UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യാ ടുഡേയുടെ ചരമ കോളത്തില്‍ കുറിക്കപ്പെടുന്നത്

Avatar

വി കെ അജിത്‌ കുമാര്‍

ഇന്ത്യാ ടുഡേ അതിന്‍റെ മലയാളം പതിപ്പ് നിര്‍ത്തുന്നുവെന്ന് കേട്ടപ്പോള്‍ അത് ഇപ്പോഴും ഉണ്ടായിരുന്നോ എന്ന മറുചോദ്യമാണ് ഉള്ളിലുണ്ടായത്. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ മലയാളത്തില്‍ എത്തിയ ഒരു കുത്തകയുടെ കീഴിലുള്ള ഈ പ്രസിദ്ധീകരണം എന്തുകൊണ്ടു ഇങ്ങനെയൊരു ഗതിയിലായി എന്നത് പരിശോധിക്കേണ്ടതാണ്. ഇന്ത്യ ടുഡേയുടെ ആദ്യകാലത്ത് ഇറങ്ങിയ സ്പെഷ്യല്‍ പതിപ്പുകള്‍ മലയാളത്തിനു ഒരു പുതു വായനാ സംസ്കാരം പകര്‍ന്നു തന്നതുകൂടി ഈ അവസരത്തില്‍ ഓര്‍മ്മിക്കപ്പെേടണ്ടതാണ്. 

‘സര്‍ഗ്ഗഭാവനയുടെ ശൃംഗകാന്തികള്‍’ എന്ന കെ പി അപ്പന്‍ ലൈനിലുള്ള ടൈറ്റിലില്‍ പ്രസിദ്ധപ്പെടുത്തിയ ആ പ്രത്യേക പതിപ്പ് ഇന്നും അലമാരയില്‍ സൂക്ഷിക്കുന്നവരുണ്ട്  സച്ചിദാനന്ദന്റെ ഗാന്ധിയും അന്‍വറിന്റെ യുവത്വമുള്ള കവിതയും സിവിക് ചന്ദ്രന്‍റെ നിങ്ങളാരെ കമ്മ്യുണിസ്റ്റാക്കിയും സക്കറിയയുടെ തിരക്കഥയ്ക്ക് മോഹന്‍ദാസ്  വരച്ച ചിത്രങ്ങളും എല്ലാത്തിനുപരി ഒരു അയ്യപ്പന്‍ കവിതയും നിറഞ്ഞ വായനയുടെ പുതുപ്രപഞ്ചം ബ്ലീച്ച് ചെയ്യാത്ത പേപ്പറില്‍  പതിഞ്ഞു കിടക്കുന്നത് ഓര്‍മ്മയിലുണ്ട്. കലാകൗമുദിയും മാതൃഭുമിയും കൈയടക്കി വച്ചിരുന്ന മലയാളത്തിലേക്കായിരുന്നു ഇന്ത്യാ ടുഡേ വ്യത്യസ്തതയുമായി കടന്നു വന്നത്.

മൃതിയടഞ്ഞ വരികകളുടെ ചരിത്രം പരിശോധിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലെത്തിയത് ജനയുഗമായിരുന്നു. വായിച്ചു വളര്‍ന്ന ചെറുപ്പകാലത്ത് സോമനാഥന്‍ വരച്ച വാസുവേട്ടനും പി കെ മന്ത്രിയുടെ മിസ്റ്റര്‍  കുഞ്ചുവും അന്നത്തെ തലമുറയുടെ മിസ്റ്റര്‍ ബീന്‍ ആയിരുന്നു. മുതിര്‍ന്ന വായനക്കാര്‍ക്ക്  പെരുമ്പടവം ശ്രീധരനെ പോലുള്ളവരുടെയും, മലയാറ്റൂരിന്‍റെയും  കണിയാപുരം രാമചന്ദ്രന്‍റെയും മറ്റും സാന്നിധ്യം  കനിഞ്ഞു നല്കാന്‍ ജനയുഗത്തിനായി. ഇങ്ങനെ ചിന്തയേയും ബുദ്ധിയേയും. സ്വാധീനിച്ച അനേകമാളുകള്‍….. ഇവരുടെ വായന, ചെറുപ്രായത്തില്‍ അത്ര സുഗമമല്ലായിരുന്നുവെങ്കില്‍ കൂടിയും പിന്നിട് ബൗദ്ധിക തലത്തില്‍ കുടിയേറപ്പെട്ട പലരും ജനയുഗവുമായി ഇഴപിരിയാന്‍ ആകാത്ത ബന്ധത്തിലൂടെ വന്നെത്തിയവരായിരുന്നു.

രണ്ടു മരണങ്ങളും രണ്ടുതരത്തില്‍ വയിക്കപ്പെടേണ്ടതാണ് ജനയുഗം  ഒരു പൊതു ധാരയുടെ കിഴില്‍ വന്ന സാംസ്കാരിക വാരികയായിരുന്നു. അതിന്‍റെ മരണം ആ പ്രസ്ഥാനത്തിന്‍റെ അപചയത്തിനൊപ്പം ചേര്‍ത്ത് വായിക്കണം.  അടിയന്തരാവസ്ഥയ്ക്ക് ശേഷം പ്രസ്ഥാനത്തിന്‍റെ ദര്‍ശനപരമായ പാപ്പരത്തത്തില്‍ ഇല്ലാതായ ജനയുഗം പൊതുവേ   സി പി ഐ എന്ന രാഷ്ട്രീയ
പാര്‍ട്ടി നേരിട്ട ആശയപരമായ ചാഞ്ചല്യം പ്രത്യേകിച്ചും, എണ്‍പതുകളില്‍ അതിന്‍റെ പ്രസിദ്ധീകരണങ്ങള്‍ക്കെല്ലാം മുന്‍പോട്ടുള്ള പോക്കിന് വിഘാതമായി. തൊണ്ണൂറുകളിലെ സോവിയറ്റ്‌ യൂണിയന്‍റെ പതനം കുടി ആയപ്പോള്‍ ജനയുഗം എന്ന മാധ്യമം അതിന്‍റെ ഹംസഗാനം പാടേണ്ടതായി വന്നു. എന്നാല്‍ ഈ വീഴ്ചയില്‍ നിന്നും ഉയര്‍ന്ന മറ്റൊരു വാരിക ദേശാഭിമാനിയായിരുന്നു. 

ചരമകോളം പ്രാപിക്കുന്ന  സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ നിരവധിയുണ്ട്. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയേറെ  വായനക്കാരുള്ളപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് എന്ന് പഠിക്കേണ്ടതാണ്.വായനയുടെ ദുര്‍ഗന്ധം പരത്തുന്നതിനും ജനയുഗത്തിന്‍റെ  പിന്‍വലിയലിനും മറ്റൊരു കാരണം കോട്ടയം ‘മ’ കള്‍ ആയിരുന്നു. കേരളം നേടിയ സാക്ഷരതയുടെ വലിയ മുതലെടുപ്പ് നടത്തിയതും അവരാണ്.  ചെറിയ പട്ടണങ്ങളില്‍ പോലും ഇത്തരം ‘മ’ കള്‍ ടണ്‍ കണക്കിനാണ് ഇറങ്ങിയത്‌. ഫോട്ടോ ഫിനിഷിങ്ങില്‍ കലാകാരന്മാര്‍ ‘മെഴുകു പെണ്’ രൂപങ്ങള്‍ മംഗളം വരികയില്‍ വരച്ചു തുടങ്ങിയപ്പോള്‍ മനോരമ പോലും ശങ്കരന്‍കുട്ടി എന്ന കലാകാരന് അര്‍ദ്ധ വിരാമമിടാന്‍ ശ്രമിച്ചു. മനോരമയില്‍ കത്തിനിന്ന ചില  കാനം നോവലുകളില്‍ മാത്രമാണ് പിന്നെ അദ്ദേഹത്തിന്‍റെ വര തെളിഞ്ഞുകണ്ടത്.

എന്തായാലും ജനയുഗം പോലൊരു വാരിക അത്തരം അനുകരണങ്ങളില്‍ ചെന്ന് പെട്ടില്ല എന്ന് ആശ്വസിക്കാം. വായനയുടെ ആദ്യപാഠങ്ങള്‍ ചൊല്ലി തന്നാണ് ജനയുഗം വിടവാങ്ങിയത്. അതിനു  സംഭവിച്ചത് വായനയുടെ പുതിയതും ജീര്‍ണ്ണിച്ചതുമായ ഒരു പരിപ്രേക്ഷ്യത്തില്‍ പിടിച്ചുനിലക്കാന്‍ പറ്റാതെ പോയി എന്ന ദുര്‍വിധി കൂടിയായിരുന്നു. ഇങ്ങനെ വായനയെ മലീമസമാക്കിയ ഒരു കാലത്ത് മലയാളനാട് എന്ന അതിസംസ്കാരിക പൈതൃകം പേറിയ പ്രസിദ്ധീകരണത്തിന്‍റെ  ഊര്‍ദ്ധ വായു വലിച്ചെടുത്ത് ജന്മം കൊണ്ട കലാ കൗമുദി ജനയുഗത്തിന് ശേഷം പിന്നീട്  തെക്കിന്‍റെ സാംസ്കാരിക നാവായി മാറി . ചിന്തയുടെയും നല്ല വായനയുടെയും ചിഹ്നങ്ങളായി അത് ശരാശരി മലയാളിയോടൊപ്പം യാത്രചെയ്തു. ഏറനാടിന്‍റെ അക്ഷരക്കൂട്ടമായി സാക്ഷാല്‍ മാതൃഭൂമി വിട്ടുവീഴ്ചയില്ലാതെയും നിന്നു. ഈ കാലത്താണ്‌ ഒരുവിധം ഹൈക്കു വായനയുമായി  . ഇന്ത്യാ ടുഡേ വരവറിയിച്ചത്.

തുടങ്ങിയത് ഇന്ത്യാ ടുഡേയില്‍ നിന്നായതിനാല്‍ അല്പം കുടി പറയാം. നല്ല മലയാളം നല്കാന്‍ ഉത്തരദശയില്‍ അതിനു കഴിഞ്ഞില്ല. വെറും ഡബിംഗ് പതിപ്പായി മാത്രം അത് മാറിയപ്പോഴാണ് വായനക്കാരില്‍ നിന്നും അതിനു അകന്നു പോകേണ്ടിവന്നത്.പേരിലെ ആംഗലേയം ഒരു ട്രേഡ് മാര്‍ക്കായി വായിക്കുമ്പോള്‍ തന്നെ എക്സ്പ്രസ്സ്‌ ഗ്രൂപ്പിന്‍റെ  ‘സമകാലിക മലയാളം’ എന്ന തനിമലയാളം പറയുന്ന  വരികയെ ഇന്ത്യാ ടുഡേ കാണേണ്ടതായിരുന്നു.

ഇന്ത്യാടുഡേയ്ക്ക് ഇനി പ്രത്യേകിച്ച് ഒന്നും മലയാളത്തിനായി ചെയ്യാനില്ല. വായനയുടെ പുതിയ ട്രെന്‍ഡുകളൊന്നും ഇല്ലാതെ കറവവറ്റി അത് ദയാവധത്തിനു വിധേയമാകുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ടത് അതിന്‍റെ മറ്റ് ചില പ്രാദേശിക പതിപ്പുകളും നിര്‍ത്തുന്നു എന്നതാണ് . ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ നോക്കികാണേണ്ട  അടുത്തപ്രസിദ്ധീകരണം ലേ  ഔട്ടില്‍ പോലും വൈകൃതം നിറയുന്ന കലാകൗമുദിയാകണം. വായനയുടെയും കാഴ്ചയുടെയും പുതിയ ഓണ്‍ലൈന്‍ രിതിയില്‍ എത്താന്‍ മാതൃഭൂമിക്കും മാധ്യമത്തിനും പച്ചകുതിരയ്കും ദേശാഭിമാനിയ്കും  എന്തിന് കുറച്ചു കാലം മാത്രം പ്രായമുള്ള പ്രസാധകനും കഴിയുമ്പോള്‍ കലാകൗമുദി അവിടെയെത്തുന്നുമില്ല എന്ന് വ്യസനസമേതം കണ്ടെത്താം. ഇവിടെ ഓര്‍മ്മിക്കേണ്ടത് പണ്ടത്തേ പോലെ വായന  മാത്രം ആവശ്യപ്പെടുന്ന ഒരു വിവരണത്തിന്‍റെ കാഴ്ചപ്പാടിലല്ല ഒരു അച്ചടി മാധ്യമത്തിന്‍റെ നിലനില്‍പ്പ്‌. മറിച്ച് കാഴ്ചയുടെയും നിറങ്ങളുടെയും പുതിയൊരു തലം കുടി നവവായനക്കാരന്‍ അവശ്യപ്പെടുന്നുണ്ട് എന്നതാണ്. അത് ഓണ്‍ലൈന്‍ മാധ്യമത്തെക്കാള്‍ ജിവനുള്ളത് എന്ന് തോന്നിക്കുന്നതുമായിരിക്കണം.

കൂട്ടത്തില്‍നിന്ന് ആറു പ്രധാന ജിവനക്കാരെ ഉടലോടെ പിഴുതെറിഞ്ഞപ്പോഴും ഷാര്‍ലി ഹെബ്ദോ അടുത്തപതിപ്പ് പതിവുപോലെയും അതിപ്രതിഷേധഭാവത്തിലും പുറത്തിറക്കി. ഇവിടെയാണെങ്കിലോ? “സാങ്കേതിക കാരണങ്ങളാല്‍ ഈയാഴ്ച പതിപ്പ് ഇറക്കുവാന്‍ സാധിക്കുന്നില്ല” എന്ന സങ്കീര്‍ത്തന വാക്യമാവാം ഉരുവിടുക. ഇവിടെയാണ് വായനക്കാരനും അയാള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമവും അതിന്‍റെ ഇടം വ്യക്തമാക്കുന്നത്. 

(ഐ എച്ച് ആര്‍ ഡിയില്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍