UPDATES

എഡിറ്റര്‍

ഫിഡല്‍ കാസ്ട്രോ ഇന്ദിര ഗാന്ധിയെ കെട്ടിപ്പിടിച്ചപ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

1983 മാര്‍ച്ച്. ന്യൂഡല്‍ഹിയില്‍ ഏഴാമത് ചേരി ചേരാ ഉച്ചകോടിക്ക് (എന്‍എഎം) ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. ഇന്ദിര ഗാന്ധിയാണ് പ്രധാനമന്ത്രി. ന്യൂഡല്‍ഹി വിജ്ഞാന്‍ഭവനിലാണ് ഉച്ചകോടി നടക്കുന്നത്. ക്യൂബന്‍ പ്രസിഡന്‌റ് ഫിഡല്‍ കാസ്‌ട്രോ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് ചേരിചേരാ പ്രസ്ഥാനത്തിന്‌റെ അദ്ധ്യക്ഷ പദവി കൈമാറാനിരിക്കുന്നു. തൊട്ടുമുമ്പത്തെ ചേരിചേരാ ഉച്ചകോടി നടന്നത് ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ 1979ലായിരുന്നു.

അദ്ധ്യക്ഷ പദവി തന്‌റെ പ്രിയ സഹോദരിക്ക് കൈമാറുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിഡല്‍ പറഞ്ഞു. അദ്ധ്യക്ഷ പദവി കൊട്ടുവടിയുടെ രൂപത്തില്‍ പ്രതീകാത്മകമായി കൈമാറുന്ന ചടങ്ങെത്തി. ഇന്ദിര ഗാന്ധി കൈ നീട്ടി. എന്നാല്‍ ഫിഡല്‍ കാസ്‌ട്രോ കൊടുത്തില്ല. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ഫിദല്‍ ചിരിക്കുന്നു. ഇതിന് ശേഷം ഇന്ദിര ഗാന്ധിയെ ഗാഢമായി കെട്ടിപ്പിടിക്കുന്നു. ഇന്ദിരയുടെ മുഖത്ത് ആശ്ചര്യവും പുഞ്ചരിയും. ഇതിന് ശേഷം അദ്ധ്യക്ഷ പദവിയുടെ പ്രതീകം ഫിഡല്‍ കൈമാറുന്നു. വളരെ ഔപചാരികതയോടെയും അതിന്‌റേതായ അകല്‍ച്ചയോടെയും മാത്രം ലോകനേതാക്കളുമായി ഇടപഴകിയിട്ടുള്ള ഇന്ദിരക്ക് ഇത് പുതിയ അനുഭവമായിരുന്നു. എന്തായാലും അവര്‍ ചിരിക്കുക മാത്രം ചെയ്തു. 140 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ കയ്യടിച്ചു. ക്യാമറ ഫ്‌ളാഷുകള്‍ മിന്നിക്കൊണ്ടേയിരുന്നു.

 

എന്തായിരിക്കാം ഫിഡല്‍ കാസ്‌ട്രോയുടെ അപ്രതീക്ഷിതമായ സ്‌നേഹ പ്രകടനത്തിന് പിന്നില്‍. ചേരി ചേരാ ഉച്ചകോടിയില്‍ ഇന്ത്യയുടെ സംഘാടനത്തിലുള്ള തൃപ്തി കൊണ്ടുള്ള സ്‌നേഹമാണ് ഫിഡല്‍ പ്രകടിപ്പിച്ചതെന്നാണ് ഒരു വാദം. 1982ല്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടി ഇറാന്‍ – ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് മാറ്റി വച്ചിരിക്കുകയായിരുന്നു. സത്യത്തില്‍ ഇന്ത്യ ആ ഉച്ചകോടി നടത്താമെന്ന് പറഞ്ഞ് മുന്നോട്ട് വരുകയായിരുന്നില്ല. ഇന്‍ഡോനേഷ്യയ യൂഗോസ്ലാവ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. അദ്ധ്യക്ഷനായ ഫിഡല്‍ ഇന്ത്യയെ തിരഞ്ഞെടുക്കുകയായിരുന്നു.

മറ്റൊരു കഥയുമുണ്ട്. പാലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തുമായി ബന്ധപ്പെട്ടാണ് അത്. ഉച്ചകോടിയില്‍ നിന്ന് പിന്മാറുമെന്ന് അറാഫത്ത് ഭീഷണി മുഴക്കിയിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന്‌റേ നേതാവിന് ശേഷം ഉദ്ഘാടന സെഷനില്‍ തന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചതാണ് അറാഫത്തിനെ ചൊടിപ്പിച്ചത്. വൈകുന്നേരം ഇന്ത്യ വിടാനുള്ള അറാഫത്തിന്‌റെ തീരുമാനം ഇന്ദിര കാസ്‌ട്രോയെ അറിയിച്ചു. കാസ്‌ട്രോ അറാഫത്തുമായി സംസാരിച്ചു. മുന്‍ വിദേശകാര്യ മന്ത്രിയും അക്കാലത്ത് വിദേശകാര്യ സെക്രട്ടറിയുമായിരുന്ന നട്വര്‍ സിംഗ് വാക്കിംഗ് വിത്ത് ലയണ്‍സ് എന്ന പുസ്തകത്തില്‍ ഇവര്‍ തമ്മിലുള്ള സംഭാഷണം ഓര്‍ക്കുന്നു

കാസ്‌ട്രോ: താങ്കള്‍ ഇന്ദിരയുടെ സുഹൃത്താണോ

അറാഫത്ത്: സുഹൃത്തെന്നതിലുപരി അവര്‍ എനിക്ക് മൂത്ത സഹോദരിയെ പോലെയാണ്.

കാസ്‌ട്രോ: എന്നാല്‍ ഒരു അനുജനെ പോലെ പെരുമാറൂ

കാസ്‌ട്രോയുടെ ഇടപെടല്‍ ഫലം കണ്ടു. യാസര്‍ അറാഫത്ത് ഉച്ചകോടിയില്‍ മുഴുവനായും പങ്കെടുത്തു.

വായിക്കുക: https://goo.gl/VXTjpn

           

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍