UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിന്ധുനദിജല കരാര്‍, പാരീസ് കാലാവസ്ഥ മാറ്റ ഉടമ്പടി: ജനങ്ങളുടെ അജ്ഞതയെ മുതലെടുക്കരുത്

സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കുന്നതോ, ഇന്ത്യ പാരീസ് കാലാവസ്ഥാ മാറ്റ ഉടമ്പടി അംഗീകരിക്കുന്നതോ ആകട്ടെ, ജനങ്ങളുടെ ഇക്കാര്യങ്ങളിലുള്ള അജ്ഞതയെ തന്ത്രപൂര്‍വം മുതലെടുത്തുകൊണ്ട്, ഇതെല്ലാം ഒരു വശത്ത് പാകിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കുന്നു എന്നും മറുവശത്ത് അന്താരാഷ്ട സമൂഹത്തിന് വിധേയവും ഗുണകരവുമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാര്‍. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ പൊതുസമൂഹത്തെ പറ്റിക്കുകയാണ്. കാരണം രേഖകള്‍ വ്യക്തമാക്കുന്നത് ഒട്ടും നാടകീയമല്ലാത്ത വ്യത്യസ്തമായ യാഥാര്‍ത്ഥ്യമാണ്.

ഉദാഹരണത്തിന് സിന്ധു നദീജല കരാറില്‍ പാകിസ്ഥാനോ ഇന്ത്യയോ ഏകപക്ഷീയമായി വിചാരിച്ചാല്‍ ഉടമ്പടിയില്‍ നിന്നും പിന്നോട്ടു പോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഉറി ആക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെ ‘ശിക്ഷിക്കാനായി’‘വെള്ളവും രക്തവും ഒരുമിച്ചൊഴുകില്ല’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കാമ്പില്ലാത്ത അതിനാടകീയത മാത്രമാണ്. ഈ വക വര്‍ത്തമാനങ്ങളില്‍ നിന്നും ഇന്ത്യക്കൊരു നേട്ടവുമില്ല. പകരം, ഉയര്‍ന്ന നദീതടം എന്ന നിലയ്ക്ക് താഴ്ന്ന നദീതടമുള്ള പാകിസ്ഥാനെ ഭീഷണിപ്പെടുത്തുന്ന തന്ത്രമായേ ഇതിനെ കാണൂ. പാകിസ്ഥാനാണ് ഇരയുടെ ആനുകൂല്യം ലഭിക്കുക. പാകിസ്ഥാനെതിരെയുള്ള നടപടിക്കു മുറവിളി കൂട്ടുന്ന ആഭ്യന്തര ശക്തികളെ തൃപ്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഉറപ്പുകള്‍ ലംഘിക്കാന്‍ തയ്യാറായ ഒരു രാഷ്ട്രം എന്ന ചീത്തപ്പേരും അത് ഇന്ത്യക്ക് നല്കും.

അതുപോലെതന്നെ ഒക്ടോബര്‍ 2-നു പാരീസ് കാലാവസ്ഥ ഉടമ്പടി അംഗീകരിച്ച പ്രധാനമന്ത്രിയുടെ നടപടി ചരിത്രപ്രധാനമാണെന്ന പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവനയും വെറും മേനിനടിക്കല്‍ മാത്രമാണ്. 2015 ഡിസംബറില്‍ ഇന്ത്യ ഉറപ്പ് നല്കിയ കരാറിന് അംഗീകാരം നല്‍കുന്നത് ചരിത്രപ്രധാനമല്ല, ഒരു സാധാരണ നടപടിക്രമം മാത്രമാണ്. മാത്രവുമല്ല അംഗീകാര നടപടി ഒട്ടും സങ്കീര്‍ണവുമല്ല; അതിനു പാര്‍ലമെന്റിന്റെ അനുമതി വേണ്ട, മന്ത്രിസംഭ അംഗീകാരം നല്കിയാല്‍ മതി. ആഗോള താപനം തടയാനുള്ള പാരീസില്‍ 200 രാജ്യങ്ങള്‍ ഒപ്പിട്ട കരാര്‍ നടപ്പിലാക്കുന്നതിന്റെ ആദ്യനടപടി മാത്രമാണ് അംഗീകാരം. ആഗോള താപനം വ്യാവസായിക യുഗത്തിന് മുമ്പുള്ളതിന്റെ 2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടില്ലെന്ന് രാജ്യങ്ങള്‍ ഉറപ്പുനല്‍കുകയും ഭാവി വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുമെന്ന് സമ്മതിക്കുകയും ചെയ്തു. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതിന് ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ സാങ്കേതിക വിദ്യയും ധനസഹായവും ഉറപ്പുവരുത്തുമെന്നും കരാറിലുണ്ട്. പാരീസ് ഉടമ്പടിയെ 1997-ല്‍ അംഗീകരിച്ച, 2020-വരെ സാധുതയുള്ള ക്യോട്ടോ ഉടമ്പടിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്, ക്യോട്ടോയില്‍ വ്യാവസായിക രാഷ്ട്രങ്ങളുടെ ലക്ഷ്യം നിശ്ചയിച്ചപ്പോള്‍ പാരീസില്‍ ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളും ദേശീയമായി നിശ്ചയിക്കുന്ന പരിധികള്‍ നടപ്പാക്കണമെന്ന്  ആവശ്യപ്പെടുന്നു. കുറച്ചുകൂടി വ്യക്തമാക്കിപറഞ്ഞാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്നു കരുതുന്ന രാജ്യങ്ങളും കൂടുതല്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ തങ്ങളുടേതായ പങ്ക് വഹിക്കേണ്ടിവരും.

മൊറോക്കോയില്‍ നവംബറില്‍ നടക്കുന്ന കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള യോഗത്തിന് മുമ്പായി പാരീസ് ഉടമ്പടി അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറെടുത്തിരുന്നു. അത് കരാറിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തും. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തിന് ഉത്തരവാദികളായ 55 രാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നതോടെയാണ് കരാര്‍ പ്രാബല്യത്തിലാവുക. സെപ്റ്റംബര്‍ 22-ഓടെ 47.9 ശതമാനം ബഹിര്‍ഗമനത്തിന് ഉത്തരവാദികളായ 61 രാഷ്ട്രങ്ങള്‍ കരാറിന് അംഗീകാരം നല്കിയിരുന്നു. 55 ശതമാനം എന്ന ലക്ഷ്യം ഉടനെ മറികടക്കും. ഒരിക്കല്‍ ഒരു രാജ്യം അംഗീകാരം നല്കിയാല്‍ അവര്‍ക്ക് ദേശീയമായി ഒരു കാര്‍ബണ്‍ ബഹിര്‍ഗമനപരിധി നിശ്ചയിക്കേണ്ടിവരും. ഇതിന് നിയമപരമായ ബാധ്യത ഇല്ലെങ്കിലും മിക്ക രാജ്യങ്ങളും ഇത് മറികടക്കുന്നവരായി അറിയപ്പെടാന്‍ ആഗ്രഹിക്കില്ല.

2030-ഓടെ തങ്ങളുടെ സ്ഥാപിത ഊര്‍ജശേഷിയുടെ 40 ശതമാനം ഫോസിലെതര ഇന്ധനങ്ങളെ ആശ്രയിച്ചായിരിക്കും- സൌരോര്‍ജം, കാറ്റ്, ആണവ, ജല വൈദ്യുതി- എന്ന്‍ ഇന്ത്യ ഇതിനകം ഉറപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഒന്നും രണ്ടും സ്ഥാനത്തുള്ള കാര്‍ബണ്‍ ബഹിര്‍ഗമന രാഷ്ട്രങ്ങളായ യു.എസും, ചൈനയുമായി താരതമ്യപ്പെടുത്തിയാല്‍ (രണ്ടു രാജ്യങ്ങളും കൂടി 38 ശതമാനം), ഇന്ത്യയുടെ വിഹിതം ചെറുതാണ്-4.5 ശതമാനം. പക്ഷേ സമ്പദ് രംഗം വളരുന്നതിന്റെ തോത് കണക്കിലെടുത്താല്‍ വരുംവര്‍ഷങ്ങളില്‍ അത് ഗണ്യമായി ഉയരാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ആഭ്യന്തര പരിധി ഭാവിയിലെ വര്‍ദ്ധനവുമായി തട്ടിക്കുമ്പോള്‍ മതിയാകാതെ വരും.

ഫോസിലേതര ഇന്ധനങ്ങളെ ആശ്രയിക്കാത്ത ഊര്‍ജ സ്രോതസുകള്‍ സൃഷ്ടിക്കുക എന്നതിലെ പ്രശ്നങ്ങള്‍ നേരിടുക എന്നതിനൊപ്പം, ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കാനാവശ്യമായ മാര്‍ഗങ്ങളെക്കുറിച്ചും വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നതാണ് വസ്തുത. ഈ രാജ്യത്തിന് ഇനിയും ദരിദ്രമെന്ന് പറയുക വയ്യ. രാജ്യത്തിന്റെ ബഹുഭൂരിപക്ഷം ഭാഗവും ദരിദ്രമായിരിക്കുമ്പോഴും വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമായ ഊര്‍ജോപഭോഗമുള്ള ഒരു വിഭാഗം ഇവിടെയുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ വളരുന്ന നഗരങ്ങളെയും സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച സ്മാര്‍ട് സിറ്റി പദ്ധതിയും നോക്കുക. മോശമായ ആസൂത്രണവും പിടിപ്പുകെട്ട നടത്തിപ്പും മൂലം നമ്മുടെ വന്‍നഗരങ്ങള്‍ ദുരിതഭൂമികളാണ്. ഈ നഗരങ്ങളെ കാലാവസ്ഥ മാറ്റം നേരിടാന്‍ തക്കവണ്ണം മാറ്റിത്തീര്‍ക്കുമോ? നമ്മുടെ നഗരങ്ങളില്‍ സ്വകാര്യ ഗതാഗത്തെ നിരുത്സാഹപ്പെടുത്തി, ഊര്‍ജക്ഷമതയുള്ള പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുമോ? എന്തായാലും സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം പൊതുഗതാഗതത്തെ മുക്കിക്കളഞ്ഞിരിക്കുന്നു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഡല്‍ഹിയെ ലോകത്തിലെ ഏറ്റവും മലിനമായ നഗരം എന്ന കുപ്രസിദ്ധിയിലേക്ക് എത്തിച്ചിരുന്നു. ഇപ്പോഴത് രണ്ടാം സ്ഥാനത്താണ്. കൊട്ടിഘോഷിക്കുന്ന സ്മാര്‍ട്ട് സിറ്റികള്‍ വ്യത്യസ്തമാകുമോ? ഊര്‍ജോപഭോഗം കുറയ്ക്കാന്‍ പുതിയ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ കൊണ്ടുവരുമോ? പാരീസ് ഉടമ്പടി അംഗീകരിച്ചതിന്റെ ചരിത്രനേട്ടത്തില്‍ കോലാഹലകാഹളം മുഴക്കുന്ന സര്‍ക്കാരിനോടുള്ള നിരവധി ചോദ്യങ്ങളില്‍ ചിലത് മാത്രമാണിത്.

(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍