UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളപ്പണക്കാരേ, കൊള്ളപ്പണക്കാരേ… ചാകര, ചാകര…

Avatar

പ്രമോദ് പുഴങ്കര

 

മോദി ജീ ഇത്ര ഭയങ്കര ഒരു കാര്യം ചെയ്തിട്ട് നമ്മളായിട്ട് ഒരു അഭിപ്രായം പറഞ്ഞില്ലെങ്കില്‍ “ന്നാലും നീയൊരു വാക്ക് മിണ്ടീല്യലോ കുട്ട്യേ”ന്നു വേഷമം പറയില്ലെ! അതുകൊണ്ട് പറയുന്നതാണ്; ശുദ്ധ നാടകമാണ്. ആളുകള്‍ നിലവറയിലും തലയണയിലും പൂഴ്ത്തിവെച്ച 500, 1000 കെട്ടുകളുടെ കോടികള്‍ ചുറ്റും വിതറി ഭ്രാന്തന്‍മാരായി നടക്കുമെന്നാണല്ലോ സങ്കല്‍പ്പം. ആഗ്രഹമുണ്ടെങ്കിലും നടക്കില്ല. ഇന്ത്യന്‍ സമ്പദ് രംഗത്തെ വെച്ചു നോക്കിയാല്‍ തീരെ നിസാരമായ ഏതാനും ആയിരം കോടി രൂപ രാജ്യത്തൊട്ടാകെ അങ്ങനെ പോകും. അത്രയേ ഉള്ളൂ. കാരണം പണത്തിന്റെ കൈമാറ്റം ഒരു മധ്യവര്‍ഗക്കാരന്റെ സമ്പാദ്യം പോലെയല്ല കച്ചവടത്തിലും കള്ളപ്പണമൊഴുകുന്ന സമാന്തര സമ്പദ് വ്യവസ്ഥയിലും നടക്കുന്നത്. അതായത് രാജനീകാന്തിന് വെടിവെച്ചു പറപ്പിക്കാന്‍ പാകത്തില്‍ കാശ് കെട്ടുകെട്ടായി അടുക്കിവെച്ച വലിയ കെട്ടിടങ്ങളുടെ മേല്‍പ്പുരകള്‍ ഉണ്ടാകാനുള്ള സാധ്യത തീരെ കമ്മിയാണ്.

 

ലോകത്ത് സ്വന്തം രാജ്യത്തുനിന്നും പണം നികുത്തിയടക്കാതെ വിദേശത്തേക്ക് കടത്തി (അനധികൃത മാര്‍ഗങ്ങളിലൂടെ ഉണ്ടാക്കി) നിക്ഷേപിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നിനും അഞ്ചിനും ഇടയിലുള്ള സ്ഥാനത്തുനിന്നും പിന്നോട്ടുപോന്നിട്ടില്ല. ഏതാണ്ട് 29 ലക്ഷം കോടി രൂപയാണ് 2008-ല്‍ ഇന്ത്യക്കാര്‍ പുറത്തു നിക്ഷേപിച്ചത് എന്നാണ് ചില കണക്കുകള്‍. ഏതാണ്ട് 84.93 ബില്ല്യണ്‍ പൌണ്ട് 2011-ല്‍ കടത്തി. അനൌദ്യോഗിക കണക്കുകളനുസരിച്ച് ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം 1456 ബില്ല്യണ്‍ ഡോളര്‍ വരും. അതായത് വ്യാപാരികള്‍ കള്ളപ്പണം ലിക്വിഡ് മണിയായി എടുത്തുവെക്കുന്നത് കിനാശ്ശേരിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സഹകരണ സംഘത്തിലല്ല. കള്ളപ്പണം പുറത്തു പോകുന്ന വഴികള്‍ സാധാരണക്കാര്‍ക്ക് പോലും പരിചിതമാണ് (സര്‍ക്കാരിനൊഴികെ). അത് വിദേശത്തെ കടലാസ് കമ്പനികള്‍, നികുതി തട്ടിപ്പ് നടത്താന്‍ പാകത്തില്‍ നിയമമുള്ള രാജ്യങ്ങള്‍, വ്യാജമായതും പെരുപ്പിച്ച് കാട്ടിയതുമായ വ്യാപാര ഇടപാടുകള്‍ എന്നിവ വഴി പുറത്തെത്തുന്നു.

ഇനി ആഭ്യന്തര വിപണിയിലെ കള്ളപ്പണം. 1950-കളില്‍ ജിഡിപിയുടെ കഷ്ടി 5 ശതമാനം വന്നിരുന്ന കള്ളപ്പണം ഇരുപതാം നൂറ്റാണ്ടു കഴിയുമ്പോള്‍ ജിഡിപിയുടെ ഏതാണ്ട് 45 ശതമാനമായി. 50 ശതമാനത്തിലേറെയെന്ന് ദുഷ്ടാത്മാക്കള്‍ പറയുന്നു. എന്തായാലും ഒരു 30 ലക്ഷം കോടിയില്‍ കുറയില്ല. ഈ പണം A, B, C നിലവറകളിലും പിന്നെ പൂയില്യം തിരുനാളിന്റെ കിടപ്പുമുറിയിലുമായി കുഴിച്ചിട്ടിരിക്കുകയല്ല. (കുറച്ചൊകെ അങ്ങനെ കാണുമായിരിക്കും, അതൊക്കെ അര്‍ബനൈസേഷന്‍ വഴി ധനികരായ ചില ചെറുകിട വസ്തു ഉടമകളും ഇടപാടുകാരും ഇടത്തരം കച്ചവടക്കാരുമാണ്. അതൊന്നും വിശാല സമ്പദ് വ്യവസ്ഥയെ വലുതായി ബാധിക്കുന്ന ഒന്നല്ല; ഒരു നയത്തിന്റെ മാറ്റം വരുത്തുന്ന രീതിയില്‍).

 
പിന്നെ ഈ പണം എന്തു ചെയ്യുന്നു? പൂയില്യന്‍ തിരുനാള്‍ തന്നെ ഒരു ഉദാഹരണമാണ്. ടിയാന്‍ തലക്കരം തൊട്ട് മുലക്കരം വരെ വാങ്ങി പ്രജാവത്സലനായ കാലത്തെ വരുമാനം മുഴുവന്‍ ഉരുപ്പടികളായാണ് സൂക്ഷിച്ചത്. അതായത് കള്ളപ്പണം ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ഭൂമി, കെട്ടിടങ്ങള്‍, വ്യാപാര നിക്ഷേപ ഫിനാന്‍സിംഗ് എന്നിവയുമായി കൈമറിഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കൈവശമുള്ള കോടികളുടെ ഭാരം ഒറ്റ രാത്രികൊണ്ട് കയ്യൊഴിയേണ്ട ഭാരം ചില അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കൊക്കെ വന്നേക്കാം. അതും വിരളമാണ്.

 

 

 

ഐഎഎസുകാരന്‍ ടോം ജോസിനെ നോക്കൂ. അയാള്‍ മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങി എന്നാണ് ആരോപണം. കള്ളപ്പണം മിക്കപ്പോഴും വസ്തുവിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നത് അങ്ങനെയാണ്. 50 രൂപയുടെ സാധനം 100 രൂപയ്ക്കു വാങ്ങി നിയമപരമായി 75 രൂപ കാണിച്ചു ആ കള്ളപ്പണം ചെലവാക്കുകയും അതിലൊരു പങ്ക് വെളുപ്പിക്കുകയും ചെയ്യുക എന്ന പണിയാണ് നടക്കുന്നത്. പുതിയ സമ്പദ് വ്യവസ്ഥ തന്നെ ലിക്വിഡ് മണി എന്ന കണ്‍സപ്റ്റിനെ ഇല്ലാതാക്കുകയാണ്.

അപ്പോള്‍ ആഭ്യന്തര കള്ളപ്പണം പിടിക്കാന്‍ എന്തുചെയ്യും (വിദേശ കള്ളപ്പണത്തെ തത്ക്കാലം മറന്നേക്കൂ)? ഇടപാടുകളുടെ മേലുള്ള നികുതി കൃത്യമായി പിരിക്കുക എന്ന ചാണക്യകാലം തൊട്ടുള്ള അടിസ്ഥാന്ന തത്വത്തില്‍ നിന്നേ തുടങ്ങാനാകൂ. കോര്‍പ്പറേറ്റ് നികുതി വര്‍ദ്ധിപ്പിക്കുക, എല്ലാ സേവന മേഖലകളെയും നികുതി വരുമാനവുമായി നേരിട്ടു ബന്ധിപ്പിക്കുക, പ്രകൃതി വിഭവങ്ങളുടെ പൊതു ഉടമസ്ഥതയില്‍ അത്തരം വിഭവസ്രോതസുകളെ ഉപയോഗിയ്ക്കുന്ന എല്ലാ ഇടപാടുകളും കൊണ്ടുവരിക എന്നതൊക്കെ വേണ്ടി വരും.

കള്ളപ്പണം കണ്ടെത്തല്‍ എളുപ്പമല്ല. പ്രത്യേകിച്ചും വെളുപ്പിച്ചെടുത്തത്. പക്ഷേ സേവനങ്ങളും ഉത്പന്നങ്ങളുമായി സര്‍ക്കാരിന്റെ നികുതിവരുമാനം പൊരുത്തപ്പെടുന്നു എന്നുറപ്പാക്കാന്‍ കര്‍ശനമായ സാമ്പത്തിക മേല്‍നോട്ടം ഉറപ്പാക്കണം. അതിനു വേണ്ടിവരുന്ന നിക്ഷേപം ഫലപ്രദമായ നികുതിപിരിവില്‍ നിന്നുണ്ടാകുന്ന വരുമാനത്തിനെ വെച്ചുനോക്കിയാല്‍ നിസാരമാകും. കയ്യിലുള്ള കള്ളപ്പണം എന്തുചെയ്യണം എന്നറിയാത്ത പരിഭ്രാന്തരല്ല അതുണ്ടാക്കുന്നവരില്‍ മിക്കവരും. അതുകൊണ്ടാണ് സര്‍ക്കാരിന്റെ കള്ളപ്പണം സ്വയം വെളിപ്പെടുത്തല്‍ പദ്ധതി വന്‍ വിജയമാകാഞ്ഞത്.

മോദിയുടെ 500, 1000 പരിപാടി ചില അനക്കങ്ങള്‍ ഉണ്ടാക്കും, സംശയമില്ല. ഉദാഹരണത്തിന് ഡല്‍ഹിയിലേയോ പൂനെയിലെയോ ഒരു ചെറുകിട ഭൂമി, കെട്ടിട നിര്‍മ്മാണ കച്ചവടക്കാരന്റെ (അതായത് ഒരു 100 – 150 കോടിയില്‍ കളിക്കുന്ന) ഇടപാടിന്റെ ഒരു കാല്‍ഭാഗം വെള്ളത്തിലായേക്കാം. അതയാളെ വലിയ തോതില്‍ കുഴപ്പിക്കും. പക്ഷേ DLF പോലൊരു കമ്പനി മോദിയുടെ പ്രഖ്യാപനത്തെ ശ്രദ്ധിക്കുക പോലുമില്ല. കാരണം അയാള്‍ വൈകുന്നേരം വരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന കള്ളപ്പണവുമായി ഒരു ഫുള്ളും വാങ്ങി കുട്ടികള്‍ക്ക് പുതിയ കുപ്പായവും പുതിയ മോഡല്‍ കാറിന് അഡ്വാന്‍സും നല്‍കി മകളുടെ കല്യാണത്തിന് പാരീസ് തീം സെറ്റ് ചെയ്യിക്കുന്ന ഒരു ചെറുകിട ശര്‍മ്മയോ ചാവ്‌ലയോ അല്ല. പക്ഷേ അവരാണ് മോദിയെ നിയന്ത്രിക്കുന്നത്, അവരടക്കമുള്ള വ്യാപാര ഭീമന്‍മാരാണ് മോദിയെ അധികാരത്തില്‍ കൊണ്ടുവന്നതും.

 

കള്ളപ്പണത്തിനെതിരായ അവതാരങ്ങളുടെ അവതാരം, രാമദേവയോഗബാബയുടെ പതഞ്ജലിയെ വരെ ആര്‍ഷഭാരത മന്ത്രമോതി നയിക്കുന്നതും അവരൊക്കെയത്രേ. അപ്പോള്‍ ‘കള്ളപ്പണക്കാരേ, കൊള്ളപ്പണക്കാരേ, ചാകര, ചാകര’… എന്ന പാട്ടുതന്നെയാണ് ഇപ്പോഴും സര്‍ക്കാര്‍ വക കൊട്ടകയില്‍ നിന്നും കേള്‍ക്കുന്നത്.

കയ്യിലുള്ള നിരോധിച്ച 3500 രൂപയും നിയമവിധേയമായ 135 രൂപയുമായി അന്തംവിട്ടു നില്‍ക്കുന്ന ഒരു മോദി വിരുദ്ധവിലാപമാണിത്!

(പ്രമോദ് പുഴങ്കര ഫേസ്ബുക്കില്‍ എഴുതിയത്. https://www.facebook.com/pramod.puzhankara)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍