UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ ഇ കോമേഴ്‌സിന് പറ്റിയ മണ്ണ്; വിത്തിറക്കാനും കൊയ്യാനും കമ്പനികള്‍ തയ്യാര്‍

Avatar

സരിതാ റായ്
(ബ്ലൂംബര്‍ഗ്)

ക്രെയ്ഗ് ലിസ്റ്റിന് ക്വിക്കറില്‍നിന്ന് ചിലത് പഠിക്കാനാകും. സൗജന്യമായി ക്ലാസിഫൈഡ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ക്വിക്കര്‍, ഉത്പന്നങ്ങളുടെ റേറ്റിങ്ങും പരസ്യപ്പെടുത്തുന്നു. പണം നല്‍കലും ഉത്പന്നങ്ങളുടെ വിതരണവും കൈകാര്യം ചെയ്യുന്നു. ഇതിലെല്ലാം ഉപരി ഉത്പന്നം കിട്ടിയെന്നും സംതൃപ്തനാണെന്നും ഉപഭോക്താവ് അറിയിച്ചശേഷം മാത്രമേ വില്‍ക്കുന്നയാള്‍ക്ക് പണം നല്‍കുകയുള്ളൂ.

ഇത്രയും ചെയ്യുന്നതിനിടെ, സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ കാറുകള്‍ വരെ വില്‍പനയ്ക്കു വയ്ക്കുന്ന ഈ സൈറ്റ് എല്ലാ പ്രാദേശിക വിപണികളിലും കച്ചവടക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ നേരിടുന്നുമുണ്ട്.   ആകെ അലമ്പായ വിലപേശല്‍, അത്ര സുഖകരമല്ലാത്ത വിതരണ സംവിധാനം, ചെറുകിട കച്ചവടക്കാരുടെ അവിശ്വാസം. അതിമാത്സര്യമുള്ള ഒരു വിപണിയില്‍ പ്രാദേശിക കമ്പനികള്‍ക്ക് എന്തൊക്കെ പുതുമകള്‍ കണ്ടെത്തേണ്ടിവരുന്നു, സമീപനങ്ങളില്‍ എങ്ങനെയൊക്കെ മാറ്റം വരുത്തേണ്ടിവരുന്നു എന്നതിന്റെ ഉദാഹരണമാണ് ക്വിക്കര്‍ ആപ്പിന്റെ പലവിധ സേവനങ്ങള്‍.

‘ഒരു പുതിയ സാധനം വാങ്ങുന്നതുപോലെ തന്നെ ഇതും എളുപ്പമാക്കാനാണ് ഞങ്ങളുടെ ശ്രമം’, ക്വിക്കറിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രണയ് ഷുലെ പറയുന്നു. ‘പടിഞ്ഞാറന്‍ നാടുകളില്‍ ക്ലാസിഫൈഡ്‌സില്‍ നിലവിലുള്ള, ‘ഞങ്ങള്‍ നിങ്ങളെ അവരുമായി ബന്ധിപ്പിക്കാം. ബാക്കി നിങ്ങള്‍ തമ്മിലായിക്കൊള്ളണം’ എന്ന നിലപാട് ഇവിടെയില്ല. ഞങ്ങള്‍ അതിനെ ഇന്ത്യവല്‍ക്കരിച്ചു.’

ഇ-കോമേഴ്‌സ് രംഗത്ത് ആഗോളഭീമന്മാരായ ആലിബാബ മുതല്‍ ആമസോണ്‍ വരെയുള്ളവരും പ്രാദേശികവമ്പന്‍മാരായ ഫ്‌ളിപ്കാര്‍ട്ട് മുതല്‍ സ്‌നാപ്ഡീല്‍ വരെയുള്ളവരും തമ്മിലുള്ള മത്സരത്തിന് ഇന്ത്യയില്‍ കളമൊരുങ്ങുകയാണ്. വാണിജ്യ പ്രവചനങ്ങള്‍ വസ്തുതകളില്‍നിന്ന് അകലെയാണെന്ന ആശങ്കകള്‍ക്കിടയിലും വര്‍ഷം തോറും 40 ശതമാനം വളരുന്ന, ഇപ്പോഴും വളരെയൊന്നും ഉപയോഗിക്കപ്പെടാത്തതുമായ 25 ബില്യണ്‍ ഡോളറിന്റെ വിപണി എന്ന പ്രലോഭനം ഒഴിവാക്കാനാകാത്തതാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തിലെ വന്‍വര്‍ദ്ധനയും ഇനിയും വികസിക്കാത്ത വിതരണസംവിധാനവും പണം നല്‍കലും ഈ രംഗത്തെ നിക്ഷേപത്തിന് അനുയോജ്യമാക്കുന്നു. യുഎസും ചൈനയും ചില ഓപ്പറേറ്റര്‍മാരുടെ കൈപ്പിടിയിലൊതുങ്ങിക്കഴിഞ്ഞു എന്നതും ഇന്ത്യയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

ഇന്ത്യയുടെ താരതമ്യം മിക്കപ്പോഴും ചൈനയോടാണ്. കഴിഞ്ഞ ദശകത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ നൂലാമാലകള്‍ പഠിച്ചെടുക്കുകയും വിദേശനിക്ഷേപകര്‍ക്കു വാതില്‍ തുറന്നിടുകയും ചെയ്ത ഏഷ്യന്‍ വിപണിയാണ് ചൈന. എങ്കിലും ആലിബാബയോടു പരാജയപ്പെട്ട് ഇ ബേ പിന്‍മാറി. ആമസോണ്‍ ഇപ്പോഴും അവിടെ മുന്‍തൂക്കത്തിനായി മല്‍സരിക്കുകയാണ്. ഇന്ത്യയിലാകട്ടെ ആമസോണ്‍ മൂന്നാംസ്ഥാനത്താണ്. ആലിബാബ സ്‌നാപ്ഡീലിലും പേ ടിഎം മൊബൈല്‍ സൊലൂഷന്‍സിലും നിക്ഷേപകരാണ്.

‘ഇന്ത്യയാണ് ഇപ്പോള്‍ ഇ കോമേഴ്‌സിലെ വന്‍ സംഭവം,’ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളും സ്റ്റാര്‍ട്ട് അപ്പുകളിലെ സജീവ നിക്ഷേപകനുമായ നന്ദന്‍ നിലേക്കനി പറയുന്നു. ‘ചൈന മിക്കയിടങ്ങളിലും സ്വന്തം കമ്പനികള്‍ ഉണ്ടാക്കുകയും അമേരിക്കന്‍ കമ്പനികളെ നിരോധിക്കുകയും ചെയ്തു. എന്നിട്ടും ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയില്‍ വിജയിക്കാനായില്ല. ഇപ്പോള്‍ ആലിബാബ തുടങ്ങിയ ചൈനീസ് കമ്പനികളും ആമസോണ്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളും ഇന്ത്യയിലെ തുറന്ന വിപണി വന്‍ അവസരമായി കാണുന്നു.’

ഇന്ത്യയില്‍ വിപണി എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്നുവെന്നു പറയാനാവില്ല. വിവിധ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന വില്‍പനശൃംഖലകളില്‍ വിദേശ ഉടമസ്ഥത 51 ശതമാനത്തില്‍ കൂടരുത് എന്നാണ് വ്യവസ്ഥ. ഇവരെ പ്രാദേശിക പങ്കാളികളെ കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കുക എന്നതാണ് നയം. ഒരു ബ്രാന്‍ഡ് മാത്രം വില്‍ക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ അയവു വന്നത് ഈയിടെ മാത്രമാണ്. ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഇപ്പോള്‍ കടകള്‍ തുറക്കാനായിട്ടുണ്ട്. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നികുതികള്‍ പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തവുമാണ്.

വിദേശനിക്ഷേപത്തോടുള്ള സമീപനം വിശാലമാക്കുമെന്നും സങ്കീര്‍ണമായ കാര്യനിര്‍വഹം ലളിതമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ട്. സീഫണ്ടിന്റെ സഹ സ്ഥാപകനായ മഹേഷ് മൂര്‍ത്തിയുടെ അഭിപ്രായത്തില്‍ ഇന്ത്യ ചൈനയെ അപേക്ഷിച്ച് തുറന്ന വിപണിയാണ്.

‘ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ പകുതിയോളം ഗൂഗിള്‍, ആമസോണ്‍, ഫേസ് ബുക്ക് എന്നിവയില്‍നിന്നാണ്. ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ഒപ്പത്തിനൊപ്പം മത്സരിക്കാവുന്ന സമ്പദ് വ്യവസ്ഥയാണ് ഇവിടെ.’

ഇന്ത്യയില്‍ പലയിടത്തും ഇ കോമേഴ്‌സ് മറ്റൊരു മാര്‍ഗമല്ല, ഒരേയൊരു മാര്‍ഗമാണ്.

അമേരിക്കയിലെ സൂപ്പര്‍ സ്റ്റോറുകളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ ചില്ലറ വിപണനം ചിന്നിച്ചിതറിക്കിടക്കുകയാണ്. ആലിബാബയും ജെഡി ഡോട്ട് കോമും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയും രാജ്യമെമ്പാടുമുള്ള വിതരണത്തെയും ബന്ധിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ ഇ കോമേഴ്‌സ് താരതമ്യേന അപൂര്‍ണമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയും വിതരണസംവിധാനത്തെയും പണം നല്‍കലിനെയും സാങ്കേതികവിദ്യ വഴി ബന്ധിപ്പിക്കാനാകുമെന്ന് യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യയിലെ ഇന്ത്യ റിസര്‍ച്ച് ഹെഡ് ഗൗതം ഛാവോഛരിയ പറയുന്നു. ‘ ഇ കോമേഴ്‌സ് നടപ്പാക്കാനും അതില്‍നിന്നു പ്രയോജനം നേടാനും യോജിച്ച സ്ഥലമാണ് ഇന്ത്യ.’

ചൈനയും അമേരിക്കയും ഇന്റര്‍ നെറ്റ് പരിചയപ്പെട്ടത് പഴ്‌സനല്‍ കംപ്യൂട്ടറുകളുടെ ഉപയോഗം വഴിയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് മൊബൈല്‍ ഫോണുകള്‍ വഴിയാണ്. മിക്കപ്പോഴും മൊബൈല്‍ ഫോണുകള്‍ വഴി മാത്രമാണ്. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വളര്‍ച്ച ചൈന, അമേരിക്ക എന്നിവിടങ്ങളിലെക്കാള്‍ കൂടുതലാണ്.  അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അരബില്യണിലധികം ഉപയോക്താക്കളുണ്ടാകുമെന്നാണ് നിലേക്കനി പറയുന്നത്.

‘ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലൊരിക്കലും മറ്റൊരു രാജ്യവും ഓരോ മാസവും അഞ്ചുമുതല്‍ ആറുവരെ മില്യണ്‍ പുതിയ ഉപയോക്താക്കളുണ്ടാകുന്നതു കണ്ടിട്ടില്ല. അതാണ് ഇന്ത്യ ഇന്ന് സ്മാര്‍ട്ട് ഫോണുകളിലൂടെ ചെയ്യുന്നത്, ‘ ഷുലെ പറയുന്നു. 2015ല്‍ സ്വീഡനിലെ എബി കിന്‍വെക് ഉള്‍പ്പെട്ട ഒരു ഫണ്ടിങ് റൗണ്ടില്‍ ക്വിക്കറിന്റെ മൂല്യം ഒരു ബില്യണിലേറെയായി കണക്കാക്കപ്പെട്ടിരുന്നു.

സംരംഭകര്‍ ഇന്ത്യയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തണമെന്നു മാത്രം. ‘ഇന്ത്യയില്‍ ഇന്ത്യയ്ക്കുവേണ്ടി എന്തൊക്കെ പുതുമ കൊണ്ടുവരാനാകുമെന്നു ചിന്തിച്ച് എനിക്ക് രാത്രികളില്‍ ഉറക്കം നഷ്ടമാകുന്നു,’ ഷുലെ പറയുന്നു.

ഭൗതിക വെല്ലുവിളികള്‍ നേരിടാന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തയ്യാറെടുക്കുകയാണ്. ട്രക്കിങ് കമ്പനികള്‍ക്ക് അവരുടെ വാഹനങ്ങള്‍ ചിട്ടപ്പെടുത്താനാകുംവിധം സോഫ്റ്റ് വെയര്‍ തയാറാക്കുന്ന ബാംഗ്ലൂരിലെ ഫോര്‍ട്ടിഗോ ഉദാഹരണം. ചെന്നൈ ആസ്ഥാനമായ യൂണിഫോറിന്റെ ഇന്ത്യന്‍ ഭാഷാ സംസാരം തിരിച്ചറിയല്‍ സോഫ്റ്റ് വെയര്‍ പണമടയ്ക്കല്‍ സേവനദാതാക്കളെ രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്താനും നിരവധി ഭാഷകളില്‍ ഇടപാടുകള്‍ നടത്താനും സഹായിക്കുന്നു.

‘ഇ കോമേഴ്‌സ് അടുത്ത ഏതാനും വര്‍ഷങ്ങളില്‍ അഞ്ചോ ആറോ ഇരട്ടി വളരും. ആരാണ് ഇതില്‍നിന്നു നേട്ടമുണ്ടാക്കുക എന്നതാണ് ചോദ്യം,’ നിലേക്കനി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍