UPDATES

വിപണി/സാമ്പത്തികം

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ വില യുദ്ധം; വരാന്‍ പോകുന്നത് വലിയ കളികള്‍

റിലയന്‍സ് ജിയോയുടെ വരവോടെ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഒറ്റയ്ക്ക് നീങ്ങുന്ന സേവനദാതാക്കള്‍ കൂടുതല്‍ വെട്ടിലായി

സിദ്ധാര്‍ത്ഥ് ഫിലിപ്

ഭാരതി എയര്‍ടെല്ലിനെ 26 ബില്യണ്‍ ഡോളര്‍ വരുന്ന വിപണിയിലെ ഒന്നാം സ്ഥാനത്തുനിന്നും തട്ടിനീക്കാവുന്ന ഒരു ഏകീകരണം ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കാണുന്നു.

വിപണിയെ പിടിച്ചുകുലുക്കി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ തന്റെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ സൌജന്യ സേവനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനി സെപ്തംബറില്‍ ഈ വിലയുദ്ധം തുടങ്ങി. ജനുവരി 24-നു പ്രതീക്ഷിച്ചതിലും 55% കുറവ് ത്രൈമാസ ലാഭം കാണിച്ചപ്പോള്‍ ഭാരതി എയര്‍ടെല്‍ ‘ഇരപിടിയന്‍ വിലനിര്‍ണ്ണയം’ എന്നു പറഞ്ഞു.

ഈ മത്സര സമ്മര്‍ദം രാജ്യത്തെ രണ്ടാമത്തെ വലിയ സേവനദാതാവായ വോഡഫോണും മൂന്നാം സ്ഥാനത്തുള്ള ഐഡിയ സെല്ലുലാറും തമ്മില്‍ ഉണ്ടാക്കിയേക്കാവുന്ന സഖ്യത്തിലേക്ക് സൂചനകള്‍ നല്കുന്നു. അത്തരമൊരു സഖ്യം ഭാരതി എയര്‍ടെലിനെ മറികടന്നേക്കാം.

2012-ലെ 1.8 ട്രില്ല്യണില്‍ നിന്നും 2020-ഓടെ രാജ്യത്തെ എല്ലാ സേവനദാതാക്കളുടെയും വരുമാനം 2.3 ട്രില്ല്യ ഡോളറായി ഉയരും എന്നാണ് കണക്കാക്കുന്നത്.

റിലയന്‍സ് ജിയോയുടെ വരവോടെ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഒറ്റയ്ക്ക് നീങ്ങുന്ന സേവനദാതാക്കള്‍ കൂടുതല്‍ വെട്ടിലായി. ഏപ്രില്‍ വരെ സൌജന്യ സേവനം വാഗ്ദാനം ചെയ്ത അംബാനി 72 ദശലക്ഷം ഉപഭോക്താക്കളെയാണ് ഉണ്ടാക്കിയത്. ഇതിനകം ചെലവഴിച്ച 25 ബില്ല്യണ്‍ ഡോളറിന് പുറമെ മറ്റൊരു 4.4 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ അയാള്‍ ഒരുങ്ങുകയാണ്.

“ജിയോയുടെ ഒരു ആഘാതം എന്നു പറയുന്നതു ചെറുകിട സേവനദാതാക്കള്‍ പോയി എന്നതാണ്,” ഭാരതി എയര്‍ടെല്ലിന്റെ ഉടമ സുനില്‍ മിത്തല്‍ ഡാവോസില്‍ പറഞ്ഞു. “ഞാന്‍ വിപണിയില്‍ ഏകീകരണത്തെ അനുകൂലിക്കുന്നു. വലിയ വിപണികളില്‍ രണ്ടോ മൂന്നോ കളിക്കാര്‍ മാത്രമുള്ളപ്പോള്‍ അവ ലാഭകരമാണ് എന്നാണ് നാം കണ്ടത്. അവയ്ക്കു വലിയ നിക്ഷേപം ഉണ്ടാക്കാന്‍ കഴിയും.”

ടെലെനോര്‍ ASA-യുടെ ഇന്ത്യ വിഭാഗവും ടാറ്റ ടെലിസര്‍വീസും ഇതിനെത്തുടര്‍ന്ന് മത്സരം നേരിടാന്‍ പോകുന്ന ചെറിയ സേവനദാതാക്കളാണ്. അടുത്ത ഘട്ടത്തിലെ അടിസ്ഥാനസൌകര്യങ്ങള്‍ വലിയ നിക്ഷേപം ആവശ്യപ്പെടുകയും ചെയ്യും. 2020-ഓടെ ലഭ്യമാകും എന്നുകരുതുന്ന 5ജി സേവനത്തിനായി വലിയ നിക്ഷേപം നടത്തേണ്ടിവരുന്ന ഈ വ്യവസായത്തില്‍ ഇപ്പോള്‍ രാജ്യത്തു 11 വയര്‍ലെസ്സ് സേവനദാതാക്കളുണ്ട്.

ജിയോ വരുന്നതിന് മുമ്പ് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്കു വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. തരംഗരാജിയും അടിസ്ഥാനസൌകര്യവും വര്‍ദ്ധിപ്പിക്കാന്‍ അവര്‍ വലിയതോതില്‍ കടം വാങ്ങിയിരുന്നു എങ്കില്‍ക്കൂടി. ഇപ്പോള്‍ ചെറിയ കളിക്കാരെപ്പോലെ അവര്‍ക്കും കുറഞ്ഞ വരുമാനത്തെ വെച്ചു പിടിച്ചുനില്‍ക്കാന്‍ ചില വഴികള്‍ കണ്ടെത്തണം.

“ഓരോ പുതുതലമുറ മൊബൈല്‍ മുന്നേറ്റത്തിലും (3ജി, 4ജി, ഇപ്പോള്‍ 5ജി) പുതുക്കലിന്റെ ചെലവ് കൂടിവരുന്നു. ശൃംഖലയുടെ അടിസ്ഥാനവില എല്ലാവര്‍ക്കും ഒരുപോലെയായതിനാല്‍ വാര്‍ത്താവിനിമയത്തില്‍ ലാഭം അതിന്റെ വ്യാപാര തോതിനെ ആശ്രയിച്ചിരിക്കും,” ഈ വിഷയത്തിലെ വിദഗ്ദ്ധനായ ക്രിസ് ലെയിന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. “നിങ്ങള്‍ പട്ടികയില്‍ താഴെപ്പോകുന്തോറും നിങ്ങളുടെ നിലവാരത്തോത് കുറയുകയും ലാഭം കുറയുകയും ചെയ്യുന്നു.”

സാധ്യമായ കൂടിച്ചേരലുകള്‍:

1. വൊഡാഫോണ്‍/ഐഡിയ
വോഡഫോണും ഐഡിയയും കൂടിച്ചേരാനുള്ള ചര്‍ച്ചകള്‍ സജീവമാണെന്ന് പേര് വെളിപ്പെടുത്താത്ത ഉള്‍വൃത്തങ്ങള്‍ പറഞ്ഞു. ആഗസ്റ്റിലാണ് ഇത് സംഭവിച്ച സംഭാഷണങ്ങള്‍ തുടങ്ങിയത്. ഈ ലയനം 387 ദശലക്ഷം വരിക്കാരെയും 4ജി സ്പെക്ട്രത്തിന്റെ ഇന്ത്യയിലെ 36% വിപണിയും കൈവശമാക്കും. ഈ ധാരണ വോഡാഫോണിനെ ഇന്ത്യയിലെ ഓഹരി വിപണിയിലെ പട്ടികയിലും പെടുത്തും. 2011 മുതല്‍ വോഡഫോണ്‍ അതിനുള്ള ആലോചനയിലുമായിരുന്നു. ലയിക്കുകയാണെങ്കില്‍ പുതിയ കമ്പനിയുടെ കടബാധ്യത ഏതാണ്ട് 718 ബില്ല്യണ്‍ ഡോളറായിരിക്കും. സ്പെക്ട്രം പരിധി ലംഘിക്കുന്നു എന്ന പ്രശ്നം ഈ ലയനം ഉണ്ടാക്കും എന്നതിനാല്‍ ചില സര്‍ക്കിളുകളിലെ തരംഗങ്ങള്‍ അവര്‍ക്ക് വില്‍ക്കേണ്ടി വരും. എന്നാല്‍ ലയനവാര്‍ത്തകള്‍ ഐഡിയ നിഷേധിച്ചിട്ടുണ്ട്. വോഡഫോണ്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

2. ടെലെനോര്‍
ടെലെനോറിന്റെ ഇന്ത്യന്‍ വിഭാഗവുമായി എയര്‍ടെല്‍ ചര്‍ച്ചയിലാണെന്ന് ജനുവരി 19-ലെ ഒരഭിമുഖത്തില്‍ മിത്തല്‍ പറഞ്ഞിരുന്നു. വിപണിയിലെ ഏറ്റവും കടബാധ്യത കുറവുള്ള ടെലെനോര്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്പെക്ട്രം ലേലത്തില്‍ നിന്നും വിട്ടുനിന്നു. വിപണിയില്‍ 4.9% പങ്കാളിത്തമുള ടെലെനോറിന് ഇന്ത്യയില്‍ മുഴുവനായുമുള്ള സാന്നിധ്യമില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ അവരുടെ തരംഗങ്ങള്‍ വിപണിയിലെ ആദ്യ മൂന്നു കമ്പനികളില്‍ ആര്‍ക്കും നേട്ടമുണ്ടാക്കാന്‍ സഹായിക്കും.

3. ടാറ്റ ടെലി സര്‍വീസസ്
തങ്ങളുടെ നഷ്ടത്തിലോടുന്ന ടെലികോം വ്യാപാരം വാങ്ങാനുള്ള ഒരാളെ തേടുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സംഘമായ ടാറ്റ ഗ്രൂപ്പ്. മുംബൈ, ഡെല്‍ഹി പോലുള്ള ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ കൂടുതല്‍ വ്യാപനം നടത്താന്‍ സഹായിക്കുന്ന തരത്തിലുള്ള ദേശീയ സ്പെക്ട്രം ശൃംഖല ശേഷി ടാറ്റയ്ക്കുണ്ട്. ഇന്ത്യന്‍ സംരഭത്തിലെ പങ്കിന്റെ മൂല്യത്തെക്കുറിച്ച് ജപ്പാന്‍ സ്ഥാപനം NTT Docomo Inc. മായി കുറച്ചു വര്‍ഷങ്ങളായി നിയമ പോരാട്ടത്തിലാണ് കമ്പനി. ഇക്കാര്യത്തിലൊരു പരിഹാരം വില്‍പ്പന നടത്താന്‍ ടാറ്റയെ സഹായിക്കും.

4. എയര്‍സെല്‍/റിലയന്‍സ് കമ്മ്യൂണികേഷന്‍സ്/സിസ്റ്റെമ
തന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും സഹോദരന്‍ മുകേഷ് അംബാനിയുടെ സമാന സ്ഥാപനവുമായി ലയനം ഏതാണ്ട് അന്തിമമായെന്ന് അനില്‍ അംബാനി സെപ്തംബറില്‍ പറഞ്ഞിരുന്നു. നാലാം തലമുറ സേവനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങാനുള്ള നിക്ഷേപം ജിയോ നല്‍കുമെന്നും അനില്‍ അംബാനി പറഞ്ഞു.
നേരത്തെ സെപ്റ്റംബറില്‍, ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും എന്നു കരുതുന്ന ഒരിടപാടില്‍ തങ്ങള്‍ എയര്‍സെല്ലുമായി ലയിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പറഞ്ഞിരുന്നു. 2015-AFK Sistema-യുടെ ഇന്ത്യന്‍ വിഭാഗം എല്ലാ ഓഹരികളും വാങ്ങാന്‍ സമ്മതിച്ചിരുന്നു.

5. ബി എസ് എന്‍ എല്‍/എം ടി എന്‍ എല്‍
പൊതുമേഖല സ്ഥാപനമായ BSNL-ഉം ഡല്‍ഹിയിലും മുംബൈയിലും മാത്രം പ്രവര്‍ത്തിക്കുന്ന മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും തമ്മിലുള്ള ലയനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രക്രിയയിലേക്ക് കടന്നിട്ടില്ല. ഓഹരി വിപണി പട്ടികയില്‍ ഉള്‍പ്പെടുത്തിയ MTNL കഴിഞ്ഞ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളില്‍ നാലിലും നഷ്ടത്തിലായിരുന്നു. 2016-ല്‍ 20 ബില്ല്യണ്‍ രൂപയായിരുന്നു അവരുടെ നഷ്ടം. ഭാരത് സഞ്ചാറിന് 2016-ല്‍ 38.03 ബില്ല്യണ്‍ രൂപയായിരുന്നു.

5. വീഡിയോകോണ്‍
വീഡിയോകോണ്‍ ടെലികോമിന്റെ കീഴില്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന സേവന ദാതാവായ Quadrant Televentures Ltd ഫെബ്രുവരി 15-നു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2.97 ദശലക്ഷം വരിക്കാരുള്ള കമ്പനി ഫെബ്രുവരി 15-നു മുമ്പ് കുടിശിക അടച്ചുതീര്‍ത്ത് മറ്റ് സേവനദാതാക്കളെ തേടാന്‍ വരിക്കാരോടു ആവശ്യപ്പെട്ടുകഴിഞ്ഞു. മാര്‍ച്ച് 2016-ല്‍ വീഡിയോകോണ്‍ 6 സര്‍ക്കിളുകളിലുള്ള അവരുടെ തരംഗങ്ങള്‍ 663 ദശലക്ഷം ഡോളറിന് ഭാരതി എയര്‍ടെല്ലിന് വിറ്റിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍