UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് നെഞ്ചളവുകളുടെ പ്രശ്നമല്ല; ചൂടുപിടിക്കുന്ന ഇന്ത്യ-പാക് വാക്പോര്

Avatar

ടിം ക്രെയ്ഗ്, ആനീ ഗോവെന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കിഴക്കന്‍ അതിര്‍ത്തിയിലുള്ള മ്യാന്മറില്‍-പഴയ ബര്‍മ- ഇന്ത്യന്‍ സേന നടത്തിയ ദൌത്യം പാകിസ്ഥാന്‍ നേതാക്കളെ ഇളക്കിയിരിക്കുന്നു. പാകിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സമാനമായ സാഹസത്തിന് മുതിര്‍ന്നാല്‍ ഉടന്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയും ഉയര്‍ന്നു.

ഉപഭൂഖണ്ഡത്തിലെ ആണവ ശക്തി ഇന്ത്യ മാത്രമല്ല എന്ന പ്രകോപനപരമായ ഓര്‍മ്മപ്പെടുത്തലുകളോടെ വരുന്ന പ്രസ്താവനകള്‍ നീണ്ടനാളത്തെ എതിരാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയ സംശയങ്ങളും സംഘര്‍ഷ സാധ്യതകളും തുറന്നുകാട്ടുന്നു.

ഒട്ടും നല്ല ബന്ധമല്ല ഉള്ളത്. 1947-നു ശേഷം ഇരു രാഷ്ട്രങ്ങളും രണ്ടു വലിയ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു. ആണവായുധ പന്തയത്തില്‍ ഉള്‍പ്പെട്ട ഇരുകൂട്ടരും 1990-കളിലും വീണ്ടും ഏറ്റുമുട്ടി.

എന്നാല്‍, മേഖല സാമ്പത്തിക സഹകരണം, ജല സ്രോതസുകള്‍ പങ്കുവെയ്ക്കല്‍, തീവ്രവാദി സംഘങ്ങളുടെ വളര്‍ച്ച എന്നീ വിഷയങ്ങളിലൊക്കെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന ഇരു ഭാഗത്തെയും നേതാക്കള്‍ക്കുള്ള വെല്ലുവിളികള്‍ ഇപ്പോഴത്തെ അസ്വസ്ഥതകള്‍ തുറന്നുകാട്ടുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിലും, ഇന്ത്യയുടെ ഭാഗത്തുനിന്നും വളരുന്ന ഭീഷണിയെ എങ്ങനെ നേരിടാം എന്ന ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുഴുകിയത്.

പാകിസ്ഥാനകത്ത് ഭീകരാക്രമണം പ്രോത്സാഹിപ്പിക്കുന്നു എന്നും അന്താരാഷ്ട്ര വേദികളില്‍ അവരെ താറടിച്ചു കാണിക്കുന്നു എന്നും പറഞ്ഞു കഴിഞ്ഞ മാസം പാകിസ്ഥാന്‍ നേതാക്കള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുകയായിരുന്നു. നാല് പതിറ്റാണ്ടു മുമ്പ് ബംഗ്ലാദേശ് പാകിസ്ഥാന് നഷ്ടപ്പെടുത്തിയത് ഇന്ത്യയാണെന്ന മട്ടിലുള്ള ചരിത്ര വൈരാഗ്യങ്ങളും പൊടിതട്ടിയെടുത്തു.

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ  പ്രധാന സൂത്രധാരന്‍  സകി-ഉര്‍-റഹ്മാന്‍ ലഖ്വിക്ക് കഴിഞ്ഞ ഏപ്രിലില്‍ ജാമ്യം നല്കിയത് ഇന്ത്യന്‍ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ചാര സംഘടനയുമായി അടുത്ത ബന്ധമുള്ള ലഷ്കര്‍-ഇ-തൈബയുടെ നേതാവാണ് ലഖ്വി.

ഇപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഒരു ഇന്ത്യന്‍ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ സജീവമാണ്. തര്‍ക്കപ്രദേശമായ കാശ്മീരില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖമുള്ള സമയത്ത്, വിദൂരമെങ്കിലും ഇത് ആശങ്കകള്‍ വളര്‍ത്തുന്നു.

“ഇത് 1980-കളുടെ തലത്തിലേക്ക് മടങ്ങുകയാണ്,” ഇരു രാഷ്ട്രങ്ങളും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ മത്സരിച്ച കാലത്തെ ഓര്‍ത്തുകൊണ്ട് ഇസ്ലാമാബാദിലെ സുരക്ഷാ നിരീക്ഷകന്‍ മുഹമ്മദ് അമീര്‍ റാണ പറഞ്ഞു. “സംഘര്‍ഷം ലഘൂകരിക്കാന്‍ കൂടുതല്‍ നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങള്‍ ആവശ്യമാണ്.”

ഈ മാസമാദ്യം 18 സൈനികരെ തീവ്രവാദികള്‍ വാദിച്ചതിനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ നീക്കത്തിന് ശേഷമാണ് ഈ പുതിയ സാഹചര്യം ഉടലെടുത്തത്. മ്യാന്‍മര്‍ അതിര്‍ത്തി കടന്നു നടത്തിയ സൈനിക ദൌത്യത്തില്‍ 50 തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.

ഇന്ത്യന്‍ സൈന്യം അടിര്‍ത്തി കടന്നു എന്ന വാര്‍ത്തകള്‍ മ്യാന്‍മര്‍, ഇന്ത്യന്‍ സര്‍ക്കാരുകള്‍ നിഷേധിച്ചു. എന്നാല്‍ ഒരു അഭിമുഖത്തില്‍ ഇന്ത്യയുടെ വാര്‍ത്താ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ് സൈന്യം മ്യാന്‍മറില്‍ കടന്നു എന്നു വെളിപ്പെടുത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീഷണികളെ ഒതുക്കാന്‍ മടിക്കില്ല എന്നു പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഒരു സന്ദേശമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

“വേണ്ടിവന്നാല്‍ ഞങ്ങള്‍ ആക്രമിക്കും,” ഒരു മുന്‍ സൈനികോദ്യഗസ്ഥന്‍ കൂടിയായ റാത്തോഡ് പറഞ്ഞു.

പാകിസ്ഥാന്റെ പ്രതികരണം കടുത്ത ഭാഷയില്‍ ഉടനടി വന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവശത്തും പോര്‍വിളികളായി.

പാകിസ്ഥാനെ ഭീഷണിപ്പെടുത്തുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കണമെന്ന് പാക് ആഭ്യന്തര മന്ത്രി ചൌധരി നിസാര്‍ അലി ഖാന്‍ നരേന്ദ്രമോദിക്ക് താക്കീത് നല്കി. “ഞങ്ങള്‍ക്കെതിരെ ദുര്‍വിചാരങ്ങളുള്ളവര്‍ ശ്രദ്ധിച്ചു കേള്‍ക്കുക-മ്യാന്‍മറല്ല പാകിസ്ഥാന്‍.”

അത്തരമൊരു ആക്രമണം പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയാല്‍ ഒരു ആണവയുദ്ധത്തിനുള്ള സാധ്യത വരെ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ അസിഫ് ഉയര്‍ത്തി. പുതിയ സംഘര്‍ഷം തെക്കനേഷ്യക്കാകെ ദുരന്തമായിരിക്കുമെന്ന് പറഞ്ഞ അസിഫ് അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാനും അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ വഷളാകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ പട്ടാള മേധാവി റഹീല്‍ ഷരീഫ് ഉന്നത സേനാ നായകരുടെ ഒരു യോഗം കഴിഞ്ഞ ബുധനാഴ്ച്ച വിളിച്ചിരുന്നു. പാകിസ്ഥാനിലെ നിറവ്ദി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ ( Research and Analysis Wing) ആണെന്ന്  പാകിസ്ഥാന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ നിയന്ത്രിത കാശ്മീരില്‍ അസംതൃപ്തി വളര്‍ത്തുന്നത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണെന്ന് ഇന്ത്യയും കുറ്റപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് പാകിസ്ഥാനില്‍ നിന്നും അണു ബോംബ് ലഭിച്ചേക്കാം എന്നു ഇന്ത്യയുടെ പ്രതിരോധ സഹമന്ത്രി റാവൂ ഇന്ദെര്‍ജിത് സിംഗ് ആശങ്ക പ്രാകടിപ്പിച്ചിരുന്നു.

മ്യാന്‍മര്‍ ദൌത്യത്തെ കുറിച്ച് വിശദമാക്കാന്‍ വിസമ്മതിച്ച പ്രതിരോധ മന്ത്രി  പക്ഷേ,“ഇന്ത്യയുടെ പുതിയ നിലപാടിനെ ഭയക്കുന്നവര്‍ ഇപ്പൊഴേ പ്രതികരിക്കാന്‍ തുടങ്ങി” എന്നു സൂചിപ്പിച്ചു.

“കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി, തീവ്രവാദികള്‍ക്കെതിരായ ഒരു ചെറിയ നീക്കം രാജ്യത്തെ മുഴുവന്‍ സുരക്ഷാ സാഹചര്യത്തെയും മാറ്റി.”

ഭീകരവാദികളെ ഭീകരവാദികളെ കൊണ്ടുതന്നെ ഇല്ലാതാക്കും എന്നു പറഞ്ഞു പരീക്കര്‍ കഴിഞ്ഞ മാസം പാകിസ്ഥാന്റെ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. തന്റെ പരമാര്‍ശം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയതാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ ശത്രുതാപരമായ വാചകമടിയും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളും” തങ്ങള്‍ ഗൌരവത്തോടെയാണ് കാണുന്നതെന്ന് കഴിഞ്ഞ ബുധനാഴ്ച്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പാക് സേന പറഞ്ഞു. “പാകിസ്ഥാന്റെ ഭദ്രതയെ എന്തു വിലകൊടുത്തും സംരക്ഷിക്കും” എന്നും.

സ്വാതന്ത്ര്യത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ മൂന്നു വലിയ യുദ്ധങ്ങളില്‍ രണ്ടും അതിര്‍ത്തിയിലെ തര്‍ക്കപ്രദേശമായ കാശ്മീരിനെ ചൊല്ലിയായിരുന്നു. കിഴക്കന്‍ പാകിസ്ഥാനിലെ വിമത കലാപത്തെ ഇന്ത്യന്‍ സൈന്യം പിന്തുണച്ചതാണ് 1971-ലെ യുദ്ധത്തിന് കാരണം. തുടര്‍ന്നുള്ള യുദ്ധത്തില്‍ പാകിസ്ഥാന്‍ സേന കനത്ത പരാജയം ഏറ്റുവാങ്ങുകയും കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറുകയും ചെയ്തു.

തന്റെ രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടയില്‍ ഭീകരവാദികള്‍ക്ക് താവളമൊരുക്കുന്ന പാകിസ്ഥാന്‍ മേഖലയില്‍ ഒരു ശല്യമാകുന്നു എന്നുവരെ പറഞ്ഞു. ബംഗ്ലാദേശ് വിമോചന സേന മുക്തി ബാഹിണിയുടെ കലാപത്തെ ആസൂത്രണം ചെയ്തത് ഇന്ത്യയായിരുന്നു എന്നും മോദി പറഞ്ഞെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഇത് അവഹേളനമായാണ് പാകിസ്ഥാന്‍ നേതാക്കള്‍ കരുതുന്നത്.

ഒരു വര്‍ഷം മുമ്പ് പോലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടും എന്നതിന്റെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. 2013-ല്‍ മൂന്നാം തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

എന്നാലിത് പാകിസ്ഥാന്‍ സൈന്യത്തെ കുപിതരാക്കി. അവര്‍ ഷരീഫിന്റെ ശ്രമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു.  കഴിഞ്ഞ വര്‍ഷം മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഷരീഫെത്തി. എന്നാല്‍ അവിടുന്നിങ്ങോട്ട് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മോശമായി. അതിര്‍ത്തിയില്‍ പലപ്പോഴും വെടിവെപ്പുണ്ടായി.

ഇരുഭാഗത്തെയും സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ സൈന്യത്തിനും നേതാക്കള്‍ക്കുമുള്ള പിന്തുണ തുടര്‍ന്നു. #56inchrocks എന്ന ട്വിറ്റര്‍ ഹാഷ് ടാഗിലൂടെയാണ് ഇന്ത്യക്കാര്‍ പിന്തുണ അറിയിച്ചത്. മോദിയുടെ 56 ഇഞ്ച് നെഞ്ചളവിന്റെ സൂചന. (ഏറെനാളായുള്ള മോദിയുടെ തുന്നല്‍ക്കാരന്‍ പറഞ്ഞത് അയാളുടെ നെഞ്ചളവ് 44 ഇഞ്ചാണ് എന്നാണ്)

പാകിസ്ഥാനിലെ പ്രചാരം നേടിയ ഹാഷ്ടാഗ് #atankWadiIndia എന്നാണ്.

“പാകിസ്ഥാനെ ആക്രമിക്കാന്‍  ശവപ്പെട്ടിയുമായി സൈനികരെ അയക്കാനാണ് മോദിക്കുള്ള ഞങ്ങളുട യാത്രാ  നിര്‍ദേശം. അവര്‍ക്കാവശ്യം വരും, ഞങ്ങളുടെ കയ്യിലില്ല താനും,” @defencepk എന്ന 69,000 അനുയായികളുള്ള പാക് സൈനിക വിശേഷങ്ങളുടെ സംഘം ട്വീറ്റ് ചെയ്തു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍