UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴ് വര്‍ഷം, 398 മത്സരങ്ങള്‍; ധോണി വിടവാങ്ങുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് മത്സരം അവസാനിപ്പിക്കുമ്പോള്‍ ധോണി 24 റണ്‍സോടെ ബാറ്റ് ചെയ്യുകയായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് നാല് ഓവറും നാലു വിക്കറ്റും ബാക്കിയുണ്ടായിരുന്നു. മത്സരശേഷം നടന്ന ക്യാപ്റ്റന്മാരുടെ പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴും തന്റെ വിരമിക്കലിനെക്കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ല. പിന്നാലെ വന്ന ബിസിസിഐയുടെ പ്രസ് റിലീസ് വഴിയാണ് ധോണിയുടെ വിരമിക്കല്‍ തീരുമാനം പുറത്തുവരുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളിക്കുക എന്നത് പ്രയാസകരമാണ്, എന്നായിരുന്നു ധോണിയുടെ വിരമിക്കലിന് ബിസിസി ഐയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്ന കാരണം.

‘ടീം ഇന്ത്യയെ തന്റെ നായകത്വത്തിന്റെ കീഴില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ച ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എം എസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ധോണിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെ കാരണമിതാണ്’- ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. വിരമിക്കല്‍ തീരുമാനം അറിയിച്ച ധോണിയെ ബിസിസിഐ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് അദ്ദേഹം നല്‍കിയ വമ്പിച്ച നേട്ടങ്ങളുടെ പേരിലും ടീം ഇന്ത്യക്ക് നേടിത്തന്ന കിരീടങ്ങളുടെ പേരിലും അഭിനന്ദിക്കുകയുണ്ടായി. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ടീമിനെ വിരാട് കോഹ്‌ലി നയിക്കുമെന്നും ബിസിസിഐ അറിയിച്ചു.

സമീപകാലത്തായി പരിക്കില്‍ വലയുകയായിരുന്നു ധോണി. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ നിന്ന് കൈയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ധോണി പിന്മാറിയിരുന്നു. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിലും ധോണി കളിച്ചിരുന്നില്ല. കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും നയിക്കുന്ന ധോണി ഇതുകൂടാതെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനവും വഹിക്കുകയാണ്. 2008 മുതലുള്ള കണക്കനുസരിച്ച് ടെസ്റ്റ്,ഏകദിന,ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ടീം ഇന്ത്യക്കായും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും ചാമ്പ്യന്‍സ് ലീഗിലുമായി 398 മാച്ചുകള്‍ ധോണി കളിച്ചുകഴിഞ്ഞിരിക്കുന്നു. മറ്റൊരുതാരവും ഇത്രയും മത്സരങ്ങള്‍ ഈ കാലയളവിനുള്ളില്‍ കളിച്ചിട്ടില്ല. ഈ കണക്കില്‍ ഇന്ത്യന്‍താരം സുരേഷ് റെയ്‌നയാണ് രണ്ടാം സ്ഥാനത്തുള്ളത്. റെയ്‌ന മൊത്തം 369 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചോദ്യം ചെയ്യപ്പെടാത്ത സ്ഥാനം തന്നെയായിരുന്നു ധോണിയുടെത്. എന്നാല്‍ 2014 ധോണിയുടെ ബാറ്റ് അയാളുടെ പ്രതിഭയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. 17 ഇന്നിംഗ്‌സുകള്‍ കളിച്ച ധോണിയുടെ ആവറേജ് 33 മാത്രമായിരുന്നു. വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തിലും കാര്യങ്ങള്‍ ശുഭമായിരുന്നില്ല. പലപ്പോഴും ധോണിയുടെ ഗ്ലൗസുകളില്‍ നിന്ന് ക്യാച്ചുകള്‍ ഗ്രൗണ്ടിലേക്ക് വഴുതിവീണുകൊണ്ടിരുന്നു. അതുമാത്രമല്ല ധോണിയെ വലച്ച വിഷമം. ഇന്ത്യയെ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിച്ച ക്യാപ്റ്റനാണെങ്കിലും സമീപകാലത്ത് ഇന്ത്യയുടെ വിദേശമത്സരങ്ങള്‍ ധോണിയുടെ കീഴില്‍ സങ്കടകരമായിരുന്നു. 2011 മുതലുള്ള കാലത്ത് വിദേശത്ത് കളിച്ച 22 ടെസ്റ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ടീം ഇന്ത്യക്ക് വിജയം കാണാനായത്. തോല്‍വിയാകട്ടെ 13 എണ്ണത്തിലും. എങ്കിലും ടീം ഇന്ത്യയുടെ ചരിത്രത്തില്‍ വിജയശ്രീലാളിതനായ ക്യപ്റ്റന്‍ എന്ന സ്ഥാനം തന്നെ ധോണി അലങ്കരിക്കുന്നുണ്ട്. 2008 ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തശേഷം നയിച്ച 60 ടെസ്റ്റുകളില്‍ 27 വിജയം സ്വന്തമാക്കാന്‍ ധോണിക്ക് കഴിഞ്ഞു.

2008 ഏപ്രിലില്‍ കാണ്‍പൂരില്‍വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയയിരുന്നു ക്യാപ്റ്റന്‍ ആയി ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റം. ക്യാപ്റ്റന്‍ കുംബ്ലെയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായിട്ടായിരുന്നു അന്ന് ധോണി ടീം ഇന്ത്യയെ നയിച്ച് ഗ്രൗണ്ടിലിറങ്ങിയത്. കുംബ്ലെയുടെ വിരമിക്കലിനെ തുടര്‍ന്ന് ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളോടെ ധോണി ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടു. 2009 ല്‍ ധോണിയുടെകീഴില്‍ ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. 2011 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പര വരെ ഈ സ്ഥാനം ടീം ഇന്ത്യ അലങ്കരിച്ചു.

2005 ല്‍ അരങ്ങേറ്റം കുറിച്ച ധോണി ഇതുവരെ 90 മത്സരങ്ങള്‍ കളിച്ചു. അകെ നേടിയ റണ്‍സ് 4876. അവറേജ് 38. 2013 ല്‍ ചെന്നൈയില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ നേടിയ 224 ആണ് ടെസ്റ്റില്‍ ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍