UPDATES

മൊബൈല്‍ സിഗ്നല്‍ കിട്ടിയില്ലെങ്കില്‍ ഡിജിറ്റല്‍ ഇന്ത്യ പരിധിക്കു പുറത്ത്

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് മൊബൈല്‍ സേവന രംഗത്ത് ഇന്ത്യയിലുണ്ടായത് ഒരു വിപ്ലവം തന്നെയാണ്. പത്ത് പതിഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ആഡംബര വസ്തുവായി മാത്രം ഇന്ത്യന്‍ പൊതുസമൂഹം കണ്ടിരുന്ന മൊബൈല്‍ ഫോണ്‍ ഇന്ന്  അന്നത്തേക്കാള്‍ വലിയ അവശ്യവസ്തുവായി മാറിയിരിക്കുന്നു. ഏകദേശം 100 കോടി ഉപയോക്താക്കളുമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുള്ള രണ്ടാമത്തെ രാജ്യമായി മാറാനും ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മോടിയിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന രാജ്യത്തിനു പക്ഷേ അപ്രതീക്ഷിത തിരിച്ചടിയാവുകയാണ് മൊബൈല്‍ സിഗ്നല്‍ കിട്ടുന്നില്ലെന്നതും കോള്‍ മുറിഞ്ഞുപോകുന്നുവെന്നൊക്കെയുള്ള തുടര്‍ച്ചയായ പരാതികള്‍.

കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ദേശീയ ഉപഭോക്ത പരിഹാര സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത പരാതികളിലധികവും കോള്‍ മുറിഞ്ഞു പോകുന്നതുമായി ബന്ധപ്പട്ടുള്ളതായിരുന്നു. പ്രമുഖ ദേശീയ വാര്‍ത്താ മാധ്യമമായ സിഎന്‍എന്‍-ഐബിഎന്‍ ഈ വിഷയത്തില്‍ നോ കോള്‍ ”ഡ്രോപ്പ്‌സെ”ന്ന പേരില്‍ സോഷ്യല്‍ മീഡിയ കാമ്പയിനുമായി രംഗത്തുണ്ട്. കിട്ടിയ അവസരം പാഴാക്കാതെ മൊബൈല്‍ സേവനദാതാക്കളേയും ഇന്ത്യയെ തന്നെയും താറടിക്കുന്ന തമാശകളുമായി ട്രോളര്‍മാരും. 

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈയടുത്ത് കുറച്ചു ടവറുകള്‍ പ്രവര്‍ത്തനരഹിതമാക്കുകകൂടി ചെയ്തതോടെ അവിടെ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുകയാണ്. പ്രശ്‌നം പരിശോധിക്കുന്ന പാര്‍ലമെന്റ് സമിതി രാജ്യത്തെ 3 പ്രമുഖ മൊബൈല്‍ സേവന ദാതാക്കളെ വിശദീകരണമാവശ്യപ്പെട്ട് യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. എത്രയും പെട്ടെന്നു പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.

ഉപഭോക്താക്കളെ സംമ്പന്ധിച്ച് പ്രയോജനമില്ലാത്ത അലങ്കാര വസ്തുവായി മാറിയിരിക്കുകയാണിപ്പോള്‍ മൊബൈല്‍ ഫോണ്‍. സിഗ്നലന്വേഷിച്ച് തെരുവിലങ്ങോട്ടുമിങ്ങോട്ടും അലയേണ്ട അവസ്ഥ.അല്ലെങ്കില്‍ വീടിന്റെയൊരു പ്രത്യേക മൂലയില്‍ച്ചെന്ന് തല 45 ഡിഗ്രി ചരിച്ചു പിടിക്കേണ്ട ഗതികേട്. ആറ്റുനോറ്റു കിട്ടിയ സിഗ്നലില്‍ രണ്ടുവാക്ക് പറയുമ്പോഴേക്കും കോള്‍ വീണ്ടും കട്ടായെന്നും വരാം. തങ്ങളുടെ ഇടപാടുകാരുമായി യഥാസമയം സംസാരിക്കാന്‍ കഴിയാതെ കച്ചവടം നഷ്ടമാകുന്ന സാധാരണക്കാരായ ബിസിനസുകാര്‍, ഇന്‍ഫോര്‍മേഴ്‌സ് നല്‍കുന്ന വിവരങ്ങള്‍ ശരിക്കും പിടിച്ചെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന പോലീസുകാര്‍,  ഒരപകടമുണ്ടായാല്‍ ഉടന്‍ ബന്ധുക്കളെ അറിയിക്കാന്‍ കഴിയാത്ത നിസ്സഹായര്‍ അങ്ങനെ ഇപ്പോഴത്തെ സിഗ്നല്‍ ദുരിതത്തില്‍ ഇരകളാകുന്നവരുടെ ലിസ്റ്റ് നീണ്ടു നീണ്ടു പോകും. 

കോളുകള്‍ കട്ടായിപ്പോകുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നത് കോടികള്‍ മുതല്‍ മുടക്കുള്ള മോദിയുടെ സ്വപ്ന പദ്ധതി ഡിജിറ്റല്‍ ഇന്ത്യയ്ക്കു വലിയ ഭീക്ഷണിയാണെന്നു സാങ്കതിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ”ബ്രോഡ്ബാന്‍ഡ്- വൈഫൈ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യയിലെ നഗരങ്ങളേയും ഗ്രാമങ്ങളേയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുകയെന്നതൊക്കെ നല്ല ആശയം തന്നെ. പക്ഷേ ഇവിടുത്തെ 35 കോടിയോളം വരുന്ന  ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. ലാന്‍ഡ്‌ലൈന്‍ വഴിയുള്ള ഇന്റര്‍നെറ്റ്  കണക്ഷനുകളൊക്കെ ഏറെക്കുറേ നിലച്ച മട്ടാണ്. ഇപ്പോഴുള്ള വൈഫൈ സ്‌പോട്ടുകള്‍ നാമ മാത്രവും. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹചര്യത്തില്‍ മുടങ്ങാതെ ലഭിക്കുന്ന മൊബൈല്‍ സിഗ്നലുകള്‍ ഉറപ്പാക്കാതെ  ഡിജിറ്റല്‍ ഇന്ത്യ പോലുള്ള വലിയ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കഴിയില്ല.” ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായ പ്രശാന്ത് കെ റോയി പറയുന്നു. 

ഒരിരുപതു വര്‍ഷം മുമ്പു വരെ ഒരു ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ നേടിയെടുക്കുന്നതു പോലും വലിയ ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു. മൊബൈല്‍ ഫോണുകളുടെ കടന്നുവരവും അവ തീര്‍ത്ത മത്സരോന്മുഖമായ അന്തരീക്ഷവുമാണ് പിന്നീട് കാര്യങ്ങള്‍ ലളിതമാക്കിയത്. ഇപ്പോഴും രാജ്യത്ത് 28 കോടി ലാന്‍ഡ് ലൈന്‍ കണക്ഷനുകളുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണുകളുടെ വളര്‍ച്ച നമ്മുടെ സങ്കല്‍പ്പങ്ങളെയെല്ലാം കവച്ചു വച്ചു കൊണ്ട് മിന്നല്‍ വേഗത്തിലായിരുന്നു. ഒരു പതിറ്റാണ്ടു മുമ്പ് 4.8 കോടിയുണ്ടായിരുന്ന മൊബൈല്‍ വരിക്കാരുടെ എണ്ണമിന്ന് 98 കോടിയിലെത്തി നില്‍ക്കുന്നു.

കോള്‍ മുറിഞ്ഞു പോകുന്നതു പോലെ ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ടെലികോം കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്. കമ്പനികളില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുകയെന്നതൊക്കെ ഇന്ത്യയെ സംബന്ധിച്ച് കേട്ടുകേള്‍വിയ്യില്ലാത്ത കാര്യങ്ങളായതു കൊണ്ട് തന്നെ അങ്ങനെയൊരു പ്രതീക്ഷയൊന്നുമാര്‍ക്കുമില്ല. എന്തായാലും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദി ടെലികോം കമ്പനികളാണെന്ന തരത്തിലാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. അതൊന്നുറപ്പിക്കാന്‍ മാത്രമാവും നഷ്ടപരിഹാര പ്രസ്താവനകൊണ്ടുദ്ദേശിക്കുന്നത്. 

”ഉപഭോക്താക്കളുടെ അവകാശത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്‍പ്പിക്കുന്ന തീര്‍ത്തും അവഹേളനപരമായ സമീപനമാണ് ടെലികോം കമ്പനികളുടേത്”  പാര്‍ലമെന്റിലെ സ്വതന്ത്രാംഗം രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തുന്നു. ഡിജിറ്റല്‍ ഇന്ത്യയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ കൂടുതല്‍ ജാഗരൂഗരാകണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ടെലികോം റെഗുലേറ്ററി ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ എല്ലാ കമ്പനികളും കോള്‍ ഡ്രോപ്പ് (കോള്‍ മുറിഞ്ഞു പോകുന്നതോ, വിഛേദിക്കപ്പെടുന്നതോ ആയ സാഹചര്യം) പരിധിയായ 3 ശതമാനം കടന്നുപോകുന്നതായി കണ്ടെത്തിയിരുന്നു. വര്‍ഷന്തോറും കമ്പനികള്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് പുതിയതായി ചേര്‍ത്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനോ, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി മുതല്‍ മുടക്കാന്‍ ഇവരാരും തയ്യാറാകുന്നുമില്ല. റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ റാംസേവക് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ലോകത്തില്‍ തന്നെ വളരെ കുറച്ച് സ്‌പെക്ട്രം ബാന്‍ഡുകള്‍, അല്ലെങ്കില്‍ ചിലപ്പോള്‍ റേഡിയോ ഫ്രീക്വന്‍സി ബാന്‍ഡുകള്‍ മാത്രമുപയോഗിച്ച് പ്രസരണം ചെയ്യേണ്ട അവസ്ഥയിലാണ് തങ്ങളെന്നും അതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നുമാണ് കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നത്. ”സ്‌പെക്ട്രം ബാന്‍ഡുകളുടെ 60 ശതമാനവും ഗവണ്‍മെന്റിന്റെ കീഴിലുള്ള മിലിട്ടറി, പോലീസ്, റയില്‍വേ, വ്യോമയാന വിഭാഗങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. വിദേശ സേവനദാതാക്കളുപയോഗിക്കുന്നതിന്റെ മൂന്നിലൊന്നു സ്‌പെക്ട്രം മാത്രമാണ് ഞങ്ങള്‍ക്കു ലഭിക്കുന്നത്. ഇതുപയോഗിച്ചു കൊണ്ട് കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളിലേക്കാണ് സേവനമെത്തിക്കേണ്ടത്.”  ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ അസോസിയേഷന്‍ (സി.ഒ.എ.ഐ) ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യു പറയുന്നു. 

മൊബൈല്‍ ടവറുകളില്‍ നിന്നുണ്ടാകുന്ന റേഡിയേഷനെക്കുറിച്ചു ജനങ്ങള്‍ക്കുണ്ടായ ധാരണകളും അതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കളും മൊബൈല്‍ സേവനദാതാക്കളെ സംബദ്ധിച്ച് മറ്റൊരു വെല്ലുവിളിയാണ്. ഒരു റെസിഡന്റ് അസോസിയേഷനും തങ്ങളുടെ പരിസരത്ത് പുതിയതായി ടവര്‍ സ്ഥാപിക്കാനനുവധിക്കില്ല. ഉള്ളതു തന്നെ നീക്കം ചെയ്യാനുള്ള സമ്മര്‍ദ്ദവുമുണ്ട്. സാമൂഹ്യ പ്രവര്‍ത്തകരും ബോളിവുഡ് നടന്‍മാരുമെല്ലാം ടവറുകള്‍ക്കെതിരായ പ്രചാരണപരിപാടികളുമായി രംഗത്തുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം 1700 സ്ഥലങ്ങളിലെ ടവറുകളാണ് റദ്ദു ചെയ്തത്. രാജന്‍ മാത്യൂ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും പരസ്പരം തര്‍ക്കിക്കുന്ന ഗവണ്‍മെന്റിന്റേയും, കമ്പനികളുടേയും ഇടയില്‍ നട്ടം തിരിയുന്ന ഉപഭോക്താവെന്നും ഇവരുടെ (പരിഗണന) പരിധിക്കു പുറത്താണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍