UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

സിനിമ

ഇന്ദുമേനോന്‍ അറിഞ്ഞില്ലാന്നു നടിക്കുന്ന കേരളത്തിന്‍റെ വര്‍ത്തമാന പാഠങ്ങള്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവു ദിവസത്തെ കളി’ എന്ന സിനിമയെക്കുറിച്ച് എഴുത്തുകാരിയായ ഇന്ദുമേനോന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വിമര്‍ശനം അത്യാവശ്യം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നല്ലോ.

ഒരു കലാസൃഷ്ടി അതിന്‍റെ ആസ്വാദകരുടെ തീരുമാനത്തിന് വിട്ടുകൊടുത്തുകഴിഞ്ഞാല്‍ അതിനെ അനുകൂലിച്ചു മാത്രമേ അഭിപ്രായങ്ങള്‍ പറയാവൂ എന്നൊന്നും വാശി പിടിക്കാന്‍ പാടില്ല. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയും  ചിലപ്പോള്‍ കലാസൃഷ്ടിയുടെ നിലനില്‍പുപോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്തെന്നുവരാം. അതൊക്കെ അനുവദനീയമായ സമൂഹവും ആസ്വാദകകൂട്ടങ്ങളുമാണ് സാഹിത്യം, സിനിമ, ചിത്രകല, ശില്‍പകല തുടങ്ങി എല്ലാക്കാലത്തും കലാകാരന്‍മാരെ വരെ തളര്‍ത്തുകയും വളര്‍ത്തുകയും ചെയ്തുപോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ വസ്തുനിഷ്ഠവും നിലനില്‍ക്കുന്ന കാലത്തോട് നീതികാണിക്കുന്നതുമായ എതിര്‍പ്പുകളെയും അനുകൂലവാദങ്ങളെയും ഒരേപോലെ പരിഗണിക്കേണ്ടി വരും.

മലയാളത്തിലെ കച്ചവടസിനിമയായ എബിസിഡി പോലെയുള്ള ‘നല്ല സിനിമകള്‍’ ആസ്വദിക്കാന്‍ പറ്റിയ ഇന്ദുമേനോന് അതുപോലെ ഒഴിവുദിവസത്തെ കളി ആസ്വദിക്കാന്‍ സാധിച്ചില്ല എന്നതാണ് പ്രധാന പരാതി. സിനിമയുടെ കലാമൂല്യം, എസ്തറ്റിക്ക്സ്, പൊളിറ്റിക്കല്‍ മൂല്യം തുടങ്ങി സാങ്കേതികമായ ക്യാമറ വരെ ഇന്ദുമേനോന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള ഇന്ദുമേനോന്‍ എന്ന വ്യക്തിയുടെ സകല അവകാശങ്ങളും അംഗീകരിക്കുകയാണ്.

ഇനി കാര്യത്തിലോട്ട് വരാം. 

സവര്‍ണ്ണത ഒട്ടുമില്ലാത്ത, ദളിതരോട് വളരെ സ്നേഹത്തോടെ പെരുമാറുന്ന, സ്ത്രീപീഡനങ്ങളും അപമാനിക്കലും ഒട്ടുമില്ലാത്ത, കള്ളവും കൊള്ളിവയ്പ്പും കണികാണാന്‍ സാധിക്കാത്ത വളരെ ഉത്തരവാദിത്വത്തോടെ ജീവിക്കുന്ന സമൂഹമാണ് കേരളത്തിലെ സമൂഹം. ഇതാണ് ഇന്ദുമേനോന്‍ പറഞ്ഞു വയ്ക്കുന്നത്.

ഇന്ദുമേനോന്‍റെ സ്വപ്നലോകത്തുനിന്നും ഇനി അനുഭവങ്ങളുടെ ലോകത്തേക്ക് വരാം.

ഈയിടെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും ഒരു വാര്‍ത്ത‍ പുറത്തുവന്നിരുന്നു. അവിടെയുള്ള ഒട്ടുമിക്ക ഡിപ്പാര്‍ട്ട്മെന്‍റുകളിലും സംവരണ സീറ്റുകള്‍ അട്ടിമറിക്കപ്പെടുന്നു എന്നതായിരുന്നു വാര്‍ത്ത. കാരണം അന്വേഷിച്ചിറങ്ങിയ ലേഖകനോട്‌ അവിടുത്തെ തന്നെ ഒരധ്യാപകന്‍ പറഞ്ഞത് താഴ്ന്ന ജാതിക്കാരെയും തൊലി കറുത്തവരെയും ക്ലാസിലിരുത്തി പഠിപ്പിക്കാന്‍ തനിക്ക് പ്രയാസമുണ്ട് എന്നാണ്. ആന്ധ്രാപ്രദേശിലെ ‘ഉന്നതകുലജാതനായ’ ആ അധ്യാപകന് തന്‍റെ ക്ലാസ്സില്‍പോലും ഒരു ദളിത്‌ വിദ്യാര്‍ഥി ഇരുന്ന് പഠിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്താണ് നമ്മളെല്ലാം ജീവിക്കുന്നത്.

സിനിമയിലേക്ക് തിരികെ വരാം.

ഇന്നും നമ്മുടെ പ്രൈമറി വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ സൗഹൃദ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ഇന്ദുമേനോന്‍? ഇല്ലെങ്കില്‍ ഒന്നന്വേഷിച്ചു നോക്കണം. തൊലിയുടെ നിറവും ജാതിയും മതവും തന്നെയാണ് പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ പോലും സൗഹൃദ മുന്‍ഗണനകളെ (preferences) നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം.

‘കറുത്തവന്റെ കൂടെയുള്ള കൂട്ടും കളിയും’ തങ്ങളുടെ കുഞ്ഞുങ്ങളെക്കൂടി ‘ചീത്ത’യാക്കുമെന്ന രക്ഷിതാക്കളുടെ ഉള്ളില്‍ കോണ്‍ക്രീറ്റ് പോലെ ഉറച്ച ധാരണകള്‍ ജാതി-മത-വര്‍ഗ പരിഗണനകള്‍ ഒന്നുമില്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് പോലും കുത്തിവയ്ക്കുന്ന ആളുകളുള്ള നാടാണ് കേരളം. ആ ബോധത്തിന്റെ കളങ്കവും പേറിയാണ് നമ്മള്‍ സമ്പൂര്‍ണ സാക്ഷരതയുടെ അഹങ്കാരം വിളമ്പി നാള് കഴിക്കുന്നത്.

പത്താം ക്ലാസ്സിനപ്പുറം പഠിക്കാനിറങ്ങുന്ന ഓരോ ദളിതനും ഒരിക്കലെങ്കിലും കേള്‍ക്കേണ്ടി വരുന്ന ഒരു വാക്യം പറയട്ടെ? “നമ്മളൊക്കെ നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങി വന്നിട്ടാണ് ഇവിടെ ഇരിക്കുന്നത്. അവന്‍ സംവരണമാണ്. ഒരു മാര്‍ക്കും വാങ്ങാതെ ചുളുവില്‍ ക്ലാസ്സില്‍ പഠിക്കാന്‍ വരുന്നവന്‍”. ഇത് കേള്‍ക്കാതെ ഒരു ദളിത്‌ വിദ്യാര്‍ഥിയും ഇന്നുവരെ ഒരു ക്ലാസ്സും കയറിവന്നിട്ടില്ല. ഇങ്ങനെ നടക്കാറില്ല എന്നോ ഒരിക്കലും നടക്കില്ല എന്നോ പറഞ്ഞ് എളുപ്പത്തില്‍ കൈകഴുകാം. പക്ഷേ അനുഭവങ്ങളുടെ ദളിത്‌ വിദ്യാര്‍ഥി ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്. അതിന്‍റെ ആഴം മനസ്സിലാകണമെങ്കില്‍ നമ്മുടെ സാദാ സര്‍ക്കാര്‍ സ്കൂളുകളിലെ ഒരധ്യാപകനോടോ അതുമല്ലെങ്കില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥിയോടോ കുശലാന്വേഷണം നടത്തുന്ന കൂട്ടത്തില്‍ വെറുതെ ചോദിച്ചു നോക്കിയാല്‍ മതി.

നമ്മുടെ കുഞ്ഞുങ്ങള്‍ (കുട്ടികള്‍ എന്നതല്ല കുഞ്ഞുങ്ങള്‍ എന്ന വാത്സല്യപൂര്‍വമായ വാക്ക് തന്നെ ഉപയോഗിക്കുമ്പോഴാണ് കൃത്യമായ അര്‍ഥം കിട്ടുക) പഠിക്കുന്ന സ്കൂളുകളില്‍ പോലും കറുപ്പും വെളുപ്പും തമ്മിലുള്ള കണ്ണുപൊത്തിക്കളി അവസാനിപ്പിക്കാന്‍ പറ്റാത്ത ഒരു സമൂഹത്തിലിരുന്ന് നിങ്ങള്‍ ഈ സിനിമ ചര്‍ച്ച ചെയ്യുന്ന ‘കറുത്തവന്റെ രാഷ്ട്രീയ’ത്തെ യാതൊരു പരിഗണനയും കൂടാതെ തള്ളിക്കളയുമ്പോള്‍ അത് ഉത്തരവാദിത്തമുള്ള എഴുത്തുകാരി എന്ന വാക്ക് താങ്കള്‍ക്ക് അനുചിതമാണ് എന്ന തോന്നലിലേക്ക് തന്നെയാണ് ഓരോ മലയാളിയേയും കൊണ്ടെത്തിക്കുന്നത്.

പോറ്റിയുടെ കോടതിയില്‍ മാത്രമല്ല കമ്യൂണിസ്റ്റുകാരുടെ ഭരണത്തില്‍ പോലും ദളിതര്‍ക്ക് അവര്‍ അര്‍ഹിച്ചത് കിട്ടിയിട്ടില്ലാത്ത നാടാണ് കേരളം. ഭൂപരിഷ്കരണ നിയമത്തില്‍ എങ്ങനെ ദളിതനും ആദിവാസിയും തഴയപ്പെട്ടോ ആ അവസ്ഥയില്‍ നിന്നും ഇന്നും ഒരു ദളിതനും കരകയറിയിട്ടില്ല. അങ്ങനെ ആയിരുന്നു എങ്കില്‍ മുത്തങ്ങയും പിന്നീട് ചെങ്ങറയും നമ്മുടെ സമരങ്ങളുടെ ചരിത്രത്തില്‍ ഉണ്ടാകുമായിരുന്നില്ല. മുത്തങ്ങയും ചെങ്ങറയും നമ്മുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത് എങ്ങനെ എന്നതിന് ഇനിയും വ്യക്തത കൈവന്നിട്ടില്ലെങ്കിലും അങ്ങനെ ചില സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സമീപനങ്ങളുടെ കൂടി പ്രശ്നമാണ്. ചെങ്ങറയില്‍ സമരം ചെയ്ത ആളുകള്‍ക്ക് ഭൂമി ലഭിച്ച ഇടങ്ങളില്‍ എന്‍റെ ജില്ലയായ കാസര്‍കോടും ഉണ്ട്. അവരെ പുനരധിവസിപ്പിച്ച സ്ഥലത്തിന് ചെങ്ങറ കോളനി എന്ന ഓമനപ്പേരിട്ടും അവിടുന്ന് ജോലിക്ക് വരുന്നവര്‍ക്ക് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിന്റെ പകുതി മാത്രം കൂലി നല്‍കി “അവര്‍ താണ ഏതോ ജാതിക്കാരല്ലേ, അപ്യക്ക് അതൊക്കെ കൊട്ത്താ മതീപ്പാ” എന്ന് പറഞ്ഞു അരികിലേക്ക് തള്ളുന്ന ആളുകളുള്ള നാട്ടിലാണ് ഇങ്ങനെയൊരു സിനിമ വന്നത്. അത് ഇന്ദുമേനോന്‍ മനസ്സിലാക്കാതെ പോയതാണോ?

കറുത്തവനെ മന:പൂര്‍വം പ്ലാവില്‍ കയറ്റിയതാണ് ഇന്ദുമേനോന്‍ കണ്ടെത്തിയ മറ്റൊരു സുപ്രധാന പ്രശ്നം. ചാതുര്‍വര്‍ണ്യം എന്തെന്നും അതിന്‍റെ പ്രേതം എങ്ങനെയാണ് ഇന്നും നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും ഇന്ദുമേനോന് അറിയാതെയാണോ ഇങ്ങനെയൊരു പ്രസ്താവന?

ഒരു നായരോ നമ്പൂതിരിയോ മേനോനോ തോട്ടിപ്പണി എടുക്കുന്ന നാട് എന്നൊരു സങ്കല്പം വെറുതെ ഇരിക്കുമ്പോള്‍ ഒന്നാലോചിച്ചു നോക്കണം ഇന്ദുമേനോന്‍. കുറച്ചുകൂടി കടന്നു പറയട്ടെ. ഒരു ദളിതന്റെ വീട്ടില്‍ നായരോ നമ്പൂതിരിയോ മേനോനോ തോട്ടിപ്പണിയോ അതുമല്ലെങ്കില്‍ വീട്ടുജോലിയോ എടുക്കുന്ന കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ലോജിക്കല്‍ അല്ലാത്ത ബ്ലണ്ടര്‍ എന്നുപറഞ്ഞ് നമ്മള്‍ ആദ്യ നിമിഷം തന്നെ തള്ളിക്കളയും. അവിടെയാണ് ‘കളി’ കാര്യമാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേയില്‍ മലം വൃത്തിയാക്കുന്ന മനുഷ്യരെപ്പറ്റി ഒരു ഹ്രസ്വചിത്രം എടുക്കാനിടയായി. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്നും തോട്ടിപ്പണിയും തോട്ടികളും സജീവമാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വേയില്‍ മലം വൃത്തിയാക്കാന്‍ ഇന്നും ആശ്രയിക്കുന്നത് ‘താഴ്ന്ന’ ജാതിക്കാരേയാണ് എന്ന സത്യം അന്ന് മനസ്സിലാക്കി. അത് പക്ഷേ അവര്‍ക്ക് സംവരണം ചെയ്ത തൊഴിലൊന്നും അല്ല. പകരം ആ ജോലി അവര്‍ക്ക് മാത്രമേ ചെയ്യാന്‍ പറ്റൂ എന്ന ‘ജാതിയില്‍ ഉയര്‍ന്ന’വന്റെ ലോജിക്ക് ആണ് കാരണം.

ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലിരുന്ന് പല്ലിളിച്ചു കാണിക്കുമ്പോള്‍ സിനിമയില്‍ കറുത്തവന്‍ തന്നെ പ്ലാവില്‍ കയറേണ്ടി വരുന്നതിനെ എങ്ങനെ ഇത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ സാധിക്കും ഇന്ദുമേനോന്‍?

ഏത് സ്ത്രീശരീരത്തെ കണ്ടാലും വെള്ളമിറക്കുന്നവനാണ് മലയാളി എന്നത് വെറും ധാരണ മാത്രമാണോ ഇന്ദുമേനോന്‍?

2014-ല്‍ 1347 ബലാത്സംഘ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2015-അത് 1263-ഉം 2016-ല്‍ ഇന്നുവരെ 378 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015-ല്‍ 177 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. സ്തീകളെ ശല്യം ചെയ്തതിന് 2014-ല്‍ 4367 കേസുകളും 2015-ല്‍ 3991 കേസുകളും 2016 നാളിതുവരെയായി 1005 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിന് 2014-ല്‍ 257ഉം 2015-ല്‍ 265ഉം 2016-ല്‍ ഇതുവരെയായി 93 കേസുകളും നിലവിലുണ്ട്. (അവലംബം: കേരള പോലീസ്).

ഇതൊക്കെ രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. അല്ലാത്തത് ഇതിന്‍റെ എത്രയോ മടങ്ങ്‌ വരും. സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലാത്ത വിഭാഗമായി നമ്മുടെ സ്ത്രീകള്‍ മാറിയത് ഇന്ദുമേനോന്‍ അറിയാത്തതാണോ? ഈ ബാലാത്സംഘ കേസുകളില്‍ നൂറോളം കേസുകള്‍ സ്വന്തം കുടുംബത്തില്‍ തന്നെ ഉള്ളവര്‍ക്ക് നേരെയാണ്. സ്വന്തം വീട്ടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല എന്ന അവസ്ഥയിലേക്ക് കേരളം പതിയെ ചുവടു മാറുമ്പോള്‍ ഇന്ദുമേനോനെ പോലെയുള്ളവര്‍ ഇപ്പോഴും അതംഗീകരിക്കാന്‍ തയ്യാറല്ല. അറിയാതെയല്ല, പകരം അംഗീകരിക്കാനുള മടിയായിരിക്കാം ഇത്തരം നിഷേധ സമീപനങ്ങളുടെ ഇന്ധനം.

ഒരു സിനിമയ്ക്ക് വര്‍ത്തമാനകാല കേരള അവസ്ഥയില്‍ എത്രത്തോളം പൊളിറ്റിക്കല്‍ ആകുവാന്‍ പറ്റുമോ അത്രത്തോളം എത്താനുള്ള ശ്രമമെങ്കിലും സനല്‍ കുമാര്‍ ശശിധരന്‍ നടത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം. സിനിമയെ അതായിക്കാണുന്ന വെറും സമൂഹമല്ലാതെ മുന്‍വിധികള്‍ ഇല്ലാതെ അതിനെ സമീപിച്ചുനോക്കിയാല്‍ അത് മനസ്സിലാകും. അതിനുപക്ഷേ നാലുകെട്ടിന്റെയും ഉള്ളിന്‍റെ ഉള്ളില്‍ ആരും കാണില്ലെന്ന ധാരണയില്‍ സ്വയം മൂടിപ്പിടിക്കുന്ന മേനോന്‍ സവര്‍ണ ധാരണകളില്‍ നിന്നും പുറത്തുവരാന്‍ സാധിക്കണം. ദാസനെ പ്ലാവില്‍ കയറ്റുന്ന നമ്പൂതിരിയുടെ കൂടെ നിന്ന് ചിന്തിച്ചാല്‍ ഈ സിനിമ ഒരു വകയ്ക്കും കൊള്ളാത്ത വെറും സമയംകൊല്ലിയായി മാത്രമേ തോന്നുകയുള്ളൂ. ഇത്തരം മനോഭാവം ഉള്ളവരെപ്പറ്റി തന്നെയാണ് സിനിമ പറയുന്നത്.

സിനിമയുടെ സാങ്കേതികത്വത്തെ പരിഹസിക്കുന്ന ഇന്ദുമേനോനെ കണ്ടു. തന്‍റെ സൃഷ്ടി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും സംവിധായകന് നല്‍കണം. മലയാള സിനിമയെ സംബന്ധിച്ച് ഇന്നുവരെ പരിചയമില്ലാത്ത തരത്തിലുള്ള ആഖ്യാന രീതിയാണ് സിനിമ അവലംബിച്ചിരിക്കുന്നത്. ക്യാമറയും ശബ്ദലേഖനവും ആ തരത്തില്‍ അംഗീകരിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് തിരക്കഥ തയ്യാറാക്കാതെ ഷൂട്ട്‌ ചെയ്ത സിനിമയെന്ന സൗജന്യമൊന്നും ആ സിനിമയ്ക്ക് നല്‍കേണ്ടതില്ലെങ്കിലും സിനിമ നിര്‍മ്മിച്ചിരിക്കുന്ന വഴികള്‍ അത്രയേറെ വ്യത്യസ്തവും കോടികള്‍ മുടക്കി എടുക്കുന്ന സിനിമകള്‍ നിര്‍വഹിക്കുന്ന രീതികളെ മറികടക്കുന്നതുമാണ്.

സുരാസുവിന്‍റെ മകന്‍ സ്റ്റാലിന്‍ സംവിധാനം ചെയ്ത ഡോക്കുമെന്ററി ‘India Untouched: Stories of a People Apart’ ജാതിയുടെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നുണ്ട്. സമയം കിട്ടുമ്പോള്‍ ഇന്ദുമേനോന്‍ അതുകൂടി കാണുന്നത് നന്നായിരിക്കും. പൌഡര്‍ പൂശി ‘വെളുപ്പിച്ച’ നമ്മുടെയൊക്കെ ഉള്ളിലെ ജാതിബോധം എന്താണെന്ന് ആ സിനിമ പറഞ്ഞുതരും. കേരളം മുഴുക്കെ വായനക്കാരുണ്ടെന്ന് വിശ്വസിക്കുന്ന ഒരെഴുത്തുകാരി ഇത്തരത്തില്‍ ചരിത്രത്തെ ഇത്ര എളുപ്പത്തില്‍ തള്ളിക്കളയുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നത് നമ്മുടെ എഴുത്തുകാരെയോര്‍ത്താണ്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍