UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസിക്ക് ഓണത്തിനു ജയ അരി കൊടുത്ത മന്ത്രി അറിഞ്ഞോ അട്ടപ്പാടിയിലെ ശിശുമരണം

Avatar

അഴിമുഖം പ്രതിനിധി

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പുതൂര്‍ പഞ്ചായത്തിലെ ചാളയൂര്‍ ഊരിലുള്ള നാഗരാജിന്റെയും രാധാമണിയുടെയും ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച മരിച്ചത്. ഈ മാസം 12 നു കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ആയിരുന്നു രാധാമണി കുഞ്ഞിന് ജന്മം നല്‍കിയത്. ജന്മന തലച്ചോറിലുണ്ടായിരുന്ന തകരാറാണ് കുഞ്ഞിന്റെ മരണകാരണം. 

ഗര്‍ഭിണികളായ സ്ത്രീകളുടെയും നവജാതശിശുക്കളുടെയും മരണനിരക്കില്‍ വന്‍കുറവു വന്നിട്ടുണ്ടെങ്കിലും അട്ടപ്പാടിയടക്കമുള്ള കേരളത്തിലെ ആദിവാസി ഊരുകളില്‍ നിന്നും ഇത്തരം മരണവാര്‍ത്തകള്‍ മാസം തോറുമെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഒരു വാര്‍ത്ത പുറത്തുവരുമ്പോള്‍ അതില്‍പിടിച്ചു നടത്തുന്ന ആരോപണപ്രത്യാരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അപ്പുറം യഥാര്‍ത്ഥകാരണങ്ങളെ കുറിച്ച് ഗൗരവതരമായി ചര്‍ച്ച ചെയ്യുകയോ പ്രതിവിധി അന്വേഷിച്ച് നടപ്പിലാക്കുകയോ ചെയ്യുന്നില്ല എന്നതാണ് കോടികള്‍ ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കുമ്പോഴും ഇത്തരത്തിലുള്ള ദുരന്തവാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നതെന്നു ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

അട്ടപ്പാടിയിലെ ശിശുമരണം
2007 മുതല്‍ 2015വരെയുള്ള കണക്കുകള്‍ പ്രകാരം അട്ടപ്പാടിയില്‍ 110 ഓളം ശിശുമരണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ ഗണ്യമായി കുറവ് ഉണ്ടായെന്നു പറയുമ്പോഴും ഇത്തരം മരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നിടത്താണ് ആശങ്ക.

ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന പോഷകാഹരകുറവ് ശിശുക്കളെ ബാധിക്കുന്നതാണ് മരണകാരണത്തില്‍ പ്രധാനം. 600 ഗ്രാം പോലും തൂക്കമില്ലാത്ത കുഞ്ഞുങ്ങളെയാണ് അട്ടപ്പാടിയിലെ സ്ത്രീകള്‍ പ്രസവിക്കുന്നത്. രണ്ടര കിലോയെങ്കിലും വേണം ഒരു നവജാതശിശു ആരോഗ്യമുള്ളതെന്നു പറയാന്‍(അട്ടപ്പാടയില്‍ 2 കിലോ 200 ഗ്രാം പോലും നോര്‍മല്‍ ആണെന്നു പറയാം). പക്ഷേ ആ സ്ഥാനത്ത് 600 ഗ്രാം മാത്രമുള്ള കുട്ടികള്‍ പുറത്തേക്കു വന്നാല്‍ അവയുടെ ആയുസ് അധികകാലം നീളില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഒന്നുകില്‍ ജനിതകപരമായ രോഗങ്ങളോടുകൂടിയോ, ആരോഗ്യമില്ലാത്തതിനാല്‍ ഉണ്ടാകുന്ന മറ്റ് അസുഖങ്ങളാലോ ഈ കുട്ടികള്‍ ജനിച്ച് അധികമാകുന്നതിനു മുന്നെ മരിച്ചു പോകാം. ഈ അവസ്ഥയ്ക്ക് കൃത്യമായൊരു പരിഹാരം ഇതുവരെ നമുക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

സര്‍ക്കാരിനെതിരെയുള്ള പരാതി
ആദിവാസികള്‍ക്ക് കൃത്യമായ പോഷകാഹാരം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതു തന്നെയാണ് പ്രധാനപരാതി. ഗര്‍ഭിണികള്‍ക്കുപോലും പോഷകാഹാരം നല്‍കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പലപദ്ധതികളും സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. അവ കൃത്യമായി നടപ്പിലാക്കുന്നില്ല. അതേസമയം സര്‍ക്കാര്‍ അവരുടെ ഇഷ്ടപ്രകാരം നല്‍കുന്നതു കഴിക്കാന്‍ ആദിവാസികള്‍ താതപര്യപ്പെടുന്നില്ല എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. അട്ടപ്പാടിയിലെ പട്ടിണിയെ കുറിച്ചു ചോദിച്ചപ്പോള്‍ അരി തിന്നാത്ത ആദിവാസിയെ പരിഹസിച്ച മന്ത്രിയുണ്ടായിരുന്നു നമുക്ക്. വാസ്തവത്തില്‍ ആ മന്ത്രിടക്കം വലിയൊരു വിഭാഗത്തിനും ആദിവാസി ജീവിതങ്ങളെ കുറിച്ച് അറിയില്ല. അടിച്ചേല്‍പ്പിക്കുന്ന വികസനവും ആഹാരവുമാണ് ആദിവാസികളോട് നാം കാണിക്കുന്ന ക്രൂരത. 

ആദിവാസികള്‍ക്ക് ബോധവത്കരണം നടത്താന്‍ ചെലവഴിക്കുന്ന തുകയുടെ ഒരംശം മുടക്കി അത്തരം ഉദ്യമത്തിനു മുതിരുന്നവര്‍ക്കായി ഒരു ബോധവത്കരണക്ലാസ് ആണ് ആദ്യം നടത്തേണ്ടത്. ആദിവാസികളുടെ ജീവിത രീതിയെ കുറിച്ചോ ചുറ്റുപാടുകളെ കുറിച്ചോ, അവരുടെ ആഹാര-ചികിത്സ സംവിധാനങ്ങളെ കുറിച്ചോ കൃത്യമായ ധാരണ ഊരുകളിലേക്ക് സേവനത്തിനും മറ്റുമായി ഇറങ്ങുന്ന ബഹുഭൂരിപക്ഷത്തിനും ഇല്ല. ശതകോടികള്‍ ചെലവഴിച്ചിട്ടും ഇന്നും അട്ടപ്പാടിയുടെ മേല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം പുറം സമൂഹമാണ്.

ആദിവാസിക്ക് നഷ്ടപ്പെട്ട ആവാസവ്യവസ്ഥ
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണം ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നം തന്നെയാണ്. രണ്ടാമതായി ഇപ്പോഴും പ്രസവത്തിനായി ആശുപത്രികളെ ആശ്രയിക്കുന്നതില്‍ ആദിവാസി വിഭാഗം കാണിക്കുന്ന വൈമുഖ്യം. പലപ്പോഴും ആശുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുമ്പോള്‍ മാധ്യമങ്ങളടക്കം വിട്ടുപോകുന്നതും ചര്‍ച്ചയില്‍ കൊണ്ടുവരാത്തതുമായ കാര്യങ്ങളാണിവ.

ആദിവാസി ജീവിതത്തില്‍ വന്‍തോതിലുള്ള മാറ്റിമറിക്കലുകള്‍ ഇതിനകം നടന്നു കഴിഞ്ഞതിനാല്‍ അവരുടെ തനത് ആവാസവ്യവസ്ഥ ആദിവാസികള്‍ക്ക് നഷ്ടമായിരിക്കുന്നു. പണ്ട് അട്ടപ്പാടിയിലെ ഊരുകളില്‍ നിറയെ ചാമയും ചോളവും റാഗിയും നെല്ലും വരാകുമെല്ലാം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ എല്ലാവരും സര്‍ക്കാര്‍ നല്‍കുന്ന അരിയാണ് കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. തനതു ഭക്ഷണസംസ്‌കാരം നിലനിന്നിരുന്ന കാലത്ത് ഇത്തരത്തില്‍ ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നുണ്ട് തായ്കുലകൂട്ടത്തിലെ വടകിയമ്മ. ഗര്‍ഭിണികള്‍ക്ക് അന്ന് ഏറ്റവും ഇഷ്ടമുള്ള വിഭവം മണ്ണായിരുന്നു. വഴിയില്‍ നിന്നും മണ്ണുവാരി അടുപ്പിന്‍ ചോട്ടില്‍ കൊണ്ടുപോയി കൂട്ടിവച്ചു ചൂടാക്കി തിന്നും (ആധുനിക വൈദ്യശാസ്ത്രം പറയുന്നുണ്ട് അനീമിക് ആകുന്ന സമയത്ത് ശരീരത്തില്‍ പൈക ഉണ്ടാകുമ്പോള്‍ മണ്ണു വാരി തിന്നാനും ചുമര് തുരന്ന് തിന്നാനൊക്കെ ഗര്‍ഭിണികള്‍ക്ക് തോന്നാറുണ്ടെന്ന്. ഇപ്പോള്‍ ഈ കൊതി തീര്‍ക്കുന്നത് അയണ്‍ ഗുളികകള്‍ തിന്നാണെന്നുമാത്രം). പെറ്റുകഴിയുമ്പോള്‍ തിന്ന മണ്ണെല്ലാം വയറ്റില്‍ നിന്നു കളയാനും മരുന്നുണ്ട്. മത്തനില, ചേമ്പില, നരലി, പുളിശര ഇവയിലേതെങ്കിലും കൂടെ ഉള്ളിയും തെളിച്ചെടുത്ത് അടുപ്പത്തുവച്ച് തിളപ്പിച്ചെടുക്കും. ഇതു കുടിച്ചാല്‍ വയറ്റിലുള്ള എല്ലാ കല്ലുകളും പുറത്തേക്കുപോരും.

അദിവാസി സ്ത്രീകളുടെ പ്രസവസമയത്ത് ഭര്‍ത്താക്കന്മാര്‍ അടുത്തുവേണമെന്നാണ് ആചാരം. ഇപ്പോള്‍ ലോകാരോഗ്യസംഘടനയും പറയുന്നതും സ്ത്രീകളുടെ പ്രസവസമയത്ത് അവരുടെ ഭര്‍ത്താക്കന്മാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന്. കേള്‍ക്കുമ്പോള്‍ അപരിഷ്‌കൃതമെന്നു തോന്നാം, ആദിവാസി സ്ത്രീകള്‍ കുത്തിയിരുന്നാണ് പ്രസവിക്കുന്നത്. ഇപ്പോള്‍ ഡബ്ല്യു എച്ച് ഒ പറയുന്നതും ഗര്‍ഭിണികളെ കുത്തിയിരുന്ന പ്രസവിക്കാന്‍ അനുവദിക്കുക എന്നതാണ്. ഇത്തരം രീതികളെല്ലാം അവര്‍ക്കിന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. അവരുടെ സംസ്‌കാരത്തിനു മേല്‍ കടന്നുകയറ്റം നടത്തിയവര്‍ തന്നെയാണ് അതിനുത്തരവാദികള്‍. ഈ തെറ്റുകളുടെ ഫലം കൂടിയാണ് ഇപ്പോള്‍ കേള്‍ക്കുന്ന ദുരന്തവാര്‍ത്തകള്‍ക്കെല്ലാം കാരണവും.

രോഗത്തെയല്ല,  കാരണത്തെ ചികിത്സിക്കാം
അട്ടപ്പാടിയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശിശുമരണങ്ങള്‍. ഓരോ മരണം നടക്കുമ്പോഴും അതിന്റെ പേരില്‍ ആശുപത്രിയേയും ഡോക്ടര്‍മാരെയും കുറ്റം പറയാനും വാര്‍ത്തയെഴുതാനുമാണ് എല്ലാവര്‍ക്കും താത്പര്യം. അത്യാവശ്യം വേണ്ട ചികിത്സ സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയാണ് കോട്ടത്തറിയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും കൃത്യമായ ചികിത്സ താമസംവിന നല്‍കാറുമുണ്ട്. എന്നിട്ടും സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് പഴിക്കേണ്ടത് ചികിത്സകരെയല്ല, നിലനില്‍ക്കുന്ന സാഹചര്യങ്ങളെയാണെന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസ് പറയുന്നു;

തീര്‍ത്തും ആരോഗ്യമില്ലാത്ത അവസ്ഥയിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നത്. പോഷകാഹരക്കുറവുകൊണ്ടു ശരീരം തീര്‍ത്തും ദുര്‍ബലമായിരിക്കും. തത്ഫലമായി ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കം മിക്കവാറും ഒരു കിലോയില്‍ താഴെയായിരിക്കും. ഈ കുഞ്ഞുങ്ങളാണ് വേഗം മരണപ്പെടുന്നത്. പലപ്പോഴും പ്രസവ സമയമടുക്കുമ്പോള്‍ മാത്രമായിരിക്കും ഇവരെ ആശുപത്രിയില്‍ എത്തിക്കുക, ചിലരെ കൊണ്ടുവരികയുമില്ല; പ്രഭുദാസ് ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.രണ്ടു കിലോ ഇരുന്നൂറ് ഗ്രാം തൂക്കമുള്ള ഒരു കുട്ടിയെയാണ് ആരോഗ്യമുള്ള ശിശുവായി പറയുക. പലപ്പോഴും ആദിവാസി അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത്രയും ശരീരഭാരം ഉണ്ടാവില്ല. മിക്കവരും ഗര്‍ഭിണികളാകുന്നത് 18-20 ഇടയില്‍ ആയിരിക്കും. 18 വയസുള്ള ഒരു പെണ്‍കുട്ടിക്ക് 45 കിലോ തൂക്കം വേണമെന്നാണ് പറയുന്നത്. ഇത് മിക്കവാറും സംഭവിക്കുന്നില്ല. മദ്യപാനത്തിന് ഊരുകളിലെ സ്ത്രീകളും അടിമകളാണ്. ഗര്‍ഭിണികള്‍വരെ മദ്യപിക്കാറുണ്ട്. കൂടാതെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കുന്നവരുടെ എണ്ണവും വളരെയാണ്. ഇതൊക്കെ ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതി മോശമാക്കുകയും അവര്‍ക്ക് ജനിക്കുന്ന കുട്ടികളെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഏഴുമാസം വളര്‍ച്ചയെത്തിയ ഒരു ഭ്രൂണത്തെയാണ് ശിശുവായി പറയുന്നത്. അട്ടപ്പാടിയില്‍ പലപ്പോഴും ഏഴുമാസത്തിനു മുന്നേ പ്രസവം നടക്കുകയാണ്. ഇത് ചാപിള്ളയാണ്. പക്ഷേ ഇതും ശിശുമരണത്തിന്റെ നിരക്കില്‍ പെടുത്തിയാണ് വാര്‍ത്തകള്‍ വരുന്നത്. 2011 ല്‍ 77 അബോര്‍ഷന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2015 ല്‍ അതിന്റെ എണ്ണം 26 ആയി. 34 ശിശുമരണങ്ങള്‍ നടന്നിടത്ത് കഴിഞ്ഞവര്‍ഷത്തെ കണക്ക് പറയുന്നത് 14 ആണ്. ഇന്‍ക്യുബേറ്റര്‍ വഴി രക്ഷിച്ചെടുത്തത് 300ഓളം കുട്ടികളെയാണ്. ഇതില്‍ 700ഉം 500ഉം ഗ്രാം മാത്രം തൂക്കമുള്ള കുട്ടികള്‍ വരെയുണ്ടായിരുന്നു. അതുപോലെ വീടുകളില്‍ നടന്നിരുന്ന പ്രസവനിരക്കുകളും വളരെയേറെ കുറഞ്ഞു. വളരെ അപൂര്‍വം പേര്‍ മാത്രമേ ഇപ്പോള്‍ ആശുപത്രിയിലേക്ക് വരാതെയുള്ളൂ. ആദിവാസികളെ പൂര്‍ണമായി രക്ഷിക്കണമെങ്കില്‍ ഒരു ഡോക്ടറോ ആശുപത്രിയോ മാത്രം വിചാരിച്ചിട്ടു കാര്യമില്ല. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവരെ കൃഷി ചെയ്യാനും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എങ്കിലേ പൂര്‍ണമായ റിസള്‍ട്ട് കിട്ടു; പ്രഭുദാസ് തന്റെ നിലപാട് വിശദീകരിക്കുന്നു.

ആദിവാസികള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ നല്ലൊന്നാന്തരം ജയ അരിയുണ്ടെന്ന് അഭിമാനത്തോടെ കഴിഞ്ഞ ദിവസം പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ പറയുന്നതു കേട്ടു. ആദിവാസിമേഖലയില്‍ ഏറെ പ്രവര്‍ത്തനപരിചയമുള്ള ആളാണ് എ കെ ബാലന്‍. ഏത് ആദിവാസിയ്ക്കാണ് ജയ അരിയെന്നു കേട്ടാല്‍ കൊതിയൂറുന്നത്? നമുക്ക് കൈയടി കിട്ടാന്‍ വേണ്ടിയാകുന്ന സേവനങ്ങള്‍ ഇത്തരത്തിലാണ്. ചാമതിന്നു ശിലിച്ചവന് ജയ അരിയോട് ഒരാവേശവും തോന്നില്ല. ഭരണകൂടമാണെങ്കിലും പൊതുസമൂഹമാണെങ്കിലും ചെയ്യേണ്ടത് ആദിവാസികള്‍ക്ക് അവരുടെ സാംസ്‌കാരികപരമായ ജീവിതവ്യവസ്ഥകള്‍ തിരികെ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കുകയും അതോടൊപ്പം കൃത്യമായ ആരോഗ്യപരിചരണത്തെയും ആശുപത്രി സൗകര്യങ്ങള്‍ ആവശ്യസമയത്തു തന്നെ തേടുന്നതില്‍ ബോധവത്കരണം നടത്തുകയുമാണ്. അതിനുള്ളശ്രമങ്ങള്‍ ഉണ്ടാകാത്തിടത്തോളം അട്ടപ്പാടിയില്‍ ഇനിയും നവജാത ശിശുക്കള്‍ മരണപ്പെട്ടുകൊണ്ടേയിരിക്കാം, മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് ആരോപണങ്ങളും…നഷ്ടപ്പെടുന്നത് ആദിവാസിക്ക് മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍