തിലെ കുട്ടി ചോദിക്കുന്നു.

‘നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്‌ഫോണുണ്ട്. എന്നാല്‍ ഇരിക്കുന്നത് റയില്‍ പാളത്തില്‍ത്തന്നെ,’ എന്നാണ് മറ്റൊന്നിലെ പരിഹാസം.

പുതിയ ടിവി, റഫ്രിജറേറ്റര്‍, ബൈക്ക് എന്നിവ  വാങ്ങുകയും എന്നാല്‍ ടോയ്‌ലറ്റ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവരെ കളിയാക്കുന്ന പരസ്യങ്ങളുമുണ്ട്.

പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ മിഷന്‍ 2019 ആകുമ്പോഴേക്ക് ഇന്ത്യയില്‍ തുറന്ന സ്ഥലത്തെ ശൗചം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ലക്ഷക്കണക്കിനു ടോയ്‌ലറ്റുകള്‍ ഇതോടനുബന്ധിച്ചു നിര്‍മിക്കപ്പെട്ടു.

നൂറ്റാണ്ടുകളായി വേരോടിയ ജാതി സമ്പ്രദായമാണ് ടോയ്‌ലറ്റ് ഉപയോഗത്തിനു തടസമെന്ന് ഗവേഷകര്‍ പറയുന്നു. മാലിന്യം നീക്കുന്നത് താഴ്ന്ന ജാതിക്കാരുടെ മാത്രം ജോലിയായിരുന്നു. വീടുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കുന്നത് വൃത്തിഹീനമായ കാര്യമെന്നാണ് ഇന്നും പല ഗ്രാമങ്ങളിലും കരുതപ്പെടുന്നത്. തുറസായ സ്ഥലങ്ങള്‍ മലമൂത്ര വിസര്‍ജനത്തിനായി ഉപയോഗിക്കുന്നത് ജലജന്യ രോഗങ്ങള്‍ക്കു കാരണമാകുന്നു. ഇന്ത്യയില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാനകാരണങ്ങളിലൊന്ന് ജലജന്യരോഗങ്ങളാണ്.

സാമൂഹിക പെരുമാറ്റ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇതാദ്യമായല്ല. 2006നും 2012നും ഇടയില്‍ പൂര്‍ണമായും ടോയ്‌ലറ്റ് ഉപയോഗത്തിലേക്കു മാറിയ ആറായിരം ഗ്രാമങ്ങള്‍ക്ക് അധികൃതര്‍ അവാര്‍ഡുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ രീതി തുടരാന്‍ പ്രോല്‍സാഹനമൊന്നും ലഭിക്കാതിരുന്നതിനാല്‍ പല ഗ്രാമങ്ങളും പിന്നീട് പഴയ മട്ടിലേക്കു മടങ്ങി.

ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാത്ത വരന്മാരെ വേണ്ടെന്നു വയ്ക്കാന്‍ വധുക്കളോട് ആവശ്യപ്പെടുന്നതായിരുന്നു ഒരു പരസ്യം. മറ്റൊന്ന് കുടുംബത്തില്‍ മുഖംമറച്ചു ജീവിക്കുന്ന സ്ത്രീകളെ പ്രാഥമികാവശ്യങ്ങള്‍ക്കായി തുറസായ സ്ഥലത്തേക്കയയ്ക്കുന്ന പുരുഷന്മാരെ ശാസിച്ചു. പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്നതാണ് ഈ പരസ്യമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പല ഗ്രാമങ്ങളിലും ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്കുള്ളതാണ് എന്ന ധാരണ പരന്നതാണ് പരസ്യത്തിനുണ്ടായ വിപരീതഫലം.

ഇപ്പോള്‍ ആധുനികം എന്നതിന്റെ നിര്‍വചനം അല്‍പം പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. നഗരത്തിലെ ബാങ്ക് ജോലിയോ ബൈക്കോ പുതിയ സോഫയോ അല്ല അത്; വീട്ടിലെ ടോയ്‌ലറ്റാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍